പീഡിതന്റെ രാത്രി ► ജോസഫ് മണക്കാട്ട്‌

peedithante-rathri


നീ വരുമെന്നതോര്‍ക്കാതെ
പടിവാതില്‍ചാരി ഞാന്‍.
ഇതളൂര്‍ന്നനിലാവിന്‍
ചേലയഴിഞ്ഞുവീണതും
ഇളംകാറ്റ് തൂവിയെന്‍
ജാലകവിരിയിളക്കി 
നിഴലായിനിറഞ്ഞതും 
ഓര്‍ത്തീലഞാനീ
നിശീഥത്തില്‍.

വെന്തു പിടയുന്ന ക്രൂശിതരാത്രിയില്‍ 
നീവന്നതറിയാതെ നില്‍പ്പു.
വൈദ്യൂതിനിലച്ചയുഷ്ണരാത്രിയില്‍ 
നിച്ഛലം 
മേലയായികറങ്ങിത്തിരിഞ്ഞ് ജീവിത പങ്ക.
ഹൃദയമിടിപ്പു പോല്‍
നാഴികമണിചിലമ്പിച്ചിറ്റു വീഴും നിലവിളികള്‍
നിരാലംബരാത്രിയില്‍
പീഡിതന്‍ ഞാന്‍
കുരിശിലേയ്ക്ക് നടക്കുന്നു

പുകഞ്ഞുതൂങ്ങും
മിഴിയിലെനെരിപ്പോടൊന്ന് ഊതിക്കെടുത്തുവാനാവാതെ
നീ തന്നയുമ്മകളൊ ഴുകിയിറങ്ങി
ചോരപനിച്ചരാത്രിയില്‍
മിഴി പാതി ചാരി
നരകഭ്രമകാഴ്ചകളില്‍
പീഡിതന്‍ ഞാന്‍ കുരിശില്‍മരിക്കുന്നു

തീ കായുന്ന നരകജന്മങ്ങള്‍
പുരാതനനഗരവഴികളില്‍
ഇണചേര്‍ന്നൊഴിയുന്ന രാവതില്‍
നീ വരുമെന്നോര്‍ക്കാതെ 

പിറ്റേന്ന് രാവിലെ
ചൂടു ചായകുടിച്ചും
കെട്ട ബീഡിപുകച്ചും
നീ വന്നുപോയതറിയാതെ നില്‍ക്കവേ
കൊഴിഞ്ഞ മഴപ്പാറ്റ ചിറകുപോല്‍
കൊഴിഞ്ഞ നക്ഷത്രങ്ങളും
കനവു തൂവലും. 

© ജോസഫ് മണക്കാട്ട്‌


Post a Comment

0 Comments