ക്ഷേത്രായനം -13 ► അനില്‍ നീര്‍വിളാകം


kshethrayanam-13-anil-neervilakam


ഉത്രാളിക്കാവ്

'ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍
കുളിരമ്പിളി വളയങ്ങള്‍ തോരണമായി..'

വായനക്കാര്‍ ഈ സുന്ദര ഗാനം കേട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. ഏതാണ്ട് പത്തു-പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ''വിദ്യാരംഭം'' സിനിമയിലെ യേശുദാസ് പാടിയ ഈ മനോഹര ഗാനത്തിലൂടയാണ് ഉത്രാളിക്കാവിനെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ആ പാട്ടു രംഗത്തെ മനോഹാരിതയും കൂടി കണ്ടപ്പോള്‍ തുടങ്ങിയതാണ് അവിടെ ഒന്ന് പോകണമെന്ന്. അതേതായാലും ഇപ്രാവശ്യം ഉത്രാളിക്കാവിലമ്മ നടത്തിത്തന്നു എന്ന് പറയാതിരിക്കാനാകില്ല. ആ പാട്ടുസീന്‍ പാലക്കാടുള്ള ഏതോ ലൊക്കേഷന്‍ ആണെന്നാണ് ഞാന്‍ ഇപ്പൊ കരുതുന്നത്. എന്തെന്നാല്‍  ഉത്രാളിക്കാവിലെ മനോഹാരിതയൊന്നും അതിലില്ലെന്ന് അവിടം നേരിട്ടു കണ്ടപ്പോഴാണ് എനിക്ക് മനസിലായത്.  

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി പഞ്ചായത്തിലുള്ള ഒരു ഭഗവതി ക്ഷേത്രമാണിത്. മൂകാംബികാ ദേവിയുടെ അംശമായ ആദിപരാശക്തിയുടെ ഉഗ്രരൂപമായ 'രുധിര മഹാകാളി' ആണ് പ്രതിഷ്ഠ.  ചുറ്റുമുള്ള മലയോര പ്രദേശങ്ങളുടെ താഴ്വരയില്‍ ഒരു ചെറിയ സമതല മണ്‍തിട്ടയിലാണ് ഈ കൊച്ചു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  പ്രധാന റോഡില്‍നിന്നും വയലുകള്‍ക്കു നടുവിലൂടെ ഒരു വഴി അമ്പല മുറ്റത്തേക്കു കയറിച്ചെല്ലുന്നു. പ്രധാന മതില്‍ കെട്ടിന് മുന്‍പില്‍ തറകെട്ടിയിട്ടുള്ള ഒരു ഭീമന്‍ ആല്‍മരം എപ്പോഴും കുളിര്‍മയേകി ഭക്തരെ വരവേറ്റു നില്‍ക്കുന്നു.  ക്ഷേത്രത്തിനു ചുറ്റും മനോഹരമായ നെല്‍വയലുകളാണുള്ളത്. പ്രകൃതിയോട് വളരെയേറെ ഇഴുകി നില്‍ക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശം. ക്ഷേത്രത്തിനു പുറകിലായി അല്‍പ്പം അകലെ  ഉയര്‍ന്ന ഒരു മണ്‍തിട്ട നീളത്തില്‍ കാണാനാകും. ഇത് തൃശൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ ലൈനാണ്. ഇതിലൂടെ കടന്നുപോകുന്ന ഒന്ന് രണ്ടു ട്രെയിനുകള്‍ ഞങ്ങള്‍ക്ക് കാണാനായി. ഒരു പ്രത്യേക ചന്തം തന്നെ ആയിരുന്നു ആ കാഴ്ച.

പ്രധാന കവാടമായ രണ്ടു നിലകളോടുകൂടിയ ഗോപുര നടയിലൂടെയാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. ദേവിയുടെ ചില കലാരൂപങ്ങള്‍ മുന്‍വശത്തുള്ള ഗോപുര  ഭിത്തിയില്‍ ഇരുവശവും ആലേഖനം ചെയ്തിട്ടുണ്ട്. ഉള്ളിലേക്ക് കടക്കുന്നത് ഉയരത്തില്‍ നടപ്പന്തല്‍ കെട്ടിയ  ഒരു തുറസായ സ്ഥലത്തേക്കാണ്. അവിടെ വഴിപാടു വിവരങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിച്ചിട്ടുള്ള കൗണ്ടറും, ഓഫീസും മറ്റും ഉണ്ട്.


അവിടെ നിന്നും ക്ഷേത്ര മതില്‍കെട്ടിലുള്ള വാതലിലൂടെ  ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നേരെ ശ്രീകോവില്‍ നടയിലേക്കാണ് എത്തുന്നത്. മരപ്പലകകളാല്‍ അഴികളായി അടിച്ചിട്ടുള്ള ശ്രീകോവില്‍ തകിടുകൊണ്ടു മേഞ്ഞതാണ്. അഴികളായതിനാല്‍ ശ്രീകോവില്‍ അകവശം പുറത്തു നിന്നും കാണാനാകും. ശ്രീകോവിലിനോട് ചേര്‍ന്ന് തൊട്ടു പുറകില്‍ ക്ഷേത്രത്തിന് കുടചൂടും പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു ഭീമന്‍ പേരാല്‍ ക്ഷേത്രത്തെ മഴയില്‍ നിന്നും വെയിലില്‍ നിന്നും മറ്റും സംരക്ഷിച്ചു നില്‍ക്കുന്നു.


