10 B 2007ബാച്ച് കൂട്ടായ്മ ►റഫീഖ് മുഹമ്മദ്

10-b-2007


ഫോണിലെ ടെക്സ്റ്റ് മെസ്സേജിന്റെ റിങ്ടോണ് കേട്ടപ്പഴാണ് അനീഷിന്റെ ഉറക്കത്തിന്റെ ആദ്യ കെട്ട് വിട്ടത്.

പിന്നാലെ തന്നെ ഫോണും ബെല്‍ അടിച്ചു, തലേന്ന് രാത്രി ഏറെ താമസിച്ചാണ് കിടന്നത്,ഭാര്യടെ ഭാവി അങ്കലാപ്പും ആകുലതകളും പതിവില്ലാതെ ഇന്നലെ ക്ഷമയോടെ കേട്ട് കിടന്നു. എന്നാണിനി നമ്മള്‍ക്ക് എല്ലാം ആകുന്നത്, കൂട്ടുകാരന്റെ വീട് ആണെങ്കിലും വാടക കൊടുക്കണ്ടായങ്കിലും ഇത് വാടക വീട് തന്നെ ആണ്.

ഇടക്കിടക്ക് സ്വന്തം വീടാണന്ന് കരുതിയാല്‍ മതിയെന്ന് വാചകം കേട്ട് നിങ്ങള്‍ ഇങ്ങനെ കിടന്നോ. ഉറങ്ങിയോ, ഉറങ്ങിയോ,അവളുടെ വിളി കേട്ട് പാതി മയക്കം അഭിനയിച്ച് ഒന്ന് മൂളി. ശരി അല്ലെ,അവള്‍ പറഞ്ഞത് കല്യാണം കഴിഞ്ഞിട്ട് നാലു വര്‍ഷം കഴിഞ്ഞു, മീനു മോള്‍ക്ക് മൂന്നു വയസ്,രണ്ടാമതൊരു

കുട്ടിയെ കുറിച്ച് ആലോചിക്കാത്തത് ഇത്തരത്തിലുള്ള നൂറു പ്രശ്‌നങ്ങള്‍ കൊണ്ടാണ്.

പേരിനു പറയാന്‍ ഒരു ജോലി ഉണ്ടായിരുന്നു, കൊറോണയുടെ ആദ്യ വരവില്‍ ജോലിയുടെ പകുതി ശമ്പളം കൊണ്ടുപോയി,രണ്ടാം വരവില്‍ ജോലിയോടെ അങ് പോയി.

ആ കാര്യം ആരോടും പറഞ്ഞിട്ടില്ല,അഭിമാനക്ഷതം സംഭവിച്ചാലൊന്ന് കരുതി അവളും ആരോടും പറഞ്ഞിട്ടില്ല.

ആദ്യ തവണത്തെ ഒച്ചക്ക് ശേഷം രണ്ടാമതും ഫോണ്‍ തുടരെ അടിക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്, ചേട്ടാ ഫോണ്‍ ഫോണ്‍ എന്ന് എന്ന ശബ്ദം മുറ്റത്തുനിന്ന് കേള്‍ക്കാമായിരുന്നു. അറിയാത്ത നമ്പരാണ്, മറുതലക്കല്‍ പെണ്‍സ്വരം, ടാ ഞാനാ അമ്പിളി, ആ അമ്പിളി പറ  സത്യത്തില്‍ അമ്പിളിയെ മനസ്സിലായില്ലെങ്കിലും പറഞ്ഞു,

ടാ ഞാന്‍ നിന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചിട്ടുണ്ട്, ഗ്രൂപ്പില്‍ എന്റെ പേര് ഇട്ടേര്, അപ്പോഴാണ് ആളിനെ മനസ്സിലായത്,  10 B യിലെ അമ്പിളി, പത്താം ക്ലാസ് കഴിഞ്ഞിട്ട് 15 വര്‍ഷമായി,10 B യിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ മൊബൈല്‍ ചലഞ്ച് നടക്കുകയാണ്. ഇതിനോടകം  22,000 രൂപ ആയിട്ടുണ്ട്,

ഒക്കെ ഇട്ടേക്കാം ഫോണ്‍ വെച്ച്, പൈസ വന്നിട്ടുണ്ട് ,ഡാറ്റ ഓണ് ആക്കിയപ്പോ ചറ പറ മെസ്സേജ്.10 B ഓപ്പണ്‍ ചെയ്ത് അമ്പിളിയുടെ പേര് ലിസ്റ്റില്‍ ചേര്‍ത്തു.

