അനാഥത്വം ► ബിവീഷ് വര്‍ഗ്ഗീസ്



വിടേക്കു പോകണം എന്ന് അറിയാതെ ബസ്സ് ഡിപ്പോയില്‍ നിന്നപ്പോള്‍ അവളുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന സുരക്ഷിതത്വം എത്ര വലുതായിരുന്നു എന്ന് മനസിലാക്കിയ നിമിഷം.. പക്ഷെ എല്ലാം കൈവിട്ടു പോയിരുന്നു.. ഒറ്റയ്ക്ക് ആരും സഹായത്തിനില്ലാതെ ഒരു പെണ്‍കുട്ടിക്ക് എന്ത് ചെയ്യാനാകും.. തന്റെ ദുരവസ്ഥക്ക് കാരണം ശെരിക്കും താന്‍ തന്നെ ആണെല്ലോ എന്നുള്ള ചിന്ത അവളുടെ ശരീരത്തിനെ എന്ന പോലെ അവളുടെ മനസിനെയും തളര്‍ത്തിയിരുന്നിരിക്കാം..

നൈമിഷിക സുഖത്തിനു വേണ്ടി തന്റെ വേണ്ടപ്പെട്ടവരെ മറന്നതിനു ദൈവം തന്ന ശിക്ഷ..

ഇല്ല ദൈവത്തിനെ പഴിക്കാന്‍ അവള്‍ക്കാവില്ല കാരണം ദൈവത്തിനെ മറന്നു ജീവിച്ച തനിക്കു ദൈവത്തിനെ പഴിക്കാനും അവകാശമില്ല.. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു അവളുടെ ജീവിതത്തില്‍ സംഭവിച്ചത്.. എവിടെയാണ് അവള്‍ക്കു തെറ്റ് പറ്റിയത്.. ചിന്തകളും ഓര്‍മകളും കാട് കയറിയപ്പോള്‍ വികാരങ്ങള്‍ അവളുടെ മിഴികളിലൂടെ ഉരുണ്ടു ഉരുണ്ടു വീഴുവാന്‍ തുടങ്ങി..

'തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ പോകുന്ന സൂപ്പര്‍ ഫാസ്റ്റ് അല്‍പ സമയത്തിനുള്ളില്‍ പുറപ്പെടുന്നതാണ്'

ആ അനൗണ്‍സ്മെന്റ് അവളെ യഥാര്‍ഥ്യത്തിലേക്കു തിരിച്ചു കൊണ്ടുവന്നു..

സന്ധ്യ സമയമായതിനാല്‍ ബസ്സിനുള്ളില്‍ തിരക്ക് കുറവായിരുന്നു.. ജനാലക്കരികിലുള്ള സീറ്റില്‍ തന്നെ അവള്‍ ഇരുന്നു.. ബസ്സിനുള്ളില്‍ കയറി വന്നപ്പോള്‍ ആളുകള്‍ തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നോ അവള്‍ പുറം തിരിഞ്ഞു എല്ലാവരെയും ഒന്ന് നോക്കി.. ഇല്ല തനിക്കു തോന്നിയതായിരിക്കും.. ആളുകളുടെ മുന്‍പില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നടന്ന തനിക്കു ഇപ്പോള്‍ ഒരു കൊച്ചു കുട്ടിയുടെ മുഖത്തു നോക്കാന്‍ പോലും ധൈര്യം ഇല്ല.. വിവാഹത്തിന്റെ കെട്ടുറപ്പും സുരക്ഷിതത്വവും മറ്റു ബന്ധങ്ങള്‍ക്കില്ല എന്ന് ആദ്യമായി അവള്‍ക്കു തോന്നിക്കാണും..

അപ്പോള്‍ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു..

ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ വിവാഹ ദിവസം അവള്‍ക്ക് ഓര്‍മ വന്നു അന്നും മഴ ചാറുന്നുണ്ടായിരുന്നു..

ഭര്‍ത്താവിന്റെ കയ്യും പിടിച്ചു വീട്ടിലേക്കു വന്നപ്പോള്‍ എന്തൊക്കെയോ നേടി എന്ന് തോന്നിയിരുന്നു.. ആദ്യരാത്രിയില്‍ അവന്‍ അവന്റെ ജീവിതം പച്ചയായി തുറന്നു പറഞ്ഞപ്പോള്‍ ഇല്ലായ്മകളിലൂടെ പട വെട്ടി പിടിച്ച ജീവിത നേട്ടങ്ങള്‍ തന്നോട് പങ്കു വെച്ചപ്പോള്‍ അവന്റെ സ്‌നേഹം ആദ്യമായി അവളോട് പങ്ക് വെച്ചപ്പോള്‍ ഈശ്വരാ എന്റെ ചേട്ടനെ കാത്തോളണേ മരണം വരെ എന്റെ കൂടെ തന്നെ കാണണെ എന്ന് പ്രാര്‍ത്ഥിച്ചത് അവള്‍ക്ക് ഓര്‍മ വന്നു..

