കാര്‍ ബ്രേക്കിട്ടതും അവര്‍ ധൃതിയിലിറങ്ങി അയാളുടെ വീട് ലക്ഷ്യം വച്ച് നടന്നു. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച നേതാവായിരുന്നു മുമ്പില്‍. തൊട്ടു പിറകിലായി ബാക്കിയുള്ളവരും. കാട്ടു തെച്ചികള്‍ പൂത്തുനില്‍ക്കുന്ന വേലിക്കെട്ടുകള്‍ കഴിഞ്ഞതും നേതാവ് എല്ലാവരോടുമായി പറഞ്ഞു .
'ഇനി ഈ കാര്യത്തിന് ഒരു സന്ധിസംഭാഷണവുമായി വരേണ്ടി വരില്ല. ഇത് ഫൈനല്‍ '.
'ഏതു കിറാമുട്ടി പ്രശ്‌നങ്ങളും പുഷ്പം പോലെ പരിഹരിക്കാന്‍ സാറിന് അപാരമിടുക്കാണ്. അതുകൊണ്ടാണ് ഇത്രയും നാള്‍ ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നത് '.
സെക്രട്ടറിയുടെ അഭിപ്രായത്തെ പ്രസിഡന്റും മറ്റു മൂന്നു പേരും ശരിവച്ചു.
അവര്‍ ഒതുക്കുപടികള്‍ കയറി ഉമ്മറത്തെത്തുമ്പോഴേയ്ക്ക് നമുക്ക് ഭൂതകാലത്തിന്റെ അടരുകളിലേയ്‌ക്കൊന്ന് ഊളിയിട്ടിറങ്ങിച്ചെല്ലാം.
ഇന്ന് നിരന്ന് കിടക്കുന്ന ഈ പ്രദേശമൊക്കെയും ഒരു കാലത്ത് കിഴക്കേടത്ത് തറവാട്ടുകാരുടെ കുന്നുമ്പറമ്പും പാടവുമൊക്കെയായിരുന്നു. കാര്യസ്ഥന്‍മാരുടെ കൈമിടുക്ക് കൊണ്ടും തറവാട്ടിലെ തന്നെ ചില ഏമ്പോക്കികളുടെ പിടിപ്പുകേടുകൊണ്ടും പലതും പലരുടേതുമായി. അഞ്ചേക്കര്‍ തെങ്ങിന്‍ പറമ്പും ഒന്നൊന്നരയേക്കര്‍ പാടവും തറവാട് വീടും, ഭാഗം കഴിഞ്ഞപ്പോള്‍ കിഴക്കേടത്തെ ഇളയ സന്തതിയായ രാമനുണ്ണിയുടെതായി. അദ്ദേഹത്തിന് ആണും പെണ്ണുമായി വയ്യാത്ത ഒരു സന്തതിയെ ഉണ്ടായിരുന്നുള്ളു. അകത്തളങ്ങളിലൂടെ നിരന്ന് നീങ്ങി അവനങ്ങനെ വളര്‍ന്നു.
ആ വലിയ തറവാടിന്റെ അടുത്തു തന്നെയായി ഒരു വലിയ തൊഴുത്ത്. അഞ്ചഞ്ചരക്കന്നും, പൈക്കളും പുല്ലുട്ടിയും കല്ല് തൊട്ടികളുമൊക്കെയായി ആ തൊഴുത്തിന്റെയത്രയും പോന്ന വീടുകള്‍ അന്ന് ആ നാട്ടില്‍ വിരളമായിരുന്നു.