ഫോണ്‍ ഇന്നാണ് വാങ്ങിക്കേണ്ടത്, പെട്ടന്ന് തന്നെ റെഡി ആയി ബാങ്കിലേക്ക് ഇറങ്ങി, ഭക്ഷണം കഴിക്കാന്‍ മീനുമോള്‍ പറഞ്ഞെങ്കിലും പെട്ടന്ന് വരാമെന്ന് പറഞ്ഞ് പഴയ ആക്ടിവ സ്റ്റാര്‍ട്ട് ചെയ്ത്  പട പടാന്നു ശബ്ദം എവിടെ നിന്നൊക്കെയോ വരുന്നുണ്ട്.

ബാങ്കിന്റെ മുന്നില്‍ നൂറുദ്ദീന്‍ ഉണ്ടായിരുന്നു നിന്റെ ATM കാര്‍ഡിനെന്തു പറ്റി,ബാങ്കിന്റെ മുന്നില്‍ ഇങ്ങനെ ക്യൂ നില്‍ക്കണമായിരുന്നോ

ഓ അത് കാണുന്നില്ലടാ ,ഞാന്‍ ഇപ്പം എടുതോണ്ട് വരാം,നീ നില്‍ക്ക്, ജോലി നഷ്ടമായ വിഷമം ദേഷ്യമായപ്പോ ആ കുന്ത്രാണ്ടം ഓടിച്ചു കളഞ്ഞ കാര്യം അവനോടു പറഞ്ഞില്ല,

തിരക്കുണ്ടായിരുന്നു ഒരു മണിക്കൂര്‍ താമസിച്ചു, 22,000 രൂപയും എടുത്തു,ഇനി മൊബൈല്‍ കടയിലേക്ക് നീ വണ്ടി എടുക്ക്, നൂറിനോട് പറഞ്ഞു, പെട്ടന്ന് ഫോണ്‍ ബെല്ലടിച്ചു.

അനിതയാണ്, ആഹാരം കഴിക്കാന്‍ വരാനാണ്, കട്ട് ചെയ്ത് വണ്ടിയില്‍ കയറി,മൂന്ന് ഫോണ്‍ വാങ്ങാം, മൂന്നു കുട്ടികളുടെ ചിരി മനസ്സില്‍ വന്നു.

വീണ്ടും അനിതയുടെ ഫോണ്‍,അവളോട് പറഞ്ഞിട്ടുള്ളതാ കട്ട് ചെയ്താല്‍ പിന്നെ വിളിക്കരുതെന്ന്.

എന്താ പെണ്ണേ നി കഴിച്ചോ ഞാന്‍ താമസിക്കും.

ഏട്ടാ ഏട്ടാ പൊട്ടികരച്ചിലായിരുന്നു മറുതലക്കല്‍,

നമ്മുടെ മീനു മോളെ പട്ടി കടിച്ചു, പേപ്പട്ടി ആണെന്ന് പറയുന്നു, ഓടിവാ ഏട്ടാ 

തലയില്‍ എന്തോ ശക്തമായി ഇടിച്ചതായി അനുഭവപെട്ടു,നൂറിന്റെ ചുമലില്‍ മുറുകെ പിടിച്ചു,  അപ്പഴേക്കും മൊബൈല്‍ കടയെത്തി

എന്താടാ പ്രശ്‌നം,ആരാ വിളിച്ചെ, നൂറിന് പന്തികേട് മനസ്സിലായി,

നി ഫോണ്‍ വാങ്  ഞാന്‍ ഇതാ വരുന്നു എന്ന് പറഞ്ഞ് അവനെ ഇറക്കി 

വീട്ടിലേക്ക് കുതിച്ചു,

പേപ്പട്ടി ഒന്നും ആയിരിക്കില്ല ഏതെങ്കിലും പട്ടി നക്കിയതായിരിക്കും ,അനിത ഇങ്ങനെ ആണ് എന്റെയും മോളുടെയും കാര്യത്തില്‍.

എങ്കിലും ചങ്കിടിപ്പ് ഉച്ചസ്ഥായിലായിരുന്നു,

വീട്ടില്‍ അയല്‍ക്കാരായ പത്ത് പേരോളം കൂടിയിട്ടുണ്ട്.

