തലമുറ മാറ്റം • ഒ.കെ.ശൈലജ ടീച്ചര്‍

thalamura-maattam-ok-shylaja-teacher


പുതിയ കാറ് വാങ്ങിയപ്പോള്‍ മകന്‍ പറഞ്ഞു' അമ്മേ നമുക്ക് കന്നിയാത്ര അമ്മയുടെ തറവാട്ടിലേക്കായാലോ'
ഏറെയിഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു.
ഈയ്യിടെയായി മനസ്സിലൊരു പാട് ആഗ്രഹങ്ങള്‍ മുളപൊട്ടുന്നു. നഷ്ട സ്വപ്നങ്ങളുടെ അവശേഷിപ്പുകള്‍. ഒരു പക്ഷേ നാളുകളേറെയായിട്ടനുഭവിക്കുന്ന ഏകാന്തതയുടെ ബാക്കിപത്രമാകാം.. മോന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണങ്ങിയ മരച്ചില്ലകള്‍ തളിര്‍ക്കുന്നത് പോലെയുള്ളൊരു അനുഭൂതി !

പിറന്ന നാട് ! ബാല്യ കൗമാരങ്ങള്‍ ആടിത്തിമര്‍ത്ത ആ മണ്ണില്‍ ഒരിക്കല്‍ കൂടി കാല് കുത്താന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും . എല്ലാം തന്നില്‍ തന്നെ ഒതുക്കി വെക്കുകയായിരുന്നല്ലോ
പിന്നെ ഒട്ടും അമാന്തിക്കാതെ പുറപ്പെട്ടു. വീട്ടില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര . പുറപ്പെട്ട ശേഷം ഇടവഴികളില്‍ക്കൂടി മെയിന്‍ റോഡിലെത്തി.
'മോനേ പതുക്കെ പോകാം. ഞാനിതൊക്കെയൊന്ന് കണ്‍കുളിര്‍ക്കെ കാണട്ടെ. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ 
അതെ! ആ കാലയളവിനുള്ളില്‍ എന്റെ നാട്ടില്‍ വന്ന മാറ്റങ്ങള്‍ ! എല്ലാം കണ്ടാസ്വദിക്കണമെനിക്ക് .
'അമ്മ കണ്ടോളൂ. ഞാന്‍ പതുക്കെ യേ പോകുന്നുള്ളൂ.'
ഓരോ കാഴ്ചകള്‍ക്കും വല്ലാത്ത മാറ്റമുണ്ടല്ലോ? റോഡരികില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പൂമരങ്ങള്‍, ആല്‍മരങ്ങള്‍, അക്കേഷ്യ ഒന്നും കാണുന്നില്ലല്ലോ?'
'ഇല്ല അമ്മേ നമ്മള്‍ ഹൈവേയില്‍ക്കൂടിയാണ് പോകുന്നത്. അമ്മ പേര് കാണുന്നില്ലേ ? ഇതാ.... കൈനാട്ടി എത്താറായി. ഓവര്‍ ബ്രിഡ്ജ് കാണുന്നില്ലേ ?'
'മോനേ നിന്നോട് വഴിമാറിപ്പോയെന്നാ തോന്നുന്നത്. കൈനാട്ടി ബസ് സ്റ്റോപ്പ് കാണുന്നില്ലല്ലോ .. മുന്‍പ് കോളേജില്‍ പോകാന്‍ വേണ്ടി റോഡ് മുറിച്ചു കടക്കാനാവാതെ ആ ജങ്ഷനില്‍ എത്ര നേരം നിന്നിട്ടുണ്ട്. അപ്പോഴായിരിക്കും റെയില്‍വേ ഗേറ്റും അടക്കുക. അപ്പോഴേക്കും കോളേജില്‍ എത്തുന്നത് വൈകിയായിരിക്കും.
'ഓവര്‍ ബ്രിഡ്ജ് വന്നപ്പോള്‍ ആ ബുദ്ധിമുട്ട് മാറിയല്ലോ. ആരും ആരേയും കാത്തു നില്‌ക്കേണ്ട. ട്രെയിനിനു പോകാനും . റോഡ് ഗതാഗതത്തിനും യാതൊരു തടസ്സവുമില്ല.
' അതൊക്കെ ശരിയാണ്. പക്ഷേ അന്നവിടെയുണ്ടായിരുന്ന തണല്‍ മരങ്ങളൊന്നും തന്നെ ഇല്ല. എത്ര ജീവജാലങ്ങളുടെ വാസസ്ഥലമാണ് നഷ്ടമായത്.
മണ്ണിനേയും മരങ്ങളേയും കശാപ്പ് ചെയ്തു കൊണ്ട് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നു. ആധുനികതയുടെ ക്രൂരത . നഗരവല്‍ക്കരണം. ഗ്രാമത്തിന്റെ ചാരുതയും, കുളിര്‍മയും, പച്ചപ്പും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള വികസനങ്ങള്‍ .
ഇടവഴികളോ, ചെമ്മണ്‍ പാതകളോ കാണ്മാനില്ല. എല്ലാം നാമാവശേഷമായിരിക്കുന്നു. നാലുവരിയും, ആറു വരിയും പാതകളായി. മേല്പാലങ്ങളുമായി.

