ക്ഷേത്രായനം - 2 »»» അനില്‍ നീര്‍വിളാകം

kshethrayanam-anil-neervilakam


ചെങ്ങന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

 മഴയുടെ കാഠിന്യം കുറഞ്ഞ നാളുകളായിരുന്നു പിന്നീട്. പകല്‍ സമയങ്ങളില്‍ പെയ്തില്ല എന്നു തന്നെ പറയാം. എന്നാല്‍ ചില രാത്രികളില്‍ തകര്‍ക്കുകയും ചെയ്തു. ഞങ്ങളുടെ പ്രാര്‍ത്ഥനകളാലാകണം മുന്‍പോട്ടുള്ള യാത്രകളില്‍ മഴ ഒരു തടസ്സവും ഉണ്ടാക്കിയിരുന്നില്ല.   

ആലപ്പുഴ ജില്ലയിലെ  ഏറെ പ്രസിദ്ധവും  അതിപുരാതനവുമായ ചെങ്ങന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്കാണ്  രണ്ടാമതായി ഞങ്ങള്‍ യാത്ര ചെയ്തത്. ഇത് ചെങ്ങന്നൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ചെങ്ങന്നൂരിന്റെ ഹൃദയഭാഗത്ത് പമ്പാ നദിക്കരികെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലത്താണ് ഈ ക്ഷേത്രം. വാഹനത്തില്‍ അഞ്ചുമിനിറ്റുകൊണ്ടവിടെയെത്താനാകും. വൃത്താകൃതിയിലുള്ള ശ്രീകോവിലില്‍ കിഴക്കു ദര്‍ശനമായി ശ്രീ മഹാദേവനും, പടിഞ്ഞാട്ടു ദര്‍ശനമായി ശ്രീ പാര്‍വ്വതിദേവിയും കുടികൊള്ളുന്നു. കിഴക്കും, പടിഞ്ഞാറുമായി രണ്ടു വാതിലുകളാണ് ഈ ശ്രീകോവിലിനുള്ളത്. പെരുന്തച്ചന്റെ വാസ്തു വിദ്യയില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പണി കഴിപ്പിച്ചിട്ടുള്ളതാണ് ഈ ക്ഷേത്രം.

ചുറ്റു മതിലില്‍ കിഴക്കു ഭാഗത്തെ രണ്ടു നിലകളുള്ള ഗോപുര നടയാണ് പ്രധാന കവാടം.  അതിലൂടെ കടന്നെത്തുമ്പോള്‍ വൃത്താകൃതിയിലുള്ള ഒരു ഭീമന്‍ തറയും അതിനു മുന്‍പില്‍ കൊടിമരവും കാണാം. തറയുടെ ക്ഷേത്രനടയോടടുത്തുള്ള അഗ്രഭാഗത്ത് ശ്രീ മഹാദേവനെ നോക്കി കിടക്കുന്ന നന്തിയേയും ദര്‍ശിച്ചാണ് ക്ഷേത്രത്തിലേക്ക് കടക്കുന്നത്. ശക്തിപീഠമായാണ് പാര്‍വ്വതിദേവി (ഭഗവതി) അറിയപ്പെടുന്നത്. ഹിമാലയത്തില്‍വച്ച് പാര്‍വ്വതിദേവിയെ വിവാഹം കഴിച്ചതിന് ശേഷമാണ് മഹേശ്വരന്‍ ഇവിടെ വന്നതെന്നാണ് വിശ്വാസം.

ഭഗവതിക്ക് ''തൃപ്പൂത്ത്'' എന്നറിയപ്പെടുന്ന ആര്‍ത്തവ ഉത്സവം അതിപ്രധാനമാണിവിടെ. ഭഗവതിക്ക് രജസ്വല അടയാളങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ ദേവിയെ ശ്രീകോവിലില്‍ നിന്നും മാറ്റി പുറത്തു മറ്റൊരു ശ്രീകോവിലില്‍ ഇരുത്തിയാണ് പിന്നീടുള്ള മൂന്ന് ദിവസത്തെ പൂജകള്‍. കേരളത്തിലെ പെണ്‍കുട്ടികളുടെ പണ്ടു കാലത്തെ പ്രായപൂര്‍ത്തിയാകല്‍ ചടങ്ങുകള്‍ക്ക്  സാമ്യങ്ങളുള്ള ആഘോഷങ്ങളാണിവിടെ നടക്കുന്നത് എന്നാണ് പറയപ്പെടുന്നത്. മൂന്നു ദിവസം ദേവിയുടെ പ്രധാന നട അടച്ചിടും. നാലാം ദിവസം  ഭഗവതിയുടെ തിരുരൂപം പമ്പാനദിയില്‍ സ്‌നാനത്തിനു പോയി വരുന്ന ചടങ്ങുകള്‍ കാണേണ്ടതുതന്നെയാണ്. ഭഗവതിയുടെ തിരുരൂപം പമ്പാനദിയില്‍ വിശുദ്ധ സ്‌നാനം നടത്തി പിടിയാനപ്പുറത്താണ് ഘോഷയാത്രയോടെ ക്ഷേത്രത്തിലേക്ക് മടങ്ങുന്നത്. അകമ്പടിയായി മഹേശ്വരന്റെ ആനയും അനുഗമിക്കും. വലിയ ജനപങ്കാളിത്തമാണ് ഈ ആഘോഷങ്ങള്‍ക്കുള്ളത്. റോഡരികിലുള്ള കുടുംബങ്ങള്‍ നിലവിളക്കുകൊളുത്തി അവരവരുടെ വീട്ടുപടിക്കല്‍ ദേവിക്ക് പുഷ്പ്പങ്ങള്‍ അര്‍പ്പിക്കും. വിവിധ ക്ഷേത്രവാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികളും മുതിര്‍ന്നവരുമായ സ്ത്രീജനങ്ങള്‍ മുന്‍പില്‍ പരമ്പരാഗത താലപ്പൊലിയേന്തി ദേവിയെ ആനയിക്കും.

