അനു... മോളെ..... നീ ശരിക്കും ആലോചിച്ചിട്ടാണോ ഇങ്ങനെ ഒരു തീരുമാനമെടുത്തത്..
അതെ പപ്പാ ... ഞാന്‍ ശരിക്കും ദിവസങ്ങള്‍ ആലോചിച്ചെടുത്ത തീരുമാനമാണിത്...അനു... ഞാന്‍ പറയുന്നത്.... ഇവിടിപ്പോ നിനക്കു താഴെ ഒരാളുകൂടിയുണ്ടെന്നു നി ഓര്‍ക്കണം.... നാളെ.... നീ കാരണം അവള്‍ക്ക് നല്ലൊരു ബന്ധം കിട്ടാതിരിക്കരുത്.
അതുമാത്രമല്ല, ഇനി ജീവിതകാലം മുഴവന്‍ ഇവിടെ തന്നെ നില്‍ക്കാനാണോ നിന്റെ തീരുമാനം?..
അങ്ങനെയാണെങ്കില്‍ നമ്മുടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ എന്തു വിചാരിക്കും....
വിചാരിക്കുന്നതാണോ.... നിന്റെ കുറ്റം കൊണ്ടാണന്നല്ലേ അവര് പറയുള്ളൂ......
************
ഇത് പൂമറ്റം വീട്. പൂമറ്റം വീട്ടിലെ ജോണ്‍സനും ഭാര്യ സിസിലിക്കും രണ്ടു മക്കള്‍. അനുവും സോനയും...
അത്ര വലിയ സമ്പന്നകുടുംബമൊന്നുമല്ലെങ്കിലും അല്ലലില്ലാതെ കഴിയുവാനുള്ള ആദായമൊക്കെ പറമ്പില്‍ നിന്നും ലഭിച്ചിരുന്നു. പിന്നെ ജോണ്‍സന് ടൗണില്‍ സ്വന്തമായി ഒരു ബേക്കറി ഷോപ്പ് ഉണ്ട്. അതില്‍ നിന്നുമുള്ള വരുമാനവും കൂടി ആവുമ്പോള്‍ ആ കുടുംബം സസന്തോഷം ഓരോ ദിനവും ദൈവവിശ്വാസത്തില്‍ അടിയുറച്ചു ജീവിച്ചിരുന്ന സന്തുഷ്ട കുടുംബം.
തങ്ങളുടെ മക്കളുടെ ഇഷ്ടങ്ങളെക്കാള്‍ മറ്റുള്ളവരെക്കൊണ്ട് കൊണ്ട് നല്ലതെന്നു പറയിപ്പിക്കുവാനും, മറ്റുള്ളവരെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍ തന്റെ മക്കള്‍ നില്‍ക്കണം എന്നും ആഗ്രഹിക്കുന്നവരായിരുന്നു ജോണ്‍സനും സിസിലിയും.
പഠനത്തിനും കലാരംഗത്തും മികവ് പുലര്‍ത്തിയിരുന്നവരാമായിരുന്നു അനുവും സോനയും.
അനു ബിബിഎ കഴിഞ്ഞു എംബിഎക്ക് ചേര്‍ന്ന ഏകദേശം രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അവള്‍ക്ക് സാമിന്റെ വിവാഹാലോചന വന്നത് ...
കണ്ടാല്‍ ആരും കുറ്റം പറയാത്തവിധം സൗന്ദര്യമുള്ള സുമുഖനായ ചെറുപ്പക്കാരന്‍... സാം.... കാനറാ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍... മൂന്നാറില്‍ നാലഞ്ച് ഏക്കറോളം വരുന്ന ഏലത്തോട്ടത്തിന്റെ ഏക അവകാശി... എന്തു കൊണ്ടും നല്ല ബന്ധം....
