ഒരു പകല്‍ക്കിനാവിന്റെ ബാക്കി ► ജ്യോതി ടാഗോര്‍

oru-pakalkinavu-baaki


മകാലിക മലയാളസിനിമയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ചലച്ചിത്രകാരനാണ് ലിജോജോസ്പല്ലിശ്ശേരി . കച്ചവടസിനിമയുടെ നടപ്പുദീനങ്ങള്‍ക്ക് സ്വയം ബലികൊടുക്കാതെ തെളിച്ചെടുത്ത ചലച്ചിത്രവഴിയാണ് ലിജോയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരത്തിലുമുള്ള ചെയ്ഞ്ചിനോ കോംപ്രമൈസിനോ വഴങ്ങാത്ത ഒന്നാണത്. തന്റെ സര്‍ഗ്ഗവാസനയെ മൂന്നാമതൊരു കക്ഷിക്ക് അടിയറവയ്ക്കാന്‍ ഒരുക്കമല്ലാത്ത, പ്രേക്ഷകനോട് നേരിട്ട് സംവദിക്കാനുള്ള  ശ്രമങ്ങളാണ് ലിജോസിനിമകളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നത് .

ആമേന്‍ , അങ്കമാലി ഡയറീസ് തുടങ്ങിയ പലസിനിമകളും തിയേറ്ററില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോഴും , പ്രമേയം ആവശ്യപ്പെടുന്നതിനപ്പുറം ; മസാലകള്‍ എന്നുവിളിക്കാവുന്ന ഒന്നുംതന്നെ സിനിമയെ കോംപ്രമൈസ് ചെയ്യിക്കുന്നില്ല.

കെ ജി ജോര്‍ജ് , പത്മരാജന്‍ തുടങ്ങിയ പൂര്‍വ്വസൂരികളെ മാതൃകയാക്കി ഓരോസിനിമയും തന്റെ പൂര്‍വസൃഷ്ടിയില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്നത് തന്നെയാണ് പുതിയ LJP ചിത്രങ്ങള്‍ക്കായി പ്രേക്ഷക സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം.

ഏറെ വിവാദങ്ങളും പ്രശംസയും  ഏറ്റുവാങ്ങിയ ചുരുളിയ്ക്ക് ശേഷം ലിജോ ഒരുക്കിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സീനിയര്‍ നായകനടന്മാരോടൊപ്പമുള്ള ആദ്യസംരംഭം എന്ന നിലയില്‍ ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

മമ്മൂട്ടി തന്നെ നിര്‍മ്മാതാവായത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു.

മമ്മൂട്ടിയെന്ന നടന്‍ ഏത് സംവിധായകനും കൊതിക്കുന്ന സാന്നിധ്യമാണെങ്കിലും ; മമ്മൂട്ടിയെന്ന മെഗാതാരത്തെ ലിജോയെപ്പോലെയൊരു നോകോംപ്രമൈസ് ഫിലിംമേക്കര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കൗതുകകരമായിരുന്നു.  എന്നാല്‍ താരഭാരങ്ങളെല്ലാം അഴിച്ചുവെച്ച് മഹാനടന്‍ നിറഞ്ഞാടിയ സിനിമയിലെ  പ്രധാന ആകര്‍ഷണവും മമ്മൂട്ടിയുടെ പ്രകടനമായിരുന്നു.

ഇരട്ടവേഷങ്ങള്‍ സിനിമയില്‍ പുതുമയല്ല. എന്നാല്‍ ദ്വന്ദവ്യക്തിത്വം എന്ന് പറയാവുന്ന തരം കഥാപാത്രങ്ങള്‍ അത്ര അനായസവുമല്ല .

തൂവാനത്തുമ്പികളാണ് എളുപ്പം ഓര്‍മ്മയില്‍ എത്തുന്നത്. എന്നാല്‍ അതില്‍ സോളിഡായ ഒരു കഥാപരിസരമാണ് ഉള്ളതെങ്കില്‍, ഇവിടെ പലതരം ആഖ്യാനങ്ങള്‍ സാധ്യമാകുന്ന ഒരു അയഞ്ഞ ചട്ടക്കൂട്ടിലാണ് കഥ പറഞ്ഞു പോകുന്നത്. ഓരോ കഥാപാത്രത്തിന്റെയും വീക്ഷണകോണില്‍ നിന്നും വ്യത്യസ്തഅനുഭവലോകങ്ങള്‍ ഉണ്ടായിവരുന്നുണ്ട്. കാണുന്ന പ്രേക്ഷകന്റെ സാമൂഹ്യ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അവന് സിനിമ നല്‍കുന്ന അനുഭവങ്ങളും വ്യത്യസ്തമാകുന്നു.

