ഗുരുവായൂര്‍ ശ്രീ വെങ്കിടാചലപതി ക്ഷേത്രം
വൈകുന്നേരം, പൂജകളെല്ലാം കഴിഞ്ഞ് നട അടയ്ക്കാന്‍ അല്‍പ്പ സമയം മാത്രം ബാക്കിയുള്ള ഒരു ദിവസമാണ് ഞങ്ങള്‍ക്കവിടെ എത്താനായത്. അമ്പല ചുറ്റുവിളക്കിലെ ദീപങ്ങള്‍ പ്രഭമങ്ങി മറയാനുള്ള പുറപ്പാടിലായിരുന്നു എന്ന് തോന്നി. താമസിച്ചു പോയല്ലോ എന്ന ക്ഷമാപണ മനസോടെ അകത്തു പ്രവേശിക്കുമ്പോള്‍ കണ്ടത് ദീപങ്ങളെല്ലാം തന്നെ നല്ല പ്രഭയോടെ
ദേവന്റെ ഉറക്കുപാട്ടിന്, ശ്രീകോവില്‍ സാക്ഷിയായി നില്‍ക്കുന്നതായിരുന്നു. അല്‍പ്പം കൂടി കഴിഞ്ഞു പോയിരുന്നെങ്കില്‍ ഒരുപക്ഷെ അന്ന് ദര്‍ശനം സാധ്യമാകുമായിരുന്നില്ല. എന്തായാലും നടയടക്കുന്നതിന് മുന്‍പു തന്നെ അവിടെ എത്താനായതിലുള്ള സന്തോഷത്തോടെ ദേവനെ വന്ദിച്ച് നന്ദിയുമറിയിച്ച് പുറത്തിറങ്ങി. പ്രദിക്ഷിണ വഴിയും കടന്ന് ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ശ്രീകോവില്‍ അടക്കുന്ന മണിനാദം മുഴങ്ങി കേട്ടു.
തിരുവെങ്കടം എന്നാണ് ഈ ക്ഷേത്രം, സ്ഥിതിചെയ്യുന്ന സ്ഥലം അറിയപ്പെടുന്നത്. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടുത്തു തന്നെയാണ് ഈ ക്ഷേത്രവും. 'കേരള തിരുപ്പതി' എന്നും ചിലര്‍ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. കിഴക്കോട്ടാണ് ക്ഷേത്ര ദര്‍ശനമെങ്കിലും പടിഞ്ഞാറു ഭാഗത്താണ് പ്രധാന പ്രവേശന കവാടം. മരങ്ങളും, മണല്‍പ്പരപ്പുമുള്ള ഒരു തുറസായ സ്ഥലമാണ് പടിഞ്ഞാറേ നട. ഈ കവാടത്തിന്റെ തൊട്ടു മുന്നില്‍ ഒരു അരയാല്‍മരം കാണാം. അരയാല്‍
പിന്നിട്ടു കഴിഞ്ഞാല്‍ രണ്ടു നിലകളോടുകൂടിയ മനോഹരമായ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലെത്താം. അകത്തു കടന്നാല്‍ ഇടതു ഭാഗത്ത് വഴിപാട് കൗണ്ടര്‍ ആണുള്ളത്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിന് ഇരുവശവും ചെറു വാതിലുകള്‍ കാണാം. ഇത് വാതില്‍ മാടങ്ങള്‍ എന്നറിയപ്പെടുന്നു.

