നാലും കൂടിയ ഒരു കവല,ഒന്നുരണ്ട് മുറുക്കാന്‍ കട,ഒരു ചായക്കട,അത്യാവശ്യം പലവ്യഞ്ജനങ്ങള്‍ വാങ്ങാനായി ഒന്നുരണ്ട് ചെറിയ കടകള്‍,പഞ്ചായത്ത് ആഫിസ്, തപാലാഫീസ്, അത്രയൊക്കെയെ ചെറുപ്പത്തില്‍ഞാനെന്റെ ഗ്രാമത്തില്‍ കണ്ടിട്ടുള്ളു.
ഞായറാഴ്ചയായിരുന്നു ചന്ത ദിവസം..
അന്ന് സമീപവാസികള്‍ മിക്കവരും ചന്തയില്‍ പോയി അത്യാവശ്യം മത്സ്യ, മാംസാദികള്‍ വാങ്ങി അന്നേദിവസം കുശാലാക്കും..
കവല വഴി അടൂര്‍, കൊട്ടാരക്കര,തിരുവനന്തപുരം റൂട്ടില്‍ ബസുകള്‍ ഇടയ്ക്കിടെ പോകുന്ന ശബ്ദം വീട്ടില്‍ ഇരുന്നാലും കേള്‍ക്കാം ..
മുറ്റത്തിറിങ്ങി നോക്കുമ്പോള്‍ അമ്പലകുളത്തിന്റെ അപ്പുറത്തെ റോഡില്‍ കൂടി അവ ചീറി പാഞ്ഞു പോകുന്നത് കാണാനും ഒരു ചന്തമുണ്ട്..
കവലയില്‍ നിന്ന് അല്പം മുന്‍പോട്ട് നടക്കുമ്പോള്‍ ഗവണ്മെന്റ് സ്‌കൂള്‍.. വളരെ പഴക്കം ചെന്നസ്‌കൂള്‍ആണ്.. എന്റെ വല്യ മുത്തശ്ശിയൊക്കെ അവിടെയാണ് പഠിച്ചതും..പണ്ട് മഹാത്മാഗാന്ധി അവിടം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുത്തശ്ശി അഭിമാനത്തോടെ പറയുന്നത് ചുമ്മാ കളവാണെന്ന് തന്നെ ഞാന്‍ വിശ്വസിച്ചിരുന്നു..
പിന്നീട് മുത്തശ്ശി വെറുതെ പറഞ്ഞതല്ല, സത്യമായിരുന്നു എന്ന് മനസ്സിലായത് 'മഹാത്മാ ഗാന്ധിജിയുടെ ഒരു പ്രതിമ സ്‌കൂളിന്റെ മുറ്റത്ത് സ്ഥാപിച്ചപ്പോളാണ്.
വല്യ മുത്തശ്ശി പഴയ ഏഴാം ക്ലാസ്സായിരുന്നു..അന്നൊക്കെ അദ്ധ്യാ യാപികയാകാന്‍ അതുമതി..എന്തുകൊണ്ടോ മുത്തശ്ശി ജോലിക്കൊന്നും പോയില്ല.. പക്ഷേ ഭാഗവതം,രാമായണം ഒക്കെ ആള്‍ക്ക് ഹൃദി സ്തയിരുന്നു.
പിന്നീട് സ്‌കൂള്‍ വിപുലീകരിച്ച് ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടരി ഇവയെല്ലാം ഉള്‍പ്പെടുത്തി ഇപ്പോള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞു..
സ്‌കൂളും, ഞങ്ങളുടെ വീടും തമ്മില്‍ വലിയ ദൂരമൊന്നുമില്ല..മണിയടിക്കുന്ന നേരം നിര്‍ത്താതെ ഒറ്റ ഓട്ടം വെച്ചു കൊടുത്താല്‍ സ്‌കൂള്‍ അസ്സബ്ലിക്ക് മുന്‍പേ അങ്ങേത്താം.സ്‌കൂളിന്റെ തൊട്ടടുത്തു തന്നെയാണ് ദേവി ക്ഷേത്രം .. ക്ഷേത്ര വളപ്പിലുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ കുട്ടികളെ കാണാം.. പഴുത്ത ഇലഞ്ഞി കായ്കള്‍ തിരഞ്ഞുകൊണ്ട്..
ഞങ്ങളുടെ കുടുംബവീടിന്റെമുന്‍പില്‍ കുറച്ച് തെക്കോട്ടു മാറി ഒരു ചെറിയ തൊടുണ്ടായിരുന്നു..തൊടിന് ഇരുവശവും, കമ്മ്യുണിസ്റ്റ് പച്ചകള്‍ ഇടതൂര്‍ന്നു വളര്‍ന്ന് നില്‍പ്പുണ്ടാവും.. ഇടയ്ക്കിടെ സ്ലേറ്റ് പെന്‍സില്‍ വെച്ച് എഴുതിയത് മായ്ക്കാന്‍ ഉപയോഗിക്കുന്ന ' വെള്ളം തുള്ളി ' എന്ന ചെടിയും..സ്‌കൂളില്‍ പോകുന്ന പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ അവയുടെ ഇല കളഞ്ഞ് തണ്ട് ബാഗില്‍ ഇട്ടു കൊണ്ടുപോകുമായിരുന്നു.. ഞാനും എത്രയോ ചെയ്തിരിക്കുന്നു..