ഓരോ വികസനത്തിന്റെ പിന്നിലുമുള്ള നെടു വീര്‍പ്പുകള്‍, ദീന രോദനങ്ങള്‍, ചെവിയില്‍ അലയടിക്കുന്നുവോ? മണ്ണിനു മീതെ വിണ്ണിനെയുമ്മവെക്കുന്ന മാമരങ്ങള്‍ കടപുഴകി വീഴാന്‍ കാത്തു നില്ക്കുന്നു. ഒപ്പം നീലാകാശത്തിനു കീഴെ മാമര ചില്ലയില്‍ ചേക്കേറുന്ന പക്ഷികള്‍ പ്രാണരക്ഷാര്‍ത്ഥം ചിറകടിക്കുന്നു. ജീവന്റെ അവസാന നിമിഷങ്ങളെണ്ണി വിലപിക്കുകയാണവ.
മരങ്ങളുടേയും . പക്ഷികളുടേയും അവസാന ശ്വാസത്തിന് സാക്ഷിയാകാന്‍ നേരമില്ലാതെ കുതിച്ചു പായുകയാണ് റോഡില്‍ക്കൂടി വാഹനങ്ങള്‍ ! എത്രയും വേഗത്തില്‍ ! എത്രയും മുന്നില്‍!
വേരുകള്‍ ദൂരെയാണെങ്കിലും തങ്ങളുടെ ചില്ലകളാല്‍ തെങ്ങോലകള്‍ സൗഹൃദം പങ്കിട്ട് ഊഞ്ഞാലാടി സ്വാതന്ത്ര്യം അനുഭവിച്ചവര്‍.
താവളങ്ങളും തണലുമില്ലാതെ ശ്വാസവായു കിട്ടാതെ പിടയുന്ന ജീവികള്‍ ! വയ്യ .....എനിക്ക് വയ്യ  ഈ കാഴ്ച കാണാന്‍.

' വണ്ടി നിര്‍ത്തൂ മോനേ ...' കിതച്ചു കൊണ്ട് മോന്റെ കൈയ്യില്‍ പിടിച്ചു.
'അമ്മയെന്താണീ കാണിക്കുന്നത് ? എന്ത് പറ്റി ? വണ്ടി ഓടിക്കുന്നതിനിടയില്‍ പെട്ടെന്ന് കൈ പിടിച്ചാല്‍ അപകടം സംഭവിക്കില്ലേ ? അതും നാഷണല്‍ ഹൈവേയില്‍ '
വണ്ടി പെട്ടെന്ന് സൈഡാക്കി നിര്‍ത്തിക്കൊണ്ട് മോന്‍ പറഞ്ഞു.
'നമ്മള്‍ എവിടെയാണ് എത്തിയത് ? ഒരു വിമ്മിഷ്ടത്തോടെ ഞാനത് ചോദിച്ചപ്പോള്‍ എന്റെ മുഖത്തെ ജിജ്ഞാസ കണ്ടിട്ട് മോനും അത്ഭുതപ്പെട്ടു.