കിഴക്കേ നടയില്‍ പഞ്ചലോഹ കൊടിമരവും വലിയ ബലിക്കല്ലുമുണ്ട്. വലുപ്പം കൊണ്ട് ചെറുതെങ്കിലും ലോകപ്രസിദ്ധമായ തിരുപ്പതി വെങ്കിടാചലപതി വിഗ്രഹത്തിന് സമാനമായ രൂപഭാവമുള്ള പ്രതിഷ്ഠയാണിവിടെ. ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് തിരുവെങ്കടാചലപതിയായി പൂജിയ്ക്കപ്പെടുന്നത്. ചതുരാകൃതിയില്‍ തീര്‍ത്ത ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ഭഗവാന്‍ കുടികൊള്ളുന്നു. ചതുര്‍ബാഹുവായ ഭഗവാന്‍ പുറകിലെ വലതുകയ്യില്‍ സുദര്‍ശനചക്രവും, പുറകിലെ ഇടതുകയ്യില്‍ പാഞ്ചജന്യം, സ്വര്‍ണ്ണത്താഴികക്കുടം, ശംഖും ധരിച്ചിട്ടുണ്ട്. മുന്നിലെ വലതുകൈ അഭയ മുദ്രയിലാണുള്ളത് (അഭയ മുദ്ര എന്നാല്‍ കൈ ഉയര്‍ത്തി അനുഗ്രഹിക്കുന്ന മുദ്ര. മനസിന് സ്വസ്ഥത നല്‍കി നന്മകള്‍ നേരുന്നതിന് ഗുരുക്കന്മാരും, മുതിര്‍ന്നവരും ഒക്കെ ചെയ്യുന്ന മുദ്ര). മുന്നിലെ ഇടതുകൈ ഇടത്തെ തുടയോട് ചേര്‍ത്തു വച്ചിരിയ്ക്കുന്നു.
ഭാരതീയ ഭക്ത സാമ്രാജ്യത്തിലെ പ്രധാനി ശ്രീ രാമാനുജാചാര്യര്‍ തന്റെ ദേശാന്തര സഞ്ചാരത്തിനിടയില്‍ ഇവിടെ വരാനിടയാകുകയും തന്റെ ഇഷ്ടദേവനായ വെങ്കടാചലപതിയെ കേരളത്തില്‍ പ്രതിഷ്ഠിയ്ക്കാന്‍ ആഗ്രഹിച്ച്, അദ്ദേഹം തപസ്സ് ചെയ്യുകയും തുടര്‍ന്ന് ഭഗവാന്റെ അനുമതിയോടെ തിരുപ്പതിയില്‍ നിന്നുതന്നെ വിഗ്രഹം കൊണ്ടു വന്ന് ഇവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. തിരുപ്പതിയിലേതു പോലെ ലഡ്ഡുവാണ് ഇവിടെയും ഭഗവാന്റെ പ്രധാന നിവേദ്യം.
മാതൃദേവതയായ ഭദ്രകാളിയും പ്രാധാന്യമുള്ള പ്രതിഷ്ടയാണിവിടെ. തട്ടകത്തമ്മയായി ആരാധിച്ചുപോരുന്ന ഈ ഭഗവതിയെ നാട്ടുകാര്‍ 'തിരുവെങ്കടത്തമ്മ' എന്ന് വിളിക്കുന്നു. തിരുവെങ്കടത്തമ്മ, തിരുവെങ്കടം ദേശത്തിന്റെ പരദേവതയായാണ് കണക്കാക്കുന്നത്. നാലമ്പലത്തിന്റെ തെക്കുകിഴക്കേമൂലയിലെ വാതില്‍ മാടത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. പൂമൂടലും മുട്ടറുക്കലുമാണ് ഭഗവതിയുടെ പ്രധാന വഴിപാടുകള്‍. പൂമൂടല്‍ വഴിപാട് നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്. ഇത് വരുന്ന ഏതാനും വര്‍ഷങ്ങള്‍ മുഴുവനും ബുക്ക് ആയിരിക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. മുട്ടിറക്കല്‍ എന്നാല്‍, ശ്രീകോവില്‍ മതില്‍കെട്ടിന് വെളിയില്‍ ഒരു കുട്ടയില്‍ നിറച്ച് പൊതിച്ച നാളീകേരവും, അരികില്‍ ഒരു പാത്രത്തില്‍ വെള്ളവും വെച്ചിട്ടുണ്ട്. പേരും നക്ഷത്രവും പറഞ്ഞ് വഴിപാടിന് ശീട്ടെഴുതി ഇവിടെ നിന്നും നാളീകേരം എടുത്ത് വെള്ളത്തില്‍ മുക്കി ശുദ്ധി വരുത്തിയ ശേഷം അകത്തേക്ക് കൊണ്ടു പോകണം. മനസിലുള്ള വിഷമങ്ങള്‍ അകറ്റാന്‍ പ്രാര്‍ത്ഥിച്ച് ഇത് നടയില്‍ സമര്‍പ്പിക്കണം. അവിടെയുള്ള പൂജാരി പ്രാര്‍ത്ഥിച്ച് ഈ നാളീകേരം ദേവിക്ക് മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ചെറു കല്ലില്‍ ഉടയ്ക്കും. ഇത് പൊട്ടുന്ന രീതിയില്‍ ചില ലക്ഷണങ്ങള്‍ പൂജാരി അറിയിക്കുകയും ചില പ്രതിവിധികള്‍ പറയുകയും ചെയ്യാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വീണ്ടും നാളീകേരം എടുത്തു കൊണ്ടു വന്ന് സമര്‍പ്പിക്കാനും നിര്‍ദേശിക്കാറുണ്ട്.
