കലണ്ടറില്‍ ചുവപ്പ് പടര്‍ന്നൊരു അവധി ദിനത്തിന്റെ രണ്ടാംപകുതിയില്‍ 'അധിക ഡ്യൂട്ടി' കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ സെബാന്റെ മനസ്സില്‍ അത്ര ചെറുതല്ലാത്തൊരു ആശയക്കുഴപ്പം ഉടലെടുത്തിരുന്നു.
കാശുകൊടുത്ത് കരളു കളയുന്ന പതിവ് അവധിദിന പരിപാടി വേണോ വേണ്ടയോ എന്ന ചിന്തയായിരുന്നു സെബാനില്‍ ഉടലെടുത്ത ആശയക്കുഴപ്പത്തിനാധാരം.
വേണ്ട എന്ന് തീരുമാനിച്ചെങ്കിലും നിശ്ചിത ഇടവേളകളില്‍ മനസ്സിളക്കുക എന്ന ലക്ഷ്യത്തോടെ ചുവപ്പ് ദ്രാവകം മോഹിനി വേഷം പൂണ്ട് സെബാന്റെ മനസിലേക്ക് എത്തിനോക്കികൊണ്ടേയിരുന്നു.
ഒരു തീരുമാനമെടുത്താല്‍ അത് എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്ന് ഉറപ്പിച്ച സെബാന്‍ ചോപ്പ് ദ്രാവകത്തിന്റെ പ്രലോഭനങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് മനപ്പൂര്‍വ്വം തിരക്കുകളിലേക്ക് ഊളിയിട്ടു.
കാലമേറെയായി ചൂല് കാണാത്ത, പൊടിയും, മാറാലകളും അലങ്കാരം ചാര്‍ത്തി ഒരു മിനിഭാര്‍ഗവിനിലയമായിരുന്ന കിടപ്പുമുറിയെ കുളിപ്പിച്ചു സുന്ദരിയാക്കി,പബ്ലിക്ക് കംഫര്ട്ട് സ്റ്റേഷനെ ഓര്‍മ്മിപ്പിച്ചിരുന്ന കുളിമുറിയെ മിന്നിത്തിളങ്ങുന്നതാക്കി, കാലങ്ങളായി അധികാരസ്ഥാനങ്ങളില്‍ അടയിരിക്കുന്ന ചിലനേതാക്കളെ ഓര്‍മ്മപ്പെടുത്തുന്ന ജനല്‍ കര്‍ട്ടനുകള്‍ക്ക് ജലസ്‌നാനത്തിലൂടെ ശാപമോക്ഷം നല്കി, അങ്ങനെ അങ്ങനെ അടുത്തുള്ള പള്ളിയില്‍ അസര്‍ബാങ്ക് മുഴങ്ങുന്നത് വരെ സെബാന്‍ സ്വയം മെനഞ്ഞെടുത്ത തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ഒഴുകിനീങ്ങിക്കൊണ്ടേയിരുന്നു.
'ഒരു കാര്യം തീരുമാനിച്ചാല്‍ അതു നിശ്ചയദാര്‍ഢ്യത്തോടെ നടപ്പിലാക്കുവാന്‍ പിണറായിക്കാരന്‍ വിജയന് മാത്രമല്ല ഈ ആറാട്ടുപുഴക്കാരന്‍ സെബാനും കഴിയും'
കാലമേറെ മുമ്പ് ഒരു പ്രഭാതത്തില്‍ ബാത്‌റൂമില്‍ ഇരിക്കുമ്പോള്‍,താനിനി ഒരിക്കലും ചായ കുടിക്കില്ല എന്ന് തീരുമാനമെടുക്കുകയും, അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്ത പിണറായി വിജയനോട്, തന്റെ ഈ ഒരു ദിവസത്തെ ചുവപ്പ് ദ്രാവക ബഹിഷ്‌കരണത്തിനെ സെബാന്‍ ഇന്റര്‍കണക്ട് ചെയ്തു.
