രുക്കു | രമേശ് കൃഷ്ണന്‍

rukku-rameshkrishnan-story


മീനമാസത്തിലെ പകല്‍ ചൂടില്‍ ഒരു നട്ടുച്ചക്കായിരുന്നു രുക്കുവിന് വയസറിയിച്ചത്... തുടകളിലൂടെ ഒലിച്ചിറങ്ങിയ ചുടുരക്തം തറയിലിറ്റി വീണ് പരന്നപ്പോള്‍ പെരുവിരല്‍ കൊണ്ടതില്‍ ചിത്രം വരച്ച് നഖം കടിച്ച് മണ്‍ചുമരില്‍ വേട്ടാളന്‍ കൂടുകൂട്ടുന്നത് കണ്ടു നില്‍ക്കുകയായിരുന്നു...

ബട്ടണുകള്‍ അകന്ന ജംബറിന്റെ കോളര്‍ കടിച്ചുകൊണ്ട് പാവാടചരട് ഒന്നഴിച്ചു ചുറ്റി രക്തപാടുകള്‍ തറയിലിറ്റിച്ച്  ഇടനാഴിയിലെ ഇരുട്ടിലൂടെ നടന്ന്  അകത്തളത്തില്‍ നിന്ന് ഉമ്മറത്തേക്കെത്തി കട്ടിള ചാരി അമ്മ നെല്ലുണക്കുന്നത് നോക്കി മുന്‍വശത്തെ അകന്ന പലകപല്ലുകള്‍ പുറത്തേക്ക് കാട്ടി പേനരിക്കുന്ന തലയില്‍ ഇടക്കിടെ മാന്തി കൊണ്ട് ചിരിച്ച് നിന്നു...

രണ്ട് വയസിന് മൂത്തവരായ സുമയും വിമലയും എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് പാരലല്‍ കോളേജിലെ ക്ലാസ് കഴിഞ്ഞ് മാറത്ത് പുസ്തകങ്ങളടുക്കി വെച്ച് പടി കയറി വരുന്നുണ്ടായിരുന്നു...ഉച്ചചൂടില്‍ നെറ്റിയില്‍  നിന്നൊലിച്ചിറങ്ങിയ വിയര്‍പ്പു ചാലുകള്‍ കൈവിരല്‍ കൊണ്ട് വടിച്ചെടുത്തപ്പോള്‍ രാവിലെ മുഖത്തിട്ട പൗഡറും കണ്‍മഷിയും മുഖത്ത് പരന്നത് കണ്ട് രുക്കു ചാടികളിച്ച് ചിരിച്ചപ്പോള്‍ പുസ്തകം ഉമ്മറത്തേക്കിട്ടുകൊണ്ട് സുമയും വിമലയും ഒരേ സ്വരത്തില്‍ ചോദിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി

'എന്താടീ... ഇത്ര കിണിക്കാന്‍... നട്ടപൊരിവെയിലത്ത് കയറി വരുമ്പോള്‍ കിണിക്കാണ് അശ്രീകരം..'

അതുകേട്ട് അമ്മ നെല്ല് ചിക്കുന്നിടത്തുനിന്നും കാല്‍മുട്ടില്‍ കൈയ്യൂന്നികൊണ്ട് നിവര്‍ന്ന് നിന്ന് പറഞ്ഞു

'വന്ന് കയറീല അതിനുമുമ്പേ തുടങ്ങിയോ അവളുടെ നെഞ്ചത്തേക്ക് കയറ്റം... നിങ്ങളെപോലെ ബുദ്ധി അതിനില്ലല്ലോ... '

അതുകേട്ട് സുമയും വിമലയും ചിറികോട്ടികൊണ്ട് പറഞ്ഞു 

' ഓ... പുച്ഛിച്ച് ചിരിക്കാനുള്ള ബുദ്ധിയുണ്ടല്ലോ അവള്‍ക്ക്..'

എല്ലാം കേട്ട് വെളുക്കനെ ചിരിച്ചുകൊണ്ട് ചുമരില്‍ നഖംകൊണ്ട് വരച്ച് അകത്തേക്ക് നടക്കുമ്പോള്‍ നിലത്ത് പരന്ന രക്തതുള്ളികളിലേക്ക് കുമ്മായത്തിന്റെ പൊടിയടര്‍ന്നുവീണ് വെളുത്ത വര പോലെ കിടന്നു...

സുമയും വിമലയും അകത്തേക്ക് കയറുമ്പോള്‍ നിലത്ത് രക്തക്കറകണ്ട് അമ്മയെ വിളിച്ചു

'അമ്മാ... രുക്കു എവിടെയോ മുറിവാക്കിയിരിക്കുന്നു ഒന്ന് വന്ന് നോക്കിക്കേ...'

'പത്തുപൈസ കയ്യിലില്ലാണ്ടിരിക്കണ നേരത്ത് ഈ കുരുത്തം കെട്ടത് എവിടെയാണ് മുറിച്ചത്'.

അതുപറഞ്ഞ് അമ്മ നെല്ല് ചിക്കുന്നത് നിര്‍ത്തി അകത്തേക്ക് ഓടി കയറി... 

നടുത്തളത്തില്‍ നിന്നും മുകളിലെ മുറിയിലേക്ക് കയറാനിട്ട മരകോണിയുടെ പടിയിലിരുന്ന് വേട്ടാളന്‍ കൂടുകൂട്ടിയ മണ്ണ് നഖത്തിനടിയില്‍ കുമ്മായം പറ്റിയ കൈവിരല്‍ കൊണ്ട് പൊടിച്ച് നിലത്തേക്കിടുകയായിരുന്നു രുക്കു.. 

അമ്മയും വിമലയും സുമയുമൊന്നും പറയുന്നതും ചോദിക്കുന്നതും കേള്‍ക്കാതെ നിലത്തു വീണ മണ്‍തരികളില്‍ വിരല്‍കൊണ്ട് ചിത്രം വരച്ചിരുന്നു.... 

