എന്റെ ഭാരത പര്യടനങ്ങള്‍ : ഭാഗം - പന്ത്രണ്ട് • മംഗലം ശിവന്‍

mangalam-sivan


ദൈവത്തിന്റ യാത്രാവഴികള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനമായ തൃപുരയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍ ഭാരതത്തിന്റെ സമതലങ്ങളിലൂടെ സഞ്ചരിച്ചു കുന്നും മേടും കാടുകളും താണ്ടി ഭീകരപ്രവര്‍ത്തനത്തിന്റെ തീച്ചൂളയിലുടെ  അങ്ങ് വടക്കു കിഴക്കന്‍ സംസ്ഥാനത്തേക്ക് ഒരു യാത്ര......, 

 അതത്ര സുഖമുള്ള തായിരുന്നില്ല ....,

തിരുവന്തപുരം ഗുവഹാട്ടി എക്‌സ്‌പ്രെസ്സില്‍ എറണാകുളം നോര്‍ത്തില്‍ നിന്ന് കയറുമ്പോള്‍ യൂണിഫോം ധാരികാളായ  ധാരാളം പട്ടാളക്കാരും  ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ . അതിര്‍ത്തി പ്രദേശത്തു യുദ്ധസമാനമായ അന്തരീക്ഷം . ലീവെടുത്തു പോയവരെയെല്ലാം കാമാന്റിങ് ഓഫിസര്‍ തിരിച്ചുവിളിക്കുകയാണുണ്ടായത് .പരസ്പരം പരിചയപെട്ടതിന്റെ ഇടവേളകളില്‍ കേരളാ അതിര്‍ത്തി വിടുന്നതിനുമുമ്പുതന്നെ തേര്‍ഡ് ഏ . സീ . കോച്ചിലെ പട്ടാളക്കാരുമായി ഞങ്ങളെല്ലാം സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു,

അങ്ങനെ ഞങ്ങള്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം ബ്രഹ്മപുത്ര കഴിഞ്ഞ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ഗുവഹാട്ടിയിലെത്തി.    

ഗുവഹാട്ടി ! ഭീകരാന്തരീക്ഷത്തിലാണ് മുന്നൂറ്റി അറുപത്തിയഞ്ച് ദിവസ്സവും ....,

ഏത് ദിവസവും എവിടെയും ബോംബു പൊട്ടാം ....

എങ്ങും മെഷ്യന്‍ ഗണ്ണേന്തിയ പട്ടാളക്കാരുടെ സെക്യൂരിറ്റി അലര്‍ട്ടുകള്‍ !

പിറ്റേദിവസ്സമായിരുന്നു ഞങ്ങളുടെ ഐതിഹാസികമായ യാത്ര . ഗുവാഹാട്ടിയില്‍ നിന്നും  ഭാരതത്തിന്റെവടക്കു കിഴക്കെ അതിര്‍ത്തിയായ അഗര്‍ത്തലയിലേക്കുള്ള യാത്ര ., ബംഗ്‌ളാദേശ് ചുറ്റിവേണം പോകാന്‍ .

ഡിസ്പൂരും ,കാമരൂപും , കൊക്രാജാറും കഴിഞ്ഞു  ആസാമിന്റെ അതിര്‍ത്തി പിന്നിട്ട്  മേഘാലയിലൂടെ യാത്രചെയ്യുംമ്പോള്‍ ആ പ്രദേശം വളരെ മനോഹരമായിത്തോന്നിയിരുന്നു . 

സ്‌കൂളില്‍ ചരിത്ര പുസ്തകത്താളില്‍ നിന്ന് കണ്ട് പഠിച്ച സ്ഥലങ്ങള്‍ ....!

പ്രിയപ്പെട്ട ചരിത്രാദ്ധ്യാപകന്‍ ആനന്ദന്‍ സാര്‍ പഠിപ്പിച്ച ചരിത്രത്താളിലെ സ്ഥലങ്ങള്‍ ...

