വിങ്ങുമാത്മാവിന്റെ സാന്ത്വന ഗീതങ്ങള്‍.
എങ്ങുപോയ് നിന്റെ ശ്യാമളാകാരം?
ദീര്‍ഘ മൗനത്താലുള്ളം തകരവേ
ഓരോരോ ഋതുവിലും നിന്നോര്‍മ്മകള്‍
പ്രാണന്‍ പിടഞ്ഞ് വളരും വേദനയായി.
എങ്ങുപോയ് നിന്റെ സുഖ സാന്നിധ്യങ്ങള്‍.
പ്രേമ ബിംബങ്ങളായുദാത്തം കഴിഞ്ഞവര്‍.
വിഷാദ മേഘങ്ങള്‍ വര്‍ഷമായ് പെയ്തിറങ്ങും
നോവു കണ്ണിന്നു മുന്നില്‍ പൂക്കുമോരോ
പൂവിനും വിരഹാഗ്‌നിയില്‍ വെന്ത ജഢഗന്ധമോ?
എങ്ങുപോയെനിക്കായ് തീര്‍ത്ത നര്‍ത്തനങ്ങള്‍?
എങ്ങുപോയ് കാതോരം ചേര്‍ന്നു മന്ത്രിച്ചു
വശതാക്കിയ പ്രണയ കാല സല്ലാപങ്ങള്‍.
നിന്റെ ആനന്ദ മുരളീ രവങ്ങളിലെന്നും
വീണുപോകുമീ ലോല വിചാരയില്‍ സദാ
നീയുന്‍മത്ത ലീലകളാടിടുമ്പോള്‍ ഉള്ളില്‍
ഓര്‍മ്മതന്‍ സൂതികാലങ്ങഴൊഴിയാതെ..
നിന്റെ മന്ദ സ്മിതങ്ങളില്‍ മറവി
ബാധിയ്ക്കുന്ന വ്യഥകളെയിനി ശിരോ
പാളികളില്‍ നിശബ്ദമൊതുക്കുവതെങ്ങിനെ?
സാര്‍ത്ഥകമാകാ നിമിഷ വിചാരങ്ങളായി
നേരഗതിയുടെ അല്‍പ്പ സുഖങ്ങളായി
പരിണമിച്ച വ്യര്‍ത്ഥതയോ പ്രണയം ?
ആശ്വാസത്തിന്റെ പീലിച്ചുരുള്‍മുടി
വഴി മറഞ്ഞ് പുത്തനാകാശം
പൂകെഎന്തായിരുന്നെന്നില്‍ ന്യൂനം കണ്ണാ ?
ആന്തരാത്മാവിലെനിക്കു നിന്നോളം
പോന്നൊരു സുഖ സുഷുപ്തിയില്ലയറിവൂ..
പിരിഞ്ഞു പോകുമ്പോളുറച്ചും കനപ്പെട്ടും
ശിലപോലെ നിന്റെ ഹൃദയ വിചാരങ്ങള്‍
ഈയുടല്‍ സര്‍വ്വം തളര്‍ത്തി മടക്കുന്നു.
നിന്നില്‍ ഞാന്‍ മുങ്ങി നില്‍ക്കുമ്പൊഴും
അപഹരിച്ചു മാത്രം തന്നില്‍ ചേര്‍ത്തു
രസിച്ച നിമിഷങ്ങളേയീ മാറിന്നും നഗ്‌നമാണ്.
ഹൃദയമാണെന്നെത്ര സുന്ദരമായോതി
ഹൃദയം കവര്‍ന്നുള്‍ ഭ്രാന്തു കനപ്പിച്ചകന്നു.
നാമിരിക്കുന്നിടമന്ന് വര്‍ണ്ണ വസന്ത
സുഗന്ധങ്ങളുടെ അഭൗമ വൃന്ദാവനം.
കമനീയ കാഴ്ചകളുടെ നിര്‍മ്മല പ്രഹര്‍ഷം.