മുട്ടിലിഴഞ്ഞ് നിരങ്ങി നീങ്ങുന്ന മകന് കൂട്ടായി , അമ്മാവന്‍വീട്ടില്‍ ഒരധികപറ്റായി താമസിച്ചിരുന്ന തങ്കമണിയെ വധുവായി കണ്ടെത്തി. കല്ല്യാണം കഴിഞ്ഞ് പത്ത് മാസം തികയുന്നതിന് മുമ്പെ തങ്കമണി പ്രസവിച്ചു. കുട്ടിയുടെ തലവെട്ടം കണ്ട് അധികം താമസിയാതെ തങ്കമണിയുടെ ഭര്‍ത്താവ് മരിയ്ക്കുകയും ചെയ്തു. അങ്ങനെ തന്തയെ കൊല്ലി എന്ന പേര് അകത്തുള്ളവരും, അത് തങ്കമണി വരുമ്പോള്‍ തന്നെ ഉളളില്‍ മുളപൊട്ടിയ വിത്താണെന്ന് നാട്ടുകാരും സ്വകാര്യമായി പറഞ്ഞു നടന്നു. വീണുപോയ മരമായതുകൊണ്ടും ഒന്ന് താങ്ങി നിര്‍ത്താന്‍ ആരോലുമില്ലാത്തതു കൊണ്ടും ആ അമ്മയും മകനും രണ്ടാംകിട പൗരന്‍മാരായാണ് അവിടെ കഴിഞ്ഞു കൂടിയത്.
അവനൊരു നാലഞ്ച് വയസ്സുളളപ്പോഴാണ് , കന്നുകളെയും പശുക്കളെയും നോക്കാനായി അയാള്‍ അവിടെ എത്തിയത്. അവനേക്കള്‍ ആറോ ഏഴോ വയസ്സേ അയാള്‍ക്ക് കൂടുതലുണ്ടാകൂ. മൂന്ന് നേരത്തെ അന്നത്തിന് വേണ്ടി മക്കളെ പല വീടുകളിലായി പണിക്ക് നിര്‍ത്തുന്നതും അക്കാലത്തെ ഒരു പതിവ് കാഴ്ച്ചയായിരുന്നു .
രാവിലെ തൊഴുത്ത് വൃത്തിയാക്കലും കറവയുമൊക്കെ കഴിഞ്ഞാല്‍ അയാള്‍ തൂക്കുപാത്രത്തില്‍ കഞ്ഞിയുമായി കന്നിനേയും തെളിച്ച് മേച്ചില്‍പുറങ്ങളിലേയ്ക്ക് പോകും. അവ മറ്റു കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങാതെ , പാറക്കെട്ടുകളില്‍ നിന്ന് ഉരസി വീഴാതെ , കയറ് കഴുത്തില്‍ ചുറ്റിപ്പിണയാതെ കാവലായി അയാള്‍ കൂടെയുണ്ടാവും. വയറു നിറഞ്ഞാല്‍ പാറക്കുഴികളിലെ വെള്ളവും കുടിച്ച് ദാഹമകറ്റി അവ തണലു നോക്കി ഒരിടത്ത് കിടക്കും. ആ സമയം എല്ലാ വീടുകളിലെയും കുട്ടികള്‍ ഒന്നിച്ചു കൂടും.പിന്നെ കളിച്ച് തിമര്‍ക്കലാണ് . മരമായ മരങ്ങളിലൊക്കെ പൊത്തിപ്പിടിച്ച് കയറി, പഴമായ പഴമൊക്കെ പറിച്ച് തിന്ന് തെളിനീര്‍ ചോലകളില്‍ നീന്തിത്തുടിച്ച് അവര്‍ മതിമറന്ന് രസിക്കും. വൈകുന്നേരമാവുമ്പോള്‍ അവറ്റകളെ കുളിപ്പിച്ച് വീട്ടിലേയ്ക്ക് കൊണ്ടു പോരും. അവയ്ക്ക് വെള്ളം കാട്ടിക്കഴിഞ്ഞാല്‍ പിന്നെ ഊണും കഴിച്ച് പൂമുഖത്ത് പായ വിരിച്ച് കിടക്കും. ആ സമയം തങ്കമണിയുടെ മകന്‍ അറയിലിരുന്ന് പഠിക്കുകയായിരിക്കും. സ്വതവെ അന്തര്‍മുഖനായിരുന്ന അവന്റെ ഒരേയൊരു ചങ്ങാതി അയാളായിരുന്നു. അവന്‍ അയാളെ എഴുത്തും വായനയും പഠിപ്പിച്ചു. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലമായപ്പോഴേയ്ക്കും പൂമുഖത്തിരുന്നായി അവന്റെ പഠിത്തം.
