ലക്ഷദീപ് അത്തറിന്റെ സുഗന്ധം അനുഭവിപ്പിക്കുന്നത്
-----------------------------------------------------------------------
ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി തന്നെയാണ് ലക്ഷദ്വീപ് സമൂഹങ്ങളുടെ തലസ്ഥാനമായ കവരത്തിയിലെത്തിയതും....
നാലു വശവും ജലത്താല്‍ ചുറ്റപ്പെട്ട ദ്വീപ് വളരെ മനോഹരവും ശാന്തവുമായിരുന്നു
ഒരു ഭാഗത്ത് മാത്രoചെറിയ തിരകള്‍ .....
മറുഭാഗം ലഗൂണ്‍ ഭാഗമാണ്
സ്പടികം പോലെ തെളിഞ്ഞതും ഇളം നീലക്കളറോടു കൂടിയതുമായിരുന്നു ആ ഭാഗത്തെ ജലം !
കടലിന്റെ അഗാധതയിലൂടെ പല തരത്തിലുള്ള മല്‍സ്യങ്ങള്‍ തെന്നി മറയുന്നത് ഒരു അക്വേറിയം കാണുന്ന സന്തോഷം പ്രദാനം ചെയ്യുന്നുണ്ടായിരുന്നു ....
കാര്യം ത്ര മനോഹര മൊക്കെയാണെങ്കിലും ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ബോറഡിച്ചു തുടങ്ങി .... കാരണം മറ്റൊന്നുമല്ല അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ എവിടെ പോകാന്‍ .....?
കണ്ട കാഴ്ചകള്‍ ആവര്‍ത്തന വിരസത ഉണ്ടാക്കിതുടങ്ങിയിരുന്നു ....
അതുകൊണ്ടു തന്നെയാണ് മറ്റ് ദ്വീപുകളില്‍ കൂടി ഒന്ന് പോയ് വരാം എന്ന് തിരുമാനിച്ചത്. തന്നെയുമല്ല ഓഫീസ് ചുമതലപ്പെടുത്തി ഏല്‍പ്പിച്ച കാര്യങ്ങളുടെ സാധ്യതകളും മറ്റു ദ്വീപുകളിലും അറിയണമല്ലോ ...
അഗത്തി, കല്‍പ്പേനി , അമിനി , ചെത്തിലാത്ത് , ആ ന്ത്രോത്ത്, കടമത്ത് .... അങ്ങനെ ഇനിയും ദ്വീപ സമൂഹങ്ങള്‍ .....
കണ്ണുനീര്‍ തുള്ളി പോലെ അറബിക്കടലില്‍ ചിതറി കിടക്കുന്ന ചെറിയ ചെറിയ ദ്വീപുകള്‍ ഉള്‍പ്പെട്ട ലക്ഷദ്വീപ് സമുഹം !
അമിനിയിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു.
കവരത്തിയില്‍ നിന്ന് ഏകദേശം 278 കിലോമീറ്റര്‍ !
ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ വെസ്സലുകളാണ് യാത്രയ്ക് ഉപയോഗിക്കുന്നത് ( ഏകദേശം അന്‍പത് - അറുപത് പേര്‍ക്ക് കയറാം)
തലേ ദിവസം തന്നെ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു രാവിലെ തന്നെ കവരത്തി പോര്‍ട്ടിലെത്തി .....
ഒരാഴ്ചത്തെ പ്രതികൂല കാലാവസ്തയ്ക് ശേഷം കപ്പ ലുകളും ബോട്ടുകളും വെസ്സ ലുകളും യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.
ആകാശം തെളിവല്ല...
അന്തരീക്ഷത്തില്‍ വല്ലാത്ത ഒരു പിശറന്‍ കാറ്റ് ....
ജലോപരിതലത്തില്‍ നല്ല മോദ
അല്‍പ്പം സുങ്കോചത്തോടെയാണെങ്കിലും , വെസലിലെ ഉദ്യോഗസ്ഥര്‍ യാത്ര ആരംഭിക്കാന്‍ തന്നെ തീരുമാനിച്ചു. ....
അതിനുള്ള പച്ചക്കൊടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റരുടെ കീഴിലുളള കവരത്തി പോര്‍ട്ടില്‍ നിന്നും അവര്‍ക്ക് ലഭിച്ചു.
ഏകദേശം ഇരുപത്തിയഞ്ച് - മുപ്പതോളം യാത്രക്കാരുണ്ടാകും എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ ....
ഏതാണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്തിട്ടുണ്ടാകും
ചെറിയ കാറ്റ് തുടങ്ങി ....
