2022-ലെ എന്റെ ക്ഷേത്രയാത്രകള്‍
കൊറോണ മഹാമാരിയാല്‍ കടന്നുപോയ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായ നാളുകള്‍. ഒരിക്കലും ഉണങ്ങാത്ത ക്ഷതങ്ങളും, മുറിപ്പാടുകളുമൊക്കെ സമ്മാനിച്ചുപോയ ഒരു ദുരിതകാലം. വരുതിയിലാക്കാനായെങ്കിലും കൊറോണ വകഭേദങ്ങള്‍ പലതും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും പ്രഹരമേല്‍പ്പിച്ച് നമുക്കിടയില്‍ കഴിയുന്നു. എന്നിരുന്നാലും അതുമായി പൊരുത്തപ്പെട്ടു കഴിയാന്‍ നാമിപ്പോള്‍ ശീലിച്ചിരിക്കുന്നു എന്നത് നമ്മുടെ ആത്മവിശ്വാസത്തിന്റെ പ്രതിഭലനമാണെന്ന് പറയേണ്ടിയിരിക്കുന്നു.
ഈ വര്‍ഷം പകുതി ആയതോടെ കൊറോണ നിയന്ത്രണത്തിലാകുകയും കൊറോണ ഭീതികള്‍ക്കൊരറുതി വരുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 17-ന് ഹൈദവ മലയാളികള്‍ പുതുവര്‍ഷമായി ആഘോഷിക്കുന്ന മലയാളമാസത്തിലെ ചിങ്ങം ഒന്ന് അഥവാ കേരളജനത ഒന്നടങ്കം അവരുടെ ജീവിതത്തിലെ വളരെ പ്രാധാന്യമായിക്കരുതുന്ന ഓണമാസം കടന്നുവന്നത് പുത്തന്‍ ഉണര്‍വുകള്‍ നല്‍കികൊണ്ടായിരുന്നു എന്നുപറയാം. കാലങ്ങള്‍ക്കുശേഷം കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ പുറത്തിറങ്ങാനായി എന്നത് ആശ്വാസകരമായ ഒരാനന്ദമാണ് പ്രദാനംചെയ്തത്. അതുകൊണ്ടുതന്നെ ഏവരും അതൊരാഘോഷമാക്കുകയും ചെയ്തു. ക്ഷേത്രങ്ങളിലെല്ലാം വന്‍ തിരക്കാണനുഭവപ്പെട്ടത്. ഒരു പുതുയുഗത്തിലേക്കുള്ള ചുവടുവയ്പ്പായികരുതി ഏവരും നല്ല കാലങ്ങള്‍ക്കായി മനമുരുകിതന്നെ പ്രാര്‍ഥിച്ചു എന്നാണ് ഞാന്‍ മനസിലാക്കിയത്. കാലങ്ങളായി വീടുവിട്ടിറങ്ങിയിട്ടില്ലാത്തവര്‍ അതീവ സന്തോഷത്തോടെ യാത്രകള്‍നടത്തി. കഴിഞ്ഞ അനുഭവങ്ങളിലെ ഞെട്ടലില്‍നിന്നും ഒരു വിടുതല്‍ ആ പ്രാര്‍ഥനകളും, യാത്രകളും സഹായകമാകുകയുംചെയ്തു എന്നാണ് പലരുടേയും സാക്ഷ്യപ്പെടുത്തല്‍.
ഗള്‍ഫ് നാട്ടില്‍, ബഹ്റൈന്‍, ജോലിചെയ്യുന്ന എനിക്കും കിട്ടിയഅവസരം മുതലാക്കി എന്റെ സഹധര്‍മ്മിണി ബിന്ദുവിനൊപ്പം നാട്ടിലേക്കൊരു യാത്രനടത്തി. കഴിഞ്ഞ കെട്ട കാലത്തിലേക്കിനി ആര്‍ക്കും ഒരു തിരിച്ചുപോക്കിന് ഇടയുണ്ടാകാതിരിക്കട്ടെ എന്ന ചിന്തയില്‍, ചുരുങ്ങിയ സമയത്തില്‍ത്തന്നെ കഴിയുന്നത്ര ക്ഷേത്രസന്ദര്‍ശനങ്ങള്‍ ചെയ്യാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന പ്രാര്‍ഥനാജപവുമായി ഞങ്ങള്‍ നടത്തിയ ആ ക്ഷേത്രങ്ങളെപ്പറ്റിയാണ് ഈ പരമ്പരയില്‍ എഴുതാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഗഹനമായ പഠനമോ, ഗവേഷണങ്ങളോ ഒന്നുമല്ല ഈ എഴുത്തിലുള്ളത്. വളരെ ലളിതമായി കാര്യങ്ങള്‍ ചുരുക്കിപ്പറഞ്ഞ് ഒരു പരിചയപ്പെടുത്തല്‍ മാത്രമേ ഈ എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നുള്ളു. മാത്രമല്ല ക്ഷേത്ര സന്ദര്‍ശനങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊരു സഹായമാകുകയുംചെയ്യും എന്ന് കരുതുന്നു.