ചിലര്‍ക്ക് സിനിമ സ്വപ്നമായിട്ട് , മറ്റു ചിലര്‍ക്കത് നാടകമാണ്.  ആമേന്‍ , ഈ മ യൗ , ചുരുളി തുടങ്ങിയ LJP സിനിമകളില്‍ കണ്ടുവരുന്ന മാജിക്‌റിയലിസത്തെ ബന്ധപ്പെടുത്തി സിനിമയെ ആസ്വദിച്ചവരുമുണ്ട്. സിനിമയില്‍ ഉടനീളമുള്ള തമിഴ് - മലയാളം സാംസ്‌കാരിക ദ്വന്ദങ്ങളുടെ പശ്ചാത്തലത്തിലും സിനിമയെ വിലയിരുത്താവുന്നതാണ്.

സഹ്യന്റെ ഇരുവശത്തുമായി വ്യത്യസ്ത ജീവിത സാഹചര്യങ്ങളും വികസന ദൂരങ്ങളും സാമൂഹ്യ സാംസ്‌കാരിക സവിശേഷതകളുമുള്ള പ്രദേശങ്ങളാണ് തമിഴ്‌നാടും കേരളവും. ഒരേദ്രാവിഡപാരമ്പര്യം അവകാശപ്പെടാവുന്ന ജനതയുമാണവര്‍. ഭാഷ, നാട്,  സാംസ്‌കാരിക ബിംബങ്ങള്‍ , തുടങ്ങിയവയോടൊക്കെ പുലര്‍ത്തുന്ന വൈകാരിക അടുപ്പം തമിഴനെ മലയാളിയില്‍ നിന്ന് വേര്‍തിരിക്കുന്ന ഘടകമാണ് . തങ്ങളുടെതന്നെ സാമൂഹ്യജീവിതത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന തമിഴനും; നിരന്തരം പുതുക്കപ്പെടുന്ന ലോകസാഹചര്യങ്ങളുടെ സ്വാധീനം പ്രകടമാകുന്ന മലയാളഭാവുകത്വവും സമാന്തര ജീവിതങ്ങളാണ് പിന്തുടരുന്നത്. ഈ വൈവിധ്യവും പാരസ്പര്യവും കൃത്യമായി വരച്ചിടുന്നതിലുള്ള സൂക്ഷ്മത സിനിമയെ രാഷ്ട്രീയമായി ആഴമുള്ളതാക്കുന്നു.

മലയാളികള്‍ പൊതുവേ നൊസ്റ്റാള്‍ജിയ എന്നവികാരത്തെ താലോലിക്കുന്നജനതയാണ്.  പട്ടിണിയും രോഗങ്ങളും എന്നുവേണ്ട, സാമൂഹ്യാസമത്വംനടമാടിയിരുന്ന ഫ്യൂഡല്‍കാലഘട്ടത്തെപ്പോലും നന്മയുടെയും സംതൃപ്തിയുടെയും നിറങ്ങള്‍ചാലിച്ച്  താലോലിക്കുന്ന മനസ്സ് നമ്മുടെ പൊതുബോധത്തിലുണ്ട് .

സ്വന്തംകുടുംബചരിത്രത്തിലെ പട്ടിണിമരണങ്ങളും ദുരിതജീവിതവും  മറന്നുകൊണ്ട് പട്ടിണിയായിരുന്നിട്ടും പണ്ട് എന്ത്‌സന്തോഷമായിരുന്നു എന്ന് നെടുവീര്‍പ്പിടുന്ന ഒരുതലമുറയെ ഇന്നും കാണാം.