അമ്മയും ചേച്ചിമാരും കൂടി കൈകളില്‍ പിടിച്ച് വലിച്ച് പൂമുഖത്തേക്ക് കൊണ്ടുപോയി ദേഹമാസകലം പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ നില്‍ക്കുമ്പോഴാണ് കോണിപടിയിലിരുന്ന പാവാടയുടെ പിറകുവശത്തെ നനവ് കണ്ണില്‍ പെട്ടത്... കാര്യമെന്താണെന്ന് മനസിലായപ്പോള്‍ അവര്‍ പരസ്പരം നോക്കി പിന്നെ വീടിനു പുറത്ത് ഓലകൊണ്ട് കെട്ടിമറച്ച കുളിമുറിയിലേക്ക് കയറ്റി 

ബക്കറ്റില്‍ നിറച്ചുവെച്ച വെള്ളം കണ്ടപ്പോള്‍ രുക്കുവിന് അതില്‍ കയറി ഇരിക്കാന്‍ തോന്നി... സുമയും അമ്മയും കൂടി ഡ്രസഴിച്ച് മാറ്റി കുളിപ്പിച്ചപ്പോഴേക്കും വിമല അടിയിലുടുക്കാനുള്ളതും ഡ്രസുകളുമായി കുളിമുറിയിലേക്ക് കയറി വന്നു... ബക്കറ്റിലെ വെള്ളം കൈ കൊണ്ടടിച്ച് തെറിപ്പിച്ച് അമ്മയെയും സുമയെയും ഏതാണ്ട് മുഴുവനായി നനച്ചു.. 

കുളി കഴിഞ്ഞ് അകത്തേക്ക് കയറും മുമ്പേ ഗോവണിയഴിയും അകത്തളവും വെള്ളമൊഴിച്ച് കഴുകുന്നതിനിടയില്‍ സുമ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.. 

മുകളിലെ മുറിയിലേക്കാക്കി മുറി പുറത്തുനിന്നും ഓടാമ്പലിട്ട് പോകുമ്പോള്‍ ജനലിലൂടെ അകത്തേക്ക് നോക്കി അവര്‍ മൂന്നുപേരും പറഞ്ഞു.. 

'അച്ഛനും ഏട്ടനും വരുമ്പോള്‍ നിന്നെ പുറത്ത് കാണരുത്... ഇനിയൊരാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ മതി...' 

ദിവസങ്ങളെ ക്കുറിച്ചോ മാസങ്ങളെ കുറിച്ചോ ഋതുക്കളെ ക്കുറിച്ചോ ഈ ലോകത്തെക്കുറിച്ച് പോലും യാതൊരു ധാരണയുമില്ലാത്ത രുക്കു അത്‌കേട്ട് വെറുതെ ചിരിച്ചുകൊണ്ട് ഈറനുണങ്ങാത്ത മുടിയിഴകളില്‍ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.. 

ശരീരത്തിലുണ്ടായ വ്ത്യാസമെന്താണെന്ന് തിരിച്ചറിയാനാവാതെ ശരീരത്തില്‍ തേച്ചു പിടിപ്പിച്ച മഞ്ഞളിന്റെ മഞ്ഞനിറം പടര്‍ന്ന മേനിയിലേക്ക് സൂക്ഷിച്ച് നോക്കി... മുറ്റത്ത് പിടക്കോഴിക്കുമേല്‍ കയറി നിന്ന് പൂവന്‍ കോഴി കൊട്ടിപിടഞ്ഞുകൊണ്ട് കൂവി വിളിക്കുന്നതും.. മന്ദാരപൂവിനു ചുറ്റും വണ്ടുകള്‍ പാറി നടക്കുന്നതും കണ്ട് തട്ടിനുമുകളില്‍ എട്ടുകാലി വലനെയ്യുന്നതിലെ സൂക്ഷ്മത കണ്ട് കട്ടിലില്‍ കയറി കിടന്നു... 

വൈകുന്നേരം  അച്ഛനും ഏട്ടനും പാടത്ത് പണി കഴിഞ്ഞ് ചേറില്‍ കുളിച്ച്  പടികയറിവരുന്നത് ജനലിലൂടെ നോക്കി കണ്ടു... വിശപ്പ് കത്തിക്കാളുന്നുണ്ടെങ്കിലും പുറത്ത് നിന്ന് വാതില്‍ തഴുതിട്ടതിനാല്‍ പുറത്തിറങ്ങാനാവാതെ മുറിക്കുള്ളില്‍ മെരുകിനെ പോലെ നടന്നു... 

അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കൂട്ടി മുട്ടുന്നതിന്റെ ശബ്ദം കേട്ടപ്പോള്‍ ചായ ഉണ്ടാക്കുന്നതിന്റെയാവുമെന്ന് കരുതി ജനലിലൂടെ കോണികയറി ആരെങ്കിലും ചായയുമായി വരുന്നുണ്ടോ എന്ന് നോക്കി നിന്നു.. 

ചായയുടെ സമയം കഴിഞ്ഞും ചായ കിട്ടാതെ വന്നപ്പോള്‍ മേശ മേല്‍ വച്ചിരുന്ന ജഗ്ഗെടുത്ത് നിലത്തേക്കെറിയുകയും വാതിലില്‍ ശക്തമായി കൊട്ടുകയും ചെയ്തിട്ടും ആരും മുകളിലേക്ക് കയറി വന്നില്ല 

രാത്രി  വാതില്‍ തുറന്ന് ഒരു പ്ലേറ്റില്‍ സുമ ചോറ് റൂമിലേക്ക് നിരക്കി വെച്ച് വാതിലടച്ച് പോവുന്നത് കണ്ടു... 

പ്ലേറ്റിലുള്ള ചോറ് ആര്‍ത്തിയോടെ വാരിക്കഴിക്കുമ്പോള്‍ നിലത്തു വീണ വറ്റുകള്‍ ഇടത്തേകൈകൊണ്ട് തറയില്‍ വെച്ചുരച്ചുകൊണ്ടിരുന്നു.. ചുണ്ടില്‍ പറ്റിപ്പിടിച്ച വറ്റുകള്‍ നാവുകൊണ്ട് നക്കിതുടച്ച് പവാടയുടെ അടിഭാഗം പൊക്കി  കൈയ്യും ചുണ്ടും തുടച്ചു... 