അതുകൊണ്ടാവാം തനിക്കിപ്പോ ഒരു വിവാഹം വേണ്ടന്നും, തനിക്ക് പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം കാലില്‍ നിന്നിട്ട് മതി വിവാഹമെന്നുപറഞ്ഞു കരഞ്ഞ അനുവിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ജോണ്‍സന്‍ സാമുമായുള്ള വിവാഹം അത്യാര്‍ഭാടാമായിത്തന്നെ നടത്തി.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ അനുവിനെ സ്‌നേഹം കൊണ്ട് വിര്‍പ്പുമുട്ടിച്ചവര്‍ പതിയെ പതിയെ അവരുടെ തനിനിറം പുറത്തെടുത്തു...
അനു ചെയ്യുന്ന എന്തിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്നവര്‍, നിസാര കാര്യങ്ങള്‍ക്ക് പോലും ദേഹോപദ്രവും അനുവിന് അവിടെ ഏല്‍ക്കേണ്ടതായി വന്നു. കൂടാതെ സാമിന്റെ മദ്യപാനവും... ഒപ്പം സാമിന്റെ സംശയരോഗം മൂലം ഓരോ ദിനവും അനു എല്‍ക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ വേറെയും...
അവര്‍ക്ക് അവരുടെ വീട്ടിലെ ശമ്പളമില്ലാത്ത ഒരു ജോലിക്കാരി മാത്രമായിരുന്നു അനു ... സാമിനെ സംബന്ധിച്ചിടത്തോളം അവള്‍ അവന്റെ താല്പര്യങ്ങള്‍ തീര്‍ക്കുവാനും മറ്റുമുള്ള വെറുമൊരു ഉപകരണം മാത്രമായിരുന്നു.
ആരോടും ഒരു പരാതിയും പറയാതെ, തന്റെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി അവള്‍ പരമാവധി അവിടെ പിടിച്ചു നിന്നു. പക്ഷെ ഒടുവില്‍ സാമിന്റെ കൂട്ടുകാര്‍ക്കു വേണ്ടിയും കിടക്ക വിരിക്കേണ്ടി വന്നപ്പോള്‍ അവിടെ നിന്നും പടിയിറങ്ങി.
അതിന്റെ ഭാഗമായുള്ള സംസാരമാണ് മുകളില്‍ കണ്ടതും ഇനി കാണാനിരിക്കുന്നതും ...
*************
പ്ലീസ് പപ്പാ..... മതി... നിര്‍ത്ത്... ബന്ധുക്കളെന്തു വിചാരിക്കും
നാട്ടുകാരെന്തു പറയും.... ഇതൊക്കെയാണ് അപ്പൊ പപ്പയുടെ പ്രശ്‌നം...ല്ലേ....
അപ്പൊ.... ഞാനവിടെയനുഭവിച്ച വേദനയും ദുരിതവുമെന്നും പപ്പയ്ക്ക് ഒരു വിഷയമല്ല ല്ലേ.... ഓരോ ദിനവും നീറി നീറിയാ ഞാനവിടെ കഴിഞ്ഞിരുന്നതെന്നു പറഞ്ഞിട്ടും.... പപ്പാ ഇപ്പോഴും സാമിനെയും വീട്ടുകാരെയുമാ ന്യായീകരിക്കുന്നത്....
അല്ല.... മമ്മിക്കും പപ്പയുടെ അഭിപ്രായം തന്നെയാണോ.... ഞാന്‍ കാരണം ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉണ്ടാവുന്ന ചോദ്യങ്ങളെയും പരിഹാസങ്ങളെയും മമ്മിയും പേടിക്കുന്നുണ്ടോ...