പിന്നെ എപ്പോളാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്..

അതെ! 'വീട്ടിലിരുന്നു മോള്‍ ബോറടിക്കണ്ട' എന്ന് പറഞ്ഞു ചേട്ടനാണ് തന്നെ നിര്‍ബന്ധിച്ചു ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ വിട്ടത്.. അവിടെ തുടങ്ങിയ പുരുഷ സൗഹൃദങ്ങള്‍, ഫോണ്‍ വിളികള്‍, ചാറ്റുകള്‍, കറക്കം..

കൂട്ടുകാരിയുടെ ഭര്‍ത്താവിന്റെ ഗള്‍ഫിലുള്ള സുഹൃത്തിനെ ആദ്യമായി കാണുമ്പോള്‍ ഫോണ്‍ നമ്പര്‍ കൈമാറുമ്പോള്‍ അവളുടെ ജീവിതത്തിന്റെ കറുത്ത അദ്ധ്യായം തുടങ്ങുകയാണെന്നു അവള്‍ക്കു മനസിലായില്ല.. അയാളുടെ നിറവും ചുണ്ടില്‍ എപ്പോളും കത്തുന്ന ഫോറിന്‍ സിഗരറ്റിന്റെ ഗന്ധവും അവള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.. ഗള്‍ഫുകാരന്റെ പളുപളുത്ത കുപ്പായവും,നുരഞ്ഞു പൊങ്ങുന്ന അത്തറിന്റെ സുഗന്ധവും ആവശ്യത്തിനും അനാവശ്യത്തിനും വീശിയെറിയുന്ന നോട്ട് താളുകളും അവളെ ഏതോ മായാ ലോകത്തിലെത്തിച്ചു.. അപ്പോള്‍ രാവിലെ പോയിട്ട് വൈകുന്നേരം വിയര്‍ത്തു കുളിച്ചു കയറി വരുന്ന ചേട്ടന്റെ വിയര്‍പ്പു അവള്‍ക്കു ദുര്‍ഗന്ധമായി തോന്നാന്‍ തുടങ്ങി..

പുതിയ വീടിന്റെ പണിക്കു വേണ്ടി ചേട്ടന്‍ പണയം വെച്ച സ്വര്‍ണം, അഞ്ച് വര്‍ഷമായി അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലാത്തത്, ചേട്ടന്റെ ത്വക്കിന്റെ നിറം കറുത്തതായതു, ഒക്കെ പ്രശ്‌നങ്ങള്‍ ആകാന്‍ തുടങ്ങി..

ഇതൊക്കെ പറഞ്ഞു പ്രശ്‌നങ്ങള്‍ ഉണ്ടാക്കി മാറി കിടക്കുമ്പോള്‍ താന്‍ ജീവിതമെന്ന പരീക്ഷയില്‍ തോറ്റു കൊണ്ടിരിക്കുന്ന കാര്യം മനസിലാക്കാന്‍ മറന്നു..

ആദ്യമായി ഗള്‍ഫുകാരന്റെ ആഡംബര കാറില്‍ പട്ടണം ചുറ്റുമ്പോള്‍ അല്‍പ നിമിഷത്തേങ്കെങ്കിലും അവള്‍ അഹങ്കരിച്ചിരിക്കില്ലേ..

രാത്രി കല്യാണ വര്‍ക്ക് ഉണ്ട് എന്ന് പറഞ്ഞു അയാളോടൊപ്പം ഹോട്ടല്‍ മുറിയിലെ a/c റൂമില്‍ ഇരിക്കുമ്പോള്‍ 'മോളെ നീ വല്ലതും കഴിച്ചോ സമയത്തു ഉറങ്ങണേ' എന്ന് പറഞ്ഞു വിളിച്ച ചേട്ടനെ അവള്‍ ഒരു നിമിഷത്തേക്ക് ഓര്‍ത്തു പോയി..

തെറ്റുകള്‍ ആവര്‍ത്തിച്ചപ്പോള്‍ മനസ്സില്‍ കുറ്റബോധത്തിന് സ്ഥാനമില്ലാതായി.. താന്‍ മനസിലാഗ്രഹിച്ച പോലെ ഇരു നില വീടും കാറും സൗകര്യങ്ങളും ഉള്ള ഗള്‍ഫുകാരന്റെ ഒപ്പമുള്ള ഒരു ജീവിതം സ്വപ്നം കാണാന്‍ തുടങ്ങിയ അവള്‍ കടലോളം സ്‌നേഹമുള്ള ആകാശത്തോളം ആത്മാര്‍ത്ഥത ഉള്ള സ്വന്ത ഭര്‍ത്താവിന്റെ മനസ്സ് കണ്ടില്ല..