പ്ലേറ്റ് കാലുകൊണ്ട് കട്ടിലിനടിയിലേക്ക് തട്ടി കിടക്കയില്‍ കാല്‍നീട്ടിയിരുന്നു... രാത്രിക്ക് കൂട്ടായി തട്ടിന്‍മുകളിലൂടെ എലികളോടി തുടങ്ങി... മഹാദേവപന്തലിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിന് മുമ്പിലെ വഴിവിളക്കിന്റെ പ്രകാശം ദൂരെ ഒരു പൊട്ടുപോലെ കണ്ടു.... 

ഉറക്കമില്ലാത്ത മറ്റൊരു രാത്രിയുടെ ഏകാന്തതയില്‍ താളം തെറ്റിയ മനസുമായി ശൂന്യതയില്‍ വിരലുകൊണ്ട് ചിത്രം വരച്ച്  രുക്കു ചുമരിലെ നിഴലുകള്‍ നോക്കിയിരുന്നു... 

പാതിരാവിലെപ്പോഴോ ഒന്നു കണ്‍ചിമ്മി തുടങ്ങിയപ്പോള്‍ ശ്വാസംമുട്ടിക്കുന്ന നരച്ച ഇരുട്ടു വീണ ഇടവഴിയിലൂടെ തൂക്കുവിളക്കുമായി ചെമ്പട്ട് പുതച്ചൊരു രൂപം നടന്നു വന്ന് കട്ടിലിനടുത്തായിരിക്കുന്നപോലെ.. തൂക്കുവിളക്കിന്റെ നാളത്തില്‍ ചോര ഇറ്റുവീഴുന്ന ദംഷ്ട്രകള്‍ കാട്ടിയ ഭദ്രകാളിയുടെ രൂപം കണ്ട് ഭയന്ന് നിലവിളിച്ച് മുറിയിലാകെ ഓടി... 

ഇല്ലത്തെ തൊടിയുടെ മൂലയിലുള്ള ഭദ്രകാളി ക്ഷേത്രത്തിലെ പുകഞ്ഞുതീര്‍ന്ന ചന്ദനത്തിരി മണം തങ്ങി നില്‍ക്കുന്ന  ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തിന്റെ കണ്ണുകള്‍ തിളങ്ങി... 

ഒരാഴ്ചത്തോളം  അച്ഛനും ഏട്ടനും പോയതിനുശേഷം അമ്മയും സുമയും വിലയും വന്ന് രാവിലെ പല്ല് തേപ്പിച്ച് കുളിപ്പിച്ച് വീണ്ടും മുറിയിലേക്കാക്കും...അതിനിടയില്‍ പലരും വീട്ടില്‍ വന്നും പോയുമിരുന്നു.. ചിലര്‍ രുക്കു എവിടെയെന്നന്വോഷിക്കുന്നത് കേട്ടു.. ചിലര്‍ അമ്മ പറഞ്ഞത് കേട്ട് ജനലിലൂടെ അകത്തേക്ക് നോക്കി.. അവരെ നോക്കി എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കി വായുവില്‍ വിരല്‍ കൊണ്ട് പല പല ചിത്രങ്ങള്‍ വരച്ചുകൊണ്ട് അവരുടെയടുത്തേക്കോടി ചെന്നു... 

പല മുഖത്തും കണ്ട ഭാവങ്ങള്‍ എന്തെന്ന് മനസിലാകാതെ അവരെ നോക്കി ചിരിച്ചുകൊണ്ടേയിരുന്നു. 

ഒരു കൂട്ടത്തിലും കൂടാനാവാതെ പ്രാകൃതമനുഷ്യനെ പോലെ മുറിക്കുള്ളിലെ നിശബ്ദതയിലേക്കായി രുക്കു ഒതുങ്ങി... 

വേനലവധിയുടെ കളിചിരികളുമായി സുമയും വിമലയും തൊടിയിലെ ഓര്‍ക്കാപുളിമരചുവട്ടില്‍ പരസ്പരം കാതിലെന്തോ രഹസ്യം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് മരയഴിയിട്ട ജനലിലൂടെ നോക്കി നിന്നു... ഉമ്മറത്ത് തൂക്കിയ കൂട്ടിലിരുന്ന് നായ്കരിമ്പിന്റെ ഇലകടിച്ചു തുപ്പി പച്ചപനംതത്ത അത് നോക്കിയിരിക്കുന്നുണ്ടായിരുന്നു.. രുക്കുവിനെ പോലെ... 

വേനലും വര്‍ഷവും കടന്നുപോകുന്നതിനിടയില്‍ വളര്‍ച്ചയെത്താത്ത തലച്ചോറും വളര്‍ച്ചയെത്തിയ ശരീരവുമായി രുക്കു വീടിനകത്തളത്തിലൊതുങ്ങി.. അമ്മയുടെയും അച്ഛന്റെയും മുടിയിഴകളില്‍ വെളുപ്പുപടരുകയും തൊലിയില്‍ ചുളിവുകള്‍ വീഴുകയും ഏട്ടന്റെ മുടികൊഴിഞ്ഞ് കഷണ്ടി കയറുകയും ചെയ്തപ്പോഴേക്കും സുമയുടെയും വിമലയുടെയും മാറിടം പുറത്തേക്കുന്തുകയും കവിളില്‍ മുഖക്കുരു കലകള്‍ വന്ന് നിറയുകയും ചെയ്തു... 

പലപ്രായത്തിലുള്ളവര്‍ ഇടക്കിടെ പടികയറി വരികയും സുമയും വിമലയും അവര്‍ക്ക് മുന്നിലേക്ക് ചായയുമായി ചെന്ന് നില്‍ക്കുകയും പിന്നെ നാണത്തോടെ ഗോവണി പടിയില്‍ ചാരി ഇടനാഴിയില്‍ നിന്ന് ഉമ്മറത്തേക്ക് നോക്കികൊണ്ട് നില്‍ക്കുകയും ചെയ്തു... 