അനു.... മോളെ നമ്മള്‍ പെണ്ണുങ്ങള്‍ കുറച്ചൊക്കെ കണ്ടിട്ടും കാണാത്തപോലെയും, കേട്ടിട്ടും കേള്‍ക്കാത്തപോലെയും നടിക്കണം.... ... ഒരു പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞാല്‍ പിന്നെ, അവള്‍ വലതുകാല്‍ വച്ച് കയറി ചെല്ലുന്നതാണ് പിന്നെ അവളുടെ വീട്.... അവിടെ പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാലും അതെല്ലാം സഹിച്ചു ഭര്‍തൃഗൃഹത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവളാണ് ഓരോ പെണ്‍കുട്ടിയും.... അത് ഇനിയെങ്കിലും എന്റെ മോള് മനസ്സിലാക്കണം....
കൊള്ളാം... മമ്മി.... കൊള്ളാം.... നന്നായിട്ടുണ്ട്.......
എന്നെക്കുറിച്ചെന്താ ആരും ഒരല്പം പോലും ചിന്തിക്കാത്തെ. അവിടെ ഓരോ ദിവസവും ഞാന്‍ അനുഭവിച്ച വേദനകളെക്കുറിച്ചെന്താ ആരും ഓര്‍ക്കാത്തെ... .... അതാ എനിക്കിനിയും മനസിലാവാത്തത്....
നോക്ക് പപ്പാ.... കെട്ടുപ്രായമായ മകളെ ആണൊരുത്തന്റെ കയ്യില്‍ ഏല്‍പ്പിക്കുക എന്നത് അവളുടെ മാതാപിതാക്കളുടെ കടമയാണ്.
പക്ഷേ ഒരിക്കലും കല്യാണമല്ല ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്.... അതെന്നാ നിങ്ങളൊക്കെ മനസിലാക്കുന്ന.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനം അവളുടെ വിദ്യാഭ്യാസമാണ്.
ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കുകയെന്നതാണ് .....
പഠനത്തെയും ജോലിയെയും കുറിച്ച് നിറമുള്ള ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്ന എന്നെ ഒരു വിവാഹത്തിന്റെ പേരില്‍ ഒരു ദുരിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക് നിങ്ങളെല്ലാവരും കൂടി തള്ളിവിട്ടത് എന്തിനായിരുന്നു ???
ഞാന്‍ സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടി.... പെട്ടന്ന് തന്നെ എന്റെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി. ന്നിട്ട്.... എന്നിട്ടിപ്പോള്‍ എന്തായി പപ്പാ...
അനുവിന്റെ ചോദ്യങ്ങള്‍ക്കൊന്നും ജോണ്‍സന്റെ മുമ്പില്‍ ഉത്തരമില്ലായിരുന്നു...
അനു സിസിലിയോടായി തുടര്‍ന്നു...
മമ്മി പറഞ്ഞു... നമ്മള്‍ പെണ്ണുങ്ങള്‍ കുറെയൊക്കെ സ്‌നേഹിക്കുകയും ക്ഷമിക്കുകയും വേണമെന്ന്...
എന്തൊക്കെയായിരുന്നു ഞാന്‍ അഡ്ജസ്റ്റ് ചെയ്യേണ്ടിയിരുന്നത്.... എന്തൊക്കെയായിരുന്നു ഞാന്‍ സഹിക്കേണ്ടിയിരുന്നതും ക്ഷമിക്കേണ്ടിയിരുന്നതും.... ....
സാമിന്റെ മദ്യപാനമോ.... അതെ തുടര്‍ന്നുള്ള ദേഹോപദ്രവാമോ.... അതോ സാമിന്റെ അമിതമായ ചീത്തകൂട്ട്‌കെട്ടോ... ........
ഇനി സാമിന്റെ ഒടുക്കത്തെ സംശയരോഗമോ... ....
ഇതെല്ലാം കുറെയൊക്കെ സഹിച്ചു.... പരമാവധി അഡ്ജസ്റ്റ് ചെയ്തു....
