Advertisement

Responsive Advertisement

ദയയില്ലാത്ത വിശപ്പ് | ജയന്‍ മടിക്കൈ

dhayayillatha-vishappu-jayanmadikkai


ഇന്നു പിറന്നൊരാ വാനരകുഞ്ഞിനേം കൊണ്ടമ്മ കാനന-
ത്തില്‍ നടന്നു.

മൂന്ന് നാളേറെയായി കാത്തിരിക്കുന്നവള്‍ 
പൊന്നു മോനെയൊന്നു ഭൂമി കാട്ടാന്‍.

വിശന്നു വലഞ്ഞവള്‍ ഘോരമാം കാട്ടിലെ
കായ്കനി തേടിയലഞ്ഞകന്നു.

തേടിയങ്ങേറെ നടന്നതിന്നപ്പുറം
നേടിയേറെ നല്ല കായ്കനികള്‍.

വിശപ്പൊന്നകറ്റിയിരു-
ന്നവള്‍ കുഞ്ഞിനായ് ഇത്തിരിപ്പാല് കൊടുക്കുവാനായി.

ഏറെ നടന്നു തളര്‍ന്നതിനാലവളൊന്നു
കിടന്നു മയങ്ങിപ്പോയി.
ഏതോ മുരള്‍ച്ചയില്‍ ഞെട്ടിയുണര്‍ന്നവള്‍
കണ്ടതോ മുന്നിലായ് പുള്ളിപ്പുലി.

ചിന്തിക്കുവാന്‍ തുടങ്ങുന്നതിന്നും
മുന്നേ ചാടിവീണമ്മയെ വായിലാക്കി.

അമ്മയെച്ചേര്‍ത്തു പിടിച്ചൊരു കുഞ്ഞിന്‍
കരച്ചിലവന്‍ കാതിലെത്തിയില്ല.

'കാടിന്റെ അധിപനേ വിട്ടേക്കുമോയെന്റെ 
അമ്മയെ നിന്നുടെ
വായില്‍ നിന്നും.

പാല്‍ നുണഞ്ഞമ്മതന്‍ സ്‌നേഹം തികഞ്ഞില്ല
രണ്ടു നാളേക്കെങ്കിലും തരുമോ?'

പൊട്ടിച്ചിരിച്ചുകൊണ്ടലറി പറഞ്ഞവന്‍
'നീയുമിന്നെന്റെ വിശപ്പകറ്റും.

എന്റെ വിശപ്പ് ശമിപ്പിക്കുവാനിന്ന്
ദൈവമായി തന്നതാണീയിരയെ.

നിന്റെ ദൈവത്തിനു
നിന്നെ രക്ഷിക്കുവാന്‍ പറ്റുമെങ്കില്‍
നീ വിളിച്ചു കൊള്‍ക.

ആരും വരില്ലെടോ
നിന്നെ രക്ഷിക്കുവാന്‍
കാത്തിരിപ്പെന്റെ
വിശപ്പ് കൂട്ടും.

വിശന്നാലെനിക്കീ കാട്ടിലെയേതൊരു
ജീവിയേം തിന്നാന്‍ നിയമമുണ്ട്.

തിന്നുവാനല്ലാതെ കൊല്ലുമൊരു വര്‍ഗ്ഗം
മനുഷ്യനെന്ന പേരില്‍ നാട്ടിലുണ്ട്.

മനുഷ്യത്വമെന്നൊരു വാക്കുമുണ്ടെങ്കിലും
കാലമേറെയായ് തുരുമ്പിച്ചത്.

രാഷ്ട്രീയ ജാതി മതവെറി പൂണ്ടവന്‍ കൊന്നു തീര്‍ക്കുന്നതവനവനെ.

സ്വാര്‍ത്ഥതയ്ക്കും നിലനില്‍പ്പിനും വേണ്ടിയവന്‍ ആരെയും കൊല്ലാന്‍ മടിക്കുകില്ല.

വിശപ്പല്ലവന്റെ വിഷയമെന്നോര്‍ക്കുക
അതു മാത്രമാണെന്റെ ലക്ഷ്യമെന്നും.

നല്ലവന്‍ ഞാന്‍ തന്നെ,കൊല്ലുന്നു
നിങ്ങളെ തിന്നിട്ടു വേണമെന്‍ കത്തലാറ്റാന്‍.

പ്രകൃതിയുടെ നിയമത്തിലിതു 
സത്യമെന്നു നീയറിയുക പ്രകൃതിയും എന്റെ കൂടെ.'

ഇന്നലെ അമ്മതന്‍ വയറില്‍ കഴിഞ്ഞവന്‍
ഇന്നമ്മയൊപ്പമാ വയറിലെത്തി.

ഒരു നോക്കുകുത്തിയായ് പ്രകൃതിയും ഒന്നുമേ
കാണാത്ത പോലെ തിരിഞ്ഞുനിന്നു.

ഒരു നോക്കുകുത്തിയായ് പ്രകൃതിയും, ഒന്നുമേ
കാണാത്ത പോലെ തിരിഞ്ഞുനിന്നു.
------------© jayanmadikkai --------------

Post a Comment

3 Comments