അവന് അവളെ ആദ്യം കണ്ടത് വളക്കടയില്‍ വെച്ചാണ് . അവിടെ വള വില്‍ക്കുന്ന ആളുടെ തല പലപ്പോഴും അവന് ശല്യമായി തോന്നി . അയാളുടെ തല താഴ്ന്നും പൊങ്ങിയും കൊണ്ടിരുന്നു. അയാള്‍ ആര്‍ക്കോ വള ഇട്ടുകൊടുക്കുകയായിരുന്നു. അപ്പോഴാണ് അവള് അവിടേക്കു ചെന്നത്. റോഡിന്റെ മറുവശത്തു നിന്നും അവന് പച്ചക്കറികള്‍ വാങ്ങുകയായിരുന്നു. അവള് ആ വളക്കച്ചവടക്കാരനോട് എന്തെക്കൊയോ പറയുന്നുണ്ടായിരുന്നു. അവള് കയ്യില്‍ കുറെയധികം ചുവന്ന കുപ്പിവളകള്‍ പിടിച്ചിട്ടുണ്ടായിരുന്നു. അവളുടെ കൂടെ ആരോ ഉണ്ടെന്നു മനസിലാക്കി അവന് നോട്ടം പിന്‍വലിച്ചു. പച്ചക്കറികള്‍ വാങ്ങുവാന്‍ തുടങ്ങി. അവന് അധികമൊന്നും വാങ്ങിയില്ല.
പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അവളെ കാണാനില്ല.
അവന് വാച്ചില്‍ നോക്കി സമയം ഉറപ്പിച്ചു.
പിറ്റേ ദിവസവും അവന് അതെ സ്ഥലത് ചുറ്റിപറ്റി നിന്നു . അങ്ങനെ കുറച്ചു ദിവസം അത് തുടര്‍ന്നു .
ഒരുദിവസം അവള് വീണ്ടും വന്നു. അവള് അവളെ നോക്കി നിന്നു . അന്ന് അവള് പൂക്കള്‍ വാങ്ങുകയായിരുന്നു. കൂടെ ഉള്ള കൂട്ടുകാരികളും പൂക്കള്‍ വാങ്ങി.
അവന് പതുക്കെ ഭയത്തോടെ പൂക്കള്‍ വിലക്കുന്ന ആളുടെ അടുത്തേക്ക് ചെന്നു . അവന് വേറെ ഒന്നും കണ്ടില്ല , അവളെ മാത്രം കണ്ടു.
അവളും അവനെ കണ്ടു, അവള് പരിഭ്രമിച്ചു. പോകാന്‍ തിടുക്കം കൂട്ടി. അവളുടെ കൂട്ടുകാരികള്‍ അപ്പോഴും പൂക്കള്‍ വാങ്ങുന്നുണ്ടായിരുന്നു.
പൂക്കള്‍ പൊതിഞ്ഞു കൊടുക്കാനായി അവിടെ കുറെ പഴയ പത്രങ്ങള്‍ തൂക്കിയിട്ടുണ്ടായിരുന്നു. അതില്‍ നിന്നും അവള് ഒരു കടലാസ് വലിച്ചെടുത്തു. കടക്കാരന്റെ കീശയില്‍ കണ്ട പേന എടുത്തു , ആ കടലാസ്സില്‍ അവള് എന്തോ എഴുതി. തിടുക്കത്തില്‍ അവള് പേന പൂക്കളുടെ കൂമ്പാരത്തിലേക്കു എറിഞ്ഞു. കടലാസ് അവനു നേരെയും എറിഞ്ഞു. അതില്‍ എങ്ങനെയായിരുന്നു എഴുതിയിരുന്നത് . 'കമല, ഗല്ലി 25 , കാമാത്തിപുര, അപകടമാണ് ', അത്രമാത്രമേ അതില്‍ എഴുതിയുള്ളൂ. അത്രമാത്രം.
കമലയും ഏതാനും കൂട്ടുകാരികളും ഓടി അടുത്ത് നിര്‍ത്തിയിട്ടുണ്ടായിരുന്ന അംബാസിഡര്‍ ടാക്സിയില്‍ കയറിപ്പോയി. അവന് പറഞ്ഞു 'ഞാന്‍ ഗോപാല്‍... ' രണ്ടുമൂന്നു തവണ പറഞ്ഞു. അതാരും കേട്ടില്ല. വാഹനങ്ങളുടെ ശബ്ദത്തിലും കച്ചവടക്കാരുടെ കൂട്ട വിളിയിലും അതില്ലാതായി.