കാറില്‍ നിന്നും ഇറങ്ങി ഞാന്‍ നാലുപാടും ഉത്ക്കണ്ഠയോടെ ഇരുവശങ്ങളിലുമായി നോക്കി. എന്തൊക്കെയോ പരതുകയായിരുന്നു എന്റെ കണ്ണുകള്‍.
പഴയ കാല സിനിമയിലെന്നപോലെ എന്റെ ഗ്രാമവും. വഴിയോരക്കാഴ്ചകളും സ്‌ക്രീനില്‍ തെളിഞ്ഞൂ വന്നു.
നാഷണല്‍ ഹൈവേയാണെങ്കിലും ഗ്രാമീണത നിറഞ്ഞു നിന്നിരുന്നു എന്റെ റോഡിന്. ഓരോ ബസ് സ്റ്റോപ്പിലുമുള്ള തണല്‍ മരങ്ങള്‍, െചറിയ ചെറിയ കടകള്‍, കൊച്ചു കൊച്ചു ഓലമേഞ്ഞതും, ഓട് മേഞ്ഞതുമായ വീടുകള്‍. തെങ്ങുകള്‍, മാവുകള്‍, വയലുകള്‍, എല്ലാം കണ്ണിനു കുളിരേകുന്ന കാഴ്ചകള്‍. അവയൊക്കെ എവിടെ ? റോഡിനിരുവശവും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, മാത്രം.
' ഇതു തന്നെയാണോ എന്റെ ഗ്രാമത്തിലേക്കുള്ള വഴി ?'
'അമ്മക്കെന്താ പറ്റിയത്? എന്തൊക്കെയാ പറയുന്നത് ? വര്‍ഷങ്ങളായില്ലേ അമ്മ പുറത്തിറങ്ങിയിട്ട്. നാടിന് വന്ന വികസനങ്ങള്‍, മാറ്റങ്ങള്‍. ഇനിയുമെന്തൊക്കെ കാണാന്‍ കിടക്കുന്നു. അമ്മ കാറില്‍ കയറു. നമുക്ക് പോകേണ്ടേ ...'

പന്തല് പോലെ പടര്‍ന്നു നില്ക്കുന്ന ആ പൂമരത്തണലില്‍ ബസ് കാത്തുനിന്നതും , ബസ് വരാതായാല്‍ അവയുടെ വേരിലിരുന്ന് വര്‍ത്തമാനം പറഞ്ഞതുമൊക്കെ ഓര്‍ത്തപ്പോള്‍ കണ്ണ് നിറഞ്ഞു പോയി.
'ഹായ് അഛമ്മേ അത് നോക്കൂ .... ജെ.സി.ബി. കൂറ്റന്‍ ബസ് കൊച്ചു മോന്‍ കൂകി വിളിച്ചു കൈയ്യടിച്ചു കൊണ്ട് പറഞ്ഞു.

സാരിത്തലപ്പുകൊണ്ടു കണ്ണ് തുടക്കുമ്പോള്‍ കൊച്ചുമകന്‍ എന്റെ കൈ രണ്ടും തട്ടി മാറ്റിക്കൊണ്ട് റോഡിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് ഓരോ വാഹനത്തിന്റെയും. വലിപ്പവും നിറവും പറഞ്ഞു. കൊച്ചുമോന്റെ സന്തോഷം കണ്ടപ്പോള്‍ അവനെ ചേര്‍ത്ത് പിടിച്ചു ഉമ്മ വെക്കുമ്പോള്‍ മോന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു'  തലമുറ മാറ്റം'.

Post a Comment

0 Comments