രണ്ടു പേരും വായിച്ച് വായിച്ചങ്ങനെ ഒരു പായില്‍ കെട്ടിപ്പിടിച്ചുറങ്ങുന്നതും പതിവായിരുന്നു. എല്ലാവരും ഉണരും മുമ്പ് അവര്‍ എഴുന്നേല്‍ക്കുന്നതിനാല്‍ ആരും അതൊന്നും അറിഞ്ഞിരുന്നുമില്ല.അവന്‍ കോളേജില്‍ പഠിക്കാന്‍ പോയ കാലത്താണ് അവന്റെ മുത്തശ്ശി മരിച്ചതും മുത്തച്ഛന്‍ പടിയിറങ്ങിയതും.
പഠിത്തമൊക്കെ കഴിഞ്ഞപ്പോള്‍ അവന് ഇംഗ്ലണ്ടില്‍ ജോലി കിട്ടി. സത്യം പറഞ്ഞാല്‍ അവനതൊരു സ്വയം രക്ഷപ്പെടലായിരുന്നു.
ആ വലിയ വീട്ടില്‍ തങ്കമണിയും അയാളും മാത്രമായി . അവന് കത്തുകള്‍ എഴുതിയെഴുതി അവര്‍ കാത്തിരുന്നു. അവന്‍ വല്ലപ്പോഴുമൊരിക്കല്‍ മറുപടിയെഴുതി. പിന്നെപ്പിന്നെ അതും കുറഞ്ഞു.
അഞ്ചെട്ട് കൊല്ലം കഴിഞ്ഞു കാണും. ഒരു പുലര്‍ച്ചയ്ക്ക് ഒരു മദാമയേയും കൊണ്ട് അവന്‍ വന്നു. പെട്ടെന്നുണ്ടായ ആന്തലിലും ആളലിലും ആടിയുലഞ്ഞ അവര്‍ വാതിലടച്ചു . അമ്മയുടെ ഒരു വിളി കാത്ത് മകന്‍ പുറത്തും മകന്റെ ഒരു വിളിയ്ക്കായ് അമ്മ അകത്തും കാത്തിരുന്നു. സങ്കടങ്ങള്‍ പ്പെരുമഴയായി പെയ്ത് തോര്‍ന്ന നേരം അമ്മ വാതില്‍ തുറന്നു. പക്ഷേ പുറത്താരും ഉണ്ടായിരുന്നില്ല . ദിവസം ചെല്ലുന്തോറും കൂടിക്കൂടി വന്ന തിക്കുമുട്ടലില്‍ അവര്‍ ആകെ ഉരുകിയൊലിച്ചു. പിന്നെ ഉരിയാടലും കുറഞ്ഞു. പതുക്കെ പതുക്കെ അകത്തളത്തിലെ ഇരുട്ടിനെയും കെട്ടിപ്പിടിച്ച് ഒരേയി രുപ്പായി . അവരെ കുളിപ്പിച്ചും ഉടുപ്പിച്ചും ഊട്ടിയും ഉറക്കിയും ഒരുമകനെപ്പോലെ അയാള്‍ കൂടെ നിന്നു. ഏറെക്കാലം ഉഷ്ണിച്ച് നരകിച്ച് കിടന്ന് ഒടുവിലവര്‍ വേദനയില്ലാ ലോകത്തേയ്ക്ക് യാത്രയായി.
കമ്പിയടിച്ച് നേരത്തോട് നേരം മകനെയും കാത്തിരുന്നു. വരില്ലെന്ന് ഉറപ്പായപ്പോള്‍ ആ തൊഴുത്തിന്റെ കുറച്ചപ്പുറത്തായി അവരെ അടക്കി .
മൂന്നാം ദിവസം മകന്‍ എത്തി. പതിനാറടിയന്തിരം കഴിയുന്നതിന് മുമ്പ്, പറമ്പും വീടും ഒക്കെവിറ്റു.
പക്ഷേ ആ തൊഴുത്തും അതിന് ചുറ്റുമുള്ള കുറച്ചു മണ്ണും അയാള്‍ക്ക് കൊടുത്തി ട്ടാണ് അവന്‍ മടങ്ങിയത്.
