വിഷുക്കണി ►സനില്‍കുമാര്‍ സദാനന്ദന്‍

vishukkani-sanikumar-sadanandan


'കണികാണണ്ടേ?, എഴുന്നേല്‍ക്കൂ, കണ്ണു തുറക്കല്ലേ '

ഭാര്യയുടെ ശബ്ദം അയാളുടെ ചെവിയിലേക്കും, ഉരുക്കു വെളിച്ചെണ്ണയില്‍ നെല്ലിക്കയും, ചെമ്പരത്തിപ്പൂവും, കൈയോന്നിയും മൂപ്പിച്ച എണ്ണയുടെ ഗന്ധം ഭാര്യയുടെ മുടിയില്‍ നിന്നും അയാളുടെ മൂക്കിലേക്കും എത്തിയപ്പോള്‍ അയാള്‍ വലതുവശം ചരിഞ്ഞ് എഴുന്നേല്‍ക്കാനൊരുങ്ങി.

'കൊള്ളാം, രാവിലെയെനിക്ക് നല്ല കണി തന്നെ '

അവര്‍ അയാളുടെ അഴിഞ്ഞു പോയ മുണ്ട് നേരെ പിടിച്ചിട്ടു. അയാള്‍ ചുണ്ടിലൂറിയ ചിരിയോടെ മുണ്ടുടുത്തു കൊണ്ട് എഴുന്നേറ്റിരുന്നു. പിന്നെ കട്ടിലില്‍ പിടിച്ച് ഭിത്തിയില്‍ പരതി പതുക്കെ നടന്നു. മുറിയില്‍ നിന്ന് നടുമുറ്റത്തിനു ചുറ്റുമുള്ള തളത്തിലേക്കിറങ്ങുമ്പോള്‍ അയാള്‍ക്കു ബാലന്‍സ് തെറ്റിയെങ്കിലും ഭിത്തിയില്‍ പിടിച്ചു നേരെ നിന്നു. പിന്നെ തളം ചുറ്റി ഭാര്യയ്ക്കൊപ്പം പൂജാമുറിയിലേക്കു നടന്നു.

അഞ്ചു തിരിയിട്ടു കത്തിച്ച നിലവിളക്കും, വാല്‍ക്കണ്ണാടിയും അരിയും, കോടി വസ്ത്രവും, വെള്ളരിയും, നാളികേരവും ഒക്കെ നിറച്ച തിളങ്ങുന്ന ഓട്ടുരുളിയും, ചുണ്ടില്‍ എപ്പോഴും കള്ളച്ചിരിയൊളിപ്പിച്ച കൃഷ്ണ വിഗ്രഹവും അയാള്‍ നടത്തത്തിനിടയില്‍ മനക്കണ്ണില്‍ കണ്ടു. 

പൂജാമുറിയിലേയ്ക്കു കയറുന്ന പടിയില്‍ കാല്‍ തട്ടിയപ്പോള്‍ അയാള്‍ നിന്നു. പൂജാമുറിയ്ക്കു മുന്നിലെത്തിയിരിക്കുന്നു. അയാള്‍ തൊഴുകയ്യുമായി നിന്നു പിന്നെ പ്രാര്‍ത്ഥനയോടെ കണ്ണുകള്‍ തുറന്നു. മുന്നില്‍  കട്ടപിടിച്ച ഇരുട്ട് മാത്രം. അയാള്‍ക്കൊന്നും മനസ്സിലായില്ല. കൈ നീട്ടിയപ്പോള്‍ പൂജാമുറിയുടെ വാതില്‍ മലര്‍ക്കെ തുറന്നു. പക്ഷെ കതകില്‍ പിടിപ്പിച്ച, കാറ്റില്‍പ്പോലും ഇക്കിളിപ്പെട്ടു ചിരിക്കാറുള്ള ഓട്ടുമണികള്‍ മിണ്ടാത്തതെന്തെന്ന് അയാള്‍ക്കു മനസ്സിലായില്ല. അയാള്‍ക്ക് കലശലായി ദേഷ്യം വന്നു. സ്വതേ ദേഷ്യക്കാരനാണയാള്‍. 

' വിളക്കു പോലും കത്തിയ്ക്കാതെയാണോ നീ എന്നെ വിളിച്ചുണര്‍ത്തിയത് ? അയാള്‍ ഭാര്യയ്ക്കു നേരെ ഒച്ചയിട്ടു. ഇത്ര പെട്ടെന്ന് അവളെവിടെ പോയി? അയാള്‍ ആശയക്കുഴപ്പത്തിലായി. താനെവിടെയാണ്? കൈകാലുകള്‍ ചലിപ്പിക്കാനാവുന്നുണ്ടെങ്കിലും വായുവില്‍ തുഴയുന്നതു പോലെയാണ് അയാള്‍ക്കു തോന്നിയത്. അയാള്‍ ഒരു ശിശുവിനെപ്പോലെ കൈകാലുകള്‍ ചലിപ്പിച്ചു കൊണ്ടേയിരുന്നു.

പതുക്കെ തനിക്കു ചുറ്റിനുമുള്ള നരച്ച ഇരുട്ടില്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടക്കുകയാണ് താനെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

അയാളൊന്നു നെടുവീര്‍പ്പിട്ടു. പിന്നെ കസേരയില്‍ കിടന്നു കൊണ്ട് പുറത്തേക്ക് നോക്കി. പുറത്ത് എപ്പോഴോ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. മഴത്തുളളിക്കൊപ്പമടര്‍ന്ന കര്‍ണ്ണികാരങ്ങള്‍ ഭാര്യയുടെ പട്ടടയില്‍ ഒരു വിഷുക്കണി അയാള്‍ക്കായി ഒരുക്കിയതുപോലെ കിടന്നിരുന്നു. അയാളൊന്നു മൂരി നിവര്‍ന്നു. സമയമെന്തായിട്ടുണ്ടാവും? അയാള്‍ അടുത്തു വച്ചിരുന്ന ഫോണെടുത്തു തുറന്നു. ദൂരെദേശങ്ങളില്‍ നിന്നും മക്കള്‍ അയാള്‍ക്കായി അയച്ച കര്‍ണ്ണികാരപുഷ്പങ്ങളുടെ ചിത്രമടങ്ങിയ വിഷു ആശംസകള്‍ അയാളുടെ ഇന്‍ബോക്‌സിലേക്കു വന്നു കയറി. അയാള്‍ കൈകള്‍ തലയണയാക്കി കസേരയിലേയ്ക്ക് കിടന്നു. പിന്നെ കണി കണ്ടുണരുവാനായി കണ്ണുകള്‍ മെല്ലെയടച്ചു.

Post a Comment

2 Comments

  1. 🙏🙏🙏❤❤

    ReplyDelete
  2. നല്ലെഴുത്ത്..വായനക്കാരന്‍റെ ഹൃദയത്തില്‍ തൊടാനാകുന്നുണ്ട്. ആശംസകള്‍ സുഹൃത്തേ🌹

    ReplyDelete