തന്റെ പര പുരുഷബന്ധം അറിഞ്ഞ ചേട്ടന്‍ തന്നെ തല്ലിയപ്പോള്‍ അവളുടെ മനസ്സില്‍ ഉള്ള വെറുപ്പും വിദ്വേഷവും അറിയാതെ തന്നെ പുറത്തു വന്നു.. 'ചേട്ടന്‍ എന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു പോകണം കാരണം ചേട്ടന്റെ കറുത്ത കുഞ്ഞിനെ പ്രസവിക്കാന്‍ എനിക്ക് ആവില്ല' എന്ന് വരെ അവള്‍ അവനോടു പറഞ്ഞു..തന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന ചേട്ടനെ ആ വാക്കുകള്‍ എന്ത് മാത്രം വിഷമിപ്പിച്ചിരിക്കും എന്ന് ഇപ്പോള്‍ അവള്‍ക്ക് മനസിലാകുന്നുണ്ടായിരിക്കാം..

ചേട്ടനെയും വീടും വിട്ടു ഇറങ്ങുമ്പോള്‍ അവളുടെ മനസ്സ് നിറയെ ഗള്‍ഫുകാരന്റെ മിഥ്യ വാഗ്ധാനങ്ങളായിരുന്നു.. ലോകം നേടിയ ഭാവം.. അഹങ്കാരത്തോടെ അവിടെ നിന്ന് ഇറങ്ങുമ്പോള്‍ അവളെ നോക്കി ചിരിക്കുന്ന മുഖങ്ങളെ അവള്‍ കണ്ടില്ല.. ഒരു പുതിയ ജീവിതവും ഒരുപാട് സ്വപ്നങ്ങളും ആയി അവള്‍ തന്റെ ജീവിതം കരു പിടിപ്പിക്കാന്‍ ശ്രേമിക്കുമ്പോള്‍ അപമാനത്താലോ, ജീവിതത്തില്‍ ആദ്യമായി തോറ്റു പോയതിനാലോ അവളുടെ ഭര്‍ത്താവ് ഒരു മുഴം കയറില്‍ ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്തു നിന്ന് വേര്‍പെട്ട് കഴിഞ്ഞിരുന്നു..

പിന്നീട് അങ്ങോട്ട് അവള്‍ക്കു നഷ്ടപെട്ടത് ജീവിതത്തിലെ അവളുടെ മുറിച്ചു മാറ്റാന്‍ കഴിയാത്ത ബന്ധങ്ങളായിരുന്നു

കൗമാരത്തില്‍ പിതാവിനെ നഷ്ടപെട്ട അവളുടെ അമ്മ പ്രമേഹം സംബന്ധമായ രോഗത്തിനാല്‍ ഈ ലോകത്തില്‍ നിന്ന് മാറ്റപെട്ടു.. ശവ സംസ്‌കാരത്തിന് പോലും പങ്കെടുക്കാനാകാതെ അടച്ചിട്ട മുറിയില്‍ കണ്ണുനീര്‍ വാര്‍ക്കാനായിരുന്നു അവളുടെ വിധി..

ഒരേ ഗര്‍ഭപാത്രം പങ്കിട്ടെടുത്ത സഹോദരന് അപകടമരണം സംഭവിച്ചപ്പോളും ആ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ അവള്‍ക്കു സാധിക്കുമായിരുന്നില്ല..

ഇപ്പോള്‍ വിധിയുടെ വിളയാട്ടം എന്നപോലെ എല്ലാവരെയും ഉപേക്ഷിച്ചു വന്ന അവളെ അവളുടെ ഗള്‍ഫുകാരന്‍ ഉപേക്ഷിച്ചു.. അവളെക്കാള്‍ വെളുപ്പും തുടുപ്പും ഉള്ള പുതിയ ഒരു പെണ്‍കുട്ടി അവന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ പഴയ കാമുകി അവനു ഒരു ഭാരമായി മാറി..

'ദയവു ചെയ്തു എന്റെ ജീവിതത്തില്‍ നിന്നും ഒന്ന് ഒഴിവായി തരാമോ' എന്ന് അവന്‍ ചോദിച്ചപ്പോള്‍ ഒരു പക്ഷെ ഒരു വര്‍ഷം മുന്‍പ് അവള്‍ തന്റെ ഭര്‍ത്താവിനോട് ചോദിച്ച ചോദ്യം മിന്നല്‍ പോലെ അവളുടെ മനസിലേക്ക് കടന്നു വന്നിരിക്കാം.. അവളുടെ സ്വപ്നങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ട് തകര്‍ന്നു പോയി.. 

ഒരുപക്ഷെ വേറെ ഒരു ലോകത്തു നിന്ന് കൊണ്ട് അവന്റെ ആത്മാവ് അവളിടെ ദയനീയവസ്ഥയില്‍ സങ്കടപെടുന്നുണ്ടായിരിക്കാം.. 

സകലതും ഉപേക്ഷിച്ചു അവള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴേക്കും അവള്‍ ശരിക്കും ഒരു അനാഥ ആയിക്കഴിഞ്ഞിരുന്നു.. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി സ്വന്തബന്ധങ്ങളെ സ്വയമേ ഉപേക്ഷിച്ച ഒരു അനാഥ...

©bivish varghese


Post a Comment

0 Comments