ഇന്നലെയുടെ ഭാരവും പേറി നാളെയുടെ വരവിനായി കാത്തിരിക്കുന്നവരോട്..?
കഴിഞ്ഞുപോയ നിമിഷങ്ങളെ തിരുത്താന്‍ ആവുമോ...? ഇല്ലലേ! പിന്നെയാ ഭാരവും പേറി ഇന്നിന്റെ നിമിഷങ്ങളിലേക്ക് കാലെടുത്തുവക്കുന്നത് എത്ര കഠിനമാണ്!
ജീവിതത്തില്‍ ഈ നിമിഷമെന്ന താക്കോല്‍ ഉപയോഗശൂന്യമാവുമ്പോള്‍ ഇന്നലെകളെ പൂട്ടിയിടാനോ നാളെയുടെ വാതിലുകള്‍ തുറക്കാനോ ആവാതെ അതങ്ങനെ തുരുമ്പെടുക്കുന്നു...
തിരിഞ്ഞ് നോക്കുമ്പോള്‍ മനോഹരമായ ചില്ലുകൂടിനുള്ളില്‍ ഭദ്രമാവണം ഇന്നലെകള്‍, ഇന്നിലേക്ക് കടന്നുവരാതെ പുറമെ നിന്ന് നോക്കി ഓര്‍മ്മിക്കാന്‍ തക്ക വിധത്തില്‍! എന്തൊരു ഭംഗിയാണല്ലേ അതിന്..!
നിശ്വാസത്തിനുള്ളില്‍ നമുക്കായി വിഹരിക്കുന്ന ജീവനുണ്ട്! സാധസമയവും വേളകളില്ലാതെ തുടിക്കുന്ന മിടിപ്പുണ്ട്, ഒരു നേരം പോലും പണിമുടക്ക് പ്രഖ്യാപിക്കാത്ത ഇന്നോളം മടുപ്പ് പ്രകടിപ്പിക്കാത്ത, ജലവും ശ്വാസവും കൊണ്ട് നമ്മില്‍ ജീവന്റെ ഋജുവായ ചലനങ്ങള്‍ സൃഷ്ടിക്കുന്നൊര്‍!
ഇവക്കെല്ലാം തോട്ടപ്പനായി മനസ്സ്..
ചിന്തകള്‍, ചിരികള്‍, ചേരലുകള്‍, ആസ്വാദനങ്ങള്‍, ആഗ്രഹങ്ങള്‍ അങ്ങനങ്ങനെ..
നമുക്ക് വേണ്ടി നിലകൊള്ളുന്ന നമ്മളെന്ന മൊത്തതുകയെ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ? മറ്റുള്ളവരിലേക്ക് നാം പടരാനൊരുങ്ങുമ്പോള്‍, വള്ളിപടര്‍പ്പുകളാല്‍ അവരിടം വലിഞ്ഞുമുറുകുമ്പോള്‍ പതിയെ അവരാ വേരറുക്കുന്നു! അത്രനാള്‍ നാം പടര്‍ത്തിയ ശേഷിപ്പുകള്‍ വീണ്ടും ഇന്നലെകളാവുന്നു... അവയെ ഇന്നിലേക്ക് നമ്മിലേക്ക് പടര്‍ത്തുമ്പോള്‍ ചിരികള്‍ക്ക്, സ്വപ്നങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ക്ക് ആരിലും വേരാഴ്ത്താതെ സ്വയം പടര്‍ന്ന് പടര്‍ന്ന് ഇന്നിന്റെ നിമിഷങ്ങളില്‍ സന്തോഷത്തിന്റെ നാമ്പുകള്‍ തളിര്‍ത്ത് പൂക്കുന്നു.. ശേഷിപ്പുകള്‍ക്കോ എന്നും സംതൃപ്തിയുടെ ലാഞ്ചനകളും! നാമെന്ന ചില്ല് അറയുടെ താക്കോല്‍ ഇന്നില്‍ ഭദ്രമാവട്ടെ ഇന്നലെകളും നാളെകളും കാഴ്ച പുറങ്ങളും...
© dhana ayyappan
0 Comments