അന്ന് അവനു കുറച്ചു സന്തോഷം തോന്നി, അവളുടെ പേര് അറിഞ്ഞല്ലോ. അതെ സമയം സങ്കടവും തോന്നി. കാമാത്തിപുര ... അതൊരു ചെറിയ ഇടമല്ല. അവിടെ നിന്നും കമലയെ എങ്ങനെ കാണും? ഗല്ലി 25 , ഓ... ചുവന്ന തെരുവല്ലേ ഇത്..
ഗോപാല്‍ അന്ന് പച്ചക്കറികള്‍ ഒന്നും വാങ്ങിയില്ല. വഴിയില്‍ കണ്ട ദേശി മദ്യം വില്‍ക്കുന്ന കടയില്‍ നിന്നും അരക്കുപ്പി 'സന്ദ്ര ' എന്ന സാധനം വാങ്ങി.
അന്ന് അയാള്‍ അത് മുഴുവനും കുടിച്ചു. രാത്രിയില്‍ എപ്പോഴോ കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റപ്പോഴാണ് മനസ്സിലായത് രാത്രിയില്‍ വാതിലു പോലും അടക്കാതെയാണ് ഉറങ്ങിയത് എന്ന്..
അങ്ങനെ കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഗോപാല്‍ കണ്ടു അവളെ വീണ്ടും.. കമലയെ കണ്ടു. ബാന്ദ്ര മാര്‍ക്കറ്റിനു അടുത്ത് തന്നെ. ഗോപാല്‍ അവളെ തന്നെ നോക്കി. കമല കൈ കൊണ്ട് എന്തോ ആഗ്യം കാണിച്ചു.. ഗോപാലിന് തോന്നിയത് 'സുഖമാണോ' എന്നായിരുന്നു .. എന്നാല്‍ അവള് ചോദിച്ചത് 'എന്തെ വന്നില്ല' എന്നായിരുന്നു. എന്നിരുന്നാലും അവള് ആദ്യ ഭാഷയില്‍ ചോദിച്ചു 'ഞാന്‍ വരട്ടെ' , അവള്‍ക്കത് മനസ്സിലായി .. കമല പറഞ്ഞു ' നാളെ വരൂ '
കമല കാറില്‍ കയറി അകന്നു പോയി.
അന്നും ഗോപാല്‍ 'സന്ദ്ര' വാങ്ങി.. ഒരു മുഴുവന്‍ കുപ്പി. അവന് തീരുമാനിച്ചു ഇന്ന് കൂട്ടുകാരനെ കൂടി വിളിക്കണം.. അല്ലെങ്കില്‍ അങ്ങോട്ടുപോകാം .
ഹരിയേട്ടന്റെ ഹോട്ടലില്‍ കയറി സജിത്തിനെ വിളിച്ചു, അവന് പറഞ്ഞു അങ്ങോട്ട് ചെല്ലാന്‍.
രണ്ടു പേരുടെയും താമസ സ്ഥലം അടുത്താണ്. ഒരഞ്ചു മിനുട്ട് .
അങ്ങനെ അന്ന് രാത്രി അവര്‍ അവിടെ കൂടാന്‍ തീരുമാനമായി.
സജിത്ത് ഒരു കഥ പറഞ്ഞു.
ഒരു ദിവസം ഒരാള്‍ ചര്‍ച് ഗേറ്റ് കാണാനിറങ്ങി. അയാള്‍ ബോംബയില്‍ പുതുതാണ്.. അവിടെ ഒരു ബില്‍ഡിംഗ് കണ്ടു, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്.. അവന് അതിന്റെ നിലകള്‍ എണ്ണാന്‍ തുടങ്ങി. പെട്ടന്ന് ഒരാള്‍ വന്നു ചോദിച്ചു 'എന്താ ചെയ്യുന്നത് ' അവന് പറഞ്ഞു, 'ഇതിന്റെ നിലകള്‍ എണ്ണുന്നു ' , അയാള്‍ ദേഷ്യത്തോടെ പറഞ്ഞു.. 'അങ്ങനെ എണ്ണാന്‍ പാടില്ല, ഓരോ നില എണ്ണുന്നതിനും പത്തു രൂപ കൊടുക്കണം.. എത്ര നില നീ എണ്ണി .. പറയൂ '
അവന് പറഞ്ഞു 'അഞ്ചു നില മാത്രമേ ആയുള്ളൂ.. അപ്പോഴേക്കും നിങ്ങള്‍ വിളിച്ചാലോ'
അയാള്‍ ' എന്നാല്‍ ശരി അമ്പത് രൂപ എടുക്കിന് ' അവന് 50 രൂപ അയാള്‍ക്ക് കൊടുത്തു , മുന്നോട്ടു നടന്നു.
