അലഭ്യ ലഭ്യ ശ്രീ! | ബിനാജ് ഭാര്‍ഗവി

binoj-bhargavi-ormakkurup


ണ്ടൊരു സിനിമയില്‍ കേട്ട് മറന്ന പേരല്ലേ അലഭ്യ ലഭ്യ ശ്രീ യോഗം. ഏതാണ്ട് അങ്ങനെ ഒക്കെ ഓരോ യോഗങ്ങള്‍ നിയോഗം പോലെ ജീവിതത്തില്‍ വന്നു ചേരാറുണ്ട്. ഞാന്‍ എന്റെ ഭാവി ഒഴികെ മറ്റ് വരാന്‍ പോകുന്ന കാര്യങ്ങളും കാലേ കൂട്ടി സ്വപ്നമായിട്ടൊക്കെ കണ്ടു കളയാറുണ്ട് . വെളുപ്പാന്‍ കാലത്ത് കണ്ട എത്രയോ സ്വപ്‌നങ്ങള്‍ യഥാര്‍ഥ്യമായിരിക്കുന്നു.

പ്രീഡിഗ്രി ഒന്നാം വര്‍ഷം അവസാനിച്ച സമയം. കൊയിലാണ്ടി ഗവ. കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കിടെ എപ്പോഴോ ഹിന്ദി ഗസ്റ്റ് ലക്ചറര്‍ ആയി വന്നു ഹൃദയം കീഴടക്കിയ പ്രിയപ്പെട്ട പ്രിയ ടീച്ചര്‍ കാലാവധി പൂര്‍ത്തിയാക്കി ഞങ്ങളോട് യാത്ര പറഞ്ഞു. രണ്ടാം വര്‍ഷവും ടീച്ചര്‍ കൂടെ ഉണ്ടാവണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും ലീവ് വേക്കന്‍സി ഇല്ലാത്തത് കൊണ്ട് സാധ്യത ഇല്ല. രണ്ടാം വര്‍ഷം ആരംഭിക്കും മുന്‍പ് ഒരു ദിവസം കോളേജില്‍ എത്തേണ്ടതുണ്ടായിരുന്നു. ആ ദിവസം പുലര്‍ച്ചെ ഞാന്‍ സ്വപ്നം കണ്ടത് ഹാങ്ങറില്‍ തൂക്കി ഇട്ട പോലുള്ള ഹിന്ദി അക്ഷരങ്ങളോട് പൊരുതുന്ന ഞങ്ങള്‍ക്ക് രണ്ടാം വര്‍ഷം ഹിന്ദി ക്ലാസില്‍ മാലാഖയെ പോലെ വീണ്ടും പ്രിയ ടീച്ചര്‍ ക്ലാസ് എടുക്കുന്നതായിരുന്നു !

രാവിലെ ഞെട്ടി എണീറ്റ് കുട്ടപ്പനായി കോളേജ് ക്യാമ്പസ്സില്‍ എത്തിയ എന്നെ ഞെട്ടിച്ചു കൊണ്ട് പ്രിയ ടീച്ചര്‍ കോളേജിന്റെ സ്റ്റെപ്പുകള്‍ ഇറങ്ങി വരുന്നു! മോനെ നിന്നെയൊക്കെ മേയ്ക്കാന്‍ ഈ വര്‍ഷവും ഞാന്‍ ഉണ്ട് കേട്ടോ ടീച്ചര്‍ സ്‌നേഹത്തോടെ പറഞ്ഞു. സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും കണ്ണ് നിറഞ്ഞു പോയി. നാലാള് കൂടുന്നിട്ടത് നേരെ നോക്കി സംസാരിക്കാന്‍ മടിയുള്ള എന്നെ ആ വര്‍ഷത്തെ ഹിന്ദി പ്രസംഗ മത്സരത്തില്‍ രണ്ടാം സമ്മാനം കൂടെ മേടിപ്പിച്ചിട്ടാണ് ടീച്ചര്‍ കോളേജ് വിട്ടത്. ഈയിടെ കോഴിക്കോട് സ്റ്റാന്‍ഡില്‍ വെച്ച് കണ്ടപ്പോളും മോനെ എന്ന് വിളിച്ചു അതേ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തിയ ടീച്ചര്‍ ഇപ്പോള്‍ ഡോക്ടറേറ്റ് ഒക്കെ ഉള്ള ഡോക്ടര്‍ പ്രിയയാണ്.

