ആകാശം ഇരുണ്ട മേഘങ്ങളാല്‍ മൂടപ്പെട്ടിരുന്നു... അവയ്ക്ക് പശ്ചാത്തല താളം പോലെ പെട്ടെന്ന് മഴ പെയ്തു. മഴത്തുള്ളികള്‍ വീണ മണ്ണിന്റെ ഗന്ധം ഞാനറിയുന്നുണ്ടായിരുന്നു , ആകാശത്ത് ഇടിമുഴക്കം കേള്‍ക്കാം, മഴത്തുള്ളികള്‍ എന്റെ മുഖത്ത് സ്പര്‍ശിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു , ഞാന്‍ എന്റെ കണ്ണുകള്‍ പതിയെ തുറന്നു... ചുറ്റിനും കുറേപേര്‍, ഞാന്‍ സ്‌നേഹിച്ചവരും, എന്നെ സ്‌നേഹിച്ചവരും, ഒപ്പം എന്നോട് പിണങ്ങിയവരും... ഞാന്‍ പതിയെ അവിടെ നിന്നും എണീറ്റു, എന്നാല്‍ ആരും എന്നെ നോക്കുന്നുണ്ടായിരുന്നില്ല. എവിടേക്കോ നോക്കി കരയുന്നു, ചിലര്‍ ഒന്നും പറയാതെ തലകുമ്പിട്ടു നില്‍ക്കുന്നു, മറ്റ് ചിലര്‍ കണ്ണുകള്‍ അടച്ചു ഇരിക്കുന്നു...
ഒന്നും മനസ്സിലാകാത്ത ഒരു കുഞ്ഞിനെപ്പോലെ ഞാന്‍ എന്റെ മുറി ലക്ഷ്യമാക്കി നടന്നു, പക്ഷേ പെട്ടെന്ന് ഒരു നിലവിളി കേട്ട് ഞാന്‍ വീടിന്റെ മുറ്റത്തേക്ക് ഓടി. അവിടെ കണ്ട കാഴ്ച എന്നെ നിശ്ചലമാക്കി. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാന്‍ അതിനടുത്തേക്ക് കുതിച്ചു, അത് എങ്ങനെ സത്യമാകും, ഞാന്‍ ഇവിടെ ഇങ്ങനെ നില്‍ക്കുമ്പോള്‍, അവിടെ എങ്ങനെ നിശ്ചലമായി കിടക്കും . എന്തുകൊണ്ട് ആരും എന്നെ നോക്കുന്നില്ല.. കേള്‍ക്കുന്നില്ല...ഞാന്‍ എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടി, പക്ഷേ നിരാശയായിരുന്നു ഫലം . അവര്‍ക്ക് മാത്രമല്ല, എന്റെ ശബ്ദം കേള്‍ക്കാനോ എന്നെ കാണാനോ ആര്‍ക്കും കഴിഞ്ഞില്ല. ഏതോ സ്വപ്നം പോലെ ഞാന്‍ ഉണരാന്‍ ശ്രമിച്ചു, എന്നിലേക്ക് മടങ്ങാന്‍ ശ്രമിച്ചു, പക്ഷേ പ്രയോജനം ഉണ്ടായിരുന്നില്ല.
എന്റെ ശവസംസ്‌കാര ചടങ്ങിന് വന്ന ഓരോ മുഖങ്ങളിലേക്ക് എന്റെ കണ്ണുകള്‍ പോയി , ചേര്‍ന്ന് നിന്ന സൗഹൃദങ്ങള്‍, ചിലതൊക്കെ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കാണാന്‍ ആഗ്രഹിച്ചവയായിരുന്നു. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെയും പിണക്കം നടിച്ചവര്‍..മരണം വേദനാജനകമായ സത്യമാണ് എന്നാല്‍ എന്നെ പോലെ ഒരുപാട് പേര് ആഗ്രഹിച്ചിട്ടുണ്ടാവാം മരിക്കുമ്പോള്‍ കണ്ണീരൊഴുക്കുന്നതിനു പകരം ജീവിച്ചിരിക്കുമ്പോള്‍ സംസാരിക്കുകയും, കാണാന്‍ വരുകയും, പിണക്കങ്ങള്‍ മാറ്റുകയും ചെയ്തിരുന്നെങ്കില്‍ എന്ന്.
പക്ഷെ ആനി ഫ്രാങ്ക് പറഞ്ഞത് എത്ര ശരിയാണ്..മരിച്ച ആളുകള്‍ക്ക് ജീവനുള്ളതിനേക്കാള്‍ കൂടുതല്‍ പൂക്കള്‍ ലഭിക്കും എന്ന് കാരണം പശ്ചാത്താപം നന്ദിയേക്കാള്‍ വലുതാണ്...ഇനിയും ലോകം അറിയണം വെറുപ്പ് നിലനിര്‍ത്താന്‍ മാത്രം ജീവിതം വളരെ ചെറുതാണ്..ആരോടും ദേഷ്യവും വെറുപ്പും സൂക്ഷിക്കാതിരിക്കുക , ഉള്ളിലെ സ്‌നേഹം പുറത്തു കാണിക്കുക, കാരണം ജീവിതത്തില്‍ നാളെ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല..ഒരിക്കല്‍ കൂടി എന്റെ ശവകുടീരത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് നട്ടുപിടിപ്പിച്ച ഒരു ചെറിയ വെളുത്ത റോസാപൂവിന്റെ ചെടി ഞാന്‍ കണ്ടു.. ആ ഇതളുകള്‍ക്ക് ഒരു കഥ പറയാനുണ്ടാകും എന്നതിനാല്‍ ഞാന്‍ പുഞ്ചിരിച്ചു . എനിക്ക് പോകാനുള്ള സമയമാണിത്, എന്റെ ഓര്‍മ്മകള്‍ എല്ലായിടത്തും ഉണ്ടാകും, ആ ഇതളുകളില്‍ പോലും. ഞാന്‍ ഇല്ലാത്ത ലോകത്ത് എനിക്കായി ആ വെളുത്ത റോസാ ചെടി പൂക്കട്ടെ...!
#ABHIRAMI ANIL
5 Comments
കഥ നന്നായിട്ടുണ്ട്
ReplyDeleteThankyou
DeleteGreat My Dear Writer 😍❤️
ReplyDeleteThankyou
DeleteYou said truth ....
ReplyDelete