ജീവിതതെയ്യങ്ങള്‍ ► സന്ധ്യാസന്നിധി

jeevithatheyyangal-sandhyasannidhi


യ്യനിക്കിനീ വേദനതെയ്യങ്ങളാടുവാന്‍...
വയ്യെനിക്കിനീ
നോവുചങ്ങലയ്ക്കുള്ളില്‍ 
ഇനിയും ഒടുങ്ങുവാന്‍ 

വയ്യെനിക്കെന്റെ
കത്തുമുള്ളിലെ 
ഇക്കടലുമായ് 
ഇനിയും നടക്കുവാന്‍...

വയ്യെനിക്കിനീ 
ചേറുടയ്ക്കുന്ന ഞാറ്റുകണ്ടംപോല്‍ താനെയിങ്ങനെ 
ഉഴുതുമറിയുവാന്‍(2)

മെയ്മിനുക്കിയും മൊഴിയൊഴുക്കിയും
അന്തിയേറെയും വൈകിക്കഴിയുമ്പോള്‍,,

പന്തമെന്നപോല്‍ നൊന്തുതീരുവാന്‍
കഠിനവറുതിയിങ്ങനെ
നുണഞ്ഞൂമരിക്കുവാന്‍
വയ്യെനിക്കിനീ വേദനതെയ്യങ്ങളാടുവാന്‍..

ധര്‍മ്മമില്ലാകര്‍മ്മ
ബന്ധങ്ങള്‍ക്ക് വേണ്ടിയും 
അന്ധനാഥനാം 
അനന്ദന്നുവേണ്ടിയും 
നൊന്തുനൊന്തൊരീ കല്ലരികഞ്ഞികുടിക്കുവാന്‍
വയ്യെനിക്കിനീ 
വേദനതെയ്യങ്ങളാടുവാന്‍...

മുട്ടുകൂമ്പുന്ന വായ്പും വിനയവും
പാകമല്ലാത്ത പാഴ്മുഖംമൂടിയും
ഒട്ടണിയുവാന്‍ ഇട്ടുനടക്കുവാന്‍ 
വയ്യെനിക്കിനീ 
വേദനതെയ്യങ്ങളാടുവാന്‍...!

കൊട്ടിയാടുന്ന പാട്ടും തുടിയിലും
ആത്മബോധങ്ങള്‍ അമ്പേനശിക്കുന്നു...
ഗീതയൊക്കെയും കത്തിയെരിയുന്നു
ജീവനംതന്നെ താനേ തളര്‍ത്തുമ്പോള്‍ 
വയ്യെനിക്കിനീ ജീവിതതെയ്യങ്ങളാടുവാന്‍..!

© സന്ധ്യാസന്നിധി 


Post a Comment

0 Comments