ചോര്‍ന്നൊലിക്കുന്ന ഓലപ്പുരകള്‍, പൊടിപറത്തുന്ന ചെമ്മണ്‍പാതകള്‍, ഒറ്റപ്പെട്ടതുരുത്തുകള്‍, അവികസിതഗ്രാമങ്ങള്‍ എന്നിവയെ പഴയകാല നന്മകളുടെ ഐക്കണാക്കുന്ന നവമാധ്യമ പോസ്റ്റുകള്‍ എണ്ണിയാലൊടുങ്ങില്ല. മാസ്ഹിസ്റ്റീരിയ പോലെ ഇത്തരം പോസ്റ്റുകള്‍ പടര്‍ന്നുകയറുകയും ലൈക്‌ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ കൗണ്ട്  നോക്കിയാല്‍  അത്ഭുതപ്പെട്ടുപോകും . എന്നാല്‍ ഇതേമലയാളിതന്നെ ഈബിംബങ്ങളെ നിത്യജീവിതത്തില്‍  എപ്രകാരം സ്വീകരിക്കുമെന്ന് ഓര്‍ത്താല്‍ തമാശയാണ്. ചോരുന്നകൂരയില്‍ അവന്‍ എത്രദിവസം കഴിയും ?! ഒറ്റപ്പെട്ടപ്രദേശത്ത് ഏതുതരം ജീവിതമാകും അവന്‍ മുന്നോട്ടുകൊണ്ടുപോവുക ?!  പൊടിനിറഞ്ഞ ചെമ്മണ്‍പാതയിലൂടെയുള്ളയാത്ര ഇക്കാലത്ത് എത്രമാത്രം സഹനീയമാവും ?!  തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സ്‌കോപ്പില്ലാത്തവിധം അന്യവല്‍ക്കരിക്കപ്പെട്ട കാല്പനികതയാണ് മലയാളിയുടെ ഭൂതകാലക്കുളിര്. മതം പോലെയോ മദ്യാസക്തി പോലെയോ, ചോദ്യങ്ങള്‍ ഒന്നുമില്ലാതെ കേരളീയര്‍ തങ്ങളുടെജീവിതത്തിന്റെ ഭാഗമാക്കിനിര്‍ത്തിയിരിക്കുന്ന ഒന്നാണ് നൊസ്റ്റാള്‍ജിയ എന്ന അതിഭാവുകത്വം. ആദ്യംപറഞ്ഞ രണ്ടിനെയും താരതമ്യപ്പെടുത്തിയാല്‍ കാഷ്വാലിറ്റിറേറ്റ് കുറവാണെന്ന് മാത്രം. ഉന്മത്തമായ ഒരു മാനസികതലം / ഭ്രമാത്മകത / സ്വപ്നാടനം എന്നൊക്കെ ഇതിനെ വിളിക്കാം. പക്ഷേ, നിത്യജീവിതത്തില്‍ അവനെ അവനാക്കിയ യുക്തി ഉപയോഗിക്കേണ്ടി വരുന്ന സാമൂഹ്യവികാസസ്‌കെയിലിനകത്ത് തന്റെതന്നെ ഭാവനലോകം അവന് തീര്‍ത്തുംഅന്യമാണ് . അതുകൊണ്ടുതന്നെ  ഈഭാവനാലോകം കലകളില്‍ മലയാളി പുനരാവിഷ്‌കരിക്കുന്നത് സ്വാഭാവികമാണ്. നിത്യജീവിതത്തില്‍ നിന്ന് പണ്ടേക്ക്പണ്ടേ മലയാളി നിര്‍മാര്‍ജ്ജനംചെയ്ത മാടമ്പി തമ്പുരാക്കന്മാരുടെയും കാര്യസ്ഥന്‍മാരുടെയുംബാധ മലയാളസിനിമയില്‍ നിന്ന് ഇന്നും പൂര്‍ണമായി ഒഴിഞ്ഞുപോകാത്തതും മറ്റൊന്നും കൊണ്ടല്ല. നമ്മുടെ മുഖ്യധാരനാടകവേദിയും സാഹിത്യവും ഒക്കെ ഏറിയും കുറഞ്ഞും ഈബാധ ഉള്ളില്‍ പേറുന്നവയാണ് . നന്‍പകല്‍ നേരത്ത് മയങ്ങിപ്പോകുന്നമലയാളി നാടകത്തില്‍ (തിരനാടകത്തില്‍ ) കണ്ടുതീര്‍ക്കുന്നത് അവന്റെ/ അവളുടെ നൊസ്റ്റാള്‍ജിയകളെയാണ്.  നാടകമാണോ സ്വപ്നമാണോ എന്ന സന്ദേഹത്തോടെ എല്‍ ജെ പി നമുക്കുമുന്നില്‍ നിറയ്ക്കുന്നത് ഈ നൊസ്റ്റാള്‍ജിയയുടെ സാമൂഹ്യപ്രയോഗത്തെയാണ്. 