ആ പണം വാങ്ങിയ ആള് ചിരിച്ചു.. നടന്നു നീങ്ങുന്ന അവനും ചിരിച്ചു.. എന്തുകൊണ്ട്?
ഗോപാല്‍ അറിയില്ല എന്ന് പറഞ്ഞു..
ഉത്തരം : അവന് പത്തു നില വരെ എണ്ണിയിട്ടുണ്ടായിരുന്നു.. അവന് അയാളോട് കള്ളം പറഞ്ഞു.. അതാണ് അവന് ചിരിച്ചത്..
ഗോപാല്‍ ചോദിച്ചു : അപ്പോള്‍ അയാള്‍ ചിരിച്ചതോ ?
സജിത്ത്: എടാ പൊട്ടാ , നിന്നെ പോലെ ഒരാള്‍ എന്ന് വരും ഓര്‍ത്തിട്ടാവും..
ഗോപാല്‍ പറഞ്ഞു: അളിയാ, നാളെ കാമാത്തിപുര പോകണം എന്നുണ്ട്..
സജിത്ത് ഞെട്ടിപ്പോയി : എന്തിന്?
ഗോപാല്‍ : ഒരാളെ കാണാന്‍.
സജിത്ത് : വേണ്ട, അതൊന്നും നല്ലതിനല്ല.
രണ്ടുപേരും വാദിച്ചു, അവനവന് പറയുന്നതാണ് ശരി എന്ന രീതിയില്‍
പിറ്റേന്ന് ഗോപാല്‍ കാമാത്തിപുരയില്‍ എത്തി.
വളരെ വിശാലമായ ഇടമാണ് കാമാത്തിപുര. ഒരു ഭാഗത്തു നിന്നും അതിനകത്തു കയറിയാല്‍ ഇറങ്ങി ചെല്ലുന്നിടം വേറെ ഏതോ ഇടം ആയിരിക്കും. സ്ഥലകാലബോധം നഷ്ടപെടുംപോലെ തോന്നും. ഉദാഹരണം നിങ്ങള്‍ ഗ്രാന്‍ഡ് റോഡ് ഭാഗത്തു നിന്നും കാമാത്തിപുര യില്‍ കയറുന്നു എന്ന് വെക്കുക, നിങ്ങള്‍ ചിലപ്പോള്‍ നടന്നു ചെല്ലുന്നതു ചോര്‍ ബസാറിലോട്ടു ആയിരിക്കും, അല്ലെങ്കില്‍ 'നവജീവന്‍' സൈഡിലോട്ടു ആയിരിക്കാം, ചിലപ്പോള്‍ മഹാരാഷ്ട്ര കോളേജിന്റെ അരികിലോട്ടു ആയിരിക്കാം. വേറെ ഒരു ഭാഗത്തേക്ക് നടന്നാല്‍ 'ഗോള്‍ ദേവ്ല് മന്ദിര്‍' അല്ലെങ്കില്‍ ഇസ്ലാംപുര പള്ളിയുടെ ഭാഗത്തേക്കാവും എത്തുക. എന്നാല്‍ കയറിയ വഴിയേ ഇറങ്ങണമെങ്കില്‍ ആരോടെങ്കിലും ചോദിക്കേണ്ടിവരും.
ആ പകല്‍ മുഴുവന്‍ ഗോപാല്‍ അവിടം കറങ്ങി നടന്നു. വൈകുന്നേരമായപ്പോള്‍ ഗോപാല്‍ 25 ആമത്തെ ഗല്ലി യില്‍ എത്തി.
കമലയെ ചോദിച്ചു.
അവിട ഉണ്ടായിരുന്ന പെണ്ണുങ്ങള് ചിരിച്ചു. ഗോപാലിന് കാര്യം മനസിലായില്ല.
'എവിടെ കുറെ കമലകള് ഉണ്ട്. അല്ല നിനക്ക് വേണ്ടി ഞങ്ങളും കമലകള് ആകാം. എന്താ ചിക്നേ ' (ചിക്നേ എന്ന് വെച്ചാല്‍ സുന്ദരാ )
'ഗോപാല്‍ അവരെ മനസിലാക്കാന്‍ ശ്രമിച്ചു. ആ നല്ലരീതിയില്‍ കണ്ണെഴുതി, പൂ ചൂടി, നീണ്ട മുടിയുള്ള .... '
അവര്‍ വീണ്ടും ചിരിച്ചു, അതൊലൊരുവള് ചോദിച്ചു 'എന്നെ നോക്ക്, ഞാന്‍ കണ്ണ് എഴുതിയിട്ടില്ലേ , മുടി നീളമില്ലേ , എന്റെ പേര് കമല എന്ന് തന്നെയാണ് '
അവള് അവനെ അകത്തേക്ക് വലിച്ചു. ഗോപാല്‍ തടഞ്ഞു..
'എനിക്ക് വേണ്ടത് ഞാന്‍ ഉദ്ദേശിക്കുന്ന കമലയെ ആണ് '
അപ്പോള്‍ അതില്‍ ഒരുവള്‍ വേറെ ഒരുവളോട് സ്വകാര്യം പറഞ്ഞു..
അവള് ചിരിച്ചു..'ഓഹോ.. തു ബഡാ ചോര്‍ ഹേയ് , ചിക്നേ , നിനക്ക് ആ കമലയെ തന്നെ വേണം അല്ലെ '
അവര്‍ കുറച്ചു പേര് ചേര്‍ന്ന് അവനെ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോയി. നടുത്തളത്തില്‍ ഇട്ടിരുന്ന കട്ടിലില്‍ ഇരുത്തി. അവര്‍ നടന്നകന്നതും, അവള് നടന്നടുത്തു. അതെ, ശരിക്കും കമല നടന്നടുത്തു. ഗോപാല്‍ ചിരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചുകൊണ്ടു പതുക്കെ കട്ടിലില്‍ നിന്നും എഴുന്നേറ്റു. യാന്ത്രികമായി ഗോപാല്‍ അവളുടെ കൂടെ നടന്നു. ഒന്നും സംസാരിക്കാതെ അയാള്‍ നടന്നു. കമല അയാളെ റൂമിലേക്ക് കൂട്ടികൊണ്ടു പോയി.
അന്ന് രാത്രി അവര്‍ കുറെ നേരം സംസാരിച്ചു. അവര്‍ ഒന്നിച്ചു ജീവിക്കുവാന്‍ തീരുമാനിച്ചു .. വേറെ എവിടെയെങ്കിലും പോകാം. ഏതെങ്കിലും ഗ്രാമത്തില്‍ പോയി ജീവിക്കാം.
കമല പറഞ്ഞു 'ഇവിടുന്നു പുറത്തു കടക്കുവാന്‍ ബുദ്ധിമുട്ടാണ്, പുറത്തു പോകുമ്പോള്‍ ആരെങ്കിലും കൂടെ ഉണ്ടാകും, ഒന്നോ രണ്ടോ ഗുണ്ടകളും കാണും. നിങ്ങള്‍ക്കാര്‍ക്കും അവരെ മനസിലാകില്ല, അവര്‍ കുറച്ചു ദൂരെ നിന്നും നമ്മളെ നോക്കുന്നുണ്ടാകും.നമ്മള് ഓടി രക്ഷപെടാന്‍ ശ്രമിച്ചാല്‍ , തീര്‍ന്നു.. അതോടെ .. മരണം അതുറപ്പാണ് '
ഗോപാല്‍ ചോദിച്ചു: 'അപ്പോള്‍ പിന്നെ എങ്ങനെ പുറത്തിറങ്ങും ?'
കമല 'ആറു മാസം കഴിഞ്ഞാല്‍ ഗണേശോത്സവം വരുന്നുണ്ടല്ലോ.. അപ്പോള്‍ ഇവിടം കുറെ അധികം ആളുകള്‍ കൂടും , അപ്പോള്‍ പോകാം'
ഗോപാല്‍ ആലോചിച്ചു, അത് നല്ലതാണു, ആറു മാസം സമയം കിട്ടും, ആ സമയം കൊണ്ട് തീരുമാനിക്കാം എവിടെ പോയി രക്ഷപ്പെടണമെന്ന്.
ഗോപാല്‍ പറഞ്ഞു: 'ഇനി ഞാന്‍ ഗണേശോത്സവം ഉള്ള അന്നേ വരൂ.. അന്നേക്ക് നീ പുറത്തു ചാടാനുള്ള വഴി കണ്ടെത്തണം. , നീ പുറത്തു ചാടിയിരിക്കണം അന്ന്. '
കമല സമ്മതിച്ചു. അവന് ഒരു നൂറു രൂപ നോട്ടില്‍ അവന്റെ വിലാസം എഴുതി ..
'നമ്പര്‍ 25 , കോല്വാരി വില്ലേജ് റോഡ് , ബാന്ദ്ര ഈസ്റ്റ് '
നേരം വെളുക്കുവോളം അവര്‍ സംസാരിച്ചു. എന്തൊക്കെയോ.. ഇവിടെ തന്നെ കുറെ അധികം ഗണികകള്‍ ഉണ്ട് , ചിലര്‍ അവരുടെ കുട്ടികളെ സ്കൂളിലേക്ക് അയച്ചു പഠിപ്പിക്കുന്നു. ചില ആണ് കുട്ടികള്‍ മോഷണത്തിലേക്കും ഗുണ്ടാ പ്രവര്‍ത്തിയിലേക്കും പോകും. എല്ലായിടത്തും സന്ദ്ര എന്ന മദ്യത്തെ കൂടാതെ വീടുകളില്‍ ഉണ്ടാക്കുന്ന മദ്യവും ഉണ്ട്. ചില ഗണികകള്‍ പ്രായം ആകുന്നതോടെ അത്തരം മദ്യവില്പന തുടങ്ങുന്നുണ്ട്. ചില പെണ്‍കുട്ടികള്‍ അമ്മയുടെ ജോലി തന്നെ തുടരുന്നുമുണ്ട്. വേറെ ഒരു പാട് കുട്ടികള്‍ മെക്കാനിക്കുകള്‍ ആകുന്നുണ്ട്.. ബൈക്കും കാറുകളും മറ്റും റിപ്പയര്‍ ചെയ്യാന്‍ അറിയുന്ന കുട്ടികള്‍. അവരില്‍ പലരും വാഹന മോഷ്ടാക്കള്‍ ആകുന്നു, അല്ലെങ്കില്‍ വാഹന മോഷണം ചെയ്യാനാണ് അത് പഠിക്കുന്നത് എന്നും പറയുന്നുണ്ട്.
അവള് ഒരു പ്രാവശ്യം ചോദിച്ചു: 'ഞാന്‍ ഒരു വേശ്യ അല്ലെ, നിനക്കതു പ്രശ്നമല്ലേ'
ഗോപാല്‍ പറഞ്ഞു: അത് നിന്റെ പോയ കാല ജീവിതം. .. അതെനിക്ക് അറിയേണ്ട. ഇനി ഈ ചോദ്യം ഉണ്ടാകരുത്.'
അന്ന് രാത്രി തന്നെ ഗോപാല്‍ കുറെ പണം അവളെ ഏല്പിച്ചു..
നീ ഇത് ഇപ്പോള്‍ വെച്ചോളൂ..
പിറ്റേന്ന് രാവിലെ അവന് നേരെ പോയത് നേരെ അജിത്തിനെ കാണാന്‍ ആണ് .
തലേന്ന് നടന്നൊതൊക്കെ ഗോപാല്‍ സജിത്തിനോട് പറഞ്ഞു.
സജിത്ത് എല്ലാം കണ്ണ് മിഴിച്ചു കേട്ടിരുന്നു. കയ്യില്‍ ഉണ്ടായിരുന്ന പൈസ ഒക്കെ അവള്‍ക്കു കൊടുത്തു എന്ന് കൂടെ കേട്ടപ്പോള്‍ സജിത്ത് തലയില്‍ കൈ വെച്ചു..
അന്നുമുതല്‍ കമല ആ ദിവസത്തിന് വേണ്ടി കാത്തിരുന്ന്. അവളുടെ കൂടെ ഉള്ളവര്‍ പറഞ്ഞു കമല വളരെ സന്തോഷവതിയാണല്ലോ..
അവളുടെ ചിന്ത വേറെ എന്തൊക്കെയോ ആയിരുന്നു.. ഗോപാല്‍ അവളെയും കൂടി എവിടെയാകും പോവുക.. ഈ ബോംബെ നഗരം വിടണം. എന്നെന്നേക്കുമായി..
പക്ഷെ ഇവിടുന്നു എങ്ങനെ പുറത്തു ചാടും? അതൊരു പ്രശ്നം തന്നെയാണ്.
ഇവിടെ നേരെ കയറി ചെല്ലുന്നിടം വലിയ ഹാള്‍ ആണ്. ഹാളിന്റെ എല്ലാ ഭാഗത്തും മുറികള്‍ ഉണ്ട്.. ഇടയ്ക്കിടയ്ക്ക് ജനലുകളും. നല്ലപോലെ വെളിച്ചമാണ് ഈ ഹാളില്‍. നടുവില്‍ ഒരു വലിയ കട്ടിലും അതിനു ചുറ്റും നാലഞ്ചു കസേരകളും. കട്ടിലിനു താഴെ ഒരു തുപ്പല് കോളാമ്പി കാണാം. ആ കട്ടിലില്‍ ഇപ്പോഴും ഒരു തടിച്ച സ്ത്രീ ഉണ്ടാകും, അവരാണ് ഇതിന്റെ നടത്തിപ്പുകാരി.
കിഴക്കു വശത്തെ ഒരു ജനല്‍ തുറക്കുന്നത് റോഡിലേക്കാണ്. എന്നാല്‍ വടക്കു വശത്തു രണ്ടു ജനലുകള്‍ ഉണ്ട് , ആ ജനല്‍ കമ്പികള്‍ ചപ്പാത്തി പരത്തുന്ന വടിയോളം വണ്ണമുണ്ടാകും, നിലത്തു നിന്നും അധികം ഉയരത്തിലല്ല ജനലുകള്‍. , അത് രണ്ടും തുറക്കുന്നത് ഒരു ഇട വഴിയിലേക്കാണ് , ആ ഇടവഴി നീണ്ടുകിടക്കുന്ന മഹാരാഷ്ട്ര സ്കൂളുവരെ ഉണ്ട്.
കമല എന്നും ഉച്ച ഭക്ഷണംകഴിച്ച ശേഷം രണ്ടുകയ്യിലും കുറച്ചു ഉപ്പ് നുള്ളിയെടുക്കും.. ഈ പറഞ്ഞ മൂന്നു ജനലുകളുടെ അറ്റത്തു തേച്ചുപിടിപ്പിക്കും.
അങ്ങനെ മാസങ്ങള്‍ ഓരോന്നായി കടന്നു പോയി ..
ഓരോ മാസവും ഗോപാല്‍ കാമാത്തിപുര സന്ദര്‍ശിച്ചു..
രാവിലെ പോകും, പകല്‍ മുഴുവന്‍ അവിടം മൊത്തം ചുറ്റി നടക്കും..
വൈകുന്നേരം കമലയെ കാണും. രാത്രി യില്‍ കഥകള്‍ പറയും , ഉള്ള പൈസ മുഴുവനും കൊടുക്കും, രാവിലെ റൂമോലോട്ടു പോകും.
അങ്ങനെ ഗണേശോത്സവം വന്നു.
ഗോപാല്‍ രാവിലെ തന്നെ കാമാത്തിപുരയില്‍ എത്തി. അവനവിടെ കുറെ നേരം ചുറ്റി നടന്നു.
കമലയെ കണ്ടില്ല. 25 ആം തെരുവില്‍ കൂടെ നടന്നു. അവിടെയുണ്ടായിരുന്ന ചില ഗണികകളെ മുഖപരിചയം തോന്നി.. അവര്‍ ഗോപാലിനെ വിളിച്ചു. പക്ഷെ കമലയെ കണ്ടില്ല.
കമല അതിരാവിലെ ഒരു ജനലിന്റെ കമ്പി അറുത്തു പുറത്തു ചാടിയിരുന്നു. അവള്‍ക്കത് വളരെ എളുപ്പത്തില്‍ അറുക്കാന്‍ കഴിഞ്ഞു കാരണം ഉപ്പ് തേച്ചു പിടിപ്പിച്ചതുകൊണ്ടു അതിന്റെ ബലം കുറഞ്ഞിരുന്നു.