 സമുദ്ര നിരപ്പില്‍നിന്നും  എത്രയോ അടി മുകളില്‍  മേഘങ്ങള്‍ ഞങ്ങളുടെ ബസ്സിനെ തട്ടിയുരുമ്മി പോയി. Adobe of clouds  ( മേഘങ്ങളുടെ ആലയം ). ചുമ്മാതല്ല മേഘാലയത്തിനു ആ പേര് വരാന്‍ കാരണം . പ്രഭാതത്തില്‍ സുന്ദരികളായ തരുണീമണികള്‍ അവരുടെ പരമ്പരാഗത വേഷത്തില്‍ കാടിറങ്ങി വന്നൂ . അപ്പോള്‍ അവരുടെ കയ്യില്‍  സുന്ദരമായ പച്ചക്കറികള്‍ നിറച്ച കുടകളും ഉണ്ടായിരുന്നു . ക്യാരറ്റും ബീറ്റ്റൂട്ടും തക്കാളിയും വലിയ ഉള്ളിയും ഇഞ്ചിയും ആപ്പിളും മുന്തിരിങ്ങയുമൊക്കെ വേരുകളും വള്ളികളും കളയാതെതന്നെ  അതേ രീതിയില്‍ മനോഹരമായി അടുക്കി  കൂടയിലാക്കി കൊണ്ടുവന്നിരുന്നത് കാണാന്‍ വളരെ ഭംഗിയായിരുന്നു  . അത് കൊണ്ടുവന്ന സുന്ദരികളെയെയും .  ചായ കുടിക്കാന്‍ വ്ണ്ടി  ഷില്ലോംഗിന്റെ 

ആ താഴ്വാരത്തു വണ്ടി നിര്‍ത്തിയപ്പോള്‍ പ്രാദേശികരായ യാത്രക്കാര്‍ അത് ആവശ്യാനുസരണം വാങ്ങിക്കൂട്ടി ..  ആടിയുലഞ്ഞുപോകുന്ന ഞങ്ങളുടെ ബസ്സ് പലപ്പോഴും ചതുപ്പു നിലങ്ങളിലൂടെയാണ് സഞ്ചരിച്ചിരുന്നത് . പല സ്ഥലത്തും വണ്ടി ചതുപ്പില്‍  പുതഞ്ഞു .  അങ്ങനെ  ലാക്ടോയി , കലയായി ബദല്‍പുര്‍ കരിംഗംഞ്ച്, ധര്‍മ്മനഗര്‍ ,സില്‍ച്ചാര്‍ ചുരായി ബാരി, അംബാസ്സ കിഷന്‍ ഗെഞ്ച് തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് ഏകദേശം രണ്ട് മണിയോടെ ബസ്സ്  പാനീസ് സാഗറിലെത്തി   . അരവിന്ദേട്ടന്‍ പറഞ്ഞു ;

'' ഇനി നാളെ പന്ത്രണ്ടു മണിയോടുള്ള കോണ്‍വോയ് സര്‍വ്വീസിനെ ബസ്സു പുറപ്പെടുകയുള്ളൂ . ഇവിടം മുതല്‍ കോണ്‍വോയ് സര്‍വ്വീസാണ് .  ഏതാണ്ട് നൂറും നൂറ്റമ്പതും വണ്ടി കാണും . അത് വരിവരിയായി പോകുമ്പോള്‍ മുന്നിലും പിന്നിലും ഇരു സൈഡിലും മെഷീന്‍ ഗണ്ണുമായി ബുള്ളറ്റ്  പ്രൂഫ് ധരിച്ച ആയുധ ധാരികളായ പട്ടാളക്കാര്‍   അകമ്പടി സേവിക്കുന്നുണ്ടാകും  . പട്ടാളക്കാരുടെ   അകമ്പടിയില്ലാതെ ഒരു വണ്ടിയും ഇവിടെനിന്നു പോകില്ല. ഇന്നത്തെ കോണ്‍വോയ് പന്ത്രണ്ടു മണിക്ക് പോയതേയുള്ളൂ . 

ഇത് ബോര്‍ഡോ കലാപകാരികളുടെയും നാഗാതീവ്രവാദികളുടെയും കേന്ദ്രമാണ് . ഏതുനിമിഷവും ഒരാക്രമണം പ്രതീക്ഷിക്കാം.

 ' അരവിന്ദേട്ടാ അത് ബോര്‍ഡോ കലാപകാരികള്‍ സര്‍ക്കാരിന് കീഴടങ്ങിയെന്നൊക്കെയാണല്ലോ പാത്രത്തില്‍ വായിച്ചത്...'