എന്റെ വേറൊരു പുലര്‍കാല സ്വപ്നമായിരുന്നു കൃഷ്ണന്റെ അമ്പലത്തില്‍ പ്രഭാത പൂജക്ക് ഞാന്‍ ചെണ്ട കൊട്ടുന്നത്! ഒന്നില്‍ കൂടുതല്‍ തവണ കണ്ടതും നടക്കാന്‍ തീരെ സാധ്യത ഇല്ലാത്തതുമായ ഒന്ന്. പൂജകൊട്ട് ചെണ്ടയില്‍ തഴക്കം വന്ന അതുല്യ കലാകാരന്മാരായ മാരാന്മാര്‍ ആണ് പതിവ്. താള ബോധമില്ലാത്ത, ചെണ്ട കാണാത്ത ഞാന്‍ എവടെ കിടക്കുന്നു. എന്നാലും ഏത് ഉത്സവത്തിന് ചെണ്ടപ്പുറത്തു കോല് വീഴുമ്പോളും മേളത്തിന് നടുവില്‍ പോയി നില്‍കും . ഇവര്‍ എങ്ങനെയാണു ഈ ഓര്‍ക്കസ്ട്ര ഒരാള്‍ പോലും തെറ്റാതെ ഒരുമിച്ചു കൊട്ടുന്നത് എന്ന് മനസിലാക്കാന്‍ പറ്റാതെ അന്തിച്ചു നിക്കും.

അങ്ങനെ ഒരു നവമിക്കാലം. വസന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വണ്ടി പൂജിച്ചു വരുമ്പോള്‍ കാണുന്ന കാഴ്ച, അമ്പലത്തില്‍ ചെണ്ട ക്ലാസ് തുടങ്ങുന്നതാണ് . കേരളത്തിലെ തന്നെ എണ്ണം പറഞ്ഞ മേള പ്രമാണിയായ ആശാന് മുന്‍പില്‍ കുട്ടികള്‍ ദക്ഷിണ വെക്കുന്നു. അതിനിടയില്‍ എനിക്ക് മൂത്തതും, എന്റെ പ്രായമുള്ളതുമായ രണ്ട് പേര്‍! അപ്പോ എനിക്കും ഒരാഗ്രഹം ഇതൊന്ന് അറിയണല്ലോ. അവരോട് കാര്യങ്ങള്‍ മനസിലാക്കി അടുത്ത ദിവസത്തെ ക്ലാസില്‍ ആശാന് ദക്ഷിണ വെച്ചു. മരുമോനേം കൂട്ടി ഒരു ധൈര്യത്തിന്. മനസിലാകാത്തത് അവനോട് ചോദിച്ചു പഠിക്കാല്ലോ. നാട്ടിലെ കുഞ്ഞുകുട്ടി കുറുമ്പന്മാരോട് കൂടെയാണ് ക്ലാസ്. 16 പേര്, ക്ലാസ് കണ്ടാല്‍ ഏതാണ്ട് തുറുപ്പു ഗുലാനില്‍ മമ്മൂട്ടി ഡാന്‍സ് പഠിക്കുന്നത് പോലെ ഉണ്ടാകും!

നാട്ടിലെ പച്ചക്കറി കട, നല്ല തിരക്ക്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരുചോദ്യം ബിനാജേട്ടാ ഇന്നലെ ക്ലാസില്‍ വന്നില്ലാലോ, ഇനി ഇന്നലെത്തേത് പഠിപ്പിച്ചു തരാന്‍ എന്നോട് പറയണ്ട കേട്ടോ! ഒരു 6 ആം ക്ലാസുകാരനാണ് ജോലിയും കഴിഞ്ഞു പച്ചക്കറി വാങ്ങുന്ന എന്നോട് ഇങ്ങനെ പറയുന്നത്. ആളുകള്‍ സാകൂതം എന്നെയും അവനെയും മാറി മാറി നോക്കി! എനിക്ക് വളര്‍ച്ച കൂടിയതാണോ അവനു വളര്‍ച്ച മുരടിച്ചതാണോ! ഒന്ന് ചമ്മിയ ഞാന്‍ എല്ലാരോടുമായി പറഞ്ഞു ഞങ്ങള്‍ ചെണ്ട ക്ലാസ്സ്‌മേറ്റ്‌സ് ആണ്. സൈഡിലോട്ട് മാറ്റി നിര്‍ത്തി ചെക്കന് ഒരു നുള്ളും വെച്ച് കൊടുത്തു. ക്ലാസ്സ് മിസ്സായ ദിവസത്തെ കൊട്ട് പഠിക്കാന്‍ 6ആം ക്ലാസുകാരന് വരെ ശിഷ്യപ്പെടണം, മുട്ടായി ദക്ഷിണ വെക്കണം.


