സമ്മാനം | ബീന ബിനില്‍ തൃശൂര്‍

story-beena-binil


തുലാമഴയുടെ ആലസ്യത്തോടുകൂടിയ സന്ധ്യാ സമയം. പ്രകൃതി കുറച്ചു നേരം സംഹാര താണ്ഡവമാടി ഉറങ്ങിയിരിക്കുന്നു എന്ന് എനിക്ക് പൂമുഖത്തിരുന്നപ്പോള്‍ തികച്ചും ബോധ്യപ്പെട്ടു. അങ്ങ് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഇന്ന് അസ്തമയ പ്രഭ ഒട്ടുമേയില്ല എന്റെ ഉള്ളിലെ ചിന്തകള്‍ അടങ്ങിയിരിക്കാത്ത കൊച്ചു കുഞ്ഞിനെപ്പോലെ പുറത്തേക്ക് ചാടിത്തുടങ്ങി. ഒറ്റയ്ക്ക് ഇരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു ഈയിടയായിട്ട്. അത് മനസ്സിലെ സ്വകാര്യതകള്‍ പുറത്തേക്ക് എടുത്തിട്ട് താലോലിക്കാനാണ് എന്ന് എനിക്ക് നന്നായി അറിയാം.

എന്തെല്ലാം കാര്യങ്ങളാണ് ഏറ്റെടുത്തത്, എത്ര പ്രസാധകര്‍ക്ക് എഴുതിക്കൊടുക്കാമെന്ന് പറഞ്ഞു പൂര്‍ത്തിയാവാത്ത നോവലുകളാ ഇവിടെയിരിക്കുന്നത്.കൂടാതെ ലേഖനങ്ങള്‍, ചെറു മാസികകളിലെ സൃഷ്ടികള്‍ അക്കാദമിക പ്രബന്ധങ്ങള്‍, ചില സെമിനാറുകളിലെ പരിപാടിയിലെ സ്ത്രീപക്ഷ ചര്‍ച്ചകള്‍ക്കായുള്ള പ്രസംഗങ്ങള്‍, ഗഹനവും, നിസ്സാരവുമായതരം വിഷയങ്ങള്‍ ഒക്കെയുണ്ട്. എല്ലാം ചെയ്യാമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുത്തിട്ടുമുണ്ട്.
അറുപതു കഴിഞ്ഞതിന് ശേഷം എപ്പോഴും മരണമെന്ന യാഥാര്‍ത്ഥ്യം എന്നെ വേട്ടയാടുന്നുമുണ്ട്, പക്ഷേ ഇതെല്ലാം കഴിഞ്ഞതിനു ശേഷമേ മരണം സംഭവിക്കുകയുള്ളു എന്ന് ഞാന്‍ കരുതുന്നു. എപ്പോഴും, ഇപ്പോഴും എഴുത്തിലെ താല്‍പര്യം എന്നെ ഞാനാക്കി തീര്‍ക്കുന്നു. തുറന്നെഴുതാന്‍ തുടങ്ങിയ നാള്‍ മുതല്‍ ബന്ധുജനങ്ങള്‍ക്ക് ഞാന്‍ മോശക്കാരിയായിട്ടുണ്ടാവും. എന്റെ ധീരത അതൊന്നും വകവയ്ക്കില്ല.

ഈയിടെയായി എഴുത്ത് പലതും ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു. എഴുത്ത് എന്ന നിര്‍വൃതിയില്‍ ഞാന്‍ രമിച്ച് കൊണ്ടിരിക്കകയാണ്  .അതൊരു തരം ലഹരിയാണ്, നിറഞ്ഞു നില്‍ക്കുന്ന പാല്‍ക്കുടം തുളുമ്പുന്ന പോലെയുള്ള പ്രതീതി തോന്നും ഓരോ എഴുത്തും എഴുതി കഴിയുമ്പോള്‍ കിട്ടുന്ന ആത്മനിര്‍വൃതി, ആത്മാനന്ദം ഒന്നു വേറെ തന്നെയാണ്.. പക്ഷേ വര്‍ഷങ്ങളായി ഇടയ്ക്ക് തലച്ചോറിനെ കാര്‍ന്ന് തിന്നുന്ന വേദന വരുമ്പോള്‍ ശരീരം പാടേ തളര്‍ന്നു പോവും. ഞാന്‍ ഇപ്പോള്‍ മരിച്ചു പോകുമോ എന്ന് ആദ്യകാലങ്ങളില്‍ ന്യൂറോ ഫിസിഷ്യനോട് ആവര്‍ത്തിച്ച് ചോദിച്ചിട്ടുണ്ട്. വേദനയില്ലെങ്കിലേ  പേടിക്കേണ്ടൂ, വേദന തോന്നാതിരിക്കുന്ന അവസ്ഥയാണല്ലോ നിര്‍ജീവത്വം എന്ന് ഡോക്ടര്‍ എന്നെ സമാധാനിപ്പിക്കുകയും, ബുദ്ധി കൂടിയവര്‍ക്ക് വരുന്ന അവസ്ഥയാണ്, എഴുത്ത്, വായന, ചിന്ത അതിപ്പോള്‍ കൂടുതല്‍ ആയിരിക്കും, മാത്രമല്ല, എഴുത്തുകാര്‍ സാധാരണക്കാര്‍ അല്ലല്ലോ ,അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ അല്ലേ എന്നും പറയും.