നീര്‍വിളാകം ശ്രീ ധര്‍മ്മ ശാസ്താ അഥവാ അയ്യപ്പ ക്ഷേത്രം
സൂര്യന്‍ അതിന്റെ പരമാവധി താപം വര്‍ഷിച്ചുകൊണ്ടിരുന്ന ഒരു സമയത്താണ് ഞങ്ങള്‍ ബഹറിനില്‍നിന്നും യാത്രതിരിച്ചതെങ്കിലും കേരളത്തില്‍ സൂര്യതെളിമ അത്ര നന്നായിരുന്നില്ല ഞങ്ങള്‍ എത്തുമ്പോള്‍. 2022, ആഗസ്ത് 26-ന് കാര്‍മേഘപടലങ്ങള്‍ കീറിമുറിച്ച് തിരുവനന്തപുരത്ത് വിമാനമിറങ്ങുമ്പോള്‍ നേരിയ മഴ ഉണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴേക്കും മഴ നിന്നിരുന്നു. വീട്ടിലേക്കുള്ള യാത്രക്കായി ടാക്‌സി വരുന്നതുംകാത്ത് നില്‍ക്കുമ്പോള്‍ നാട്ടിലെ തണുത്തകാറ്റിലെ കുളിര്‍മ്മയും അപ്പോഴും നീര്‍പൊഴിച്ചുനിന്നിരുന്ന വൃക്ഷലതാതികളുടെ ഭംഗിയുമൊക്കെ കണ്ടാസ്വദിച്ചു നില്‍ക്കുകയായിരുന്നു ഞങ്ങള്‍.
മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നെങ്കിലും ഞങ്ങളുടെ യാത്രയില്‍ മഴ മാറിനിന്നു. ബുദ്ധിമുട്ടുകളൊന്നും കൂടാതെതന്നെ വീടെത്തി. എന്നാല്‍ വന്നുകയറിയതും തുള്ളിക്കൊരുകുടം എന്നപോലെ മഴ ശക്തമായി പെയ്തു. അത്രയുംനേരം പിടിച്ചുവെച്ച വെള്ളം എല്ലാം ഒന്നിച്ചൊഴുക്കിയപോലെ. പിന്നീട് രണ്ടു ദിവസം മഴ തകര്‍ത്തു എന്ന് പറയാം. മഴയുടെ വിവിധ ഭാവങ്ങള്‍ നന്നേ ആസ്വദിച്ച സമയങ്ങള്‍. ആസ്വാദനം അധികരിച്ചുതുടങ്ങിയപ്പോള്‍ തോന്നി മഴയിനി എപ്പോള്‍ തോരുമെന്ന്. എന്തായാലും മൂന്നാം ദിവസം മഴ ഇല്ലാത്ത ഒരു തെളിഞ്ഞ പ്രഭാതമാണ് കണ്ടുണര്‍ന്നത്. അന്തരീക്ഷം ഒന്ന് വെളുത്തുതുടങ്ങിയതോടെ ഞങ്ങളുടെ ക്ഷേത്രയാത്രകള്‍ക്ക് എന്റെ നാടായ നീര്‍വിളാകത്തെ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍നിന്നുതന്നെ തുടക്കമിട്ടു. നീര്‍വിളാകം ശ്രീ അയ്യപ്പ ക്ഷേത്രമെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
വയലുകളാല്‍ ചുറ്റപ്പെട്ട സുന്ദരമായ ഒരു ഗ്രാമപ്രദേശമാണ് നീര്‍വിളാകം. ചെങ്ങനൂരിനും ആറന്മുളക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം പ്രകൃതി രമണീയതയാല്‍ അനുഗ്രഹീതമാണ്. പത്തനംതിട്ട ജില്ലയില്‍, ആറന്മുള പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നും ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം ഏകദേശം 5 കിലോമീറ്ററും, ആറന്മുള പാര്‍ഥസാരഥിക്ഷേത്രം ഏതാണ്ട് 7 കിലോമീറ്റര്‍ ദൂരത്തുമാണുള്ളത്. ചെങ്ങന്നൂരില്‍ നിന്നും ബസ്സിലാണ് യാത്രയെങ്കില്‍ ആറന്മുള-കോഴഞ്ചേരി റൂട്ടാണ് പിടിക്കേണ്ടത്. പുത്തന്‍കാവോ, ആറാട്ടുപുഴയോ, മാലക്കരയോ ഇറങ്ങി ഒരു ഓട്ടോപിടിച്ചാല്‍ അല്പസമയത്തിനുള്ളില്‍ത്തന്നെ നീര്‍വിളകത്തെത്താം. ആറാട്ടുപുഴയാണ് ഏറ്റവും അടുത്തുള്ളത്. അവിടെയിറങ്ങിയാണ് സഞ്ചരിക്കുന്നതെങ്കില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും, വയല്‍ പകുത്ത്കയറിപ്പോകുന്നതുമായ വീതികുറഞ്ഞ റോഡിലൂടെ വളരെ പെട്ടെന്നുതന്നെ നീര്‍വിളകത്തെത്താം. റെയില്‍വേ സ്റ്റേഷന്‍ ചെങ്ങന്നൂര്‍ ആണ്. അവിടെ ഇറങ്ങി നീര്‍വിളാകം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം അഥവാ അയ്യപ്പ ക്ഷേത്രം എന്ന് പറഞ്ഞാല്‍ ഏത് ഓട്ടോയും, ടാക്‌സിയും മിനിമം ചാര്‍ജില്‍ അവിടെയെത്തിക്കും.
ഏകദേശം സമ്പന്നമാണ് ഈ ദേശം, ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്നവരാണധികവും. ഹിന്ദു സമൂഹമാണ് കൂടുതലായുള്ളത്. ക്രിസ്റ്റിയന്‍ പള്ളിയും, L.P-സ്‌കൂളും, സഹകരണ ബാങ്കും, പോസ്റ്റ് ഓഫീസും, വായനശാലയും, ചെറുപ്പക്കാരുടെ കൂട്ടാഴ്മകളുമൊക്കെ ഇവിടെ സുഗമമായി പ്രവര്‍ത്തിക്കുന്നു. അതിപ്പുരാതിനമായ ഈ ക്ഷേത്രമാണ് ഈ ദേശത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണം എന്നാണ് നാട്ടുകാരുടെ വിശ്വാസം. നാടിന്റെ അധിപനായി അവര്‍ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു.
അമ്പലമതില്‍കെട്ടിലുള്ള രണ്ടുനിലകളുള്ള വലിയ ഗോപുരവാതിലാണ് പ്രധാന കവാടം. അതിലൂടെക്കടക്കുന്നത് ആനക്കൊട്ടിലിലേക്കാണ്. അതിനുമുപില്‍ ലോഹക്കൊടിമരം കാണാം. പിന്നെയാണ് അമ്പലം. സ്വയംഭൂശിലയിലെ ശ്രീ ധര്‍മ്മശാസ്താവാണ് ഇവിടുത്തെ ചൈതന്യം. ശ്രീകോവിലിനടുത്തുതന്നെ ആദിപരാശക്തിയുടെ പ്രതീകമായി ശ്രീചക്രം പ്രതിഷ്ഠിച്ചിട്ടുണ്ട്. മറ്റു ശാസ്താക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്ഥമാണ് ഇവിടുത്തെ ആചാരാനുഷ്ടാനങ്ങള്‍. നീര്‍വിളാകത്തും പരിസരപ്രദേശത്തുള്ളവരുമായ അനേകംപേര്‍ ശബരിമലക്ക് പോകാന്‍ മാലയിട്ട് വൃതംതുടങ്ങുകയും പിന്നീട് കെട്ടുമുറുക്കി മലക്ക്‌പോകുന്നതും ഇവിടെനിന്നാണ്. മണ്ഡലപൂജകള്‍ വളരെ പ്രധാനമാണിവിടെ. മണ്ഡലകാലമായ വൃശ്ചികം ഒന്ന് മുതല്‍ 41 ദിവസം അമ്പലത്തിന്റെ ചുറ്റുവിളക്ക് മുഴുവന്‍ തെളിയിച്ചാണ് ദീപാരാധന. നീര്‍വിളാകത്തെ തിരഞ്ഞെടുക്കപ്പെട്ട 41 കുടുംബങ്ങള്‍ക്കാണ് നൂറ്റാണ്ടുകളായി ഈ സമയത്ത് ചുറ്റുവിളക്ക് തെളിയിക്കാനുള്ള ചുമതലയുള്ളത്. ബാക്കി ദിവസങ്ങളില്‍ ഏതൊരുഭക്തര്‍ക്കും വഴിപാടായി ഈ കര്‍മ്മം ചെയ്യാനാകും.
