തീരുന്ന വഴികള്‍ | ചെറുകഥ | സന്തോഷ് കുഞ്ഞപ്പന്‍

short-story-malayalam


ചാറ്റല്‍ മഴയില്‍ ജനലിലൂടെ പുറത്തേക്കു നോക്കിയ ഉണ്ണിക്കുട്ടന് സര്‍പ്പക്കാവിന്റെ മൂലയില്‍ ആരോ നില്‍ക്കുന്നത് പോലെ തോന്നി!
ആരായിരിക്കും?! ഈ സന്ധ്യാസമയത്ത്?,
ആ ഇരുണ്ട രൂപത്തെ സൂക്ഷിച്ചു നടന്ന കാരണം ഉമ്മറക്കോലായില്‍ ചാരുകസേരയില്‍ ഇരുന്നുറങ്ങുന്ന അപ്പൂപ്പനെ ശ്രദ്ധിച്ചില്ല, 
അപ്പൂപ്പന്റെ എഴുത്തു പലകയില്‍  കാല്‍ തട്ടി വീണ പുസ്തകത്തിന്റെ  പുറംചട്ടയില്‍ വെറുതെ ഒന്ന് കണ്ണോടിച്ചു, 
'പി.വത്സല രചിച്ച നിഴലുറങ്ങുന്ന വഴികള്‍' പുസ്തകം തിരികെ വച്ചു മുറ്റത്തേക്കിറങ്ങിയപ്പോള്‍ നിലാവില്‍  സ്വന്തം നിഴല്‍ കണ്ടു ഉണ്ണിക്കുട്ടന്‍  ഒന്ന് പകച്ചു.

ധൈര്യം സംഭരിച്ചു, പതിയെ സര്‍പ്പക്കാവിനെ ലക്ഷ്യമാക്കി നടന്നു, അപ്പോഴും അപ്പൂപ്പന്‍ ചാരുകസേരയില്‍ ഉറക്കം തന്നെ ആയിരുന്നു. 
കാവിനടുത്തു ചെന്നപ്പോളാണ് മനസ്സിലായത്,  ഏതോ വഴിപോക്കന്‍  റോഡില്‍ ശങ്കിച്ചു നില്‍ക്കുകയാണെന്ന്. 

ഉണ്ണിക്കുട്ടനെ കണ്ടതും പുഞ്ചിരിയോടെ ആ വഴിപോക്കന്‍ ചോദിച്ചു , 
''മോനെ ഈ വഴി എവിടെയാണ് തീരുന്നതു'' ?

അതിനുള്ള ഉത്തരം ഉണ്ണിക്കുട്ടന് അറിയില്ലായിരുന്നു, അവന്‍ അപ്പൂപ്പനോട് ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു തിരികെ ഉമ്മറക്കോലായിലേക്കു നടന്നു..
 
ചാര് കസേരയില്‍ ചാഞ്ഞുറങ്ങുന്ന അപ്പൂപ്പനെ തട്ടി വിളിച്ചു ചോദിച്ചു ,
''അപ്പൂപ്പാ നമ്മുടെ കാവിനു മുന്നിലുള്ള വഴി എവിടെയാണ് തീരുന്നത്'' ?! ,

കാവിനു മുന്നിലുള്ള വഴിയെ നോക്കി അപ്പൂപ്പന്റെ കണ്ണുകള്‍ ചുവന്നു വീര്‍ത്തു വരുന്നു.  കോപാകുലനായ അപ്പൂപ്പന്‍ മൊഴിഞ്ഞു , 

''പണ്ട് ആ വഴിയിലൂടെ  നടന്നാ  നിന്റെ അച്ഛന്‍ നിന്നെയും ഈ വയസ്സനായ എന്നെയും  ഉപേക്ഷിച്ചു പോയത്''

നിന്റെ അമ്മ നിന്നെ ഉപേക്ഷിച്ചു തെങ്ങു കയറാന്‍ വന്നവന്റെ  കൂടെ ഒളിച്ചോടിയതും ആ വഴിയേ തന്നെ ആയിരുന്നു ,

ഇനിയും നിനക്കു ആ വഴി എവിടെയാണ് തീരുന്നേ എന്ന് അറിയണോ ...
ഉണ്ണിക്കുട്ടന്‍ പേടിച്ചു കരയാന്‍ തുടങ്ങി...

അപ്പൂപ്പന്‍ ചെറിയ പുഞ്ചിരിയോടെ  മൊഴിഞ്ഞു , നീ കൊച്ചു കുട്ടിയല്ലേ നിന്റെ മുന്നില്‍ എപ്പോഴും  പുതിയ വഴികള്‍ തുറക്കണം , തീരുന്ന വഴികളെ പറ്റി  ഓര്‍ക്കാതെ , തീരാത്ത വഴികളിലൂടെ നീ നടന്നു പടിക്കു .. 

ഉണ്ണിക്കുട്ടന് ഒന്നും മനസ്സിലായില്ലെങ്കിലും അവനു ആ പാവം വഴി പോക്കനെ സഹായിക്കണമെന്ന് തോന്നി.
 