ചിലപ്പോള്‍ അമ്മയെ നോക്കിയതിനുള്ള കൃതജ്ഞതയാവാം..അതല്ലെങ്കില്‍ അമ്മയെ അടക്കിയ മണ്ണിനോടുള്ള പ്രതിപത്തിയാവാം. അതുമല്ലെങ്കില്‍ ആ പഴയ നനവോര്‍മ്മയുമാകാം അയാള്‍ ആ തൊഴുത്തിനോട് ചേര്‍ന്ന് ഒരു ചായ്പ്പ് കെട്ടി അതില്‍ താമസമാക്കി.
കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു മഴയും വെയിലും മഞ്ഞും മാറി മാറി വന്നു കൊണ്ടിരുന്നു. കൃഷിയും കന്നും നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരുന്നു. അയാള്‍ക്ക് കന്നുകളെയൊക്കെ വില്‍ക്കേണ്ടിയും വന്നു.
ഒരു കൂട്ടു വേണം എന്ന ചിന്ത മനസ്സില്‍ ഉദിച്ചപ്പോഴാണ് ഒരു മ്യൂച്ചല്‍ ട്രാന്‍സ്ഫറിന്റെ കാര്യം അയാള്‍ ചിന്തിച്ചത്.
ഒരു കൂട്ടു വേണം എന്ന ചിന്ത മനസ്സില്‍ ഉദിച്ചപ്പോഴാണ് ഒരു മ്യൂച്ചല്‍ ട്രാന്‍സ്ഫറിന്റെ കാര്യം അയാള്‍ ചിന്തിച്ചത്.
ആ വലിയ തൊഴുത്ത് പുതുക്കി പണിത് അയാള്‍ അങ്ങോട്ടും ഓല മേഞ്ഞ ചായ്പ്പ് ഇത്തിരി പൊക്കത്തില്‍ കെട്ടി പശുക്കളെ തിരിച്ചും മാറ്റി. അതില്‍ ആ ഇരുകാലിക്കെന്ന പോലെ നാല്‍ക്കാലികള്‍ക്കും പൂര്‍ണ സമ്മതവുമായിരുന്നു.
അയാളുടെ ഗ്രാമത്തിലൂടെ , ഹൈവേകളെ ബന്ധിപ്പിച്ച് അരങ്ങേറിയ ആ ബൈപ്പാസ് റോഡ്, ഗ്രാമചന്തത്തെ തീര്‍ത്തും ഇല്ലാതാക്കി നഗരച്ചേല അണിയിച്ചു തുടങ്ങി.
കണ്ണ് തുറക്കും വേഗത്തിലാണ് കുന്നിന്‍ ച്ചെരിവുകളില്‍ വില്ലകള്‍ മുളച്ചുപൊന്തിയത്. ഒഴിഞ്ഞ പറമ്പുകള്‍ ഹൗസിംഗ് കോളനികളായി മാറി. വയലുകള്‍ നികത്തപ്പെട്ടു. ആകാശം മുട്ടുന്ന ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉയര്‍ന്നു പൊങ്ങി. അനാദിക്കടകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ചായപ്പീടികകള്‍ ഫാസ്റ്റ്ഫുഡുകള്‍ക്കും വഴിമാറിക്കൊടുത്തു.
ഓടിട്ട വീടുകള്‍ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരുന്നു.
അയാളുടെ ഗ്രാമത്തിലൂടെ , ഹൈവേകളെ ബന്ധിപ്പിച്ച് അരങ്ങേറിയ ആ ബൈപ്പാസ് റോഡ്, ഗ്രാമചന്തത്തെ തീര്‍ത്തും ഇല്ലാതാക്കി നഗരച്ചേല അണിയിച്ചു തുടങ്ങി.
കണ്ണ് തുറക്കും വേഗത്തിലാണ് കുന്നിന്‍ ച്ചെരിവുകളില്‍ വില്ലകള്‍ മുളച്ചുപൊന്തിയത്. ഒഴിഞ്ഞ പറമ്പുകള്‍ ഹൗസിംഗ് കോളനികളായി മാറി. വയലുകള്‍ നികത്തപ്പെട്ടു. ആകാശം മുട്ടുന്ന ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉയര്‍ന്നു പൊങ്ങി. അനാദിക്കടകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ചായപ്പീടികകള്‍ ഫാസ്റ്റ്ഫുഡുകള്‍ക്കും വഴിമാറിക്കൊടുത്തു.