തൃപ്പൂത്താറാട്ട്

ക്ഷേത്രാങ്കണത്തില്‍, ആനപ്പുറത്തിരുന്നാണ് മഹാദേവന്റെ തിരുരൂപം,  ദേവിയെ കാത്തുനില്‍ക്കുക. പിന്നീട് രണ്ടു തിരുരൂപങ്ങളുംകൂടി പ്രദിക്ഷിണ വഴിയിലൂടെ പടിഞ്ഞാറേ നടയിലേക്ക് പോകും. പടിഞ്ഞാറേ നടയിലുള്ള ആനക്കൊട്ടിലില്‍ ഭക്തര്‍ക്ക് ദര്‍ശനമേകി മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വിവിധ പൂജാദി കര്‍മ്മങ്ങളില്‍ പങ്കെടുത്താണ്  പിന്നീട് ശ്രീകോവിലില്‍ പ്രവേശിക്കുക. ചിങ്ങം ഒന്നിന് ശേഷമുള്ള ആദ്യ തൃപ്പൂത്താഘോഷം വളരെ വിശേഷപ്പെട്ടതാണ്. ഭാഗ്യമെന്നുകരുതുന്ന ചിങ്ങമാസത്തിലെ ആദ്യ തൃപ്പൂത്താഘോഷ ദിവസംതന്നെയാണ് ഞങ്ങള്‍ക്കും അവിടെ എത്താനായതും ആഘോഷങ്ങളില്‍ പങ്കെടുക്കാനായതും എന്നത് ഒരു നിമിത്തമാകാം.

ഡിസംബര്‍-ജനുവരി മാസങ്ങളില്‍ 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ് ഇവിടുത്തെ വാര്‍ഷികോത്സവം. ധനു മാസത്തിലെ തിരുവാതിരയില്‍ കൊടിയേറി മകര മാസത്തിലെ തിരുവാതിരയില്‍ ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങുന്നു. ശിവരാത്രി മഹോത്സവവും ഇവിടെ വളരെ വിശേഷപ്പെട്ടതാണ്. ശബരിമല യാത്രികര്‍ക്ക് ഒരിടത്താവളമാണ് ഈ ക്ഷേത്രം. ദമ്പതിമാര്‍ക്കായുള്ള ഉമാ-മഹേശ്വര പൂജയും, ഏവര്‍ക്കും ചെയ്യാവുന്ന  മൃത്യുഞ്ജയ ഹോമവും വളരെ വിശേഷപ്പെട്ട വഴിപാടുകളാണ്. 

ഉപദേവതകള്‍ ശ്രീ ഗണേശന്‍, ദക്ഷിണാമൂര്‍ത്തി, സുബ്രഹ്മണ്യന്‍, ശാസ്താവ്, ശ്രീകൃഷ്ണന്‍, നീലഗ്രീവന്‍, സ്ഥാലീശന്‍, ഹനുമാന്‍, സര്‍പ്പ ദേവതകള്‍ എന്നിവരാണ്.

കൊച്ചിയില്‍ നിന്നും ചേര്‍ത്തല-മാരാരിക്കുളം-ആലപ്പുഴ-തിരുവല്ല വഴിയും,  തിരുവനന്തപുരത്തു നിന്ന് വെഞ്ഞാറന്‍മ്മൂട്-കിളിമാനൂര്‍-കൊട്ടാരക്കര-അടൂര്‍ വഴിയും രണ്ടര മണിക്കൂറു കൊണ്ട് ചെങ്ങന്നൂരെത്താം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ക്ഷേത്രത്തിന്റെ ഭരണാധികാരികള്‍.

മനസ്സു നിറഞ്ഞ ഒരനുഭവം ആയിരുന്നു ഈ യാത്ര. ഇവിടെയെത്താന്‍ ഇനിയും അവസരങ്ങള്‍ നല്‍കുക എന്ന പ്രാര്‍ഥനയോടെ ഉമാ-മഹേശ്വരനോട് മനസ്സുകൊണ്ട് യാത്രപറഞ്ഞിറങ്ങുമ്പോഴും ആഘോഷമേളങ്ങള്‍ തകൃതിയായി നടക്കുണ്ടായിരുന്നു.

(അടുത്ത ക്ഷേത്രം അടുത്ത ലക്കത്തില്‍)

© അനില്‍ നീര്‍വിളാകം

Post a Comment

3 Comments

  1. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക.

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete