ഇറങ്ങിപ്പോക്കുകള്‍ ♥ ബിന്ദു തേജസ്

malayalam-kavitha


ഹൃദയത്തിനേറ്റ  മുറിവില്‍നിന്നും ചോരവാര്‍ന്നു  തീരുന്നേയില്ലല്ലോ.
നിലവിളിക്കുന്ന കാറ്റിനെ കണ്ടില്ലെന്നു നടിച്ച്
നടന്നു മറയുന്ന ഓര്‍മ്മകളിലൂടെ
പ്രണയത്താല്‍  മുദ്രിതമാക്കപ്പെട്ട പേടകം പോലെ,
നിശ്ശബ്ദമായി നിനക്കൊപ്പം പോരാനും കഴിയുന്നില്ലല്ലോ.

ഇരുട്ടു നീട്ടിയ കരങ്ങള്‍ പിടിച്ചു നീയൊരിറങ്ങിപ്പോക്ക് നടത്തിയപ്പോള്‍
മനസ്  രുചിക്കുന്നത്  കൊടും കയ്പ്പ് മാത്രമാവുന്നു.

മുഖം  കൂടി മൂടി, മറയ്ക്കുമ്പോഴാണ് ആശുപത്രിയിലേക്കെത്തിയത്,
അപ്പോള്‍ മണിക്കിലുക്കം പോലെ ഒരു കുട്ടിയുടെ പൊട്ടിച്ചിരി വിദൂരതയില്‍നിന്നും  കേള്‍ക്കുന്നുണ്ടായിരുന്നു.
പൊരുത്തക്കേടുകളുടെ കടന്നല്‍ക്കുത്തേറ്റ് 
തളര്‍ന്നു പോകുമെന്നായപ്പോള്‍
ആശുപത്രിവരാന്തയില്‍ 
കാല്‍കുഴഞ്ഞിരുന്നുപോയി.

ആരോ വച്ചുനീട്ടിയ  ലഹരിയില്‍ പതഞ്ഞത്
നിന്റെ പ്രാണനാണെന്നറിഞ്ഞതേയില്ലല്ലോ..
പുതിയതായൊരു  വസന്തവും  വിരിയാനില്ലെന്ന നിന്റെ വാശിയും 
ഇളകിതുടങ്ങിയ  തടിപ്പാലം  പോലെ  ഉറപ്പില്ലാത്ത നിന്റെ മനസ്സും ഞാന്‍  കണ്ടില്ലല്ലോ.

വെറും തരിശായ സ്വപ്നനിലങ്ങളില്‍
ആശ്വാസത്തിന്റെ കുളിര്‍മഴ  പെയ്യിച്ച്
സ്‌നേഹത്തിന്റെ വിത്തുകള്‍ മുളപ്പിക്കാനും,
തിളക്കമൊഴിഞ്ഞ നിന്റെ കണ്ണുകളിലൊരു  ദീപം  കൊളുത്താനും
നിന്റെ വഴികളില്‍ നിറയെപ്പൂത്ത പൊന്‍കണിപ്പൂക്കളാവാനും
കഴിഞ്ഞില്ലല്ലോ.

കനല്‍  നിറച്ചൊരു കരളുമൊളിപ്പിച്ചു നീ  ചിരിച്ചു നിന്നതെന്തിനായിരുന്നു?
നിഗൂഢമായൊരിടത്തേക്ക് തനിച്ചു  നീയിറങ്ങിപ്പോകുമെന്നൊരിക്കലെങ്കിലും ഞാന്‍  കരുതാതിരുന്നതെന്തേ?

അനന്തമായി  നീളുന്ന  തീവണ്ടി പാതകള്‍  മാടിവിളിച്ചപ്പോള്‍
അരുതെന്ന് ഒരു പിന്‍വിളിക്കാനും എന്നെ യനുവദിച്ചില്ലല്ലോ.?
ആ കൈത്തലമമര്‍ത്തി  ഞാനുണ്ടെന്ന് പറയാനാവാതെ, നിന്നെയറിയാനാവാതെ
പൊള്ളിപ്പിടയുന്ന നെഞ്ചു തടവിയിരിക്കേ
ആംബുലന്‍സ്  റെഡിയായെന്നാരോ പറയുന്നു...
♥ Bindhu Thejas

Post a Comment

0 Comments