ദിനേഷിന്റെ ഓട്ടോയും  എത്തിയിട്ടുണ്ട്. അനിതയും അമ്മയും കാറി നിലവിളിക്കുകയാണ് , മോള് ബോധമറ്റ് കിടക്കുന്നു. പട്ടിയുടെ രണ്ട് പല്ലിന്റെ പാട് കണങ്കാലിന് മുകളിലായി തെളിഞ്ഞു കാണാം,

ചെറുതായി ചോര പൊടിയുന്നു. തല കറങ്ങുന്നതായി തോന്നി. ദിനേശന്‍ മീനുനേ എടുത്ത് ഓട്ടയിലിട്ടു, ഞാനും അനിതയും കയറി.

ഗവണ്മെന്റ് ആശുപത്രിയിലേക്ക് പോകാം. അവിടെ ചികിത്സയുണ്ട്,

വലിയ ക്യൂവിന്റെ ഓരത്തൂടെ ആശുപത്രിയില്‍ കയറി.

ഓടിച്ചെന്ന് ചീട്ടെടുത്തു, സാറേ മോളെ പട്ടി കടിച്ചു,പേപ്പട്ടി ആണൊന്ന് സംശയം ഉണ്ട്. ഒറ്റ ശ്വാസത്തില്‍ പറഞ്ഞു

വെള്ള സാരിയുടുത്ത മധ്യവയസ്‌കയായ സ്ത്രീ ഒന്ന് നോക്കിയിട്ട് പറഞ്ഞു.

ഇവിടെ ഇപ്പോള്‍ മറ്റു ചികിത്സ ഒന്നും ഇല്ല,

കോവിഡ് ചികിത്സ മാത്രമേ ഉള്ളൂ..

ഇന്നാണ് വാക്‌സിന്‍ ഉള്ള ദിവസം ആണ്.

ഒരു കാര്യം ചെയ്യൂ ക്ലീന്‍ ചെയ്തു തരാം,

മാറ്റ് എവിടേക്കെങ്കിലും പെട്ടന്ന് കൊണ്ടുപോക്കോളു,

വേറെ എവിടെ എന്ന് വിക്കി പാതിസ്വരത്തില്‍ ചോദിച്ചു.

ഏത് ഗവര്‍ണ്മെന്റിന്റെ ആശുപത്രിയില്‍ ചെന്നാലും ഇതാണവസ്ഥ.

പുറകില്‍ നിന്ന് ഒരു ശബ്ദം,നീല സാരി ഉടുത്ത തൂക്കുന്ന ചേച്ചി ആണ്.

ദിനേശന്‍ കുറെ വഴക്ക് ഉണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല .

തൊട്ടടുത്ത മേരിമാതായിലേക്ക് വണ്ടി പാഞ്ഞു.

വണ്ടി നിര്‍ത്തിയപ്പഴേ സെക്യൂരിറ്റി വണ്ടിയിലേക്ക് നോക്കി തിരിഞ്ഞ് ഓടി പോയി ഉന്തുവണ്ടി കൊണ്ടുവന്നു മീനുവിനെ അതിലിരുത്തി  പെട്ടന്ന്തന്നെ ഡോക്ടറിന്റടുത്തേക്ക് കാര്യം പറഞ്ഞു,

തൊട്ടടുത്ത റൂമിലേക്ക് മീനുനേ എടുക്കാന്‍ പറഞ്ഞു, അവിടെ ഉള്ള ഒരു കട്ടിലില്‍ കിടത്തി,ഞങ്ങളോട് പുറത്തിരിക്കാന്‍ പറഞ്ഞു.

അപ്പഴും അനിതയുടെ ഏങ്ങലടി നിന്നില്ല,

വെളിയിലുള്ള കസേരയില്‍ ഞാന്‍ ഇരുന്നു,അവളും ,കൈകള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു, ഒന്നുമില്ല ഒന്നുമില്ല നി കരയാതെ.

പെട്ടന്ന് ഫോണ്‍ നൂറാണ് ,ടാ നീ എവിടാ ഫോണ്‍ വാങ്ങി,പെട്ടന്ന് വാ,പൈസ കൊടുക്കണം, ഇനി ഇവര്‍ വെള്ളിയാഴ്ചയെ കട തുറക്കൂ,അതുകൊണ്ട് പൈസ ഇപ്പോള്‍ തന്നെ വേണമെന്ന്.

കുറെ വില പേശിയിട്ടാണ് ചെറിയ തുകക്ക് ഫോണ്‍ തരമാക്കിയത്,എനിക്കതില്‍ ലാഭമൊന്നുമില്ലന്ന് പിന്നെ ഇത്രയും പൈസ ഒരു വര്‍ഷത്തെ ലോക്ക്ഡൗണിനിടക്ക് ആദ്യമായി കിട്ടുന്നതുകൊണ്ട് തരുവാണ്.

