റെയില്‍ പാളത്തിലൂടെ... ► ഡോ. അപര്‍ണ. സി

rail-palathiloode-dr-aparna-c


'നീ ആ ഭാഗത്ത് ഇറങ്ങിക്കോ.. ഞാനിവിടെ ഇറങ്ങാം '

കമല വേസ്റ്റ് ബിന്നും കോരിയും  ചൂലും ഒക്കെയായി റെയില്‍വെ പാളത്തിലേക്ക് ഇറങ്ങി.

കയ്യുറ ധരിച്ച് ,അവള്‍ പ്ലാസ്റ്റിക് കവറും കുപ്പികളും ഒക്കെ പെറുക്കിയെടുത്തു. അല്പം മുന്നോട്ട് ,ഒരു പാഡ്, അതും എടുത്തവള്‍ വേസ്റ്റ് ബിന്നിലേക്ക് ഇട്ടു.

ചെരുപ്പ് ഒന്നു വഴുതി. നോക്കിയപ്പോള്‍ ആരുടെയോ വിസര്‍ജ്ജനത്തില്‍ ചവിട്ടിയിരിക്കുന്നു .കാലിന്റെ ഉപ്പൂറ്റിയിലേക്ക് അല്പം പടര്‍ന്നു. വേസ്റ്റ് ബിന്നില്‍  നിന്നും ഒരു തുണി സഞ്ചി എടുത്ത് അവള്‍ അവിടെ തുടച്ചു. കല്ലിനോട് പറ്റി നില്‍ക്കുന്ന ചെറിയ തരം വേസ്റ്റുകള്‍ അവള്‍ ചൂലുകൊണ്ട് തട്ടിനീക്കി, കോരി ഉപയോഗിച്ച് എടുത്തു.

 'കമലേ....കഴിഞ്ഞില്ലേ.. ?'

 'ആ കഴിഞ്ഞു, വരുന്നേ '

കമലയും കൂടെയുണ്ടായിരുന്നവളും വേസ്റ്റ് ബിന്നുമായി അത് നിക്ഷേപിക്കുന്ന ഇടത്തേക്ക് നടന്നു.കൈയ്യുറ ഊരി വേസ്റ്റ് ബിന്നില്‍ ഇട്ട ശേഷം, അവള്‍ ആ കൈകളെ ഒന്ന് നോക്കി.ഒരു കഷണം സോപ്പ് എടുത്ത് കൈ  നന്നായി കഴുകി. കാലിലെ ഹവായി ചെരുപ്പ് ഒന്ന് ഉരച്ചു കഴുകി. മുഖത്തേക്ക് അല്പം വെള്ളം തളിച്ചു. കൊണ്ടുവന്ന ബാഗില്‍ നിന്നും ചോറ്റു പാത്രം എടുത്ത് അതിലെ ഇഡ്ഡലി  രണ്ടെണ്ണം എടുത്തു കഴിച്ചു.

ജോലി സമയം കഴിഞ്ഞ് അവള്‍ പോകുമ്പോഴും മുഖത്ത് ഒരു തെളിച്ചം ഉണ്ടായിരുന്നില്ല.

 ' എന്തുപറ്റി നിനക്ക് ?' കൂടെയുണ്ടായിരുന്നവള്‍ ചോദിച്ചു

'ഒന്നുമില്ല ', എന്നു മാത്രം പറഞ്ഞ് അവള്‍ മൗനം പാലിച്ചു.

വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോള്‍ ഉമ്മറത്തിരുന്ന മകള്‍ വേഗം എണീറ്റ് അകത്തേക്ക് പോയി.ക്ഷീണം കൊണ്ട് അല്പം വെള്ളം കുടിക്കാന്‍ കമല അടുക്കളയിലേക്ക് പോയി.

 'അമ്മേ ...?ഞാന്‍ പറഞ്ഞതല്ലേ വന്ന ഉടനെ അടുക്കളയില്‍ കയറരുതെന്ന്'
മകള്‍ മീനാക്ഷി ഉറക്കെ പറഞ്ഞു.

'എടുത്തു തരില്ലല്ലോ ...?നീ ,ഒരു ഗ്ലാസ് വെള്ളം. പിന്നെ ഞാന്‍ തന്നെ പോവണ്ടേ '

'ഞാന്‍ ഒന്നും എടുത്തു തരില്ല'