വെസല്‍ അപ്പോള്‍ നടുക്കടലിലാണ്. ചുറ്റിനും കടല്‍ മാത്രം. കരകാണാനേ ഇല്ല.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കടല്‍കാറ്റ് ശക്തമാകാന്‍ തുടങ്ങി. കടല്‍ പ്രക്ഷുബ്ധവും. തിരമാലകള്‍ തിമിംഗലം കണക്കേ ഉയര്‍ന്നു. അത് വെസ്സലിന് ഉള്ളലേയ്ക്കടിച്ചിട്ട് യാത്രക്കാരയവരെ മുഴുവന്‍ നനച്ചു .. വെസ്സല്‍ ശക്തമായ തിരകളില്‍ പെട്ട് ആടി ഉലഞ്ഞു തുടങ്ങി ...
ദ്വീപ് നിവാസികളായ സ്ത്രീകളും കുട്ടികളും പരിഭ്രാന്തരായി നിലവിളിച്ചു.
പലരും കടല്‍ ചൊരുക്കില്‍ ശര്‍ദ്ദിക്കാനും തുടങ്ങിയിരുന്നു ....
ഞാനും ഏറെ പരിഭ്രാന്തനായി
കപ്പല്‍ ജീവനക്കാരായവര്‍ പരമാവധി കപ്പല്‍ നിയന്ത്രിക്കാന്‍ പരിശ്രമിച്ചു കൊണ്ടേയിരുന്നു....
അവര്‍ എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റ് കൊടുത്തതോടു കൂടി എന്റെ അവശേഷിച്ച ധൈര്യവും ചോര്‍ന്നുപോയി .... ഈശ്വരാ .....
ആദ്യമായി അന്ന് ഇശ്വരന്റെ വിലയറിഞ്ഞു ....
ഇനി വീടു പിടിക്കാന്‍ പറ്റുമോ എന്ന ചിന്തയേക്കാള്‍ കര പിടിക്കാന്‍ പറ്റുമോ എന്ന ഭീതിയിലായിരുന്നു ....
വീട് .... ഭാര്യ... മക്കള്‍ .... സുഹൃത്തകള്‍ .....
ഇനി ഇവരെയെല്ലാം ....
വീണ്ടും ശക്തമായ ഒരു തിര എല്ലാം തകര്‍ത്തു കൊണ്ട് വെസ്സലിലേയ്ക്കടിച്ചു കയറി
ഈശ്വരാ ...... ജീവിതം ഏതാണ്ട് ...... തീരുകയാണോ ....?
കിട്ടിയ കയ്വരിയിലും സീറ്റിലും ഒക്കെ പിടിച്ചു കൊണ്ട് അലമുറയിട്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി യാത്രക്കാരായവര്‍ ....
അവര്‍ പരസ്പരം കൈകോര്‍ത്ത് പിടിച്ചും കെട്ടിപ്പിടിച്ചും അലമുറയിട്ടു.
ഒരു പ്രാര്‍ത്ഥനയും എന്റെ മനസ്സില്‍ വന്നില്ലായെന്നുള്ളതായിരുന്നു സത്യം !
എങ്കിലും ഒരു ദൈവം മനസ്സിലുണ്ടായിരുന്നു ....
അദ്ദേഹത്തെ മനസ്സിലോര്‍ത്ത് കണ്ണുകളടച്ച് കപ്പലിന്റെ വരികളില്‍ പിടിച്ചു നിന്നു ....
വീണ്ടും കടല്‍ തിരമാലകള്‍ അകത്തേക്ക് :
ഞാനും അടിമുടി നനഞ്ഞു ....
അങ്ങനെ എത്ര നേരം ആ നില്‍പ് തുടര്‍ന്നുന്ന് അറിയില്ല ...
എത്ര നേരം കപ്പലിനുള്ളിലേക്ക് തിരമാലകള്‍ അടിച്ചു കയറിയെന്നുംഒരറിവു മില്ലായിരുന്നു ....
പിന്നെ,എപ്പോഴെന്നറിയില്ല , കാറ്റ് ശമിക്കാന്‍ തുടങ്ങി , തിരമാലകള്‍ പതിയെ അടങ്ങി തുടങ്ങി ...
കടല്‍ വീണ്ടും ശാന്തതയിലേക്ക് .....
ബോധം വന്ന് ( കണ്ണ് ഇറുക്കി അടച്ചിരിക്കുകയായിരുന്നല്ലോ ) കണ്ണ് തുറന്നപ്പോഴുണ്ട് എന്നെ ആരോ അടങ്കം പുണര്‍ന്നിരിക്കുന്നു. ഉലഞ്ഞു ഉതിര്‍ന്ന് നനഞ്ഞൊട്ടിയ പര്‍ദ്ദയുമായി എന്റെ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്ന ഒരു സ്ത്രീ രൂപം .....