 ' അതൊരു വിഭാഗം മാത്രം . ഇന്നും ബോര്‍ഡോ ലാന്‍ഡിനുവേണ്ടി ആ കീഴടങ്ങല്‍ അംഗീകരിക്കാത്ത ഒരു വിഭാഗം ഈ വനത്തിനുള്ളില്‍ എവിടൊക്കെയോ പതിയിരുപ്പുണ്ട് . എവിടെയൊരു  സെക്യൂരിറ്റി പഴുതുണ്ടോ അവിടെ അവര്‍ പണിതരും ' 

സംശയങ്ങള്‍ ഒന്നിന് ബിപിന്നാലെ ഒന്നൊന്നായി മനോമുകുരത്തില്‍ തെളിഞ്ഞു അതറിഞ്ഞിട്ടെന്നോണം അരവിന്ദേട്ടന്‍ പറഞ്ഞു ..,

 ' ഇപ്പോഴും അവരുടെ ബോര്‍ഡോ ലാന്‍ഡിനു വേണ്ടിയുള്ള ആവശ്യം  ശക്തമാണ്  ഒരു ചാന്‍സു കിട്ടിയാല്‍ അവര്‍ എവിടെങ്കിലുമൊക്കെ ബോംബ് വെച്ചിരിക്കും '

അതും കൂടെ കേട്ടപ്പോള്‍ തണുപ്പിനോടൊപ്പം ഭയം മനസ്സിലേക്ക് വല്ലാതിരച്ചുകയറി...,

' ഈശ്വരാ  എരിതീയില്‍നിന്ന് വറചട്ടിയിലേക്കോ '

മനസ്സ് പറഞ്ഞത് അപ്പോള്‍ അങ്ങനെയാണ് ....

ഒരു രാത്രി സെക്യൂരിറ്റി അകം മ്പടിയോടെ അവിടെ ബസ്സില്‍ കഴിച്ചു കൂട്ടി...

പത്തുമണിയായപ്പോഴക്കും മുന്നിലും പിന്നിലുമായിട്ടു വാഹനങ്ങളുടെ നീണ്ട നിര . യന്ത്രതോക്കേന്തിയ പട്ടാളവാഹനങ്ങളുടെ അകമ്പടികള്‍ ., അവര്‍ ഒരു കറുത്ത തുണികൊണ്ടു മുഖം മൂടി തലവഴി കെട്ടിയിട്ടുണ്ടായിരുന്നു ..,          അന്നത്തെ കോണ്‍വോയ് സര്‍വീസിനുള്ള സന്നാഹങ്ങള്‍ ഏതാണ്ട് റെഡിയായിക്കഴിഞ്ഞിരുന്നു . മുഖം മറച്ചു കെട്ടിയ ആയുധ ധാരികളായ കമാന്‍ഡോകള്‍ തങ്ങളുടെ ജീപ്പില്‍ പാഞ്ഞു..,

ഞാനാലോചിച്ചു  ഈ മുഖം മുടികളില്‍ എന്റെ നാട്ടിലുള്ള പട്ടാളക്കാരാരെങ്കിലും ....? അവരെല്ലാം വര്‍ഷങ്ങളായി പട്ടാളത്തിലായിരുന്നല്ലോ . ചിലരൊക്കെ ആസ്സാമിലും മേഘാലയത്തിലും ദിമാപുരിലുമാണെന്നു കേട്ടിട്ടുണ്ട് വര്‍ഷത്തിലൊരിക്കല്‍ ലീവിന് വരുമ്പോള്‍ അടുത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൊണ്ടുവരുന്ന കോട്ട കൊടുത്തിട്ടില്ലെങ്കില്‍ അതിന്റെ പേരില്‍ പലരും കുറ്റം പറയുന്നത് കേട്ടിട്ടുണ്ട് .അവരാരെങ്കിലും  ഇവരനുഭവിക്കുന്ന  കഷ്ട പ്പാടുകള്‍ കണ്ടാല്‍ ...