അമ്മയും അച്ഛനും വരുന്നവരോടെല്ലാം പറയുന്നുണ്ടായിരുന്നു 

'ഞങ്ങള്‍ക്ക് മക്കള്‍ നാലാണ്.. ഒരാള്‍ക്ക് ബുദ്ധിക്ക് അല്പം പ്രശ്‌നമുണ്ട് അതാണവളെ കാണാത്തത്...മുകളിലെ മുറിയിലാണ്.. ' 

പടിയിറങ്ങി പോകുന്നവര്‍ പലരും തിരിഞ്ഞു നോക്കി സഹതാപത്തോടെ എന്തോ പരസ്പരം പറയുന്നത് ജനലിലൂടെ കണ്ട് മടുത്തപ്പോള്‍ ജനലിനോടും ജനലഴികളിലൂടെയുള്ള കാഴ്ചയോടുപോലും മടുപ്പായി തുടങ്ങി... 

പുതുമണ്ണിന്‍ മണവുമായി വേനല്‍ മഴ പെയ്‌തൊഴിഞ്ഞ ഒരു സന്ധ്യക്ക് മഴപ്പാറ്റകള്‍ മുറിയുടെ ചുമരുകളില്‍ കൂട്ടമായി പറന്നെത്തുകയും അല്‍പസമയത്തിനുള്ളില്‍ ചിറക് കൊഴിഞ്ഞ് നിലത്തുവീണ് അരിച്ച് നടന്ന് ഇല്ലാതാവുകയും ചെയ്യുന്നത് കണ്ട് തലചൊറിഞ്ഞ് ആരോടെന്നില്ലാതെ പൊട്ടിച്ചിരിച്ചു കൊണ്ട് കൈ കൊട്ടി ചാടി തുള്ളികൊണ്ട് രുക്കു മുറിക്കുള്ളില്‍ വട്ടം കറങ്ങിയതിന്റെ പിറ്റേ ദിവസം ആരൊക്കെയോ തൊടിയില്‍ നിന്ന് കവുങ്ങു മുറിക്കുകയും ഉണങ്ങിയ തെങ്ങോല കൊണ്ടുള്ള തടുക്കിന്‍ കെട്ടു കളുമായി ചെറുമി പെണ്ണുങ്ങള്‍ പടികയറി വരികയും 

 മുറ്റത്തൊരു പന്തലുയരുകയും ചെയ്തു.. രാത്രി പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ അടുക്കളഭാഗത്തുനിന്നും പാത്രങ്ങളുടെ ശബ്ദത്തോടൊപ്പം കഷ്ണം നുറുക്കുന്നതിന്റെയും തേങ്ങ ചിരവുന്നതിന്റെയും ശബ്ദം കൂടി കേള്‍ക്കുന്നുണ്ടായിരുന്നു... 

ഓര്‍ക്കാപുളിമരചുവട്ടില്‍ നിന്ന്  ബീഡിക്കുറ്റികള്‍ എരിയുന്നതോടൊപ്പം റാക്കിന്റെ മണം വായുവില്‍ പടര്‍ന്നു... ചെറു ചിരികളില്‍ തുടങ്ങി ഗ്ലാസുകള്‍ നിറഞ്ഞൊഴിയുന്നതോടൊപ്പം ചിരികള്‍ പൊട്ടിച്ചിരികളായി പരിണമിച്ചു. 

ഉമ്മറത്ത് ടേപ്പ് റിക്കോര്‍ഡറില്‍ നിന്നുമുള്ള പാട്ടുകള്‍ കേട്ട് കോവിലകത്ത് കുണ്ടില്‍ നിന്നുള്ള നായന്മാരുടെ വീടുകളില്‍ നിന്ന് നിരനിരയായി ആളുകള്‍ ടോര്‍ച്ച് വെളിച്ചത്തോടൊപ്പം പാടവരമ്പിലൂടെ വന്നുകൊണ്ടിരുന്നു.. 

ചുറ്റിലുമുള്ള ഒച്ചയനക്കങ്ങള്‍ക്കിടയില്‍ തട്ടിന്‍മുകളിലെ ഇരുട്ടില്‍ പലകപല്ലുകള്‍ പുറത്തുകാട്ടി ഉറക്കമില്ലാതെ രുക്കു മുറിക്കുള്ളില്‍ ചുറ്റിതിരിഞ്ഞു..

അതിരാവിലെ വാതില്‍ തുറന്ന് അമ്മ അകത്ത് കയറിയപ്പോള്‍ പുലര്‍ച്ചക്കെപ്പോഴോ നിലത്ത് കിടന്നുറങ്ങിയ രുക്കുവിന്റെ സ്ഥാനം തെറ്റികിടന്ന ഉടയാടകള്‍ നേരെയിട്ട് അവളെ വിളിച്ചുണര്‍ത്തി എല്ലാവരുമെണീക്കും മുമ്പേ കുളിപ്പിച്ച് പുതിയ ഒരു കൂട്ടം ഡ്രസുകളണിയിച്ച്  മുറിയില്‍ കൊണ്ടു ചെന്നാക്കി...

ഉമ്മറത്തെ പന്തലിലും ഇടനാഴിയിലുമെല്ലാം ആളുകള്‍ നിരന്ന് കിടന്നുറങ്ങുന്നുണ്ടായിരുന്നു..

എന്നും രാവിലെ ദോശയും പുട്ടും ഇഡ്ഡലിയും കഴിച്ചു ശീലിച്ച രുക്കുവിന് അന്ന് രാവിലെ മുറിയിലേക്ക് വെച്ച റവ ഉപ്പുമാവ് ഇഷ്ടമായില്ല.. ഒരു നുള്ള് വാരികഴിച്ച് കാലുകൊണ്ട് പാത്രം തട്ടി തെറിപ്പിച്ച് വാതിലില്‍ കൈ കൊണ്ടടിച്ചു... ആരും തിരിഞ്ഞു നോക്കാതായപ്പോള്‍ വിശപ്പ് കത്തിക്കാളിയപ്പോള്‍ നിലത്ത് പരന്ന് കിടന്ന മഞ്ഞനിറമുള്ള റവ ഉപ്പുമാവ് കമിഴ്ന്നു കിടന്നുകൊണ്ട് നക്കി തിന്നു.. പുതിയ ഡ്രസിലാകെ മഞ്ഞനിറം പടര്‍ന്നു...