' ങേ ....? '
ആ കുട്ടിയുടെ കൈയ്യ് മെല്ലെ ഞാന്‍ എന്റെ ശരീരത്തില്‍ നിന്ന് വിടുവിച്ചു ..... അപ്പോള്‍ മാത്രമാണ് ആ കുട്ടിയും അതോ സ്ത്രീയോ ( മുഖം പര്‍ ദ്ദയാല്‍ മറച്ചിരുന്നു ) യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ച് വന്നത് .....
ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തേക്കാളേറെ ഏതോ ഒരു ജാള്യത അതിന്റെ കണ്ണുകളില്‍ മറഞ്ഞു കിടന്നിരുന്നോ....?
അറിയില്ല !
മണിക്കൂറുകള്‍ കഴിഞ്ഞ പ്പോള്‍ വെസ്സല്‍ അമിനി ദ്വീപിന് അല്‍പം മാറി ഹാംഗര്‍ ചെയ്തു. യാത്രക്കാരായവര്‍ നനഞ്ഞു കുതിര്‍ന്ന വേഷവുമായി ബോട്ടില്‍ കയറി കരയിലേക്ക് .......,
അതില്‍ മുന്നേ പോയ ബോട്ടിലായിരുന്നു എന്റെ ശരീരത്തോട് ഒട്ടി ചേര്‍ന്നിരുന്നവള്‍ കയറിയത് ....
പിന്നിലായി ഞാന്‍കയറിയ ബോട്ടിലേയ്ക് ഇടയ്ക്കിടെ അവള്‍ തിരിഞ്ഞു നോക്കുന്നു ണ്ടായിരുന്നു.....
എസ്.കെ.പൊറ്റക്കാടിന്റെ ഏതോ യാത്രാ വിവരണത്തില്‍ ഞാന്‍ വായിക്കുകയുണ്ടായി ....
കേരളം കേരവൃക്ഷങ്ങളുടെ നാടാണെങ്കില്‍ ലക്ഷദ്വീപ് കേരവൃക്ഷങ്ങളുടെ കാടാണ് .....ന്ന്
ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങി ആ സ്ത്രീ മറ്റുള്ള യാത്രക്കാരോടുമൊപ്പം ആ കാട്ടിനുളളിലെവിടെയോ മറഞ്ഞു ......
അതിന് മുന്‍പ് അവളുടെ കണ്ണുകള്‍ ഒരിക്കല്‍ കൂടി തന്നിലേയ്ക് ....
മൂന്ന് മാസത്തെ ലക്ഷദ്വീപ് വാസക്കാലത്തെ ജീവിതത്തിനുശേഷം എം.വി. അറേബ്യന്‍ സീ എന്ന കപ്പലില്‍ യാത്ര തിരിക്കുമ്പോള്‍ ഇനിയും കടലില്‍ രാക്ഷസ തിരമാലകള്‍ ജന്‍മമെടുത്താലോ എന്ന ഭീതി നിലനില്‍ക്കുമ്പോള്‍ തന്നെ സുഖമുള്ള മറ്റൊരോര്‍മ്മയും മനസ്സിന് സുഖം പകര്‍ന്ന് മനസ്സിലെ വിടെയോ തളം കെട്ടി കിടപ്പുണ്ടായിരുന്നു ....
അത് വെസലിന്റെ കൈവരികളില്‍ പിടിച്ചു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റേയും അയാളെ ചുറ്റിപ്പിടിച്ച് ആലിംഗനം ചെയ്തു നില്‍ക്കുന്ന പര്‍ദ്ദ ധരിച്ച ഒരു കുട്ടിയുടേയും ചിത്രമായിരുന്നു . ആ സാഹചര്യത്തില്‍ അന്ന് അത് ആസ്വദിക്കാന്‍ പറ്റിയില്ലെങ്കിലും ( സാഹചര്യം അതായിരുന്നല്ലോ ) പല രാത്രികളിലും അത് ഒരു ഓര്‍മ്മയായി ....
എപ്പോഴും ഇപ്പോഴും കല്ലില്‍ ആരോ കൊത്തിവെച്ച ഒരു ശില്‍പം പോലെ മനസ്സിന്‍ ആ ലേഖനം ചെയ്തു കഴിഞ്ഞിരുന്നു - ആ ഓര്‍മ്മ കള്‍ക്ക് ലക്ഷദ്വീപ് അത്തറിന്റെ വശ്യമായ സുഗന്ധവും സുഖമുണ്ടായിരുന്നു ......
( അടുത്ത ലക്കം മറ്റൊരു അനുഭവവുമായി Signing Out from Mangalm Sivan)


1 Comments
Good
ReplyDelete