പിണറായി വിജയനില്‍ നിന്നും സെബാന്‍ നേരേ വഴിമാറി ചവുട്ടിയത് മറ്റൊരു സര്‍ക്കാര്‍ സംവിധാനത്തിലേക്ക് തന്നെയായിരുന്നു. ദിവസേന രാവിലെ താമസ സ്ഥലത്തു നിന്നും തൊഴിലിടത്തിലേക്കുള്ള ഒന്നര കിലോമീറ്റര്‍ നടന്നു തീര്‍ക്കുമ്പോള്‍ സെബാന്‍ ഇടത്താവളമായി കണ്ടിരുന്നത് സ്വാമിയാരുടെ വെജിറ്റേറിയന്‍ ഹോട്ടല്‍ ആയിരുന്നു. ഹോട്ടലില്‍ നിന്ന് പതിവുള്ള കടുപ്പമേറിയ മധുരമില്ലാച്ചായക്കൊപ്പം, ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ അടുത്തുള്ള ലോട്ടറിചേച്ചിക്ക് മുന്നില്‍ ഭാഗ്യം പരീക്ഷിക്കുന്ന പതിവും സെബാനുണ്ട്.
അടിച്ചാല്‍ ഒരുകോടി ലഭിക്കുന്ന ഞായറാഴ്ച സ്‌പെഷ്യല്‍ ഫിഫ്റ്റി- ഫിഫ്റ്റിയില്‍ അമ്പത് രൂപ മുടക്കിയത് ഓര്‍മ്മയിലേക്ക് എത്തിയതോടെ സെബാന്‍ പെടുന്നനെ ഗൂഗിള്‍ അമ്മായിയുടെ നെറുകയിലേക്ക് പാഞ്ഞു കയറി,'ടുഡേയ്‌സ് ലോട്ടറി റിസള്‍ട്ട്' എന്ന് ടൈപ്പ് ചെയ്തപ്പോഴേക്കും, മുടക്ക് മുതലിന്റെ പത്തിരട്ടി ഭാഗ്യം കടാക്ഷിച്ചെന്ന അറിയിപ്പ് അമ്മായിയുടെ നെറ്റിത്തടത്തില്‍ തെളിഞ്ഞു.
'അഞ്ഞുറു അടിച്ച സ്ഥിതിക്ക് ഇന്നൊരു അഞ്ഞുറു വാങ്ങാം'
ഏറെ നേരമായി യാതൊരു അവസരവും ലഭിക്കാതെ അകറ്റിനിര്‍ത്തപ്പെട്ട ദ്രാവകാനുകൂലി ലോട്ടറിയടിച്ചതോടെ കിട്ടിയ അവസരം മുതലെടുത്ത് സെബാന്റെ മനസിനുള്ളിലേക്ക് ഇരമ്പിക്കയറി.
'അഞ്ഞൂറല്ല അരക്കോടി അടിച്ചാലും തീരുമാനം മാറ്റരുത്' ഇരമ്പിയാര്‍ത്ത് വന്ന ദ്രാവകാനുകൂലിയുടെ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ പിണറായിയനുകൂലിയുടെ പ്രതിരോധമതില്‍.
'ആദ്യം ലോട്ടറിമാറ്റി കാശാക്കുക തുടര്‍ന്ന് സ്വാമിയാരുടെ കടയില്‍ നിന്ന് ഒരു അന്തിച്ചായ, എന്നിട്ടാവാം തീരുമാനം'.
ദ്രാവക - പിണറായി അനുകൂലികള്‍ തമ്മിലുള്ള ആശയസംഘര്‍ഷത്തിനിടയില്‍ ഡിസിഷന്‍ പെന്‍ഡിങ്ങില്‍ വെച്ച് സെബാന്‍ മുറിക്ക് പുറത്തേക്ക്.
പുറത്തേക്കിറങ്ങിയ സെബാന്റെ തോളില്‍ തൂങ്ങിക്കിടന്ന ബാഗ് ദ്രാവക അനുകൂലിയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തി. സെബാന്‍ ചുവപ്പ് ദ്രാവകം വാങ്ങാന്‍ പോകുമ്പോള്‍ എല്ലാം ബാഗ് കയ്യില്‍ കരുതുന്ന പതിവുണ്ട്. സാധനം വാങ്ങി അരയില്‍ തിരുകുന്ന കള്‍ച്ചര്‍ലെസ്സ് പരിപാടി സെബാന് ഇഷ്ടമല്ല.
സ്വാമിയാരുടെ കട ലക്ഷ്യമാക്കിയുള്ള സെബാന്റെ നടത്തം പാതി പിന്നിട്ടപ്പോഴാണ് വഴിയരികില്‍ വശപ്പിശകില്‍ നില്‍ക്കുന്ന ഒരു നായിന്റെ മോനെ സെബാന്‍ ശ്രദ്ധിക്കുന്നത്.