ങ്ങനെ ആശാന്‍ ഞങ്ങളുടെ പഞ്ചാരി മേളം അരങ്ങേറ്റം ഉറപ്പിച്ചു. ഒരു തമാശക്ക് പഠിക്കാന്‍ ഇറങ്ങിയ എന്റെ നെഞ്ച്, അരങ്ങേറ്റം എന്ന് കേട്ടപ്പോളെ പഞ്ചാരിയുടെ അവസാന കാലം കൊട്ടി കയറാന്‍ തുടങ്ങി. ഞങ്ങളുടെ ക്ലാസ്സ് രക്ഷാധികാരി ശ്രീ രസിലേഷ് ആശാനോട് അരങ്ങേറ്റ ദിവസത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയുന്നു. ശേഷം കുട്ടികളെ കാര്യങ്ങള്‍ നോക്കുന്ന എന്നോട് പറഞ്ഞു ആശാനും ഒരു 40 പേരും ഉണ്ടാകും നിങ്ങള്‍ 16 കുട്ടികളും. ചിലവ് ഒരു 3500/ മതി എന്നാണ് പറഞ്ഞത്. അപ്പോ എനിക്കും അത്ഭുതം അത്രേം മതിയോ. ഓഹ് വരുന്നത് ആശാന്റെ ശിഷ്യരല്ലേ അതൊക്കെ ഫ്രീ ആവും . ഞങ്ങള്‍ക്ക് ആണേല്‍ അരങ്ങേറ്റം നേരെ ചൊവ്വേ കണ്ടു പോലും പരിചയമില്ല. ഞാന്‍ ഉടന്‍ 3500 ഹരിക്കണം 16 ചെയുന്നു, 16 കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കുന്നു. പൈസ വാങ്ങുന്നു രസിലേഷിനെ ഏല്പിക്കുന്നു.

അരങ്ങേറ്റത്തിനു തലേ ദിവസം ചെണ്ടയിലാണ് പ്രാക്റ്റീസ്.  ഒരു ഇടവേളയില്‍ ഞാന്‍ രസിയോട് പറഞ്ഞു ആശാന് പൈസ കൊടുത്തേക്കു. രസി വിനയപൂര്‍വം ഒരു തെങ്ങിന്റെ ചുവട്ടിലേക്ക് മാറ്റി നിര്‍ത്തി, ആശാന്റെ അടുത്ത് പോകുന്നു.3500 രൂപ കൊടുത്തു പറയുന്നു. ആശാന് ആവശ്യങ്ങള്‍ ഉള്ളതല്ലേ മുഴുവന്‍ തുകയും വെച്ചോളൂ! പിന്നെ ഞാന്‍ കാണുന്നത് അധികം ചൂട് ഇല്ലാഞ്ഞിട്ടും രസിലേഷ് നിന്ന് വെട്ടി വിയര്‍ക്കുന്നതാണ്. അല്‍പ സമയത്തിനുള്ളില്‍ എന്റെ അടുത്തേക്ക് വന്ന കക്ഷി ആദ്യം കുറെ വെള്ളം വാങ്ങി കുടിച്ചു എന്നിട്ട് പറഞ്ഞു ബിനാജേ! ആശാന്‍ പറഞ്ഞത് ഒരാള്‍ക്ക് 3500/ ആണ് അതായത് 16 ഗുണം 3500! മൊത്തത്തില്‍ 3500 അല്ല.പോരേ പൂരം. രസി എങ്ങോട്ടോ ഓടുന്നു വേറെ വഴിയില്‍ പൈസ സംഘടിപിക്കുന്നു. രക്ഷിതാക്കളോട് ഞങ്ങള്‍ പതിയെ അമളി കാര്യം അവതരിപ്പിച്ചു. അരങ്ങേറ്റം അതി ഗംഭീരമായ മേളമായി ജന പങ്കാളിത്തത്തോടെ തന്നെ നടന്നു.