ഒന്നും എഴുതാതെയും, വായിക്കാതെയും ഇരുന്നാല്‍ കെട്ടിക്കിടക്കുന്ന വെള്ളം പോലെയോ, വറ്റി പോയ തടാകം പോലെയോ ആവും ഞാന്‍, വരണ്ടുപോയ കുളം, നദി, തടാകം എല്ലാതിനും കാത്തിരിക്കാന്‍ ഒരു മഴക്കാലമുണ്ട്. പക്ഷേ ഈ പാവം എഴുത്തുകാരിക്ക് എന്താണ് ഉള്ളത്. കഴിഞ്ഞുപോയ കാലം മുഴുവന്‍ ഒറ്റയായി തീര്‍ത്ത ഉത്തരവാദിത്തങ്ങളുടെയും, ദുഃഖങ്ങളുടെയും, ഓര്‍മ്മകളോ, നീറ്റലുകളോ അവയെ പലതിനെയും മറികടക്കാന്‍ എഴുത്തിനെ പിന്‍തുടരുകയാണ്. ദൈവങ്ങളേക്കാള്‍ എനിക്ക് വിശ്വാസം എഴുത്തിലാണ്.

ഇന്ന് ഞാന്‍ തികച്ചും ധൈര്യവതിതന്നെയായിരിക്കുന്നു. അദ്ദേഹം മണ്‍മറഞ്ഞു പോവും മുമ്പ്  ജീവിക്കാനായി ധൈര്യം പകര്‍ന്നു തന്നിരുന്നു. എനിക്ക് വേണ്ടത് ഞാന്‍ തന്നെ ഉണ്ടാക്കണം എന്ന അറിവ് അത് കൂടുതല്‍ ഗൗരവക്കാരിയാക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഒറ്റയ്ക്ക് ഞാന്‍ ഉറച്ച കാല്‍വെപ്പുകളോടെ മുന്നേറുന്നു. സ്വാതന്ത്ര്യം, ഉത്തരവാദിത്ത്വം, സുരക്ഷിതത്വം ഇതിന് നല്ല പ്രാധാന്യമുണ്ട് ഒരു സ്ത്രീ എഴുത്തുകാരിയുടെ ജീവിതത്തില്‍. പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും, പ്രവൃത്തികളിലും, സൂര്യനിലും, ചന്ദ്രനിലും ഉള്ള ഭാവങ്ങളിലും പ്രകൃതിയിലെ വൃക്ഷത്തലപ്പുകളുടെ മൂളലുകളും എല്ലാം ഞാന്‍ കൗതുകത്തോടെ ,തന്മയത്തത്തോടെ വീക്ഷിക്കുന്നു.

റിട്ടയര്‍മെന്റിനു ശേഷം, പല എഴുത്തു സുഹൃത്തുക്കളും, അല്ലാത്തവരും എന്നെ സന്ദര്‍ശിക്കാറുണ്ട്. കൂടാതെ എന്റെ സാഹിത്യരചനയെ ഇഷ്ടപ്പെട്ടു വരുന്ന വിദേശികളും, അന്യസംസ്ഥാനക്കാരും എത്തുന്നു. വാര്‍ദ്ധക്യത്തിലും ഞാന്‍ അതീവ സന്തോഷവതിയാണ്. പ്രായത്തിന്റെ വിഹ്വലതകള്‍ പലപ്പോഴും എന്നെ മടുപ്പിക്കുമ്പോള്‍ എന്റെ മോനാണ് അതെല്ലാം മറന്ന് എഴുതാന്‍ പ്രേരിപ്പിക്കുന്നത്. കൂടാതെ പഴയകാല ഗാനങ്ങളും, ഗസലുകളും അവന്‍ വെച്ചു തന്ന് എന്നെ കൂടുതല്‍ ഉന്മേഷവതിയാക്കുന്നു.

     ഇതൊക്കെയാണെങ്കിലും ഞാന്‍ ചിന്തിക്കുന്നത് മരണം എന്നാണ് എന്നെ കാര്‍ന്നുതിന്നാന്‍ വരുന്നത്. അതിനു മുമ്പ് ഏറ്റെടുത്ത സൃഷ്ടികള്‍ എഴുതി തീര്‍ക്കാനാവുമോ?അതോ എല്ലാം പല വഴിക്കായി ചിതറി പോകുമോ?

ഈ ലോകം തന്നെ ഒരുപാട് അനുഭവങ്ങള്‍ മനുഷ്യര്‍ക്ക് സമ്മാനിക്കാനായിട്ടാണ് ഒരുങ്ങി നില്‍ക്കുന്നത്, അതില്‍ ഒരു സമ്മാനമാണ് എന്റെ ജീവിതം.

ഒരു എഴുത്തുകാരിയുടെ കാലശേഷം ഓര്‍മ്മിക്കാന്‍ ആവുന്നത് അവളുടെ എഴുത്തുകള്‍ തന്നെയായിരിക്കും.
====================
© ബീന ബിനില്‍ തൃശൂര്‍

Post a Comment

1 Comments

  1. എഴുത്ത് ആത്മ സംതൃപ്തിക്കുവേണ്ടിയാവണം.. അംഗീകാരങ്ങൾക്ക് വേണ്ടിയാകരുത്. പ്രായം കൂടി എന്നതിന്റെ പേരിൽ എഴുത്തിനു അവധി കൊടുക്കേണ്ടതില്ല.. അത് നമ്മുടെ ബുദ്ധിവികാസത്തിമുതകും. കഥ ഇഷ്ട്ടപ്പെട്ടു.

    ReplyDelete