'നാട്ടിലാകെ ഇപ്പോള്‍ പട്ടികടി സീസണാണ് ' അതുവരെ കലഹിച്ചിരുന്ന പിണറായി - ദ്രാവകാനുകൂലികള്‍ ഒരേസ്വരത്തില്‍ സെബാനു മുന്നറിയിപ്പ് നല്കി.
മഴ വെള്ളപ്പാച്ചിലിനെ മുറം കൊണ്ട് തടുക്കാന്‍ കഴിയില്ലന്ന് മാത്രമേ പ്രശസ്ത ഹൈക്കു കവി ഭഗവത്സിംഗ് പറഞ്ഞിട്ടുള്ളു, അല്ലാതെ കടിക്കാന്‍ വരുന്ന പട്ടിയെ ബാഗ് കൊണ്ടുതടുക്കാന്‍ പറ്റില്ലാന്നു പുള്ളിക്കാരന്‍ എങ്ങും പറഞ്ഞതായി സെബാനു ഓര്‍മ്മയില്ല. അതിനാല്‍ തോളില്‍ കിടന്ന ബാഗ് മുന്‍കരുതല്‍ എന്നോണം സെബാന്റെ കൈകളിലേക്ക്.
പക്ഷേ ഇരുവരും തമ്മിലുള്ള മുഖാമുഖം ഏറെ നേരം നീണ്ടില്ല, ബോറടിച്ചത് കൊണ്ടാകും നായ ഇടതുവശം ചേര്‍ന്നുള്ള ഇടവഴിയിലേക്ക് നടന്നു നീങ്ങി.അപ്പോഴാണ് സെബാന്റെ ശ്രദ്ധ ഇടവഴിയില്‍ കുറച്ചകലെയായി നില്‍ക്കുന്ന പെണ്‍പട്ടിയിലേക്ക് നീണ്ടത്.
'താനെന്തൊരു മനുഷ്യനാടോ? ഇത് കന്നിമാസം ആണ്,എന്നിരുന്നാലും മനുഷ്യനില്ലാത്ത പ്രായോഗിക ബുദ്ധിയും മര്യാദയും ഒക്കെ ഇപ്പോള്‍ നായകള്‍ക്ക് ഉണ്ട്, അതുകൊണ്ടാണ് നിന്നെ ദൂരെ നിന്ന് കണ്ടപ്പോള്‍ തന്നെ അവന്‍ പതുങ്ങി നിന്നതും,അവള്‍ ഇടവഴിയിലേക്ക് ഇറങ്ങി ഒതുങ്ങി നിന്നതും'.
സ്വാമിയാരുടെ കട ലക്ഷ്യമാക്കിയുള്ള നടപ്പ് പുനരാരംഭിച്ച സെബാനെ പിണറായി- ദ്രാവകാനുകൂലികള്‍ ഒരേസ്വരത്തില്‍ വിചാരണ ചെയ്തു.
'ലോട്ടറിയടിച്ചതല്ലേ,ചായക്കൊപ്പം ഒരു മസാല ദോശയും ആകാം'
സ്വാമിയാരുടെ കടയില്‍ നിന്ന് സെബാന്‍ ചായ ഓര്‍ഡര്‍ ചെയ്ത ഉടന്‍ തന്നെ പിണറായി അനുകൂലി ക്രിയാത്മകമായി ഇടപെട്ടു. മസാലദോശ വഴി ദ്രാവകാനുകൂലിയെ നിശബ്ദമാക്കാമെന്ന പിണറായി അനുകൂലിയുടെ അടവുനയം വിജയം കണ്ടു. ചായക്കും മസാല ദോശക്കുമൊപ്പം ഒരു വടകൂടി കഴിച്ചു സെബാന്‍ പുറത്തിറങ്ങുമ്പോഴേക്കും ദ്രാവകാനുകൂലി ആയുധം നഷ്ട്ടപെട്ട അവസ്ഥയിലായിരുന്നു.
