ഓടാമ്പല്‍ നീക്കിപ്പതഞ്ഞു കാലം,
ഓരോ ദിനവുമായി നീ വരുന്നു ....
ഓലത്തിരകളാല്‍ നൃത്തമാടും,
ഓണവെയില്‍ നിന്‍ കരം പിടിക്കെ,
ഓര്‍മയില്‍ പൂക്കളം തീ കൊളുത്തും ,
ഓര്‍ക്കാത്തതായില്ല നിന്നിലൊന്നും ....
ഓതപ്പരപ്പിന്റെ തോറ്റമാടി,
ഓരാത്ത ലവണ്യ ധാര നേടി,
ഓളമടങ്ങാത്ത രാഗമെന്നും
ഓടക്കുഴല്‍വിളിപിന്തുടരും .......
ഓതിത്തരുന്നോരു നേരു മിന്നും,
ഓടമിരുട്ടില്‍ മിഴി തെളിക്കും ,
ഓജസുചോരാത്ത നിന്നിലേയ്ക്കായി,
ഓടിക്കിതച്ചാലുമാഞ്ഞു നീങ്ങും ...
ഓവുപാലം കേറുമോര്‍മ്മ വീണ്ടും ,
ഓഹരി വാങ്ങി പിരിഞ്ഞു പോകേ ,
ഓര്‍ക്കാപ്പുറത്തെന്‍ തുഴ തകര്‍ക്കും ,
ഓരമകന്നടിത്തട്ടു കാണും ...
ഓളങ്ങളാകാശ വാഴ് വു പുല്‍കും,
ഓര്‍ച്ചമങ്ങാതെ നിന്നുള്ളിലാഴും,
ഓട്ടം തുടരും കടല്‍ തിമിര്‍ക്കും,
ഓമലേ ഞാനന്നു പൂര്‍ണ്ണനാകും.
* ഓര്‍ച്ച - ഓര്‍മ
© സിദ്ദീഖ് സുബൈര്‍
2 Comments
വളരെ സന്തോഷം
ReplyDelete❤❤
ReplyDelete