അവന്‍ അടുക്കളയിലേക്കോടി , കൊച്ചേച്ചി പാചക പുരയില്‍  പുകക്കുള്ളില്‍ നിന്നും തീകുഴല്‍ ഊതി നില്‍ക്കുന്ന രൂപം കണ്ടു ആദ്യം ഒന്ന് പകച്ചുവെങ്കിലും , വിറയ്ക്കുന്ന ശബ്ദത്തില്‍ ''കൊച്ചേച്ചി''  എന്ന്  വിളിച്ചു ,പുകക്കുള്ളില്‍ ചുവന്നു കലങ്ങിയ കണ്ണുകളുമായി കൊച്ചേച്ചി ഉണ്ണിക്കുട്ടനോട് പറഞ്ഞു , പോയി കയ്യും കാലും കഴുകി കാവില്‍ വിളക്ക് വയ്ക്കു. 

കൊച്ചേച്ചിയെ അനുസരിച്ചു, കാവില്‍ വിളക്ക് വയ്ക്കാന്‍ പോകുന്ന നേരം കൊച്ചേച്ചിയോടു ചോദിച്ചു , 
''കൊച്ചേച്ചി നമ്മുടെ കാവിനു മുന്നിലുള്ള വഴി എവിടെയാ തീരുന്നേ'' ?

കൊച്ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു , കാവിനു മുന്നിലെ വഴികളില്‍ നോക്കി പുലമ്പി ആ വഴികള്‍ എനിക്ക് എന്നേ  തീര്‍ന്ന വഴികളാണ്...

താലി കെട്ടി വയറ്റില്‍ കുട്ടിയേയും തന്നിട്ട് ''കെട്ടിയവന്‍''  ആ വഴിയിലൂടെ കടന്നു കളഞ്ഞതാണ് പിന്നെ ഇതുവരെ വന്നിട്ടില്ല .
കൊച്ചേച്ചി പറഞ്ഞു ആ വഴി അവിടം കൊണ്ട് തീര്‍ന്ന വഴികളാണ്,
''മോന്‍ അതിലൂടെ നടക്കേണ്ട . അത് തീര്‍ന്ന വഴികളാണ് ...തീരാത്ത വഴികളിലൂടെ മിടുക്കനായി നടക്കണം...

കാവില്‍ വിളക്ക്  വയ്ക്കുമ്പോളും ഉണ്ണിക്കുട്ടന്റെ മനസ്സ് മുഴുവന്‍ കാവിനു മുന്നിലെ വഴി എവിടെയാണ് തീരുന്നേ എന്നറിയുവാനുള്ള തിടുക്കത്തിലായിരുന്നു. 
കൊച്ചേച്ചിയുടെ ശാസനയോ അപ്പൂപ്പന്റെ വിലക്കോ അവനെ ഗൗനിച്ചില്ല , കാവിനുമുന്നിലുള്ള വഴിയുടെ രഹസ്യം തേടി അവന്‍ മുന്നോട്ടു നടന്നു , അവനെ കാത്തു അപ്പോഴും ആ വഴിപോക്കന്‍ നില്‍പ്പുണ്ടായിരുന്നു..

ഉണ്ണിക്കുട്ടനെ കണ്ട  വഴിപോക്കന്‍ പറഞ്ഞു, നിനക്കു ഈ വഴി എവിടെയാണ് തീരുന്നതു , എന്നറിയില്ല  പക്ഷെ  നമുക്ക് ഒന്ന് പോയി   നോക്കിയാലോ ?!
ഉണ്ണിക്കുട്ടന്‍ ഒന്ന് ശങ്കിച്ചു , അവന്‍ പറഞ്ഞു, കൊച്ചേച്ചി, അപ്പൂപ്പന്‍ ഇവര് കണ്ടാല്‍ എനിക്ക് തല്ലു കിട്ടും ... 
വഴിപോക്കന്‍ ഊറി ചിരിച്ചിട്ട് പറഞ്ഞു അതിനു ഞാന്‍ നിന്നെ ഈ ചാക്കില്‍ കെട്ടിയല്ലേ കൊണ്ടുപോകുന്നത് പിന്നെ നിന്നെ ആരും കാണില്ലല്ലോ...

ചാക്കിനുള്ളില്‍ ശ്വാസം കിട്ടാതെ അപ്പൂപ്പാ.... കൊച്ചേച്ചി എന്ന് വിളിക്കുമ്പോഴും .. അവന്റെ മനസ്സില്‍ തീരുന്ന വഴികളെ കുറിച്ചുള്ള ആശങ്കയായിരുന്നു...

സഹതപിക്കുന്നവരെ സഹായിക്കാന്‍   വരുന്ന നിഷ്‌കളങ്കരായ  കുരുന്നു മക്കളെ തേടി
ആ വഴിപോക്കന്റെ യാത്ര  അയാളുടെ തീരാത്ത വഴികളിലൂടെ  ഇനിയും  തുടരുകയായാണ്...

''തീരുന്ന വഴിയില്‍'' 
ഒരു മുഴം മുന്നേ ഓടിയ  അപ്പൂപ്പന്‍,    ആ വഴിപോക്കനെ   കാത്തു  നില്‍ക്കുന്നത്   അയാള്‍ക്കും  അറിയില്ലായിരുന്നു. 
----------------------------------------
© സന്തോഷ് കുഞ്ഞപ്പന്‍
  • രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍  രചനയോ,  രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 
  • ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
  • ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും. 
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)

Post a Comment

2 Comments