ഓടിട്ട വീടുകള്‍ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരുന്നു.
സാരിയും മുണ്ടും ലുങ്കിയുമൊക്കെ അപരിഷ്‌കൃത വര്‍ഗത്തിന്റെ ലക്ഷണങ്ങളുമായി .
പണ്ട് കിഴക്കേടത്തുകാരുടെതായിരുന്ന ആ അഞ്ചേക്കര്‍ ഭൂമി ചെറു കഷണങ്ങളായി മുറിക്കപ്പെട്ടു. ഓരോ കഷണങ്ങളിലും ആകാശം മുട്ടുന്ന വലിയ ബംഗ്ലാവുകള്‍ ഉയര്‍ന്നു വന്നു. ഉയര്‍ന്ന മതിലു കെട്ടി വേര്‍ത്തിരിച്ച ആ കൂറ്റന്‍ ബംഗ്ലാവുകള്‍ക്ക് നടുവില്‍ കൂണുപോലുള്ള അയാളുടെ വീട് ഒരു അപശകുനമായി എല്ലാവര്‍ക്കും തോന്നിത്തുടങ്ങി.
ചാണകത്തിന്റെ ഗന്ധം കോളനി നിവാസികളെ അസ്വസ്ഥരാക്കി. അയാള്‍ പശുക്കളെയൊക്കെ വിറ്റു. മരങ്ങള്‍ ഇടതിങ്ങിയ ആ തൊടിയില്‍ നിന്ന് ഇല വീണും കാറ്റില്‍ പാറി വന്നും പലരുടേയും ഇന്റര്‍ലോക്കുകള്‍ക്ക് പരിക്കുപറ്റിയപ്പോള്‍ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിനരികെ, അവരുടെ ഓര്‍മ്മയ്ക്കായ് നട്ടുവളര്‍ത്തിയ മരങ്ങളുടെയെല്ലാം കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു.
പണ്ട് കിഴക്കേടത്തുകാരുടെതായിരുന്ന ആ അഞ്ചേക്കര്‍ ഭൂമി ചെറു കഷണങ്ങളായി മുറിക്കപ്പെട്ടു. ഓരോ കഷണങ്ങളിലും ആകാശം മുട്ടുന്ന വലിയ ബംഗ്ലാവുകള്‍ ഉയര്‍ന്നു വന്നു. ഉയര്‍ന്ന മതിലു കെട്ടി വേര്‍ത്തിരിച്ച ആ കൂറ്റന്‍ ബംഗ്ലാവുകള്‍ക്ക് നടുവില്‍ കൂണുപോലുള്ള അയാളുടെ വീട് ഒരു അപശകുനമായി എല്ലാവര്‍ക്കും തോന്നിത്തുടങ്ങി.
ചാണകത്തിന്റെ ഗന്ധം കോളനി നിവാസികളെ അസ്വസ്ഥരാക്കി. അയാള്‍ പശുക്കളെയൊക്കെ വിറ്റു. മരങ്ങള്‍ ഇടതിങ്ങിയ ആ തൊടിയില്‍ നിന്ന് ഇല വീണും കാറ്റില്‍ പാറി വന്നും പലരുടേയും ഇന്റര്‍ലോക്കുകള്‍ക്ക് പരിക്കുപറ്റിയപ്പോള്‍ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിനരികെ, അവരുടെ ഓര്‍മ്മയ്ക്കായ് നട്ടുവളര്‍ത്തിയ മരങ്ങളുടെയെല്ലാം കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു.
അവരഞ്ചു പേരും ഇപ്പോള്‍ ഒതുക്കു കല്ലുകള്‍ കയറി മുറ്റത്തെത്തിക്കഴിഞ്ഞു.
ഇരുള്‍പ്പച്ചയിലെ നിബിഡതള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ വെളിച്ചത്തില്‍ നിന്നു കൊണ്ട്
'ഏയ് ഇവിടാരുമില്ലേ' നേതാവ് ഉറക്കെ വിളിച്ചു ചോദിച്ചു.
കയ്യിലുള്ള പുസ്തകം താഴെ വെച്ച് അയാള്‍ വാതില്‍ തുറന്ന് പുറത്തുവന്നു.
