ജീവനില്ലാത്ത കാടുകള്‍ പടരുമ്പോള്‍ ► വിനോദ് ഹരിദാസ്

jeevanillatha-kaadukal-vinod-haridas


അംബരം ചുംബിക്കും കാടുകളില്‍
വര്‍ണ്ണപ്പൂവുകള്‍ വിരിയുന്നു രാവുകളില്‍

മര്‍ത്യന്റെ സ്വപ്നങ്ങള്‍  വേരൂന്നി,
നിലകളായ് വളരുന്നു മണ്ണിന്‍ മാറില്‍.

മരച്ചില്ലകള്‍തോറും ആരും കൊതിക്കുന്ന 
വന്‍കൂടൊരുക്കുന്നുണ്ട് ചേക്കേറുവാന്‍.

ഓരോ മരത്തിനും ചൊല്ലിവിളിക്കുവാന്‍ 
ഒപ്പം തലയെടുപ്പുള്ള  പേരുമുണ്ട്.

ഒന്നിച്ചു കൂട്ടമായ് വളരും മരങ്ങള്‍ക്ക് 
വില്ലയെന്നോമന  വിളിപേരുമുണ്ട്.

ആഡംബരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ 
ഇലകളായ്, പൂക്കളായ് മാറീടുന്നു

ഇരുട്ടു മറയ്ക്കുവാന്‍ പൊന്‍പ്രഭപരത്തി 
സൂര്യചന്ദ്രന്മാര്‍ നിരന്നീടുന്നു.

നാടും, നഗരവും കൈകോര്‍ത്ത് ഒന്നായിടുന്നു,
കോണ്‍ക്രീറ്റുകാടു പടര്‍ന്നീടുമ്പോള്‍

കാട്ടുനിയമങ്ങള്‍ തെറ്റാതെ നോക്കുവാന്‍ മൂപ്പന്‍,
കൂട്ടരുമൊത്തു കാടുവാഴ്‌കെ,

ബാഹ്യലോകത്തിന്റെ കെട്ടറുത്തു 
പുത്തന്‍ ലോകം പണിയുന്നു കാടത്തിര്‍ത്തിക്കുള്ളില്‍.
© vinod haridas

Post a Comment

2 Comments