ടാ കേള്‍ക്കുന്നില്ലേ, ടാ, ആ ഞാന്‍ ഇപ്പം വിളിക്കാമെടാ,ഡോക്ടര്‍ വിളിക്കുന്നെന്ന് ഒരു നഴ്സ് വന്നു പറഞ്ഞു,

ഓടി അങ്ങോട്ടേക്ക് കയറി, ഇരിക്കൂ ഡോക്ടര്‍ ശാന്തനായി പറഞ്ഞു,

അച്ഛനാണോ, അതേ, എന്ത് ചെയ്യുന്നു,ആദ്യം ഒന്നു നിശബ്ദനായി അങ്ങോട്ടേക്ക് ഒന്നു പറയാന്‍ തുടങ്ങും മുമ്പ് ഡോക്ടര്‍ പറഞ്ഞു

മകളുടെ നില ഗുരുതരമാണ്,വിഷം ഉള്ളില്‍ ചെന്നിട്ടുണ്ട്, ശരീരം  മോശമായാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്, ഉടന്‍ തന്നെ രണ്ട് ഇഞ്ചക്ഷന്‍ എടുക്കണം, ചില ടെസ്റ്റുകളും ചെയ്യണം

ആ സമയത്തെ എന്റെ ശ്രദ്ധ ഡോക്ടറുടെ രണ്ട് ഇളം ചുവപ്പ് ചുണ്ടുകളിലായിരുന്നു. രണ്ട് ലക്ഷം രൂപ ആകും

താങ്കള്‍ ഇപ്പോള്‍ ആദ്യ ഘട്ടമായി  ഒരു ലക്ഷം രൂപ സെക്യൂരിറ്റി  കെട്ടിവെച്ചാല്‍ മതി, ടന്‍ തന്നെ ചികിത്സ ആരംഭിക്കാം.

ശേഷം ഡോക്ടര്‍ മിണ്ടിയില്ല,

കയ്യാലതുണ്ടില്‍ അനീഷിന്റെ നിഘണ്ടുവില്‍ ഈ സാഹചര്യത്തില്‍ ഉള്‍ക്കൊള്ളുക പോയിട്ട് ആലോചിക്കാന്‍ പോലും കഴിയാത്ത തുക.

മുകളിലേക്ക് നോക്കിയപ്പോ ഫാന്‍ നിര്‍ത്താതെ കറങ്ങുന്നു.ചുറ്റുപാടും.മോളുടെ കരച്ചില്‍ പ്രതിധ്വനിക്കുന്നു,

എന്താണെന്ന് ആലോചിച്ചു പറയൂ,

പണം അടച്ചാലെ ചികിത്സ തുടങ്ങാനാവൂ.

കസേരയില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നത് എങ്ങനെ ആണെന്ന് അറിയില്ല,

വെളിയില്‍ അനിതയെ കണ്ടില്ല.

ആശുപത്രിയുടെ മുന്നില്‍ മാതാവിന്റെ വലിയ ശില്പത്തില്‍ മുന്നില്‍  ചാരി നിന്നു.

ഫോണ്‍ അടിച്ചു, എടുത്തപ്പോ ടാ ഞാനാ ആകാശ്,നമ്മുടെ ഡിഗ്രി ബാച്ച് ന്റെ വകയായി കോളേജിനൊരു കമ്പ്യൂട്ടര്‍ ലാബ് പണിയുന്നതിലേക്ക് കുറച്ച് പൈസ സംഘടിപ്പിക്കണം.

കുറഞ്ഞത് ഒരു ലക്ഷം രൂപ എങ്കിലും പിരിക്കണം. ഞാന്‍ ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്,നിന്റെ അക്കൗണ്ട് നമ്പര്‍ കൊടുക്കാം ,നീ ആകുമ്പോ ഇതൊക്കെ കളക്ട് ചെയ്ത് കോളേജില്‍ ഏല്പിക്കുമല്ലോ,നീ ഓന്നു ഗ്രൂപ്പില്‍ വാ ഉഷാറാക്ക്.

നൂറുദ്ധീന്‍ കോള്‍ വെയ്റ്റിംഗ്, മുന്നോട്ടു നോക്കിയപ്പോ ആശുപത്രി മതിലില്‍ എഴുതിയിരിക്കുന്നു.

വരൂ, സുഖപ്പെടുത്തുന്നവന്‍ ഞാന്‍ മാത്രം, മറ്റൊന്നിനും അത് സാധിക്കില്ല.

© rafeeqe muahammed


Post a Comment

0 Comments