പലതരത്തിലുള്ള
ചിന്തകള്‍ കൊണ്ട്
ലോകം ദീര്ഘനിശ്വാസമിടാറുണ്ട്.
കച്ചവടം തുളവീണ
കുടുക്ക പൊലെയാകുമ്പോള്
വീട്ടിലെയടുപ്പില്
ചിതലുകള്‍ പെറ്റുകൂട്ടാറുണ്ട്.
ഭാര്യയുടെ കൈയ്യിലെ
കുപ്പിവളകള്‍, വനത്തിനുള്ളില്‍
കാട്ടാനകളുടെ മാദകമൂറിയ
ചിന്നം വിളികളാകാറുണ്ട്.
അച്ഛന്റെ കൈകളില്‍
പനം കള്ള് കത്താറുണ്ട്,
അമ്മയൊരു കാട്ടുതീയില്‍
മുളച്ച കാന്താരിയാകാറുണ്ട്.
മനം നൊന്ത ജീവനുകള്‍
കടല്‍ ചുഴികളില്‍
വരികള്‍ക്കിടയിലെ
കവിതകളാകാറുണ്ട്.
വക്കുപൊട്ടിയ കവിളുകളില്‍
വീടുകളുമ്മവെയ്ക്കുമ്പോള്
കടലില്‍ കരയൊരു
നുരവറ്റിയ ഉള്‍വനമാണ്.
© babu thillankeri
0 Comments