സിനിമയില്‍ കാണുന്ന തമിഴ്ഗ്രാമത്തെ നോക്കൂ,  അതിരുകളില്ലാത്ത, ഒരു പ്രശ്‌നമുണ്ടായാല്‍ ഗ്രാമം മുഴുവനറിയുന്ന,  ഒരാളുടെപ്രശ്‌നം മറ്റൊരാളുടേതായി മാറുന്ന ഒരു ദേശമാണത്.  മലയാളി  നൊസ്റ്റാള്‍ജിയയില്‍ കാത്തുസൂക്ഷിക്കുന്ന ഐഡിയല്‍ദേശവും മറ്റൊന്നല്ല. വീടുകളുടെഎണ്ണം കൂടുന്തോറും അയല്‍പക്കം കൂടുതല്‍ അകലത്താകുന്ന യാഥാര്‍ത്ഥ്യത്തില്‍നിന്നുവേണം ഈ മാതൃകാസ്വപ്നങ്ങളെ പ്രതീതിയാഥാര്‍ത്ഥ്യങ്ങളിലേക്ക് സന്നിവേശിപ്പിക്കേണ്ടത്. നേരത്തെ സൂചിപ്പിച്ച കലാപരമായ ബാധകള്‍ക്ക് ഇതുതന്നെയാണ് കാരണമായിത്തീരുന്നത് . ഒരിടത്ത് എന്ന് പേരുള്ള നാടകം അവതരിപ്പിക്കാന്‍ വരുന്ന നാടകസംഘം /  നാടകവണ്ടിയില്‍ വേളാങ്കണ്ണിടൂര്‍ പോയിവരുന്ന നാടകപ്രവര്‍ത്തകരും കുടുംബവും / യാത്രയിലെ പകലുറക്കത്തില്‍ ജയിംസ് കാണുന്നസ്വപ്നം / കാണാതായി മാസങ്ങള്‍ക്ക് ശേഷം ജയിംസിന്റെ രൂപത്തില്‍ മടങ്ങിവരുന്ന സുന്ദരം എന്നിങ്ങനെ ഏത് വീക്ഷണത്തിലുമുള്ള  കാഴ്ചയോടും ചേര്‍ന്നു പോകുന്ന ഒന്നാണിത് .

മനുഷ്യനെന്നാല്‍ ഭൗതികമായും അല്ലാതെയുമുള്ള ഉണ്മയാണ്. രൂപംമാത്രമല്ല ഒരുവ്യക്തിയുടെ പ്രവര്‍ത്തികളും ഓര്‍മ്മകളും മറ്റൊരാളുടെ ഹൃദയത്തില്‍ അയാളാല്‍ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങളും ചേര്‍ന്നതാണത്.  അതുകൊണ്ടുതന്നെ ഓരോരുത്തരിലും അയാള്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത് ഓരോ രീതിയിലാണ്. മൃഗങ്ങളും മനുഷ്യരും വ്യത്യസ്തമായിട്ടാണ് ആളുകളെ തിരിച്ചറിയുന്നത് . സിനിമയില്‍ കാഴ്ചയില്ലാത്ത അമ്മ,  വളര്‍ത്തുമൃഗങ്ങള്‍ ഒക്കെ രൂപം അടിസ്ഥാനപ്പെടുത്തിയല്ല സുന്ദരത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നത്. ഇവിടെ രൂപം ആശയവിനിമയത്തിന് തടസ്സമാകുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ജയിംസിന്റെരൂപം  കീറാമുട്ടിയായി മാറുന്നുണ്ട് . ഭാര്യയ്ക്കും അച്ഛനും  അത് സുന്ദരമല്ല എന്ന തീര്‍പ്പിലെത്താനാകുന്നില്ല എന്നിടത്ത് ഈ വൈരുദ്ധ്യം കൂടുതല്‍ പ്രകടമാണ് - അവര്‍ക്ക് അയാള്‍ രൂപം മാത്രമായിരുന്നില്ലല്ലോ?!