സ്വാമിയാരുടെ കടയില്‍ നിന്ന് സെബാന്‍ നേരേ നീങ്ങിയത് അടുത്തുള്ള പഞ്ചായത്ത് ഗ്രൗണ്ടിലേക്കായിരുന്നു. അവിടെ പുതു തലമുറയുടെ പന്തുകളി പുരോഗമിക്കുന്നു. പന്തുകളിയാണേല്‍ അതിനി മാരക്കാനയിലായാലും, മറീന അരീനയിലായാലും, പഞ്ചായത്ത് ഗ്രൗണ്ടിലായാലും കളിക്കാനറിയില്ലേലും കണ്ടിപ്പായും സെബാന്‍ കണ്ടിരിക്കും.
പിണറായി അനുകൂലിയുടെ മസാലദോശ പ്രയോഗത്തില്‍ ആയുധം നഷ്ടപ്പെട്ടുപോയ ദ്രാവകാനുകൂലിക്ക് ഏറെ വൈകാതെ തന്നെ കരുത്തോടെ മടങ്ങിവരുവാനുള്ള അവസരമായിരുന്നു കളിക്കളത്തിന്റെ വലത്തേ മൂലയില്‍ നിന്നും ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഏതോ ഒരു നാടന്‍ നെയ്മര്‍ തൊടുത്ത കോര്‍ണര്‍കിക്ക്. നാടന്‍ നെയ്മര്‍ ലക്ഷ്യംവെച്ചത് ഗോള്‍പോസ്റ്റ് ആയിരുന്നെങ്കിലും ബോള്‍ പതിച്ചത് കളത്തിനു പുറത്തുനിന്ന സെബാന്റെ സെക്രട്ടറിയേറ്റ് നടയിലെ കൊടിമരത്തിലായിരുന്നു
അപ്രതീക്ഷിതമായേറ്റ ആഘാതത്തിന്റെ അനുരണനമെന്നോണം കീഴ്‌മേല്‍ ചാടിയ സെബാന്റെ നിയന്ത്രണം അവസരം മുതലാക്കി ദ്രാവകാനുകൂലി ഏറ്റെടുത്തതിന്റെ ഫലമായി ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള സര്‍ക്കാര്‍വിലാസം കള്ളുകടയിലേക്ക്
വേദനയുള്ളിലൊതുക്കി സെബാന്‍ നടന്നു തുടങ്ങി. (ഇപ്പോള്‍ നടപ്പിന്റെ സീസണ്‍ ആണല്ലോ, ഇന്ദിരയുടെ കൊച്ചുമോന്‍ വരെ നടക്കുന്നു, പിന്നെ സെബാനു നടന്നാലെന്താ? '.
'ലോട്ടറിയടിച്ചു കിട്ടിയ പണം മറ്റൊരു സര്‍ക്കാര്‍ സംവിധാനത്തില്‍ വിനിയോഗിക്കുന്നതില്‍ തെറ്റില്ലന്ന് മാത്രമല്ല, ദുര്‍ബലമായ നമ്മുടെ സര്‍ക്കാര്‍ ഖജനാവിനെ ശക്തിപ്പെടുത്തുവാനും അത് ഉപകരിക്കും'
ബെവ്കോ ലക്ഷ്യമാക്കിയുള്ള കാല്‍നട യാത്രാമദ്ധ്യേ പലപ്പോഴയുള്ള പിണറായി അനുകൂലിയുടെ പ്രതിരോധ ശ്രമങ്ങളെ ത്വാത്തിക അവലോകനത്തിലൂടെ തന്നെ ദ്രാവകാനുകൂലി പ്രതിരോധിച്ചു കൊണ്ടേയിരുന്നു.
'വേഗം മുറിയിലെത്തണം, മടക്കയാത്ര ബസില്‍ മതി'
അവധിദിന തിരക്കിനെ അതിജീവിച്ചു വാങ്ങിയ 'പഴയസന്യാസി'യെ ബാഗിലൊളിപ്പിച്ചു സെബാന്‍ പുറത്തുകടക്കുമ്പോഴേക്കും ദ്രാവകാനുകൂലി നയം വ്യക്തമാക്കിയിരുന്നു.