വീശിയടിച്ച ഒരു വിശിലിന്റെ   ശബ്ദം മുഴങ്ങി  കോണ്‍വോയ് സര്‍വീസ് തുടങ്ങാനുള്ള സിഗ്‌നല്‍ ! എല്ലാവരും അലര്‍ട്ടായി ..,

വാഹനങ്ങള്‍ ഒന്നിന് പിന്നെ ഒന്നായി ഉറുമ്പു ഇഴയുന്നപോലെ  നീങ്ങിത്തുടങ്ങി . ചിലപ്പോള്‍ ചതുപ്പിലൂടെ , ചിലപ്പോള്‍ സമതലത്തിലൂടെ   ചിലപ്പോള്‍ ഭീകര  വനത്തിലൂടെ ആടിയുലഞ്ഞു ആ വാഹനങ്ങള്‍ പട്ടാള അകമ്പടിയോടെ ഒന്നിന് പിന്നാലെ ഒന്നായി നീങ്ങികൊണ്ടിരുന്നൂ.., പല മലമടക്കുകള്‍ക്കു മുകളിലും ചാക്കുകള്‍ കൊണ്ട് ബങ്കറുകളൂണ്ടാക്കി മെഷിന്‍ ഗണ്‍  ചൂണ്ടിപ്പിടിച്ചു പട്ടാളക്കാര്‍ ജാഗരൂകരായി നിന്നൂ . അവരുടെ മനസ്സില്‍ അപ്പോള്‍ നാട്ടിലുള്ള ഭാര്യയോ  അവരുടെ അമ്മയോ  അച്ഛനോ   , സഹോദരിമാരോ കൂടപ്പിറപ്പുകളോ സുഹൃത്തുക്കളോ ആരുമുണ്ടായിരുന്നില്ല . അവരുടെ മുന്നില്‍ ഏതുനിമിഷവും വന്നു പെട്ടേക്കാവുന്ന ബോഡോ കലാപകാരികളോ അതുമല്ലെങ്കില്‍ നാഗാതീവ്രആദികളോ ആയിരുന്നു . അവര്‍ എല്ലാ വികാരവു വെടിഞ്ഞു ആ കൊടുംകാട്ടില്‍  കൊടും    തണുപ്പില്‍ രാജ്യത്തിനു വേണ്ടി കാവല്‍ നിന്നൂ. അവരുടെ തോക്കിന്‍ കുഴലിലായിരുന്നൂ കോണ്‍വോയ് സെര്‍വീസില്‍ യാത്രചെയ്തവരുടെ ജീവന്‍ . തിരിഞ്ഞുവരുന്ന ഓരോ മലമടക്കുകളിലും പട്ടാളക്കാരുണ്ടായിരുന്നു .   .  മണല്‍ച്ചാക്കുകള്‍ നിറച്ച ബങ്കറുകള്‍ക്കു ഇടയില്‍ മാര്‍ജ്ജാര ദൃഷ്ടിയോടെ അവര്‍ ജാഗരൂകരായി നിന്നു .

' ഈശ്വരാ എത്ര അപകടത്തിലാണ് ഇവര്‍ ജോലിചെയ്യുന്നത് ...? '

സമയം ഇരുട്ടി തുടങ്ങി..., 

 പെട്ടന്നാണ് കാടിനുള്ളില്‍ നിന്നും അല്പം അകലെയായി  ഒരു സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടത് . പിന്നീട് തുടരെ തുടരെ അത് കേട്ടു  ബസിലുണ്ടായിരുന്ന ആളുകള്‍ ജാഗരൂകരായി . കാടിനുള്ളിലെവിടെയോ  ബോഡോ കലാപകാരികളും പട്ടാളവും തമ്മില്‍ പോരാട്ടം നടക്കുകയാണ്. ഇടക്കിടക്ക് കേള്‍ക്കുന്ന വെടിയൊച്ചകള്‍ ഞങ്ങളെ ഏറെ ഭീതിതരാക്കി

 കോണ്‍വോയ് സര്‍വീസിന് അകമ്പടിയായി വന്ന സെക്യൂരിറ്റി കമാണ്ടോകള്‍ ഏറെ ജാഗരൂകരായി ഞങ്ങളെ അനുഗമിച്ചു .  യാത്രക്കാര്‍ ശബ്ദമടക്കി   വാഹനത്തിലി രുന്നു . ഒന്നും കാണാന്‍ വയ്യ ! കുടത്തിലെ ജലം പോലെ വാര്‍ന്നു പോയ ധൈര്യവുമായി കമ്പികളില്‍ മുറുകെ പിടിച്ചു കണ്ണടച്ചിരുന്നു . 

അപ്പൊഴാലോചിച്ച് പോയി ബോര്‍ഡോ കലാപകാരികള്‍ എങ്ങാനും ഞങ്ങളുടെ അടുത്തേക്ക് വന്നാലോ.....?