എന്നാല്‍ സമാനമായ അവസ്ഥ പുലര്‍ത്തേണ്ട മകളില്‍ നേര്‍വിപരീതമായ പെരുമാറ്റമാണ് കാണുന്നത്. പുതുതലമുറയുടെ പ്രതിനിധിയാണ് അവള്‍ - ഏതാണ്ട് മലയാളി മനസ്സിനോട് തുലനംചെയ്യാവുന്ന അവസ്ഥ. തിരുവുള്ളവര്‍ കവിതയില്‍ പറയുമ്പോലെ ഉറങ്ങി എഴുന്നേല്‍ക്കുന്തോറും പുതുജന്മം പ്രാപിക്കുന്ന മലയാളിയുടെ സുബോധത്തില്‍  ഭൗതികതയ്ക്കപ്പുറമൊന്നും യുക്തിസഹമായി അടയാളപ്പെടുത്തുക സാധ്യമല്ല . ഇതേകഥ മലയാളഗ്രാമത്തില്‍ സംഭവിച്ചാല്‍ ; സുന്ദരത്തിന്റെ  രൂപത്തില്‍  ജയിംസ് വന്നാല്‍ എന്താകും സംഭവഗതി?! അന്ന്  ഇരുട്ടിവെളുക്കുന്നതിനു മുമ്പ് അയാള്‍ നാട്ടുകാരുടെ ഇടിമേടിച്ചു കൂട്ടുകയോ ലോക്കപ്പില്‍ ആവുകയോ ചെയ്യും. തട്ടിപ്പുകാരനായ ഒരു പാണ്ടിയെക്കുറിച്ചുള്ള (പഴയപ്രയോഗമാണ് ) വാര്‍ത്ത ഓണ്‍ലൈനില്‍ വൈറലാകും.  സിനിമയില്‍ സംഘര്‍ഷം രൂപപ്പെട്ടു വരുന്നുണ്ടെങ്കിലും അത് വയലന്‍സിലേക്ക് നീങ്ങുന്നില്ല. സുഖിമാനായ മലയാളി കാണുന്ന പകല്‍സ്വപ്നത്തില്‍ പോലും തന്റെനില അരക്ഷിതമാക്കുന്ന ഒന്നുമുണ്ടാവുക തരമില്ലല്ലോ?! വലിയദുരന്തങ്ങള്‍ / സാമൂഹികഅരക്ഷിതാവസ്ഥ മറികടന്നുവന്ന ജീവിതയാത്രയല്ല നമ്മുടേത് എന്നതാണ് കാരണം. യഥാര്‍ത്ഥത്തില്‍ ആഗ്രാമം അങ്ങനെ പ്രതികരിക്കണമെന്നില്ലല്ലോ ?!

മാസങ്ങള്‍ കൊണ്ട് ഉയര്‍ന്നുവരുന്ന ക്ഷേത്രങ്ങള്‍ എന്ന കഥാസന്ദര്‍ഭം പോലും മലയാളിയുടെ യാഥാര്‍ത്ഥ്യത്തെ /  സ്വപ്നത്തെ സാധൂകരിക്കുന്ന ഒന്നാണ്.  ഗ്രാമക്ഷേത്രങ്ങള്‍ തമിഴ്ജീവിതത്തോട് ആദ്യന്തങ്ങളില്ലാതെ കെട്ടുപിണഞ്ഞുകിടക്കുന്ന യാഥാര്‍ത്ഥ്യമാണ് / സ്വാഭാവികതയാണ്. സുന്ദരം ഇല്ലാതായ മാസങ്ങള്‍ കൊണ്ട് ക്ഷേത്രം എന്ന ആശയം ഉദിച്ചുയര്‍ന്ന്, ഭൗതികരൂപം പ്രാപിക്കണമെങ്കില്‍ സ്ഥലം കേരളമാകണം / ബോധം കേരളീയമാകണം . ഇങ്ങനെ നാനാവിധത്തില്‍ ആ സ്വപ്നത്തെ (നാടകത്തെ ) പ്രശ്‌നവല്‍ക്കരിക്കാം.