ഞാന്‍ പറഞ്ഞില്ലേ? ഇതാണ് രൂപം .ഇതാണ് വേഷം. നമ്മുടെ കോളനിയുടെ അന്തസ്സിന് ചേര്‍ന്നതാണോ ഇത്. പ്രസിഡന്റ് അമര്‍ഷം പൂണ്ടു.
വരൂ, ഇരിയ്ക്കൂ. എന്തേ അവിടത്തന്നെ നിന്ന് കളഞ്ഞത്? അയാള്‍ അവരെ ക്ഷണിച്ചു.
ഇല്ല ഇരിയ്ക്കുന്നില്ല. ഞങ്ങള്‍ ഒരു കാര്യം പറയാനാണ് വന്നത്?
'അന്നത്തെ പോലെ കുടി വെള്ളപ്രശ്‌നം വല്ലതുമാണോ ? എത്ര വേണമെങ്കിലും അടിച്ചോളൂ. ഒരിക്കലും വറ്റാത്ത കിണറാണ് ' . അയാള്‍ പറഞ്ഞു.
'അതല്ല . ഞങ്ങള്‍ക്കീ വീടും സ്ഥലത്തിന്റെയും ഒരു തീരുമാനമാണ് വേണ്ടത് . നിങ്ങള്‍ പറയുന്ന വില ഇതാ ഇപ്പോ കൈയ്യോടെ തരാം'.
'എനിക്കിത് വില്‍ക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മുമ്പെ വന്നവരോടൊക്കെ പറഞ്ഞതാണല്ലോ? ഞാനിത് വാങ്ങിയതല്ല പിന്നെ എങ്ങനെയാണ് എനിക്കിത് വില്‍ക്കാനാവുക? ഇതിന്റെ ഉടമസ്ഥന്‍ എന്നെങ്കിലും തിരിച്ചു വരും. ദയവു ചെയ്ത് ബുദ്ധിമുട്ടിക്കരുത്. നിങ്ങള്‍ പോകൂ'. പതിഞ്ഞതെങ്കിലും ഉറച്ചതായിരുന്നു ആ ശബ്ദം.
തന്റെ തങ്കമണി അമ്മയെ, ജീവിച്ച് കൊതി തീരുംമുമ്പ് തന്നെ വിട്ടു പോയ പ്രിയപ്പെട്ടവളെ, ജീവന്റെ ജീവനായ തന്റെ സ്വന്തം ചോരയെ എല്ലാം അടക്കിയ, തന്റെ ജീവശ്വാസമായ മണ്ണ്, അല്ല കുട്ടുകാരന്റെ മണ്ണ്.
തന്റെ നിറഞ്ഞൊഴുകാന്‍ തുടങ്ങിയ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ അയാള്‍ തിരിച്ച് നടക്കാനൊരുങ്ങി.
'ഒന്ന് നില്‍ക്ക. ഒരു കാര്യം പറയാനുണ്ട് ''. നേതാവ് പറഞ്ഞു തുടങ്ങി.
'ഈ വീടും സ്ഥലവും കാണാത്ത വിധം, രണ്ടാള്‍ പൊക്കത്തിലൊരു മതില് കെട്ടി നമുക്കീ പ്രശ്‌നം ഇവിടെയവസാനിപ്പിക്കാം'. എന്താ സമ്മതമല്ലേ?
4 Comments
നന്നായിട്ടുണ്ട്
ReplyDeleteഇങ്ങനെയുള്ള ഭൂമിയിൽ കെട്ടിപ്പൊ ക്കുന്ന മതിലുകളുടെ കൂടെ മനുഷ്യർ മനസ്സിലും മതിലുകൾ കെട്ടിത്തുടങ്ങിയപ്പോൾ മനുഷ്യത്വവും സ്നേഹവും പറന്നു പോയി . അപ്പോൾ അക്രമെന്ന കഴുകൻ രാഷ്ട്രീയക്കാരുടെ കുപ്പായമണിഞ്ഞ് മനുഷ്യർക്കിടയിൽ വിളയാടാൻ തുടങ്ങി. കഥ വളരെ നന്നായിരുന്നു. ആശംസകൾ.
ReplyDeleteസന്തോഷം മാഷെ
Deleteനല്ല അവതരണം
ReplyDeleteCongratulations