തൊട്ടടുത്ത ബസ്സ്‌റ്റോപ്പില്‍ നിന്ന് നീങ്ങിതുടങ്ങിയ സര്‍ക്കാര്‍ബസിനുള്ളിലേക്ക് ബുദ്ധിമുട്ടിയാണെങ്കിലും കയറിപ്പറ്റിയ തന്റെ വലതുകൈ ഷോര്‍ട്ട്‌സിന്റെ പോക്കറ്റിലേക്ക് നീണ്ടതോടെയാണ്, കീശക്കുള്ളില്‍ പേഴ്‌സ് ഉണ്ട് പക്ഷേ മൊബൈല്‍ ഇല്ല എന്ന യാഥാര്‍ഥ്യം സെബാന്‍ മനസിലാക്കിയത്. ബസിന്റെ പിന്‍ഗ്ലാസ്സിലൂടെ പുറത്തേക്ക് നീണ്ട സെബാന്റെ കണ്ണുകളില്‍ ആ മങ്ങിയ കാഴ്ചയുടക്കി.
ബസ്സ്‌റ്റോപ്പിലെ റോഡില്‍ കിടക്കുന്ന മൊബൈല്‍ കൈക്കലാക്കുന്ന മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടു ചെറുപ്പക്കാര്‍.
ബസിന്റെ ഏറ്റവും മുന്നിലായി നിന്ന് ടിക്കറ്റ് നല്കുന്ന കണ്ടക്റ്റര്‍ ചേച്ചിയെ ബുദ്ധിമുട്ടിക്കാതെ,വെപ്പ്രാളിതനായ സെബാന്റെ കൈകള്‍ ആനവണ്ടിയുടെ തോട്ടിയായ മണിച്ചരടിലേക്ക് നീണ്ടു.രണ്ടു വട്ടം മണിമുഴങ്ങിയതും, ബസിനു പുറത്തേക്ക് ചാടിയ സെബാനിലേക്ക് സഹയാത്രികരുടെ കണ്ണുകള്‍ നീണ്ടു.
'ചേട്ടന്റെ നിക്കറിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ താഴേക്ക് വീഴുന്നത് ഞങ്ങള്‍ ദൂരെ നിന്നേ കണ്ടിരുന്നു'. ഒരു ചെറുചിരിയോടെ ചെറുപ്പക്കാര്‍ മൊബൈല്‍ സെബാനു കൈമാറി.
യാതൊരു ലുബ്ധവുമില്ലാതെ ആവോളം നന്ദി ചെറുപ്പക്കാരുടെ മേല്‍ വിതറി തിരിഞ്ഞു നടക്കുമ്പോള്‍ കണ്ട കാഴ്ച്ച സെബാനെ വീണ്ടും ഞെട്ടിച്ചു. താന്‍ കയറിയ ആനവണ്ടി അതാ തന്നെയും കാത്തെന്നോണം കിടക്കുന്നു.
'ആരാണ് പറഞ്ഞത് കെ. എസ്. ആര്‍. റ്റി. സി. ജീവനക്കാര്‍ മൊത്തം മര്യാദകെട്ടവരാണെന്ന്? കണ്‍സഷന്‍ ചോദിച്ചെത്തുന്ന അച്ഛന്മാരെ വിശ്രമമുറിയില്‍ കയറ്റി കൂമ്പിനിടിക്കുന്ന ആപ്പീസര്‍മ്മാരും, സമയത്തിന് മുമ്പ് ബസില്‍ കയറി ഇരുന്നവരെ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയോടെ പുറത്തിറക്കുന്ന കണ്ടക്റ്റര്‍ അമ്മച്ചിമാരും മാത്രമല്ല യാത്രാമധ്യേ അബദ്ധം പറ്റിയ യാത്രക്കാരന് വേണ്ടി കാത്തുകിടക്കുന്നവരും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലുണ്ടെന്ന് ഫേസ്ബുക്കില്‍ രണ്ടു വരി കുറിക്കണം'.
ഈ ചിന്തയുമായി തിരികെ ബസിനുള്ളിലേക്ക് കയറിയ സെബാന് തനിക്ക് നേരേ ഉയരുന്ന സഹയാത്രികരുടെ പരിഹാസച്ചിരിയുടെ മൂലകാരണം തുടക്കത്തില്‍ പിടികിട്ടിയില്ല. അപ്പോഴേക്കും കണ്ടക്റ്റര്‍ ചേച്ചിയുടെ ഒട്ടും മയമില്ലാത്ത വാക്കുകള്‍ സെബാന്റെ നേര്‍ക്കുയര്‍ന്നു.