നടുക്കുന്നതായിരുന്നു ആ ചിന്ത !

ജീവന്‍ പണയം വെച്ചുള്ള ഒരു യാത്ര!

എത്ര നേരം അങ്ങനിരുന്നു എന്നറിയില്ല . ബോധം വന്നപ്പോള്‍ വണ്ടി അഗര്‍ത്തലയില്‍ എത്തിയിരുന്നു ....?

എന്തുതന്നെയായിരുന്നാലും യാതൊന്നും സംഭവിക്കാതെ അഗര്‍ത്തലയില്‍ ഞങ്ങള്‍ മൂന്നാമത്തെ  ദിവസം പത്തുമണിയോടെ ഇറങ്ങി . ദൈവത്തിന്റെ അദൃശ്യമായ ഒരു സാന്നിധ്യം ഞങ്ങളെ അനുഗമിച്ചിരുന്നോ ..?

അങ്ങനെ വിശ്വസിക്കാനാണ് അപ്പോഴെനിക്ക് തോന്നിയത് .


 അപ്പോഴേക്കും വീട്ടില്‍ നിന്നും യാത്ര തിരിച്ചിട്ടു ഏതാണ്ട് ഏഴ് ദിവസം പിന്നിട്ടു കഴിഞ്ഞിരുന്നു . നാലു ദിവസം ട്രെയിനിലും ഒരു ദിവസം ഗുവഹാട്ടിയിലും   രണ്ടു ദിവസം  ബസ്സിലും.

എല്ലാം സ്വപ്ന മായിരുന്നോ കഴിഞ്ഞ നിമിഷങ്ങള്‍  . ഭീതിതമായ ഒരു സ്വപ്നത്തിനും ജാഗ്രത്തിനും ഇടയിലൂടെ കടന്നുപോയ നിമിഷങ്ങള്‍ക്കുശേഷം  വളവനാട്ടുകാരന്‍ എന്റെ സുഹൃത്തുമായി അഗര്‍ത്തലയില്‍  ബസ്സിറങ്ങുമ്പോള്‍ അവിടെ ഞങ്ങളുടെ മറ്റു രണ്ടു സുഹൃത്തുക്കള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു . അവരോടു ഒന്നും പറഞ്ഞില്ല .

അവരും ഇതൊക്കെ തന്നെ അനുഭവിച്ചിട്ടുണ്ടാകുമല്ലോ ...

 അവരുടെ കൂടെ കോര്‍ട്ടേഴ്സിലേക്കു വണ്ടിയില്‍ കയറുമ്പോള്‍ ഒന്നുടെ തിരിഞ്ഞു നോക്കി .ഏതെങ്കിലും ബോര്‍ഡോ തീവ്രവാദികള്‍ പിന്നാലെയുണ്ടോ എന്ന്.

അപ്പോഴാണ് അലാറം മുഴക്കിക്കൊണ്ട് ഒരു വി  . ഐ .  പി .  വണ്ടി അപ്പുറവും ഇപ്പുറവും പത്തോളം വണ്ടിയുടെ അകമ്പടിയോടെ  ഞങ്ങളെ കടന്നു പോയത് . അപ്പോള്‍ കൂടുണ്ടായിരുന്നു  സുഹൃത്ത്  പറഞ്ഞു 

ഇവിടുത്തെ ചീഫ്  സെക്രട്ടറിയാണ് .. മുഖ്യമന്ത്രിയെക്കാള്‍ സെക്യൂരിറ്റിയിലാണ് അദ്ദേഹം പോകുന്നത്

അങ്ങനെ ജാതകത്തില്‍ കുറിക്കപ്പെട്ടു മൂന്നുമാസത്തെ ത്രിപുര ജീവിതത്തിനു തയ്യാറായി ഞങ്ങള്‍ അഗര്‍ത്തലയില്‍ ഞങ്ങളുടെ  താവളത്തിലേക്ക് പോകുമ്പോള്‍ ഐതിഹാസി മായ ഒരു യാത്രയുടെ ഭീതി തമായ  തിരിശേഷിപ്പുകള്‍ മനസ്സില്‍ കനത്ത് കിടന്നിരുന്നു.

(അടുത്ത ലക്കം മറ്റൊരു അനുഭവവുമായി)

Signing Out from

Mangalam Sivan)


Post a Comment

0 Comments