ഒക്കെ പോട്ടെ..... ഞാനും വേദനകളും ക്ഷീണവുമൊക്കെയുള്ള ഒരു മനുഷ്യജീവിയാണെന്നുള്ള പരിഗണന..... അതെങ്കിലും എനിക്ക് തന്നുടെ ..... അതോ മമ്മി പറഞ്ഞതുപോലെ പെണ്ണായത് കൊണ്ട് ആ പരിഗണനയും എനിക്ക് വേണ്ട എന്നാണോ.... പെണ്ണിന് ഒരു പരിഗണനയ്ക്കും അര്‍ഹതയില്ലെന്നാണോ l...
ഒടുവില്‍ അയാളുടെ കൂട്ടുകാര്‍ക്ക് വേണ്ടിയും ഞാന്‍ കിടപ്പറ പങ്കിടണമെന്നുള്ള അവസ്ഥ വന്നപ്പോ ഒരുമുഴം കയറില്‍ ഈ നശിച്ച ജീവിതം തന്നെയങ്ങ് അവസാനിപ്പിക്കാന്‍ ഒരുങ്ങിയതാ ഞാന്‍...
പക്ഷെ.. അതിന് മുന്‍പ് ഞാനറിഞ്ഞു... എന്റെ ഉള്ളില്‍ ഒരു കുരുന്നു ജീവന്‍ കൂടി തുടിക്കുന്നുണ്ടെന്ന്.... ആ സത്യം തിരിച്ചറിഞ്ഞപ്പോള്‍ തോന്നി... നിറമുള്ള ഈ ലോകം കാണാന്‍ കൊതിച്ചു കഴിയുന്ന ആ കുരുന്നിനെക്കൂടി മരണത്തിന്റെ വായിലേക്ക് എറിഞ്ഞു കൊടുക്കേണ്ടന്ന്... അവനു വേണ്ടി... അല്ലെങ്കില്‍ അവള്‍ക്ക് വേണ്ടി എനിക്ക് ഇനിയും ജീവിക്കണമെന്ന്...
മോളെ... നീ പറഞ്ഞു വരുന്നത്... വിശ്വസിക്കുവാന്‍ ആവാതെ സിസിലി മകളുടെ മുഖത്തേക്ക് നോക്കി.
അതെ മമ്മി... ഞാന്‍ പ്രെഗ്‌നന്റ് ആണ്... എന്റെ ഉള്ളില്‍ ഒരു കുരുന്നു ജീവന്‍ തുടിക്കുന്നുണ്ട്.. ആ കുഞ്ഞിന് വേണ്ടി എനിക്ക് ജീവിക്കണം...
അതിന്... ഇനിയും..... ഇനിയും.... അവിടെ തുടര്‍ന്നാല്‍ പറ്റില്ലന്ന് എനിക്ക് ബോധ്യമായി.... അതുകൊണ്ടാ ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്.... ഇനി... അവിടേക്ക് ഒരു തിരിച്ചുപോകില്ല.... ആ നശിച്ച വീട്ടിലേക്കും... അയാളുടെ ജീവിതത്തിലേക്കും....
അനു..
ഒരു കിതപ്പോടെ പറഞ്ഞു നിര്‍ത്തി....
പിന്നെ.... പപ്പായും മമ്മിയും പേടിക്കുന്നത് പോലെ ഇനിയുള്ള കാലം മുഴുവന്‍ ഞാന്‍ ഇവിടെ നില്‍ക്കാനൊന്നും പോകുന്നില്ല.... ഒരിക്കലും ഞാനും എന്റെ കുഞ്ഞും നിങ്ങള്‍ക്കൊന്നും ഒരു ബാധ്യതയാവില്ല.... അതുപോലെ നാളെ സോനയ്ക്ക് ഒരു നല്ല ജീവിതം ഉണ്ടാകുന്നതിന് ഞാനൊരിക്കലും ഒരു തടസ്സമാവില്ല....
ഒന്നുരണ്ടാഴ്ച ഇവിടെ നിങ്ങളോടെല്ലാരോടുമൊപ്പം സന്തോഷത്തോടെ കഴിയണമെന്നും മനഃസമാമാദാനത്തോടെ ഒന്നുറങ്ങണമെന്നുമുള്ള അതിയായ ആഗ്രഹത്തോടെയാ ഞാനിവിടേക്ക് വന്നത്....