വീണ്ടുമൊരു മഹാ നവമിക്കാലം, വസന്തപുരം മഹാവിഷ്ണുവിന്റെ അടിയന്തര വാദ്യക്കാരന്‍ കൂടെ ആയ ആശാന്‍ അമ്പലത്തില്‍ വിളിച്ചു പറയുന്നു അവിടെ കൊട്ട് പഠിച്ച എന്റെ കുട്ടികള്‍ ഉണ്ടല്ലോ പൂജക്ക് ഇന്ന് അവര് കൊട്ടട്ടെ. സഹായത്തിനു ആശാന്റെ മകന്‍ വരും. മകനും അതുല്യ കലാകാരനാണ് പക്ഷെ ആള് ചെറിയ പ്രായമാണ് ചെണ്ട പൊങ്ങില്ല. ചെണ്ട എടുത്ത് കൊട്ടാന്‍ ആവതുള്ള ഞങ്ങള്‍ മൂന്ന് പേര് പൂജക്ക് കൊട്ടാന്‍ നിയോഗിക്കപ്പെടുന്നു. മലബാറിലെ ഒട്ട് മിക്ക അമ്പലങ്ങളിലും തലയെടുപ്പോടെ പ്രമാണിയാവാറുള്ള ആശാന്റെ ചെണ്ടതന്നെ എനിക്ക് കൊട്ടാന്‍ കിട്ടുന്നു. പൂജക്ക് അമ്പലം അടച്ചതും ഞാനും എന്റെ കുഞ്ഞു കൂട്ടുകാരും കൃഷ്ണനെഷ മനസ്സില്‍ വിചാരിച് അങ്ങോട്ട് കൊട്ടി. കൊട്ട് നന്നായി അറിയുന്ന തിരുമേനി പൂജ കഴിഞ്ഞു പുറത്ത് ഇറങ്ങി ഞങ്ങളെ ഒന്ന് നോക്കി! ഞാന്‍ ആദ്യം ശ്രീ കോവിലിലേക്ക് ആണ് നോക്കിയത്. ഭാഗ്യം കൃഷ്ണന്‍ അവിടെ തന്നെ ഉണ്ട് എങ്ങും ഓടി പോയില്ല!  ഒരു കര്‍പ്പൂരാഴിക്ക് കൂടെ കൂടെ കൊട്ടാന്‍ ഉള്ള ഭാഗ്യമുണ്ടായി. അമ്പലം പുനരുദ്ധാരണവുമായി ക്ലാസ്സ് നിന്നു. നാട്ടുകാരുടെ കൊട്ട് കിട്ടും മുന്‍പേ എന്റെ കൊട്ടും നിന്നു. പക്ഷെ ഞാന്‍ സ്വപ്നം കണ്ടിരുന്ന പോലെ വസന്തപുരത്തെ ശ്രീകൃഷ്ണന് മുന്‍പില്‍ ഒരു നിയോഗം പോലെ ഞാന്‍ പൂജക്ക് കൊട്ടി.

നമ്മള്‍ ഒട്ടും വിചാരിക്കാത്ത തലങ്ങളിലേക്ക് അലഭ്യ ലഭ്യ ശ്രീ കിട്ടിയ പോലെ നമ്മളെ എത്തിക്കുന്ന ചിലരൊക്കെ ഉണ്ടാകും പ്രിയ ടീച്ചറെ പോലെ, ചെണ്ട ആശാനേ പോലെ, എന്റെ ക്ലാസ് മേറ്റ് ആയ 6 ആം ക്ലാസുകാരനെ പോലെ. ഇവരെയൊക്കെ നമുക്ക് അധ്യാപകര്‍ എന്ന് വിളിക്കാം. വിദ്യയുടെ വെളിച്ചം പകര്‍ന്നു തരുന്ന ആരും അധ്യാപകരാവാം.  നമുക്ക് അലഭ്യമായ ജ്ഞാനത്തെ ലഭ്യമാക്കി നമ്മളിലേക്ക് ശ്രീത്വം ചേര്‍ത്തു വെക്കുന്ന എല്ലാ പ്രിയപ്പെട്ട ഗുരുക്കന്മാരെയും സ്‌നേഹത്തോടെ, ആദരവോടെ മനസ് കൊണ്ട് പാദപൂജ ചെയ്യുന്നു. 
==================

 © ബിനാജ് ഭാര്‍ഗവി

Post a Comment

2 Comments

  1. Very good
    നന്നായിട്ടുണ്ട്👍

    ReplyDelete
    Replies
    1. നന്ദി സ്നേഹം 🥰🙏

      Delete