നാലമ്പലത്തിനകത്ത് ക്ഷേത്ര സ്ഥാപകനായ ശ്രീ രാമാനുജാചാര്യരുടെ പ്രത്യേക ശ്രീകോവിലും, പ്രതിഷ്ഠയും കാണാനാകും. കിഴക്കോട്ട് ദര്‍ശനമായി ഗണപതി ഭഗവാന്‍ കുടികൊള്ളുന്നു. ഗണപതി ശ്രീകോവിലിന് അഭിമുഖമായി ഒരു മുറിയും അതില്‍ പടിഞ്ഞാട്ട് ദര്‍ശനമായി സരസ്വതീദേവിയുടെ ചിത്രവും കാണാം. നവരാത്രിക്കാലത്ത് ഇവിടെയാണ് പൂജവയ്ക്കുന്നത്. അയ്യപ്പന്‍, നാഗരാജാവ്, ബ്രഹ്മരക്ഷസ് എന്നിവരെയും ഉപദേവദാസന്മാരായി ആരാധിക്കുന്നു. തിരുവെങ്കടത്തമ്മയുടെ കളമെഴുത്തും പാട്ടും നടക്കുന്ന പാട്ടമ്പലവും, പ്രധാന ദിവസങ്ങളില്‍ ഭക്തര്‍ക്ക് അന്നദാനം നല്‍കുന്ന ഊട്ടുപുരയും ഇവിടെയുണ്ട്.
മകരച്ചൊവ്വ - മകരത്തിലെ ആദ്യ ചൊവ്വാഴ്ച (ജനുവരി) വളരെ വിശേഷമാണിവിടെ. ബ്രഹ്മോത്സവമാണ് വാര്‍ഷിക ഉത്സവം. മേടത്തിലെ പുണര്‍തം നക്ഷത്രത്തില്‍ (ഏപ്രില്‍-മെയ്) കൊടിയേറി, ആറാം ദിവസം ആറാട്ടോടെയാണ് പര്യവസാനിക്കുക. മേട വിഷു, നവരാത്രി, മണ്ഡലകാലം ഒക്കെ ഇവിടെ ആഘോഷിക്കപ്പെടുന്നു.
അമ്പലത്തിന് പുറത്ത്, പടിഞ്ഞാറെനടയില്‍ അരയാലിന്റെ വടക്കുവശത്ത് 'താഴത്തെക്കാവ്' എന്ന പേരില്‍ ഒരു ചെറു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. വെങ്കടാചലപതിക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ഇത്. കിഴക്കോട്ട് ദര്‍ശനമായി ശാന്തസ്വരൂപിണിയായ ദുര്‍ഗ്ഗാദേവിയാണ് ഇവിടെ പ്രതിഷ്ഠ. ഞങ്ങള്‍ ഇറങ്ങുമ്പോള്‍ അവിടെയും ചില ആചാരങ്ങള്‍ നടക്കുന്നത് കണ്ടു. പട്ടും, ചിലങ്കയും കെട്ടിയ വെളിച്ചപ്പാട് കൈയില്‍ വാളും ഒക്കെയായി തുള്ളിയുറഞ്ഞ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതും കണ്ട് അല്‍പ്പ സമയം ഞങ്ങളും അവിടെ ചിലവഴിച്ചു. മടങ്ങുമ്പോള്‍ പുറത്ത് ഇരുട്ടിന് കനം വെച്ചിരുന്നു. ചീവീടുകളുടെ നീണ്ട കുരവയിടീല്‍ കേട്ടുകൊണ്ട്, പ്രകൃതിയില്‍ വര്‍ണ്ണം വിതറുന്ന മിന്നാമിന്നി കൂട്ടങ്ങളെയും കണ്ട് ഞങ്ങള്‍ വണ്ടിയിലേക്ക് കയറിയിരുന്നു.
© അനില്‍ നീര്‍വിളാകം
0 Comments