മരണത്തിന്റെ കരങ്ങളിലേറി ► കെ.വി.അശ്വിന്‍ കറേക്കാട്



ന്നലെ രാത്രിയിലേഴാം യാമത്തിന്റെ 
ചുണ്ടുകളെന്നെ അളന്ന ശേഷമെന്‍ സ്വപ്നത്തില്‍ മരണമേ നീയെന്നെക്കാണുവാനെത്തുന്നു 
മിഴികള്‍ കൊണ്ടെന്നോടു കുശലാന്വേഷണം നടത്തുന്നു 
നിരുപമേ നിന്റെ കൈ ഞരമ്പിലൂടൊഴുകും 
ജലപ്രവാള പ്രവാഹമീ 
ഒരു നാളും പൂക്കാതെ പോയപ്രണയ പുഷ്പ്പങ്ങളടിഞ്ഞു 
കൂടുന്നൊരന്നനാളത്തില്‍ നിറക്കുന്നു, 
പിന്നെ നിന്‍ മനസ്സുകൊണ്ടെന്നോടീ വിധം മന്ത്രിക്കുന്നു 

വരിക നീ എന്റെ പ്രണയം നിറച്ചൊരീ 
ഗരള തീര്‍ത്ഥമാവോളം നുകര്‍ന്നതിന്‍ 
കരാള ഹസ്തങ്ങളിലമര്‍ന്ന് 
നിന്റെ ബോധാന്തരങ്ങളെ വിസ്മൃതിയിലടക്കം 
ചെയ്‌തെന്റെ മാറോടു ചേര്‍ന്നതില്‍ രമിച്ചുറങ്ങും 
അതു നിന്നാസന്ന നിദ്ര കാലന്ധകയീ മൃതിയുടെ 
കരങ്ങളില്‍ കിടന്നൈഹിക നിദ്ര... 

മരണമേ നീയെന്നോടന്ത്യ 
കൂദാശയെന്നോണമിതു കൂടെ പറഞ്ഞൊടുക്കുന്നു 
നിതാന്ത ശയനത്തിന്റെ തമോ ഗര്‍ത്താന്തരത്തില്‍ 
ഞാനകപ്പെട്ട ശേഷം 

ശ്മശാനങ്ങളില്‍ മെഴുതിരിയാളുന്ന 
രാത്രിയില്‍ ഏഴിലം പാലകളാര്‍ത്തു ചിരിക്കുന്ന
ഏകാന്ത മാരുതന്‍ മണി മകുടിയൂതുന്ന രാത്രിയില്‍ 

ഭ്രൂണ ഭക്ഷകരാം കാലന്‍ കോഴികള്‍ തന്‍ 
ഭീതിത നാദപ്രവാഹത്തിനകമ്പടിയോടെ 
ദുര്‍ദേവതേ നീയെന്നെകൊണ്ടുപോകും...
തണുത്തു വിറയാര്‍ന്നൊരായിരം 
ശവശില്പങ്ങളൊഴുകിയെത്തീടുന്ന 
ദുരാത്മാക്കള്‍ ചോരച്ചെണ്ട കൊട്ടുന്ന 

ലാവപോലുരുകിയൊലിക്കുന്ന ചോര 
കുടിച്ചാകെ ചുവന്ന മഹാ സാഗരത്തില്‍
മുങ്ങി നിവര്‍ന്നീറനോടെത്രയോ ചിതകള്‍ക്ക് 
കോല്‍ത്തിരികൊളത്തുന്നൊരെണ്ണമറ്റ 
ദൂതരാം ഭയങ്കുര സത്വങ്ങള്‍ മത്തടിച്ചു വാഴുന്ന 

രക്തരക്ഷസ്സിന്‍ കനലാട്ടക്കളത്തിലേക്ക്
ആപത് മേഘങ്ങള്‍ ചിറകടിച്ചാര്‍ക്കുന്ന, 
നിന്റെ കറുത്ത ലോകത്തേക്ക്... 

© കെ.വി.അശ്വിന്‍ കറേക്കാട്

Post a Comment

0 Comments