മീനാക്ഷി ഇപ്പോള്‍ പ്ലസ് ടു വില്‍ ആണ്. മീനാക്ഷിയുടെ അച്ഛന്‍ അവള്‍ക്ക് എട്ടു വയസ്സുള്ളപ്പോള്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചതാണ്. പിന്നീട് ഒന്നും അറിയിക്കാതെ അവളെ,അമ്മ കമല വളര്‍ത്തിയത്.എന്നാല്‍ ,അമ്മ കൊണ്ടുവരുന്ന പൈസ മാത്രം മതിയായിരുന്നു മകള്‍ക്ക്. റെയില്‍ പാളത്തിലെ മലവിസര്‍ജ്ജനം കോരുന്ന അമ്മയുടെ തൊഴിലിനോട് അവള്‍ക്ക് അറപ്പ് ആയിരുന്നു ഒപ്പം അമ്മയെയും. കമല പാകം ചെയ്യുന്ന ഭക്ഷണം ഒന്നും അവള്‍ കഴിച്ചിരുന്നില്ല.'കുളിച്ചു വൃത്തിയായി അല്ലേ മോളെ ?നിനക്ക്  ഞാന്‍ ഒക്കെ ഉണ്ടാക്കി  തരുന്നത് എന്ന് ചോദിച്ചാലും അവള്‍ തിരിഞ്ഞുപോലും നോക്കിയിരുന്നില്ല. രാവിലെയും ഉച്ചയ്ക്കും തൊട്ടപ്പുറത്തെ മൂത്തയുടെ വീട്ടില്‍ നിന്നാണ് മീനാക്ഷി ഭക്ഷണം കഴിച്ചിരുന്നത്.രാത്രി സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കും. കമലയ്ക്ക് അതെല്ലാം ഒരുപാട് വിഷമമായിരുന്നു.

അങ്ങനെയിരിക്കെയാണ് ആ ദുരന്തം നടന്നത്.

അന്ന് രാവിലെ കമല മകളെ ഓര്‍ത്ത് വളരെയേറെ വിഷമത്തോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.അവള്‍ വൃത്തിയാക്കാന്‍ റെയില്‍ പാളത്തില്‍ ഇറങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞ് എത്തേണ്ട ട്രെയിന്‍ അന്ന് നേരത്തെ വന്നു. വിളിച്ചുപറയുന്നുണ്ടായിരുന്നെങ്കിലും അവള്‍ ശ്രദ്ധിച്ചിരുന്നില്ല.കൂടെയുണ്ടായിരുന്നവള്‍ കയറി വാ എന്ന് പറഞ്ഞതും ട്രെയിനിന്റെ കുതിച്ചു വരവും എല്ലാം ഒരുമിച്ചായിരുന്നു. ട്രെയിന്‍ ആണ് വരുന്നത് ഞാന്‍ അവിടെ നിന്ന് മാറണമെന്ന് ബോധം ഉണ്ടാകുമ്പോഴേക്കും അത് അവളെ തട്ടിത്തെറിപ്പിച്ചിരുന്നു.

 വീട്ടിലേക്കുള്ള ആ ഫോണ്‍കോള്‍ അമ്മയുടെ മരണവാര്‍ത്തയാണ് എന്നറിഞ്ഞ മകള്‍ നിലത്തെ തറയിലിരുന്ന് ഉറക്കെ കരഞ്ഞു.

ആ ഒരു നിമിഷം അമ്മയുടെ വില അവള്‍ അറിഞ്ഞത് കൊണ്ടാവാം അത്ര നാളും താന്‍ അവഗണിച്ച അമ്മ ഇനി ഇല്ല എന്നറിഞ്ഞപ്പോള്‍ അവള്‍ നെഞ്ചുപൊട്ടി കരഞ്ഞത്.

അത്ര കാലം ഒന്നും അറിയിക്കാതെ അവളെ വളര്‍ത്തിയ അമ്മ കൂടെയില്ലാതായപ്പോള്‍ അവള്‍ക്ക് മുന്നില്‍ എല്ലാ വഴികളും അടയ്ക്കപ്പെട്ടു. ആ ഇടയ്ക്കാണ് അമ്മ മരിച്ചതിനെ തുടര്‍ന്ന് അമ്മയുടെ പണി മകള്‍ക്ക് നല്‍കിയത്.

പിന്നീടങ്ങോട്ട് എന്നും വൃത്തിയാക്കാന്‍ റെയില്‍പാളത്തില്‍ അവള്‍ ഇറങ്ങി. കിട്ടുന്ന വരുമാനം കൊണ്ട് ഓഫ് പേപ്പര്‍ ആയി ഡിഗ്രി പഠിച്ചു.

അമ്മയുടെ മഹത്വവും അമ്മയുടെ തൊഴിലിന്റെ മഹത്വവും അവള്‍ മനസ്സിലാക്കി. അന്നുമുതല്‍ അവള്‍ക്കത് ഒരു വൃത്തിയില്ലാത്ത തൊഴില്‍ ആയിരുന്നില്ല. മറ്റെന്തിനെക്കാളും വൃത്തിയുള്ളത് ആയിരുന്നു.
© aparna c

Post a Comment

5 Comments

  1. എല്ലാ തൊഴിലും മഹനീയം തന്നെ

    ReplyDelete
  2. ഉള്ളപ്പോൾ അറിയില്ല ഉള്ളതിന്റെ മഹത്വം

    ReplyDelete
  3. അമ്മയുടെ മഹത്വം... ചെയ്യുന്ന ജോലിയുടെ മഹത്വം... മരിക്കുമ്പോൾ മാത്രം മനസിലാക്കുന്ന വേർപാടുകൾ.. നന്നായി എഴുതി 🙏🙏

    ReplyDelete