'നീയാം വെളിച്ച മേല്‍ക്കാതെങ്ങനെ
ഞാനെന്ന നിഴലു ചായുമെന്നറിയില്ല.
ചെത്തി കൂര്‍ത്തയിരുള്‍ മുനയാല്‍
ഉടലൊന്നാകെ കോറി വരച്ച പോല്‍
ഇന്നെത്ര വിരൂപയാണീ വിരഹിണീ രാധ.
വിട ചൊല്ലിയതി ദ്രുതം യാത്രയാകും
നിന്നിലവാച്യ സുഖ ചിന്തതന്‍ തേരോട്ടം.
കരയുവാനാകാതെ നിശ്ചലയെന്ന പോലെ..
നിന്റെ ശ്വാസമൂതിയൂതി ജീവനിറ്റിച്ച
മുരളിയൊടുവിലനുരാഗ സമ്മാനമായ്
നീട്ടവേ നീയെന്നിലവസാനിച്ച പോല്‍.
പുതുമ തേടിപ്പായുന്ന സ്വാര്‍ത്ഥതേ
നീയാമുലച്ചിലാല്‍ തനു വാടിത്തളര്‍ന്ന്
ചേതനയറ്റ് നിശബ്ദമടങ്ങുന്നു സ്ത്രീത്വം.
നിന്റെ സുഖ നിദ്രയുടെയോരോ യാമങ്ങളിലും
എന്റെ ഹൃദയമിടിപ്പുകള്‍ നിലച്ചു പോമെന്ന
സത്യം ഹൃദയ ശൂന്യതേ നീയറിയുന്നുവോ?
നിന്റെയാഘോഷ വേളകളെയുണര്‍ത്തുന്ന
കാമിനിമാരുടെ മേനിയുലയുന്ന നാട്യങ്ങളില്‍
എന്റെ ഓര്‍മ്മകളുടെ നുറുങ്ങു വെട്ടങ്ങള്‍
നിഷ്പ്രഭമെന്ന് ഞാനിതായെന്റെ മിഴിനീര്‍
ഏറ്റൊഴുകും കാളിന്തീ സാക്ഷ്യമോതുന്നൂ..
പുഞ്ചിരിക്കു ഹേതുവില്ലാത്ത ജീവിത
വഴികളില്‍ മൗനം കാര്‍ന്നൊരുന്മാദിനി.
നീ പിരിഞ്ഞതില്‍ പിന്നെ തിരികെയെത്താ
തധരങ്ങളില്‍ നിന്നു പാറിയകന്ന ചിരികള്‍.
നീ തൊട്ടു നിറയ്ക്കുന്ന പ്രേമ കുംഭങ്ങളില്‍
വാത്സല്ല്യ വെണ്ണ സ്വാദുണ്ടെന്ന് നിനച്ചവള്‍.
എങ്ങുപോയ് നിന്റെ സ്വരനിസ്വനങ്ങള്‍...
വിട ചൊല്ലിയകലവേ വിരഹ വേദന കൊട്ടിയുടച്ചത്
ഹൃദയമായിരുന്നെന്നു നിനയാത്തതെന്തേ?
കോല്‍ കളിക്കുമ്പൊഴും കുഴല്‍ നീട്ടി പാടുമ്പൊഴും
കണ്ണു കൊണ്ടെന്നെ നീ നീട്ടി തൊടുന്ന
നിമിഷങ്ങളേ പ്രണയശൂന്യം നിന്നിലേയ്ക്കുള്ള
അരുണ ദൂരങ്ങള്‍ അസ്തമിയ്ക്കുന്നു.
ആലംബഹീന രാവുകളില്‍ നിന്നെയോര്‍ത്തു
നിദ്രയറ്റു നനവാര്‍ന്ന കണ്ണുകള്‍ കാത്തിരിക്കെ
നിന്റെ ലോക കാഴ്ചകളിലപ്രസക്തയായവള്‍.
നിന്നെയോര്‍ക്കെ യോര്‍ക്കെ തീ പിടിയ്ക്കുന്ന
ചിന്തകളുടെ ചിതയില്‍ പ്രാണന്‍ പിടയുന്നവള്‍.