പത്തുമണിയായ പ്പോഴേക്കും വീടിനു പിറകിലുള്ള മനക്കലേക്ക് പോകുന്ന വഴിയില്‍ വെളുത്ത കാറുകള്‍ വന്നു നിന്നു. അതില്‍ നിന്നും വെളുത്ത ഷര്‍ട്ടും മുണ്ടും ചുറ്റിയ സുമുഖരായ രണ്ട് ചെറുപ്പക്കാര്‍ പുറത്തിറങ്ങി മേലേ തൊടിയുടെ വെട്ടുവഴിയിലൂടെ താഴേക്ക് നടന്ന് തെക്കുവശം ചുറ്റി ഉമ്മറത്തെ പന്തലിലേക്ക് കയറി അവരെ അനുഗമിച്ചു കൊണ്ട് പലതരത്തിലുള്ള നിറമുള്ള ഡ്രസുകള്‍ ധരിച്ച് പലപ്രായത്തിലുള്ള ആളുകള്‍ താഴേക്ക് വരിവരിയായി ഇറങ്ങി വരുന്നുണ്ടായിരുന്നു...

പന്തലില്‍ നിന്നും കൊട്ടും കുരവയും കയ്യടിയും കേട്ടപ്പോള്‍ അതെന്താണെന്നറിയാന്‍ രുക്കു ജനലഴികളിലൂടെ പിടിച്ച് കയറി ചുമരിന്‍ മുകളിലെ വിടവിലൂടെ തലയിട്ടുകൊണ്ട് താഴേക്ക് നോക്കി  സുമക്കും വിമലക്കുമൊപ്പം രണ്ട് ചെറുപ്പക്കാര്‍ മാലയിട്ട് കയ്യില്‍ പൂക്കൂടകളുമായി നില്‍ക്കുന്നു... സുമയും വിമലയും വാലിട്ട് കണ്ണെഴുതി പൗഡറൊക്കെയിട്ട് സുന്ദരികളായിരിക്കുന്നു.. അതുപോലൊരുമാലയും പൂക്കൂടയുമൊക്കെ കിട്ടണമെന്ന് രുക്കുവിനും തോന്നിയിട്ടുണ്ടാകാം.. അവള്‍ ജനലില്‍ നിന്നും താഴോട്ടിറങ്ങിയപ്പോള്‍ പുറമടിച്ച് നിലത്തേക്ക് വീണു... വീഴ്ചയില്‍ കൈമുട്ട്  കട്ടിലിന്റെ കാലിലുരഞ്ഞ് ചോരപൊടിഞ്ഞപ്പോള്‍ അവള്‍ ആര്‍ത്തുകരഞ്ഞു... താഴെ ആളുകളുടെ ശബ്ദത്തില്‍ അവളുടെ കരച്ചില്‍ ആരും കേട്ടില്ല... പന്തലില്‍ ഇലയിടുന്ന തിരക്കിലായിരുന്നു എല്ലാവരും....

ഉച്ചക്ക് ഒരിലയില്‍ ചോറും കറികളും ആരോ മുകളിലെ മുറിയിലേക്ക്  വെച്ച് തിരിഞ്ഞു നോക്കാതെ പോകുന്നത് കണ്ടു.... ചൂടുള്ള സാമ്പാറിന്റെയും മൊരിഞ്ഞ പപ്പടത്തിന്റെയും മണമടിച്ചപ്പോള്‍ വിശന്ന് കരിഞ്ഞ വയറിന്റെ ആര്‍ത്തിയില്‍ അത് മുഴുവന്‍ കഴിച്ച് തീര്‍ത്തു... പകുതിയിലധികം വറ്റ് നിലത്ത് ചിതറിയിരുന്നു... കൈകള്‍ പാവാടയില്‍ തുടച്ച് ഇലകൊണ്ട് നിലത്ത് പരന്ന വറ്റുകള്‍ അടിച്ചുകൂട്ടിയത് കട്ടിലിനടിയിലേക്കിട്ടു... അല്പസമയം കഴിഞ്ഞപ്പോഴേക്കും ഉറുമ്പുകള്‍ വറ്റുകള്‍ ചുമന്നു കൊണ്ട് ചുമരിനരികിലൂടെ അരിച്ചു നീങ്ങി തുടങ്ങിയിരുന്നു ....

വൈകുന്നേരം തിര ക്കൊഴിഞ്ഞ് പന്തലഴിക്കുന്നതിന്റെ ശബ്ദം കേട്ടപ്പോള്‍ രുക്കു ജനലഴി പിടിച്ചുകൊണ്ട് അത് നോക്കിനിന്നു..

തൊടിയിലെ ഓര്‍ക്കാപുളിമരത്തിന് താഴെ തലേന്ന് രാത്രിയിലൊഴിഞ്ഞ റാക്ക് കുപ്പികള്‍ കാല്‍കൊണ്ട് തട്ടിക്കൊണ്ട് സുമയും ഒരു ചെറുപ്പക്കാരനും ചിരിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി അയാള്‍ അവളുടെ കവിളിലുമ്മ വെക്കുന്നുണ്ടായിരുന്നു... കുറച്ചകലെ വിമലയും കൂടെ യൊരു ചെറുപ്പക്കാരനും വാഴ ക്കുടുമ്പിന്റെ പിറകില്‍ എന്തൊക്കെയോ ചെയ്യുന്നത് കണ്ടു...സന്ധ്യ മയങ്ങി തുടങ്ങിയപ്പോള്‍ പന്തലഴിച്ച് മുറ്റത്തി നരികില്‍ കവുങ്ങിന്‍ പാളികള്‍ കൂട്ടിയിട്ട് പണിക്കാരിറങ്ങി പോകുന്നത് കണ്ടു... 