'താനെന്തൊരു പണിയാടോ കാണിച്ചത്? തന്നോടാരാണ് ബെല്ലടിക്കാന്‍ പറഞ്ഞത്? ബെല്ലടിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ എനിക്ക് ശമ്പളം തരുന്നത്, മനുഷ്യന് ജോലിപ്പാട് ഉണ്ടാക്കാനായി ഓരോരുത്തന്‍മാര്‍ ഇറങ്ങിക്കോളും'
സെബാന്റെ ഊക്കോടെയുള്ള മണിയടിയില്‍ പൊട്ടിവീണ മണിച്ചരട് ചിലയാത്രക്കാരുടെ സഹായത്തോടെ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് സെബാന്റെ നേര്‍ക്കുള്ള കണ്ടക്റ്റര്‍ ചേച്ചിയുടെ രോഷപ്രകടനം.
ഈ സാഹചര്യത്തില്‍ മൗനമാണ് ഏറ്റവും വലിയ ആയുധമെന്ന് തിരിച്ചറിഞ്ഞ സെബാന്‍ മറുപടി മൗനത്തിലൊതുക്കി ബസില്‍ നിന്നിറങ്ങും വരെ പുറംകാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്നു.
ചാറ്റല്‍ മഴ പിറുപിറുത്തു തുടങ്ങിയ, ഇരുട്ടിനു കനംവെച്ച എട്ടര മണി നേരത്താണ് സെബാന്‍ താമസസ്ഥലത്ത് മടങ്ങിയെത്തുന്നത്.
'മഴയാണ്, ഇനി കുളിക്കാനൊന്നും നില്ക്കണ്ട, സമയം വൈകിക്കാതെ കാര്യങ്ങളിലേക്ക് കടക്ക്'.
ദ്രാവകാനുകൂലിയുടെ നിര്‍ദ്ദേശത്തെ അപ്പാടെ ഉള്‍ക്കൊണ്ട സെബാന്‍
ഗ്ലാസ്സും വെള്ളവുമൊക്കെ തയ്യാറാക്കിയ സെബാനു പക്ഷേ ബാഗിനുള്ളില്‍ പഴയസന്യാസിയെ കണ്ടെത്താനായില്ല.
'ഇതെവിടെ പോയി? ബസിറങ്ങി ഇങ്ങോട്ട് നടന്നുവന്ന വഴിയിലൊക്കെ നോക്കിക്കേ' ദ്രാവകാനുകൂലിയുടെ വാക്കുകളില്‍ ആശങ്കയും, നിരാശയും, സങ്കടവുമൊക്കെ സമാസമം കലര്‍ന്നിരുന്നു.
പഴയ സന്യാസിയെ തേടി വീണ്ടും റോഡിലേക്കിറങ്ങിയ സെബാനോടായി പിണറായി അനുകൂലിയുടെ പുച്ഛം കലര്‍ന്ന വാക്കുകള്‍ ഉയര്‍ന്നു.
'സാധനം വാങ്ങി വെപ്രാളപ്പെട്ട് ബാഗിനുള്ളിലേക്ക് തള്ളിയാല്‍ മാത്രംപോരാ, നേരാവണ്ണം സിബ്ബിടുക കൂടെവേണം. എന്തായാലും ആ ചെറുപ്പക്കാര്‍ മാന്യന്മാരാണ് കളഞ്ഞുകിട്ടിയതില്‍ കുപ്പി മാത്രം പൂഴ്ത്തി മൊബൈല്‍ തിരിച്ചു തന്നല്ലോ'.
ഒടുവില്‍ ചാറ്റല്‍മഴക്ക് വണ്ണംവെച്ച് തുടങ്ങിയതോടെ തിരച്ചില്‍ നിര്‍ത്തി മരവിച്ച മനസുമായി കിടക്കയിലേക്ക് ചാഞ്ഞ സെബാനോടായി പിണറായി അനുകൂലിയുടെ അന്തിമ ഉപദേശവും കടന്നു വന്നു.
'അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്,ലോട്ടറിയടിച്ചത് അഞ്ഞുറു രൂപ, ചിലവായത് അഞ്ഞുറിനു മുകളില്‍, ആരെയും പേടിയില്ലേല്‍ പുരയുടെ തൂണിനെയെങ്കിലും പേടിക്കണം ട്ടാ.
കെ. ആര്‍.രാജേഷ്
കഥ
0 Comments