എങ്ങുപോയ് നിന്റെ കോമളാകാരം?
സുഖ സ്ഥാനാലങ്കാരങ്ങളുടെ അധികാര
രാജ പീഢത്തിലത്തിലമര്‍ന്നതി സുഖങ്ങളാല്‍
സ്വയം മദിക്കവേയെന്റെ പ്രണയ നോവറിയുമോ?
എന്നിലേക്കു പതിക്കുന്ന കാമമാരികള്‍ക്കു നേരെ
നിന്റെ സംരക്ഷണത്തിന്റെ ഗോവര്‍ദ്ധന
ഗിരിക്കൂരക്കു താഴെയൊക്കില്ലയീ ജന്‍മമണയുവാന്‍.
കാലത്തിന്റെ വികൃതികളേശാത്ത യൗവ്വന
ചാരുത മായാത്ത നിന്നിലുണര്‍ന്നവളിനിയാ
വസന്തങ്ങളെയോമനിച്ച് വാസരങ്ങളടരുമ്പൊഴും
പാഴ് വിചാരങ്ങളുടെ സര്‍പ്പ ഭീതിയില്‍ വിഷമയ
ജീവിത കാളിന്തിയില്‍ പെട്ട് നീലിച്ചിരിക്കുന്നു.
എങ്ങു പോയ് നിന്റെ നര്‍മ്മ സൂത്രങ്ങള്‍?
കാത്തിരിപ്പിന്റെ കരളു കുത്തുന്ന കദന
ഭാരത്താല്‍ കരയിറങ്ങി പോരുന്നു ഞാനിതാ..
നിന്‍ ഉള്‍ച്ചുഴിയില്‍ വീണു പൊലിയുവാന്‍.
നിര്‍വ്വാണ മൊന്നു മാത്രമീ ചിന്തയെ ഭരിക്കുന്നു.
ഉള്‍ക്കണ്ണാലെന്റെ വരവറിഞ്ഞു വേട്ടവര്‍
നോക്കി നില്‍ക്കെ നിര്‍വ്വികാര തമസ്സണിണിഞ്ഞു
നീയെന്നില്‍ മിഴി അയക്കെ പ്രാണനില്‍ ചുറ്റി
പടര്‍ന്ന തുടലില്‍ അശക്തയായൊന്ന് ചായുന്നൂ..
കാലത്തിനൊത്തു ചര്യകളൊക്കെ തരംപോല്‍
മാറുന്ന നിന്നെയെന്റെ നിത്യവിചാരങ്ങളില്‍
സൂക്ഷിച്ചു തോറ്റു പോയവള്‍ നിന്നിലേക്കു തന്നെ
ഒഴുകിയെത്തുന്നു നിന്റെ സുഖ സാഗരങ്ങളില്‍..
ഏറ്റു കൊള്ളുക ചുറ്റുമാകാംഷ ക്കണ്ണുകളേറെ
കൂര്‍ത്തു നില്‍ക്കുന്നു ശരം കണക്കെ തറയുവാന്‍.
തിരസ്‌കരിക്കുമ്പോളുയിരറ്റ നോവിനു
കരം നീട്ടാത്ത ഹൃദയമേ പ്രാണനണയുന്നു.
എങ്ങുപോയ് നിന്റെ സാന്ത്വന വചസ്സുകള്‍?
ഗതിയറ്റു നിവര്‍ത്തികേടിന്‍ ദുഃഖസ്മരണയില്‍
നീയാം ഗന്ധത്തിലേക്കീ ശ്വാസമൂതി കെടുത്തുന്നു.
പ്രണയ പരാജിതയുടെ നോവു ജീവിതം മൃത്യു തന്നെ.
നോവു ജീവിതം അകാല മൃത്യു തന്നെ.
-------------------------
© shiji chellamcodu
1 Comments
എന്തു നല്ല കവിത. അഭിനന്ദനങ്ങൾ
ReplyDelete