പക്ഷെ ഇനി.. ഇനി ഞാനിവിടെ തുടരുന്നില്ല.. പോവുകയാണ്....
എവിടേക്ക്.... ഈയൊരാവസ്ഥയില്‍ നീ എവിടേക്ക് പോകാനാ മോളെ...
സിസിലി ആദിയോടെ ചോദിച്ചു...
മമ്മി പേടിക്കണ്ട.... ഞാന്‍ എറണാകുളത്തേക്ക് ആണ് പോകുന്നത്. എന്റെ കൂടെ ബിബിഎ പഠിച്ച നിമിഷ അവിടെ ഒരു കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നത്... അവിടെത്തന്നെ എനിക്കും ഒരു ചെറിയ ജോലിയും അവള്‍ ശരിയായിട്ടുണ്ട്...
അവള്‍ പെയിഗ് ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടില്‍ തന്നെ എനിക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തല്‍ക്കാലം അവിടെ കൂടാം. പിന്നെ ഡെലിവറിക്ക് അടുക്കുമ്പോഴേക്കും എന്തെങ്കിലും ഒരു മാര്‍ഗ്ഗം കണ്ടുപിടിക്കാം. ദൈവം അങ്ങനെയൊന്നും എന്നെ കൈവിടില്ല.
അനു പറഞ്ഞു നിര്‍ത്തി.
എന്നാലും മോളെ ഈ ഒരു സമയത്ത് അമ്മയുടെ കരുതലും സാമിപ്യവും അത്യാവശ്യമാണ് അപ്പോള്‍ നീ പോയാല്‍...
സിസിലിയുടെ വാക്കുകളില്‍ മകളോടുള്ള സ്‌നേഹവും കരുതലും നിറഞ്ഞു നിന്നിരുന്നു.
വേണ്ട മമ്മി.... ഇനിയും ഞാന്‍ ഇവിടെ നിന്നാല്‍ ശരിയാവില്ല... മമ്മി ഒന്നുകൊണ്ടും പേടിക്കേണ്ട.. ഈ അനു.... ഇനി ആരുടെ മുന്നിലും തോറ്റു കൊടുക്കാന്‍ തയ്യാറല്ല. എനിക്ക് ജീവിക്കണം കുഞ്ഞിനുവേണ്ടി....
തുടര്‍ന്ന് അനു മുറിയിലേക്ക് പോയി, ബാഗുമെടുത്ത് പെട്ടെന്നുതന്നെ പുറത്തേക്കുവന്നു ആരോടും യാത്ര ചോദിക്കാതെ അവള്‍ പൂമറ്റം വീടിന്റെ പടിയിറങ്ങി.. ആ സമയം അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ....
ഇല്ല..... ആ കണ്ണുകള്‍ ഇനി.... നിറയില്ല എന്നവള്‍ ദൃഢപ്രതിജ്ഞ എടുത്തിരുന്നു.
,**********
നാളുകള്‍ പോയിമറഞ്ഞു... അനു... ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിനിടയില്‍ അനുവും സാമുമായുള്ള വിവാഹമോചനവും നടന്നു. അനേകരെ സാക്ഷിനിര്‍ത്തി സാം തന്റെ കഴുത്തില്‍ ചാര്‍ത്തിയ മിന്നും, തന്റെ കയ്യില്‍ സാം അണിയിച്ച മോതിരവും സാമിന് ഊരി തിരികെ നല്‍കുമ്പോള്‍ തന്റെ കണ്ണുകള്‍ അനുസരണക്കേട് കാട്ടിയേക്കുമോയെന്നവള്‍ ഭയപ്പെട്ടു... പക്ഷെ അവളുടെ നിശ്ചയദാര്‍ട്യത്തിനു മുന്നില്‍ അവളുടെ കണ്ണുകളും അവളോടൊപ്പം നിന്നു.