ആ പഴയ നൂറു രൂപ നോട്ടു അവള് വീണ്ടും വീണ്ടും നോക്കി.. 25 , കോല് വാരി വില്ലജ് റോഡ്, ബാന്ദ്ര .. അവള് ഓടി.. റെയില്‍വേ പാളങ്ങള്‍ ഒക്കെ കടന്ന് അവള് ഓടി..
അവള് 25 ആം നമ്പര്‍ വീട് കണ്ടുപിടിച്ചു . രണ്ടു നിലയുള്ള ഒരു പഴയ വീട്, അടുത്തടുത്ത് വീടുകള്‍, വിടവില്ലാതെ വീടുകള്‍, നിരനിരയായി. താഴെ കണ്ട ഒരാളോട് ചോദിച്ചു 'ഗോപാല്‍ എവിടെ താമസിക്കുന്നു ?'
അയാള്‍ ആംഗ്യം കാണിച്ചു മേലെ ആണെന്ന് .. തുരുമ്പെടുത്തു പൊളിയാറായ ചെറിയൊരു ഏണി ..
കമല വളരെ പ്രതീക്ഷയോടും കുറച്ചൊരു ഭയത്തോടും പടികള്‍ കയറി. താഴ് ഇട്ടിട്ടില്ല .. അവര്‍ കരുതി അവന് അകത്തു തന്നെ കാണും. വാതിലില്‍ മുട്ടി.. ആരും വാതില്‍ തുറന്നില്ല.. ചെറുതായൊന്നു തള്ളി.. ഇല്ല.. ആരും ഇല്ല. ആഞ്ഞൊന്നു ചവുട്ടി, വാതില്‍ മലക്കെ തുറന്നു..വലിയൊരു ശബ്ദത്തോടെ.
പ്രതീക്ഷിക്കാതെ വാതില്‍ തുറന്നപ്പോള്‍ അവള്‍ക്കു അടിതെറ്റി... അവള് ഭിത്തിയിലേക്കു ചെന്ന് വീണു. ആദ്യം കണ്ടത് ഏതോ ഒരു ബാങ്കിന്റെ കലണ്ടര്‍, മാര്‍ച്ച് 1995 നില്ക്കുന്നു , ഇപ്പോള്‍ ആയല്ലോ ആഗസ്ത് 1996 ..
കമല ഒരു നിമിഷം ആലോചിച്ചു, ഇവാന് എന്താ ഒന്നര വര്‍ഷം പിറകിലത്തെ കലണ്ടര്‍ വെച്ചിരിക്കുന്നത്?
അവള് വേറെ ഒരു ചുവരില്‍ നോക്കി.. അവള് ഞെട്ടിപ്പോയി.. അതില്‍ ഗോപാലിന്റെ വിവാഹ ഫോട്ടോ.
ഒരു സുന്ദരി പെണ്‍കുട്ടി.
അപ്പോള്‍ ഇവന് കല്യാണം കഴിച്ചതാണ്.. അവള്‍ക്കു ദേഷ്യം വന്നു.. കയ്യില്‍ ഉണ്ടായിരുന്ന കലണ്ടറിലെ കടലാസുകളെല്ലാം പറിച്ചെറിഞ്ഞു. കയ്യില്‍ കലണ്ടറില്‍ ഉണ്ടായിരുന്ന കമ്പി മാത്രം.. അവള് ആ ചെറിയ വീട് മുഴുവന്‍ പരിശോധിച്ചു .. രണ്ടു ബാഗുകള്‍ കണ്ടെത്തി.. പഴയ ഇരുമ്പു കട്ടിലിനു താഴെ..
ഓഹോ.. ഇവന് നാട് വിടാന്‍ പോവുകയാണെന്ന് കമലയ്ക്കു തോന്നി..
അവള് അറിയാതെ കലണ്ടര്‍ കമ്പിയിലെ മടക്കുകള്‍ നിവര്‍ത്തി.. അത് ഒരു സെന്റിമീറ്ററോളം വീതിയുള്ളതായി , മടക്കുകള്‍ നിവര്‍ത്തിയപ്പോള്‍. അവളതു ഒരു കത്തിപോലെ വീശി.. അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഭക്ഷണം പാകം ചെയ്യുന്ന മൂലയിലേക്ക് ചെന്നു , പരിശോധിച്ചു .. ഇല്ല, ഒന്നും ഇല്ല. ഒരു കഷണം ബ്രഡ് പോലും കിട്ടിയില്ല..