ഉപദേവതകള്‍ - ഗണപതി, ബ്രമ്മരക്ഷസ്, നാഗദൈവങ്ങള്‍, സുന്ദരയക്ഷിയമ്മ കൂടാതെ ബ്രാമിണിയമ്മ എന്ന പ്രതിഷ്ഠയും കൊച്ചമ്പലവും ഉണ്ട്. ദേവനെ ആദ്യം പൂജിക്കുകയും പിന്നീട് ദേവനൊരു ആലയം പണിയാന്‍ പരിശ്രമിക്കുകയുംചെയ്ത ബ്രഹ്മണനെ അദ്ദേഹത്തിന്റെ കാലശേഷം ബ്രമ്മരക്ഷസായും, ദേവന് പൂജകള്‍ നടത്തി അതിഭക്തിയോടെ ആരാധിച്ചിരുന്ന അന്തര്‍ജ്ജനത്തെ അവരുടെ കാലശേഷം ബ്രാമിണിയമ്മയായും പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്നു. തീര്‍ത്ഥക്കുളവും, അമ്പലക്കാവും, ഓഡിറ്റോറിയാവുമെല്ലാം ക്ഷേത്രപരിസരത്തുണ്ട്.
ശബരിമലയിലെ ഉത്സവസമയമാണ് ഇവിടെയും ഉത്സവം. പരമ്പരാഗതവും, സാംസ്‌കാരികവുമായ വിവിധ പരിപാടികളോടെ, പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവം മീനമാസത്തിലെ ദേവന്റെ പിറന്നാള്‍ ദിനമായ ഉത്രം തിരുനാള്‍വരെ നീണ്ടുനില്‍ക്കും. പതിനൊന്നാം ദിവസം ആറാട്ടോടെ ഉത്സവത്തിന്റെ കൊടിയിറങ്ങും. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് സാധാരണ ഈ മഹോത്സവം നടക്കുന്നത്. ഹിഡുംബന്‍പൂജയും, കാവടിയാട്ടവും, പള്ളിവിളക്കുംമറ്റും ഇവിടുത്തെ പ്രത്യേകതകള്‍ ആണ്. വേലകളി, കെട്ടുകാഴ്ചകള്‍, ദാദസ്വരസേവ, ചെണ്ടമേളം, പമ്പമേളം, അമ്മന്‍കുടം എന്നിങ്ങനെ വിവിധയിനം ക്ഷേത്രകലാരൂപങ്ങള്‍ ഉത്സവത്തിന്റെ ഭാഗമായുണ്ടാകും. നീര്‍വിളാകത്തിന് പുറത്തുള്ള ബന്ധുക്കളും, വീട്ടുകാരും, ഭാരതത്തിന് പുറത്ത്‌ജോലിചെയ്യുന്നവരും, സമീപപ്രദേശത്തുള്ളവരുമെല്ലാം ദേവന്റെ തിരുഉത്സവത്തിന്റെ ഭാഗമാകാറുണ്ട്.
പലവിധ വഴിപാടുകള്‍ക്കുപുറമെ ''പന്തിരുനാഴി'' ഒരു പ്രധാന വഴിപാടാണിവിടെ. അധികം വിഭവങ്ങള്‍ ഒന്നുമില്ലാതെ ഭക്തര്‍ക്ക് നല്‍കുന്ന ചോറൂട്ടാണ് പന്തിരുനാഴി. ഭക്തര്‍ക്ക് ഏത്ദിവസവും നടത്താവുന്ന വഴിപാടാണിത്. രാവിലത്തെ പൂജകള്‍ കഴിഞ്ഞാണ് അമ്പലത്തിനോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തില്‍ ചോറ് വിളമ്പുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും, തങ്ങളുടെ ഇഷ്ടദേവപ്രീതിക്കുമായി അനേകം ഭക്തര്‍ ഈ വഴിപാട് നടത്തുന്നു.
വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.അടുത്ത ക്ഷേത്രം അടുത്ത ലക്കത്തില്‍.
© അനില്‍ നീര്‍വിളാകം
5 Comments
Gd writing
ReplyDeleteThanks
Deleteനല്ലെഴുത്ത്. സന്ദർശിച്ച ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയ്ക്ക് ആശംസകൾ
ReplyDeleteThank u
Deleteനന്നായിട്ടുണ്ട് chetta🌹
ReplyDelete