രാത്രി കോണിപടി കയറി അമ്മയും അച്ഛനും ഏട്ടനും മറ്റും  മുറി തുറന്ന് അകത്തേക്ക് വരുന്നത് കണ്ടു... കട്ടിലില്‍ കാലാട്ടി കൊണ്ടിരുന്ന രുക്കു അവരെ കണ്ട് വിടര്‍ന്ന കണ്ണുകളോടെ നോക്കി 

അമ്മയും അച്ഛനും വിമലക്കും സുമക്കും പിറകിലായി നിന്ന നവവരന്‍മാരോടായി പറഞ്ഞു 

'ഇതാണ് രുക്കു... ഇളയതാണ്.. കുംഭമാസത്തില്‍ ഇരുപത് തികയും.. ആള് കൂടുന്നിടത്തേക്ക് കൂട്ടാന്‍ പറ്റില്ല അതോണ്ടാണ് രാവിലെ  പന്തലിലേക്കിറക്കാഞ്ഞത്... ഇവളുടെ ലോകം ഈ മുറിയാണ്..' 

നവവരന്‍മാര്‍ മുമ്പോട്ട് വന്ന് രുക്കുവിനടുത്തായിരുന്നുകൊണ്ട് പറഞ്ഞു 

'ഇടക്കൊക്കെ ഒന്ന് മുറിയില്‍ നിന്നും പുറത്തിറക്കണം.. കാറ്റും വെളിച്ചവും തട്ടിയാല്‍ തന്നെ പകുതി അസുഖം മാറും... എത്രകാലം ഈ മുറിക്കുള്ളിലടച്ചിടാനാവും... ആളുകളെ ഒക്കെകണ്ട് എന്തെങ്കിലുമൊക്കെ സംസാരിച്ചാലേ അവള്‍ക്ക് സംസാരിക്കാനാവൂ.. അക്ഷരങ്ങളൊക്കെ അറിയൂ... അങ്ങനെ ഡെവലപ് ചെയ്തു കൊണ്ടുവരാനേ പറ്റൂ... '

അമ്മ അടുത്ത് വന്ന് വിടര്‍ന്നു നിന്ന  ജാക്കറ്റിന്റെ മുന്‍പിലെ ഹുക്ക് ഇടുന്നതിനിടയില്‍ പറഞ്ഞു 

' പുറത്തിറക്കണമെന്നൊക്കെ ഉണ്ട് പക്ഷേ പ്രായപൂര്‍ത്തിയായതല്ലേ... ഇവള്‍ക്കാണെങ്കില്‍ നാണ മെന്താണെന്നൊന്നും അറിയില്ല.. എപ്പഴും നമ്മടെ കണ്ണ് കൂടെ വേണം... കൊച്ചു കുട്ടികളുടേത് പോലുള്ള പെരുമാറ്റമാണ്..' 

'അത് സാരമില്ല... ഇടക്ക് ആഴ്ചയിലൊരിക്കലൊക്കെ ഒന്നു പുറത്തിറക്കാം നമുക്ക്... '

' മരുന്ന് വല്ലതുമുണ്ടോ ഇവള്‍ക്ക്.. '

' ഇപ്പോള്‍ ഒന്നുമില്ല ഡോക്ടര്‍മാര്‍ക്കൊന്നും ചെയ്യാനില്ല ഇടക്ക് നമ്പീശന്റെ അവിടെ പോയി ഊതിയ ചരട് കെട്ടും... പൂങ്കളയിലെ ഏലസ് അരയിലുണ്ട്... അമാവാസി ദിവസം ഇടക്ക് അധികമാവും.. അന്ന് ഞങ്ങളാരും ഉറങ്ങില്ല കൂക്കൂം വിളിയും കരച്ചിലുമൊക്കെയാവും.. '

' എന്തായാലും അടുത്തയാഴ്ച ടൗണിലെ ഡോക്ടറെ ഒന്നുകാണിക്കാം... '

' ഹേയ് അതോണ്ടൊന്നും വലിയ കാര്യമില്ല... പോണ പോലങ്ങനെ പോട്ടെ ഞങ്ങളുടെ കണ്ണടയുന്ന വരെ എങ്കിലും.. കാണു കയെങ്കിലും ചെയ്യാലോ... '

മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ നേരം രണ്ടുപേരും ചേര്‍ത്തു പിടിച്ചപ്പോള്‍ സുമയുടെയും വിമലയുടെയും മുഖമിരുണ്ടു.. നവവരന്‍മാരുടെ രണ്ടുപേരുടെയും ഷര്‍ട്ടില്‍ ഉച്ചക്ക് കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പാവാടയില്‍ നിന്നും ഒട്ടി പിടിച്ചത് കണ്ട് അസഹ്യതയോടെ അവര്‍ മുഖം തിരിച്ചു...' 

ബലിഷ്ഠമായ പുരുഷന്‍മാരുടെ കൈകള്‍ ശരീരത്തിലൂടെ ഇഴഞ്ഞപ്പോള്‍ മനസിനാവശ്യമില്ലെങ്കിലും പ്രായ പൂര്‍ത്തിയായ രുക്കുവിന്റെ ശരീരത്തില്‍ അത് ഇക്കിളിയുണര്‍ത്തി 

ആദ്യരാത്രി കഴിഞ്ഞ്  പിറ്റേന്ന് അവര്‍ വിരുന്നിനായി പോയപ്പോള്‍ അമ്മ വന്ന് മുറി വൃത്തിയാക്കി കുളിപ്പിച്ച് ഇടനാഴിയിലൂടെ നടത്തി ഉമ്മറത്ത് കൊണ്ടുപോയി മുറ്റത്തുള്ള തുളസി തറക്ക് അരികിലിരുത്തി.. തലേന്നത്തെ സദ്യയുടെ ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തിവലിക്കുന്ന തെക്കേ തൊടിയിലെ പുളിമരത്തിനു ചുവട്ടിലെ കുഴിയിലേക്ക് നോക്കി രുക്കു ഇരുന്നു... 

അമ്മയുടെ കണ്ണൊന്നു തെറ്റിയപ്പോള്‍ എണീറ്റ് തൊടിയിലൂടെ ഓടി നടന്നു.. ആള്‍ മറയില്ലാത്ത കിണറിനരികില്‍ ചെന്ന് ഇരുട്ടുപരന്ന കിണറിനുള്ളിലേക്ക് നോക്കി വെള്ളത്തില്‍ കണ്ട പ്രതിബിംബത്തിലേക്ക് നോക്കി മേലോട്ട് കയ്യുയര്‍ത്തി പൊട്ടിച്ചിരിച്ചു.. കിണറിനടുത്തായി വെച്ച ബക്കറ്റെടുത്ത് കിണറ്റിലേക്കിട്ട ശബ്ദം കേട്ട് അമ്മ അടുക്കളയില്‍ നിന്ന് ഓടിയിറങ്ങികോണ്ട് പറഞ്ഞു

'ഈശ്വരാ... ഈ അശ്രീകരം ആ കിണറ് തൂര്‍ക്കൂലോ ഇപ്പോള്‍.. കണ്ണൊന്നു മാറീതേയുള്ളൂ..' 

