യാത്ര | വിനോദ് ശ്രീധര്‍ ആനയറ

vinod-sreedhar-anayara


ടങ്ങയാണു ഞാനും
മടങ്ങാലോകത്തേക്കായ്
മതിയായില്ലെന്നാലും
മറ്റൊന്നും ചെയ്യാനില്ല

ഞാനായ് കരയിച്ചോരേ
ചിരിക്കയിന്നു നിങ്ങള്‍
കണ്ണീരു പൊഴിക്കാനായ്
കാരണമേതുണ്ടിനി?

ശോകത്തിന്‍ കരിമ്പടം
പുതച്ചിട്ടിരിന്നോരേ
കാര്‍ത്തിക ദീപം പോലെ
തെളിയാന്‍ നേരമായി

ജീവിതം മറ്റുള്ളോര്‍ക്കു
ദുഃഖത്തിന്‍ ഹേതുവെങ്കില്‍
ചിന്തിക്കാനെന്തുണ്ടിന്നു
മരണം തന്നെ ഭേദം

ചുറ്റിലും കഴിഞ്ഞോര്‍ക്കു
കണ്ണീരു നല്‍കാന്‍ മാത്രം
ജനിച്ചു ജീവിച്ചതിന്‍
പൊരുളെന്താരു ചൊല്ലും?

ഞാനായി കാക്കേണ്ടോരെ
ക്കൊണ്ടെന്നെ പോറ്റുവതു
വിധിയെന്നോതിക്കൊണ്ടു
കഴിയാനാവില്ലിനീം

തെക്കോട്ടീ തലയ്ക്കലായ് 
കത്തുന്ന ദീപത്തിന്റെ
വിറയ്ക്കും നാളം പോലെന്‍
ജീവിതം പകച്ചു പോയ്

ഞാനെന്നൊരിരുട്ടിലായ്
കഴിഞ്ഞ ജന്മങ്ങള്‍ക്കു
വെളിച്ചമേകുന്നൊരീ
കാഴ്ചയാണുമ്മറത്തായ്

നിതാന്ത നിദ്രയാണ്ടു
കിടക്കുന്നെന്റെ ചുറ്റും
ആശ്വാസം നെടുവീര്‍പ്പാല്‍
തീര്‍ത്തിടും മാനസങ്ങള്‍

ഇത്രനാള്‍ കൊതിച്ചല്ലോ
ഇനിയും ജന്മങ്ങള്‍ക്കായ്
ഇന്നിതാ പ്രാര്‍ത്ഥിക്കുന്നൂ
വേണ്ടിനി മനുഷ്യനായ്

യാത്ര ചൊല്ലാനില്ലാര്‍ക്കും
യാത്ര നല്‍കാനില്ലാരും
ജീവിച്ച പാപത്തിന്നു
മാപ്പേകെന്‍ മൃത്യുവാലേ.
------------------------------------------

 © വിനോദ് ശ്രീധര്‍ ആനയറ


Post a Comment

0 Comments