'എന്റെ ഊര് '  എന്നൊക്കെ സ്വപ്നാടകനായ മലയാളി വിലപിക്കുന്ന തന്റെ മാതൃക ഗ്രാമത്തില്‍ അവന്‍ എത്രമാത്രം അന്യനാണെന്ന് സിനിമയിലെ സംഘര്‍ഷനിമിഷങ്ങള്‍ സാക്ഷി - ചിലയിടങ്ങളില്‍ കെട്ടുകാഴ്ച , ചിലയിടങ്ങളില്‍ Missfit . അവസാനം സ്വയം നിഷ്‌ക്കാസിതനായി ഉണര്‍വിന്റെ യഥാര്‍ത്ഥ്യത്തിലേയ്ക്ക് അവന്‍ ഇറങ്ങിപോകുന്നു.  പ്രകൃതിടിണങ്ങിയ ജീവിതം,  ഗ്രാമം,  ശാലീനസുന്ദരിയായ - അടക്കമുള്ള -  അഭിപ്രായങ്ങളില്ലാത്ത ഭാര്യ,  തന്റെ സംരക്ഷണയില്‍ കഴിയുന്ന വൃദ്ധമാതാപിതാക്കള്‍ എന്നിങ്ങനെയുള്ള മാതൃകാബിംബങ്ങള്‍  സ്വപ്നത്തിലുപേക്ഷിച്ച് മദ്യപിക്കാത്തതിന് തന്നെകളിയാക്കുന്ന അമ്മായിയച്ഛനും , സ്വതന്ത്രമായ അഭിരുചികളുള്ള ഭാര്യയുമൊക്കെയടങ്ങുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവന്‍ ഉറങ്ങി എണീക്കുന്നു.

ജെയിംസുംസംഘവും ഗ്രാമംവിടുന്നരംഗം ഒരുരാഷ്ട്രീയ ജാഥയ്ക്ക് സമാനമാണ്. മേല്‍പ്പറഞ്ഞ നൊസ്റ്റാള്‍ജിക്‌സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായിരുന്ന പഴയകാലത്ത് നിന്നും, ആധുനികതയിലേക്ക് മലയാളി മാര്‍ച്ച്‌ചെയ്തത് ഒരുരാഷ്ട്രീയ പ്രക്രിയയിലൂടെയാണ്. കേരളത്തെ എന്നും നയിച്ചിരുന്നത് സ്വപ്നസമാനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആയിരുന്നു . കേഡര്‍ സ്വഭാവമുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കേരളചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. 

ജെയിംസ് എന്ന സ്വപ്നാടകനെ പിന്തുടരുന്നവര്‍ , നിശബ്ദമായകൂട്ടം പോലെ നടന്നിറങ്ങുന്നു. ഒരുകാലത്ത് കേരളത്തെ മുന്നോട്ടു നയിച്ചതും ; പിന്നീട് ദിശനഷ്ടപ്പെട്ട് പോയതുമായ കേരളവികസനമാതൃകയെ നമുക്കീ  തിരിച്ചുപോക്കില്‍ കാണാം. തങ്ങള്‍ക്ക് വിധിച്ച കഥാപാത്രങ്ങള്‍ പോലെ ജീവിതം ആടിത്തീര്‍ക്കുന്നത്ര അന്യവത്ക്കരിക്കപ്പെട്ട ജനതയാണിന്ന് നാം . അത്തരം ഒരു ക്ലൈമാക്‌സ് സിനിമയുടെ രാഷ്ട്രീയസ്വഭാവത്തെ കൂടുതല്‍ അര്‍ത്ഥഗര്‍ഭമാക്കുന്നു. പ്രശ്‌നങ്ങള്‍ രൂപപ്പെടുമ്പോള്‍ ആരംഭശൂരത്തം കാണിക്കുകയും, കാര്യത്തോടടുക്കുമ്പോള്‍ ഓടിയൊളിക്കുകയോ തന്‍കാര്യം നോക്കുകയോ ചെയ്യുന്നവര്‍, ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ഒട്ടും ക്രിയാത്മകമാകാതെ വിഷാദത്തിനടിപ്പെട്ട് നടക്കുന്ന യുവത്വമൊക്കെ സിനിമയില്‍ കടന്നുവരുന്നുണ്ട്. ഉറപ്പിച്ചുവെച്ച പോലെ നാംകാണുന്ന കാഴ്ചകള്‍ രണ്ടുതരം ഭൂമികകളെയും പ്രതിനിധീകരിക്കുന്നുണ്ട് - ഭൗതികമായും ആന്തരികമായുമാണെന്ന് മാത്രം. 

