ഏതിന്റെയും ചുമതല ഏല്‍പ്പിച്ചാല്‍ ഭംഗിയായി അത് ഭരിക്കാന്‍ അറിയാം.
' സെക്രട്ടറി ആക്കുന്നെങ്കില്‍ ബാബുവേട്ടനെ ആക്കിയാ മതി . ഓനാവുമ്പം വേണ്ട പോലെ കൈകാര്യം ചെയ്തോളും '
എന്നാണ് നാട്ടിലെ ഏറ്റവും അരാഷ്ട്രീയ വാദിയായ ഷിബുവിന്റെ പോലും അഭിപ്രായം.
ഊണും ഉറക്കവും കളഞ്ഞ് അയാള്‍ നാട്ടു സേവനത്തില്‍ മുഴുകി. പലപ്പോഴും വീട്ടില്‍ കയറി ചെല്ലുമ്പോള്‍ വെറും കയ്യായിരിക്കും. ഒന്നരവയസ്സുകാരി ചിന്നു അച്ഛനെ പ്രതീക്ഷയോടെ നോക്കും. ഒരു ഉമ്മയില്‍ എല്ലാം ഒതുക്കി കുഞ്ഞിനെ പൊത്തിപ്പിടിച്ച് ആ കുടുംബം ഉറങ്ങാന്‍ കിടക്കും. ഭാര്യ ഗീതയ്ക്ക് അയാളെ നന്നായറിയാം. ഇന്നുവരെ ഒരു പരാതിയും അവള് തന്റെ പ്രിയതമനോട് പറഞ്ഞിട്ടില്ല.
ഒഴിഞ്ഞവയറിന്റെ മുടുക്കുകളില്‍ അയാളുടെ വിരലുകള്‍ ചലിക്കുന്നതും അവള് എന്നും ആസ്വദിക്കുന്നു.
മറ്റ് പൊതുപ്രവര്‍ത്തകരൊക്കെ കാറുകളും വീടുകളും വാങ്ങിക്കൂട്ടുമ്പോള്‍ തന്റെ പ്രിയപ്പെട്ടവന് മാത്രമെന്താണിങ്ങനെ എന്ന് ഗീത പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
'പണം നേടി ചെയ്യുന്നതിനെ ജോലി എന്നല്ലേ പറയുക. എനിക്ക് പൊതു പ്രവര്‍ത്തനം ജോലിയല്ല ' എന്ന് അയാള്‍ എന്നും പറയും. മന്ത്രിമാരും പൊതുപ്രവര്ത്തനമല്ലേ ചെയ്യുന്നത് ' എന്ന് ചോദിക്കാന്‍ പലപ്പോഴും അവളുടെ നാവ് തുടിച്ചിട്ടുണ്ടെങ്കിലും . ഭര്‍ത്താവിന്റെ വലിയ കാഴ്ചപ്പാടിനു മുന്നില്‍ നാവ് നിശ്ചലമായിപ്പോകാറാണ് പതിവ്.
കഴിഞ്ഞ ദിവസമാണ് ആ വാര്‍ത്ത കാട്ടുതീ പോലെ നാട്ടില്‍ പടര്‍ന്നത്. 'കുഞ്ഞിനെ കൊന്ന് ബാബുവും ഭാര്യ ഗീതയും തൂങ്ങി മരിച്ചു.' വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തരിച്ചുപോയി.
പ്രതിഭ ക്ലബ്ബിനുമുന്നില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ജനസമുദ്രമൊഴുകി. അയാളെ സ്നേഹിക്കുന്ന പലരും കണ്ണീരൊഴുക്കി. കുറച്ചു ചെറുപ്പക്കാര്‍ അയാള്‍ എഴുതാതെ ബാക്കിയാക്കിയ ആത്മഹത്യാ കുറിപ്പ് പൂരിപ്പിക്കുന്ന തിരക്കിലായിരുന്നു.
മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് തന്റെ സ്കോഡാ കാറിലേക്ക് കയറവെ അമ്പലക്കമ്മറ്റി പ്രസിഡന്റെ അനന്തന് നായര്‍ ചിലര്‍ കേള്‍ക്കെ പറഞ്ഞു.
' ഓന് സെക്രട്ടറി എന്ന് പറഞ്ഞാല്‍ എനിക്ക് ഒരു ബലമായിരുന്നു. ഇനിയിപ്പം പറഞ്ഞിട്ട് കാര്യമുണ്ടോ .... നാടിനെ നോക്കുമ്പം സ്വന്തം കാര്യം മറന്ന് പോയാല്‍ ഇതാഗതി. '
കൃത്രിമമായി സൃഷ്ടിച്ചതെങ്കിലും അനന്തന് നായരുടെ നെടുവീര്‍പ്പ് ചുറ്റിലും നില്ക്കുന്നവരുടെ നെഞ്ചില്‍ കൊണ്ടു.
കാറ് മുന്നോട്ട് ചീറിപ്പായവെ ഉയര്‍ന്ന കാറ്റില്‍ റസീറ്റുകുറ്റികള് പറക്കുന്നത് ആരും കണ്ടില്ല. തങ്ങള്‍ നല്കിയ പണത്തിന്റെ പത്രാസാണ് ആ ചീറിപ്പായുന്നത് എന്ന് കാണാന്‍ സാധിക്കാത്ത വിധം അവരുടെ കണ്ണുകളില്‍ കണ്ണീര് നിറഞ്ഞിരുന്നു.
കവലയിലിരുന്ന് ഷിബു പുതിയ ആരോപണം പറഞ്ഞു തുടങ്ങി.
' കുടുംബം നോക്കാണ്ട് നാട് നന്നാക്കാനെറങ്ങിയാ ബാബുവേട്ടന്റെ ഗതി വരും.
-----------------------------------------
© വിജേഷ് കാരി
- രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
- ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
- ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)
0 Comments