ഓര്‍മകുറിപ്പ് | അഞ്ജു അരുണ്‍

anju-arun


ത് വെറുമൊരു ഓര്‍മകുറിപ്പല്ല... ഇതുവരെ കടന്നു വന്ന  എന്റെ ജീവിതത്തിലെ ഒരേട്.... 
എന്നെ സ്വാധീനിച്ച വനിത അതെന്റെ അമ്മയാണ്.... ഈ ജന്മത്തില്‍ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നതും എന്റെ അമ്മയോട് തന്നെ.... 

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്നെ ഞാനാക്കി മാറ്റിയ എന്റെ അമ്മ.. 

അംഗപരിമിതനായ എന്റെ പപ്പയെ പൂര്‍ണ്ണമനസോടെ സ്വീകരിച്ചുകൊണ്ട്, അദ്ദേഹത്തെ പരിപാലിച്ചു പോരുന്ന എന്റെ അമ്മ.... 

വിവാഹശേഷം ഏറെ നാള്‍ കാത്തിരുന്നിട്ടും ഒരു കുഞ്ഞിനെ ലഭിക്കാതിരുന്നപ്പോള്‍ എല്ലാവരുടെയും കുറ്റപ്പെടുത്തലും പരിഹാസവും കേട്ടിട്ടും തളരാതെ പ്രാര്‍ത്ഥനയോടെ കാത്തിരുന്നവളായിരുന്നു എന്റെ അമ്മ... 

ഒടുവില്‍ പ്രാര്‍ത്ഥനകള്‍ളുടെ ഫലമെന്നോണം എന്റെ ജനനം... 

പക്ഷെ... ആ സന്തോഷത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല. പപ്പയെ പോലെ  ഞാനും ഒരു വികലാങ്കയാണെന്ന്  തിരിച്ചറിഞ്ഞ നിമിഷം... ആ സമയം എന്തു മാത്രം ആ പാവം വേദനിച്ചിട്ടുണ്ടാവും.  

എന്നും പലവിധ അസുഖങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന തന്റെ മകളെയും കൊണ്ടു തനിയെ  ആശുപത്രികള്‍ കയറിയിറങ്ങുമ്പോള്‍ എന്റെ അമ്മ ഒരിക്കലും വിധിയെ പഴിച്ചില്ല. 

എന്റെ കുഞ്ഞുനാളില്‍ സ്‌കൂളില്‍ നിന്നും  കൂട്ടുകാരുടെ കളിയാക്കലുകള്‍ കേട്ട് സങ്കടപ്പെട്ടു വീട്ടില്‍ ചെല്ലുന്ന ഞാന്‍ പലതവണ ചോദിച്ചിട്ടുണ്ട് അമ്മ എന്തിനാ ഈ പപ്പായെ കല്യാണം കഴിച്ചത്... അതുകൊണ്ട് അല്ലെ എന്റെ കൈ ഇങ്ങനെയായത് , വേറെ പപ്പായെ കല്യാണം കഴിച്ചിരുന്നു എങ്കില്‍ ഇങ്ങനെ ഒന്നും വരില്ലാരുന്നല്ലൊ എന്ന്... 

അപ്പൊ എന്റെ അമ്മ പറഞ്ഞതു ഇങ്ങനെയാണ്... ഈശോയ്ക്ക് ഒരുപാട് ഇഷ്ടം ഉള്ളവര്‍ക്കാണ് ഈശോ ഇങ്ങനെ കുറവുകള്‍ നല്‍കുന്നതു... മോളെയും പപ്പയെയും  ഈശോയ്ക്ക് ഒരുപാട് ഇഷ്ടം ആയതുകൊണ്ടാണ് ഇങ്ങനെ... 

പിന്നേ മോള്‍ക്ക് ഒരു കൈക്ക് സ്വാധീനം കുറവുണ്ട് എന്നല്ലേയുള്ളൂ... അല്ലാതെ വേറെ ഒരു കുഴപ്പവുമില്ലല്ലൊ... പിന്നേ ആ കുറവ് നികത്താന്‍ ഈ അമ്മയില്ലേ മോള്‍ക്കോപ്പം... 

ആ വാക്കുകള്‍ ആയിരുന്നു എന്റെ ജീവിതത്തില്‍ ഞാന്‍ നേടിയ ഓരോ വിജയത്തിനും പിന്നില്‍... 

ജീവിതവഴിയില്‍ ഞാന്‍ തളര്‍ന്നു പോയേക്കാവുന്ന പല അവസരങ്ങളും കടന്നുവന്നു.. അപ്പോഴൊക്കെ തളരരുത് എന്നുപറഞ്ഞു എന്നെ ചേര്‍ത്ത് പിടിച്ചവളായിരുന്നു എന്റെ അമ്മ... 

ആത്മഹത്യയുടെ മുനമ്പില്‍ എത്തിപ്പെട്ടപ്പോളും, മനസിന്റെ താളം തന്നെ തെറ്റിപ്പോയെക്കാവുന്ന അവസ്ഥയിലും ഞാന്‍ എത്തിപ്പെട്ടപ്പോള്‍ തളരാതെ എന്നെ ചേര്‍ത്ത് നിര്‍ത്തിയവളാണ് എന്റെ അമ്മ...

സുമഗലിയായ് ആ വീടിന്റെ പടിയിറങ്ങിയപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ യാത്രയാക്കിയതും എന്റെ അമ്മയായിരുന്നു.

നാളുകള്‍ക്ക് ശേഷം ഞാനും അമ്മയാവുന്നു എന്നറിഞ്ഞ നാള്‍ എന്നേക്കാള്‍ കൂടുതല്‍ സന്തോഷിച്ചതും എന്റെ അമ്മയായിരുന്നു.

എന്റെ ജീവിതത്തിലേ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഇന്നും എന്നും എനിക്ക് ഒപ്പം ഉണ്ട് എന്റെ അമ്മ.

ഇപ്പോഴും പപ്പയുടെയും എന്റെയും കുറവുകള്‍ നികത്തി ഞങ്ങളെ തളരാതെ ചേര്‍ത്ത് നിര്‍ത്തി ഞങ്ങള്‍ക്ക് കരുത്തു പകരുന്നത് എന്റെ അമ്മ തന്നെയാണ്....

കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും കൊറോണയും ലോക്ക്ഡൗണും വന്നതോടു കൂടി വീട്ടിലേക്കുള്ള എന്റെ യാത്രകള്‍ കുറഞ്ഞു... പക്ഷെ ഒരു ഫോണ്‍ കാളിനപ്പുറം   ഏതൊരു വിഷമാവസ്ഥയിലും  എനിക്ക് തണലായ് എന്റെ അമ്മയുണ്ട്...  എന്താ മോളെ... നി ഇങ്ങനെ വിഷമിക്കല്ലേയെന്ന ആ ഒരു വാക്ക് മാത്രം മതി.. എന്റെ എല്ലാ വിഷമങ്ങളും മാറാന്‍..

ഇനിയെത്ര ജന്മമുണ്ടെങ്കിലും എന്റെ അമ്മയുടെ മകളായി തന്നെ പിറക്കാന്‍ കഴിയണേയെന്ന പ്രാര്‍ത്ഥനയോടെ.

----------------------------------

© അഞ്ജു അരുണ്‍

Post a Comment

2 Comments