അതുപറഞ്ഞ് അമ്മ വന്ന് കൈ പിടിച്ചു വലിച്ച് അകത്തേക്ക് കയറ്റുമ്പോള്‍ പിറകിലേക്കോടുന്ന വെള്ളിമേഘങ്ങളെ നോക്കി രുക്കു  ആര്‍ത്തു ചിരിച്ചു 

ഒരാഴ്ച കഴിഞ്ഞ് സുമയും ഭര്‍ത്താവും വിരുന്നു വന്ന അന്ന് അമ്മ ചോറ് മുറിയിലേക്ക് വെച്ച് പോകുമ്പോള്‍ മുറിയുടെ വാതില്‍ പുറത്തു നിന്ന് ഓടാമ്പലിടാന്‍ മറന്നു 

അപ്പോഴേക്കും താഴെനിന്നും സുമ വിളിച്ചതുകൊണ്ടാവാം... 

ചോറുണ്ട് മുറിയിലാകെ ചുറ്റി നടക്കുന്നതിനിടയില്‍ അറിയാതെ രുക്കു വാതില്‍ പാളി തുറന്നു അപ്പോഴേക്കും എല്ലാവരും ഉച്ചയൂണുകഴിഞ്ഞ് മയങ്ങാന്‍ കിടന്നിരുന്നു.. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് ഗോവണിയിറങ്ങി നടുത്തളം കഴിഞ്ഞ് പുറത്തേക്കിറങ്ങി പടിഞ്ഞാറേമുറ്റത്ത്കൂടി  നടന്നപ്പോള്‍ പാതി തുറന്ന് കിടന്ന മുറിയുടെ ജനാലയിലൂടെ മൂളലും ഞരക്കവും കേട്ട് അകത്തേക്ക് നോക്കാനൊരു കൗതുകം തോന്നി 

അകത്തെ മുറിയില്‍ നൂല്‍ബന്ധമില്ലാതെ വിയര്‍ത്ത് കെട്ടിമറയുന്ന സുമയെ കണ്ട് പേടിയോടെ രുക്കു അലറി വിളിച്ചു.. 

ശബ്ദം കേട്ട് ഉടുതുണികള്‍ വാരിക്കൂട്ടി ദേഷ്യത്തോടെ സുമ നോക്കിയപ്പോള്‍ രുക്കുവിന്റെ മുഖം  വിളറി... 

കരച്ചില്‍ കേട്ട് അമ്മ ഉറക്കച്ചടവോടെ ഓടി വന്ന് രുക്കുവിനെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി മുകളിലെ മുറിയിലിട്ട് വാതിലടച്ചുകൊണ്ട് പറഞ്ഞു 

'പണിയൊക്കെ കഴിഞ്ഞ്  ഉച്ചക്കൊന്ന് നടുനിവര്‍ത്താനും സമ്മതിക്കില്ലെന്നു  വെച്ചാ ലെന്താ ചെയ്യാ... ഇതിനും മാത്രം എന്ത് പാപമാണ് ഭഗവാനേ ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്ത്കൂട്ടിയത്...' 

അന്ന് രാത്രി രുക്കുവിന്റെ സ്വപ്നത്തില്‍ കാവിനുള്ളില്‍ ഇണചേരുന്ന സര്‍പ്പങ്ങളായിരുന്നു ആ സര്‍പ്പങ്ങള്‍ക്ക് സുമയുടെയും ഭര്‍ത്താവിന്റെയും മുഖ മായിരുന്നു. വിയര്‍പ്പില്‍ കുതിര്‍ന്നു ഞരങ്ങി മൂളുന്ന രണ്ട് സര്‍പ്പങ്ങള്‍...ഇടക്ക് തുറിച്ചു നോക്കിയ സുമയുടെ നീളത്തിലുള്ള പല്ലുകളില്‍ നിന്ന് വിഷം ഇറ്റു വീഴുന്നു...മെല്ലെ ഇഴഞ്ഞു വന്ന് ശരീരത്തില്‍ ചുറ്റിപിണഞ്ഞ് തുടയില്‍ കടിച്ച സുമയെകണ്ട് പേടിച്ച് കരഞ്ഞ് രുക്കു പാതിരാത്രിയില്‍ ഇടക്കിടെ തല മാന്തികൊണ്ട് മുറിക്കുള്ളിലാകെ ഓടി നടന്നു.. 

ഞാറ്റുവേലകളില്‍ പാടവും തോടും നിറഞ്ഞു കവിയുകയും വേനലില്‍ പാടങ്ങള്‍ വിണ്ടുകീറുകയും തേരിന്റെ കാറ്റ് പുളി മരത്തിന്റെ ഇല കളുതിര്‍ക്കുകയും ചെയ്യുന്നതോടൊപ്പം വര്‍ഷങ്ങളും പൊഴിഞ്ഞു പോയി കൊണ്ടിരുന്നു.. വീട്ടിനുള്ളില്‍ എല്ലാവര്‍ക്കും ഒരു ഭാരമായി രുക്കു മുറിക്കുള്ളില്‍ അപ്പോഴും ചുറ്റിനടന്നു.. 

സുമയും വിമലയും കൈകുഞ്ഞുങ്ങളുമായി വന്നും പോയുമിരുന്നു... ഏട്ടന്‍ വിവാഹം കഴിച്ച് കൊണ്ടുവന്ന ഏട്ടത്തിയമ്മ അമ്മക്കു പകരമായി ഭക്ഷണം മുറിയിലെത്തിച്ചുകൊണ്ടിരുന്നു 

ദിവസവു മുള്ള കുളി ഏട്ടത്തിയമ്മയുടെ തിരക്കിനനുസരിച്ച് ആഴ്ചയിലൊരിക്കലായി.. പിന്നീടത് രണ്ടാഴ്ചയിലേക്ക് നീണ്ടു... മുറിവിട്ട് പുറത്തിറങ്ങുന്നത് അപൂര്‍വ്വമായി.. മണ്‍ചുമരില്‍ വേട്ടാളന്‍ കൂടൂകളുടെ എണ്ണം കൂടിയും കുറഞ്ഞുമിരുന്നു.. 