വിശപ്പുണ്ട്, രാവിലെ ഓടിത്തുടങ്ങിയതാണല്ലോ.. ഒരു ബക്കറ്റില്‍ ഉണ്ടായിരുന്ന വെള്ളം കുടിച്ചു അവിടെ തന്നെ ഇരുന്നു.. അവളുടെ കൈകള്‍ ചലിച്ചു.. കയ്യില്‍ ഉണ്ടായിരുന്ന കലണ്ടറിന്റെ കമ്പി നിലത്തുരഞ്ഞു ...അറിയാതെ .. എന്ത് ചെയ്യണമെന്നറിയാതെ അവള് കുഴങ്ങി..
അങ്ങനെ എത്ര നേരം അവള് അവിടെ ഇരുന്നതെന്നു അവള്‍ക്കറിയില്ലായിരുന്നു..
വൈകുന്നേരം ആയപ്പോള്‍ ഒരു ശബ്ദം കേട്ട് അവള് ഞെട്ടി.. കോണി കയറി ആരോ വരുന്നുണ്ട്..
ഗോപാല്‍ തന്നെ ആയിരിക്കും എന്ന് അവള് ഉറപ്പിച്ചു.. വാതിലിന്റെ പിറകില്‍ അവള് ഒളിച്ചു.
ഗോപാല്‍ അകത്തു കടന്നതും, അവള് കലണ്ടര്‍ കമ്പി അവന്റെ കഴുത്തില്‍ വലിച്ചു.
ഗോപാല്‍ ഒരു ശബ്ദത്തോടെ അകത്തേക്ക് വീണു..
അവന് ഇടറിയ ശബ്ദത്തില്‍ ചോദിച്ചു 'കമല നീ എവിടെയായിരുന്നു, ഞാന്‍ നിന്നെ തേടി കാമാത്തിപുരയില്‍ നടക്കുകയായിരുന്നു'
കമല ചോദിച്ചു : 'എന്തിനു , നിനക്ക് വേറെ ഒരുവള്‍ ഉണ്ടല്ലോ.. ' , ചില്ലിട്ടുവെച്ച ഫോട്ടോ അവള് അവനെ കാണിച്ചു..
ഗോപാല്‍ തുടര്‍ന്നു: അവള് എന്റെ ഭാര്യ ആയിരുന്നു, ഒന്നര വര്‍ഷം മുമ്പ് അവളെ ആരോ തട്ടി കൊണ്ടുപോയി, അല്ലെങ്കില്‍ കാണാതായി, അവള് അവിടെ ഉണ്ടെന്നു കേട്ട്, അവളെ തേടിയാണ് ഞാന്‍ കാമാത്തിപുരയില്‍ എത്തിയത്.'
മുറിയില്‍ മുഴുവന്‍ രക്തം പടര്‍ന്നു.. കമലയുടെ സാരിയിലും ..
ഗോപാലിന്റെ കണ്ണുകള്‍ അടയാന്‍ തുടങ്ങി..
കമല വിശ്വസിച്ചില്ല.. 'പിന്നെ നീ ബാഗൊക്കെ പാക്ക് ചെയ്തു എങ്ങോട്ടാണ് പോകാന്‍ ഒരുങ്ങുന്നത്'
അവന് ആഗ്യം കാണിച്ചു :'നിനക്കും എനിക്കും പോകാന്‍ വേണ്ടി.... '
6 Comments
ReplyDeleteഎന്നാ കഥയാ ചേട്ടാ ഇത്. കാമാത്തിപുരയിൽ ഗോപാൽ നിൽക്കുന്ന ചിത്രം ഞാൻ മനസ്സിൽ വരച്ചു. വളരെ ത്രില്ലിംഗ് ആയ കഥ. അപ്പോൾ ചേട്ടന് ത്രില്ലിർ കഥകളും എഴുതാൻ അറിയാം. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ
regards
BEE
This one a wonderful Thriller story. Felt like we are in Mumbai. All the very best Bro. Team Filmgappa.
ReplyDeleteവളരെ നന്നായിട്ടുണ്ട്....... Wish you all the best
ReplyDeleteസംഭവം അടിപൊളിയാണ്.... All the best
ReplyDeletePrem, wonderful story, enjoyed. All the best dear.
ReplyDeleteNice one.. കഥാപാത്രങ്ങളെ മനസ്സിൽ വരച്ചിട്ടുതന്നു.
ReplyDelete