അമ്പല വളപ്പില്‍ നാഗദൈവങ്ങളുടെ ഒരു ചെറു തറയും കാണാനാകും. ദേവീദര്‍ശനം കഴിഞ്ഞ് അവിടുത്തെ പ്രകൃതി ഭംഗികളൊക്കെ നന്നായി ആസ്വദിച്ച് ഞങ്ങള്‍  അല്‍പ്പനേരം നടന്നു. ഇതിനിടയില്‍ നാരായണേട്ടന്‍  അവിടുത്തെ മുഖ്യ കാര്യകര്‍ത്തയായ ശശി ഇരുമ്പശേരിയുമായി ചങ്ങാത്തത്തിലാകുകയും പല കാര്യങ്ങളും സംസാരിച്ച് അവര്‍ പുറത്തുള്ള ഒരു ബെഞ്ചില്‍ ഇരിക്കുകയും ചെയ്തു. ഞാനും അല്‍പ്പനേരം അവരോടൊപ്പം കൂടുകയും ശ്രീ. ശശി വിവരിച്ചു തന്ന ഉത്രാളിക്കാവ് മഹിമകള്‍ കേട്ട് ആനന്ദിച്ചു നില്‍ക്കുകയുമുണ്ടായി. ഓരോ ഹൃതുക്കളിലും അതിന്റെതായ രീതിയില്‍ മാറുന്ന പ്രകൃതി സൗന്ദര്യം, ആഘോഷങ്ങള്‍, വിശേഷങ്ങള്‍ ഒക്കെ അദ്ദേഹം ഞങ്ങളോട് വിവരിച്ചു തന്നു. 

ഞങ്ങള്‍ കണ്ട ഉത്രാളിക്കാവ് പച്ചപ്പില്‍ പുതച്ചു നിന്ന അതി മനോഹരമായ പ്രകൃതിക്കുള്ളിലായിരുന്നു.  ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ അടിപൊളി ആയിരുന്നു അവിടുത്തെ കാഴ്ചകള്‍.

പൂരം/വേല എന്നിവ ഇവിടെ വളരെ പ്രസിദ്ധമായ ഉത്സവ കാഴ്ചകളാണ്. മധ്യകേരളത്തില്‍ വേനല്‍ക്കാലത്ത് (ഫെബ്രുവരി-മാര്‍ച്ച്) നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒന്നാണ് ഉത്രാളിക്കാവ് പൂരം. തൃശൂര്‍പൂരം പോലെ തന്നെയാണ് പൂരവും വെടിക്കെട്ടും ഇവിടെ നടക്കുന്നത്. 
കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍, വടക്കാഞ്ചേരിയില്‍ നിന്ന് വടക്കോട്ട് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം.  ഗുരുവായൂരില്‍ നിന്നും ഏതാണ്ട് 31 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

ക്ഷേത്രം പുലര്‍ച്ചെ 4.30-ന് തുറന്ന് 10.30-ന് അടയ്ക്കും. എന്നാല്‍ വെള്ളി, ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണിക്ക് മാത്രമേ അടയ്ക്കൂ. വൈകുന്നേരങ്ങളില്‍ 5 മണിക്ക് തുറന്ന് രാത്രി 8 മണിക്കാണ് അടക്കുന്നത്. പൂരം ദിവസം, ക്ഷേത്രം രാത്രിയും പകലും തുറന്നിരിക്കും. വളരെ സൗമ്യരായ ക്ഷേത്ര ജീവനക്കാരെയാണ് അവിടെ കാണാനായത്. അവരോടൊക്കെ സംസാരിച്ച് മടങ്ങുമ്പോള്‍  ശ്രീ. ശശി ഇരുമ്പശേരി അമ്പലത്തിനു പുറത്തെത്തി ഞങ്ങളെ യാത്രയാക്കുകയായിരുന്നു. ഇനിയും വരണം, കഴിയുമെങ്കില്‍ പൂരത്തിന് വരൂ എന്ന ഒരു നിര്‍ദേശവും ഞങ്ങള്‍ക്ക് നല്‍കി യാത്ര പറയുമ്പോള്‍ സമയം ഏതാണ്ട് രാവിലെ 9.15 കഴിഞ്ഞിരുന്നു.

വയലുകള്‍ക്കു നടുവിലൂടെയുള്ള റോഡിലൂടെ മുകള്‍ ഭാഗത്തെത്തി ഒന്ന് തിരിഞ്ഞു നോക്കി.  വളരെ മനോഹരമായ ഒരു ചിത്രം ഫ്രെയിം ചെയ്തു വെക്കാന്‍ പറ്റുന്ന രീതിയിലുള്ള ഉത്രാളിക്കാവ് ക്ഷേത്രമാണ് കണ്ണുകളില്‍ ദൃശ്യമായത്.   
(അടുത്ത ക്ഷേത്രം അടുത്ത ലക്കത്തില്‍)

© അനില്‍ നീര്‍വിളാകം

Post a Comment

0 Comments