ആദിദ്രാവിഡ ഭൂമികയിലേയ്ക്കുള്ള മലയാളിയുടെ മടക്കമെന്ന മിത്ത് പറയാതെ പറയുന്ന പശ്ചാത്തലവും കഥാഗതിയുമാണ്. അമ്മമടിത്തട്ടില്‍ മടങ്ങുന്ന ജയിംസില്‍ അതിന്റെ ദൃശ്യാവിഷ്‌കാരം കാണാം. ഗ്രാമമുഖ്യന്റെ വാക്കുകളില്‍ കാണാം. മറ്റുള്ളവരില്‍ അമ്പരപ്പുളവാക്കുംവിധം ജയിംസില്‍ സന്നിവേശിക്കുന്ന ചിരപരിചിതത്തവും മറ്റൊന്നല്ല പ്രകടമാക്കുന്നത്. പശ്ചാത്തലസംഗീതത്താല്‍ അലിഞ്ഞുചേര്‍ന്ന തമിഴ്ചുവ ഈബോധത്തെ കൂടുതല്‍ സാന്ദ്രമാക്കുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ കൊണ്ട് വേര്‍പിരിഞ്ഞു അകന്നുപോയ ഇരുസംസ്‌ക്കാരവും ഇന്ന് സമാന്തരമായി മുന്നേറുന്നവയാണ്. സ്വപ്നത്തിലോ കലകളിലോ മാത്രമായി പിന്‍നടത്തം സാധ്യമായവ. ഭൗതികമായ ( രൂപം ) ഐഡന്റിറ്റി ഒഴികെ എല്ലാം കൈവന്നിട്ടും ജയിംസിന് സുന്ദരമാകാന്‍ കഴിയാതെ പോകുന്നത് ഇവിടെയാണ്. താന്‍ ഇടപെടുന്നതിന് മുമ്പുള്ളതിലും ശൂന്യതയും വേദനയും അവശേഷിപ്പിച്ച് ജയിംസ് ( മലയാളി ) അവന്റെ (ഊര് ) വേരുകളില്‍ നിന്ന് മടങ്ങുന്നു. സ്വപ്നത്തില്‍ നിന്നുണരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് , ലിജോജോസ് പല്ലിശ്ശേരി എന്ന ചലച്ചിത്രകാരനെയും , മമ്മൂട്ടിയെന്ന നടനെയും സംബന്ധിച്ച വിലയിരുത്തലുകള്‍  ഏറെ വന്നു കഴിഞ്ഞു. ഇരുവരും അതര്‍ഹിക്കുന്നു എന്നതില്‍ സിനിമ കണ്ടവര്‍ക്കാര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. എന്നാല്‍,  വ്യക്തിപരമായി ഈ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്  S ഹരീഷ്മാഷുടെ എഴുത്തിന്റെ ഉറപ്പിലാണ്. വായിക്കാനവസരം ലഭിച്ചിട്ടുള്ള എല്ലാ ഹരീഷ് കഥകളിലും ആഴമുള്ള രാഷ്ട്രീയം തൊട്ടറിഞ്ഞിട്ടുണ്ട്. മനുഷ്യനെ അവന്റെ സ്വാഭാവികപ്രകൃതിയില്‍ അവിഷ്‌ക്കരിക്കുന്ന ഹരീഷ് മാജിക്കിലുള്ള പ്രതീക്ഷ ഇത്തവണയും തെറ്റുന്നില്ല. വീണ്ടും കണ്ടാല്‍ മറ്റൊന്ന് എന്ന് തോന്നുന്ന വിഷ്വല്‍ ട്രീറ്റാണ് നന്‍പകല്‍ നേരത്ത് മയക്കം.

© ജ്യോതി ടാഗോര്‍


Post a Comment

2 Comments

  1. Padmakumar VasudevanMonday, February 27, 2023

    നല്ല എഴുത്തു. മുഴുവൻ വായിച്ചപ്പോൾ സിനിമ കാണാൻ ആഗ്രഹം. അഭിനന്ദനങ്ങൾ ജ്യോതി. സിനിമ കണ്ട ശേഷം വീണ്ടും വരാം. ❤️

    ReplyDelete