മണ്‍ ചുമരുകളും നിഴലും ഇരുട്ടും ദുര്‍ഗന്ധം തങ്ങി നില്‍ക്കുന്ന മുറിയില്‍ രുക്കുവിന് കൂട്ടായി ജഡപിടിച്ച മുടിയില്‍ ഈരും പേനും കൂടുകൂട്ടി സദാസമയവും രുക്കുവിന്റെ കൈകള്‍ തലയില്‍ മാന്തി കൊണ്ടിരുന്നു..പകലും ഇരവും മഴയും മഞ്ഞും ജനാലയിലൂടെ കാണുന്ന ഇത്തിരി ക്കാഴ്ചമാത്രമായി 

ഇടവിട്ട മാസങ്ങളിലായി അച്ഛന്റെയും അമ്മയുടെയും കോറതുണിയില്‍ പൊതിഞ്ഞ ശരീരങ്ങള്‍ തെക്കേ തൊടിയുടെ കഴനി  മരത്തിന്റെ ചുവട്ടില്‍ മണ്‍കൂനകളായി മാറിയപ്പോള്‍ അനാഥ പ്രേതമായി രുക്കു കാവിയിട്ട നിലത്ത് പൊടിപടലങ്ങള്‍ക്കിടയില്‍ പാടുവീഴ്ത്തികൊണ്ട് കമിഴ്ന്നു കിടന്നു... 

ആര്‍ത്ത വരക്തം പടര്‍ന്ന തുടയിടുക്കുകളില്‍ വ്രണങ്ങളുണ്ടായതും ശരീരത്തിലെ ഒരറ്റത്തു നിന്നും പഴുപ്പു പടര്‍ന്നതും ആരുമറിഞ്ഞില്ല... ശാപം കിട്ടിയ ജന്മത്തിന്റെ പഴുപ്പുമണം മുറിയില്‍ നിന്നും പുറത്തേക്ക് പടര്‍ന്നു..കടവാവലുകള്‍ ചിറകടിയൊച്ചയുമായെത്തിയ കറുത്തരാത്രിയില്‍ അമ്പലക്കുളത്തിന്റെ കല്‍പടവുകളില്‍ ചെമ്പട്ട് പുതച്ച ദംഷ്ട്രകളുള്ള രൂപം നീരാട്ടിനിറങ്ങി.. കുളത്തി നടിതട്ടില്‍ പച്ചപായലില്‍ പൊതിഞ്ഞ മീന്‍ കൊത്തിവലിച്ച പുറത്തേക്കുന്തിയ കണ്ണുകളുമായി രുക്കു ചത്തുമലച്ച് കിടന്നു... കല്‍പടവു കളിറങ്ങി കുളത്തിനടിതട്ടില്‍ ആത്മാവുപേക്ഷിച്ച രുക്കുവിന്റെ അളിഞ്ഞു തുടങ്ങിയ ശരീരം തോളിലിട്ട് ഇരുണ്ട ഇടവഴിയിലൊരു തൂക്കുവിളക്കുമായി ചെമ്പട്ട് പുതച്ച രൂപം കൊടികുത്തിപാറയുടെ മുകളിലേക്ക് കയറി ഇരുട്ടില്‍ മറഞ്ഞു.. പാതിരാവിലെപ്പോഴോ ഉറക്കത്തില്‍ കണ്ട സ്വപ്നത്തിന്റെ വേരുകള്‍ കണ്ടെത്താനാവാതെ പക്വതയെത്താത്ത മനസുമായി രുക്കു കണ്ണുകളടച്ചു... കിഴക്കേമാനത്ത് പുലരിയുദിച്ചപ്പോള്‍ ശരീരം വിട്ടകന്ന ഒരാത്മാവ് വായ്ക്കരിയിടാനും കര്‍മ്മങ്ങള്‍ ചെയ്യാനും ആരുമില്ലാതെ  ശിവക്ഷേത്രത്തിന്റെ ബലിപുരയുടെ ആകാശത്ത് ഗതികിട്ടാതലഞ്ഞു.. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയുമിടയില്‍ അപക്വമായ മനസുമായി ആര്‍ക്കും വേണ്ടാതെ ജീവിച്ചു തീര്‍ത്ത് ശരീരം വിട്ടകന്ന ഒരാത്മാവ് രുക്കു എന്ന പേരു മാത്രമായി ആരുടെയൊക്കെയോ നാവിന്‍ തുമ്പി കുറച്ചുനാള്‍ തങ്ങിനിന്നു... 

---------------------------------------

© ramesh krishnan

Post a Comment

4 Comments

  1. മനസ്സിൽ ഒരു നൊമ്പരത്തിന്റെ നേരിപ്പൊടിട്ടു തന്നു.... എഴുത്തുകാരൻ.... വാക്കുകളില്ല....

    ReplyDelete
  2. അവർണ്ണനീയം 😰😰🙏🙏🥰

    ReplyDelete
  3. ഇന്നും നമ്മുടെയൊക്കെ വീടുകളിലെ ഇരുണ്ട അകത്തളങ്ങളിൽ ഒരു മനുഷ്യജീവിയെന പരിഗണന പോലും കിട്ടാതെ ഒരുപാട് രുക്കുമാർ ജീവിക്കുന്നുണ്ട്. ഏകാന്തതയുടെ മരുഭൂവുകളിലേക്ക് വലിച്ചെറിയപ്പെട്ട നിസ്സഹായ ജീവിതങ്ങളെ മാനവീകമായ ഹൃദയാതുരതയോടെ ആവിഷ്ക്കരിച്ച കഥാകാരന് ഹാർദമായ അഭിനന്ദനങ്ങൾ.

    ReplyDelete