ആരുടെയും സഹായമില്ലാതെ, യാതൊരു അല്ലലുമറിയിക്കാതെ തന്നെ അനു തന്റെ മകളെ വളര്‍ത്തി അവള്‍. ഇതിനിടയില്‍ അനു, ഡിസ്റ്റന്‍ന്റ് എഡ്യൂക്കേഷന്‍ വഴി മുടങ്ങിപ്പോയ തന്റെ പിജി പഠനം പൂര്‍ത്തിയാക്കുകയും, psc എഴുതി നല്ലൊരു സര്‍ക്കാര്‍ ജോലി നേടിയെടുക്കുകയും ചെയ്തു..... എല്ലാത്തിനും നിശബ്ദ പിന്തുണയെന്നോണം നിമിഷ അവള്‍ക്കൊപ്പമുണ്ടായിരുന്നു.
ഇന്ന് അനുവിന്റെ മകള്‍ അനുസാന്ദ്രയെന്ന സാന്ദ്രയുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് ആണ്.... ആരുടേയും സഹായമില്ലാതെ അനു തന്റെ മകളെ പഠിപ്പിച്ചു ഡോക്ടറാക്കി... ഇന്ന് സാന്ദ്ര ഒരു ഡോക്ടറായി പ്രതിജ്ഞ ചെയ്തുകൊണ്ട് ഡോക്ടര്‍സ് ഡിഗ്രി മേടിക്കുന്ന ചടങ്ങ്...
ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തിയില്‍ നിന്നും ആ കോളേജിലേ റാങ്ക് ഹോള്‍ഡറായി ഡോക്ടര്‍സ് ഡിഗ്രി ഏറ്റുവാങ്ങുന്ന മകളെ നോക്കിയിരിക്കെ അനുവിന്റെ കണ്ണുകളില്‍ ഒരു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞു.
പക്ഷെ ആ കണ്ണുനീര്‍ വിജയത്തിന്റെ, സന്തോഷത്തിന്റെ കണ്ണുനീരാണ്..... വിജയത്തിന്റെ തിളക്കമാണ് ചുണ്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആ പുഞ്ചിരി. അതിജീവനത്തിന്റെ പുഞ്ചിരി....
തളര്‍ന്നു പോകുമ്പോള്‍ തോറ്റു കൊടുക്കാനുള്ളതല്ല ജീവിതം എന്ന് ഏതൊരു പെണ്ണിനേയും ഓര്‍മ്മിപ്പിക്കുന്ന അതിജീവനത്തിന്റെ പുഞ്ചിരി.
ഇത് അനുവിന്റെ മാത്രം കഥയല്ല... നമ്മുടെ സമൂഹത്തില്‍ ഓരോ ദിനവും സ്ത്രീധനത്തിന്റെയും മറ്റും പേരില്‍ നാം കാണുന്ന പല പെണ്‍കുട്ടികളുടെ കഥ.. പക്ഷേ അവിടെയെല്ലാം ആ പെണ്‍കുട്ടികള്‍ ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ആശ്രയം കണ്ടെത്തുമ്പോള്‍, ഓര്‍ക്കണം അനുവിനെ പോലെ അതിജീവനത്തിന്റെ പാതയില്‍ മുന്നോട്ടു നീങ്ങിയ അനുവിനെ...
ഇന്നത്തെ സമൂഹത്തിലെ ഓരോ പെണ്‍കുട്ടിക്കും അനു ഒരു പാഠമാകട്ടെ. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ തോറ്റുപോകാതെ, തളര്‍ന്നുവീഴാതെ അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുവാന്‍ ഓരോ പെണ്‍കുട്ടിക്കും അനു ഒരു മാതൃകയാകട്ടെ...
1 Comments
👍
ReplyDelete