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ അന്നൊക്കെ പാലമായി ഇട്ടിരിക്കുന്ന ചെറിയ തടിക്കമ്പില്‍ കൂടി വീഴാതെ ഇപ്പുറം കടക്കണമായിരുന്നു..
മുത്തശ്ശി ആ സമയം വെളിയിലെങ്ങാനും നില്‍പ്പുണ്ടെങ്കില്‍
'പതുക്കെ, പതുക്കെ വീഴരുത്....'എന്നെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും..
എന്നിട്ട് ഒരോര്‍മപെടുത്താലും..
'സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ വൈകിട്ട് ഇതുവഴി വരണേട്ടോ.. നല്ല പഴുത്ത കമ്പിളി നാരങ്ങ തരാം...'
വെറുതെ പറയുന്നതല്ല..കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞുപോകും വഴി ഞങ്ങളുടെ വീടിനടുത്തെത്തുമ്പോള്‍ മുത്തശ്ശി ഓരോ വലിയ അല്ലി കമ്പിളി നരകവുമായി പടിവാതില്‍ക്കല്‍ ഹാജരുണ്ടാവും..
എന്നിട്ടാവ കടലാസ്സില്‍ പൊതിഞ്ഞുകൊടുക്കും..
'നല്ല മധുരമാണ്..മുഴുവനും കഴിക്കണം കേട്ടോ...' എന്നൊക്കെ പറയുന്നതും കേള്‍ക്കാം..
പാലത്തിന്റെ ഇപ്പുറത്ത് ഹിന്ദു കുടുംബങ്ങളും,അപ്പുറത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളും വളരെ സൗഹര്‍ദ്ദത്തോടെയാണ് കഴിഞ്ഞു വന്നിരുന്നത്....
ചെറുപ്പത്തില്‍ വാഴനാരും, ചിരട്ടയും വെച്ച് കപ്പിയും ത്രാസും കളിയ്ക്കുമ്പോള്‍ സ്ഥിരമായി ഞങ്ങള്‍ പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാരാകുന്നത് അവിടുത്തെ കുട്ടികളാകും..ഇവരെല്ലാം ഞങ്ങളേ ക്കാള്‍ രണ്ടോ, മൂന്നോ വയസ്സിനു ഇളയതുമാവും..
വീടിനു മുന്‍പിലുള്ള മൈലാഞ്ചിചെടിയില്‍ വാഴനാരും , ചിരട്ടയും കൊണ്ട് ത്രാസും, കപ്പിയും ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍, കട ഉടമസ്ഥന്‍ ആരാകും എന്ന കാര്യത്തില്‍ സ്ഥിരമായി ഒരു തര്‍ക്കംനടക്കുകപതിവുണ്ടായിരുന്നു അന്നൊക്കെ...അതിനിടയില്‍ചെറിയരീതിയില്‍ അടിയും, ഉന്തും തള്ളും നടന്നിരിക്കും..കടയുടമസ്ഥന്‍ മാത്രമേ കപ്പിയും, ത്രാസും ഉപയോയിക്കാന്‍ കഴിയു..അതാണെങ്കില്‍ എല്ലാവര്‍ക്കും വേണം..
അതിന് വേണ്ടിയുള്ള അടിപിടി തീരുന്നതും,മുത്തശ്ശിയുടെ കശുവണ്ടി ചുട്ടതിന്റെയും, പഴുത്ത മാങ്ങാ കഷണത്തിന്റെയും ബലത്തിലായിരുന്നു.
അന്നൊന്നും ഇപ്പോളത്തെ പോലെയല്ലല്ലോ..കുടുംബത്തിലെ സ്ത്രീകള്‍ എല്ലാവരും നന്നായി പുറം പണിയും ചെയ്യുമായിരുന്നു. അന്നൊക്കെ റബ്ബര്‍ കൃഷി വ്യാപകമായിരിക്കുന്ന സമയമാണ്.. പറമ്പില്‍ സ്ഥലമുള്ളിടത്ത് റബ്ബര്‍ തൈ നട്ട് അത് മരമാകുമ്പോള്‍ സ്വയം വെട്ടി പാലെടുക്കുന്നതും,പരന്ന പാത്രത്തില്‍ അതൊഴിച്ചുഷേപ്പ് വരുത്തുന്നതും,ഷീറ്റാക്കുന്നതും എല്ലാം വീട്ടിലുള്ളവര്‍ തന്നെയായിരുന്നു..
കുറച്ചപ്പുറത്തുള്ള ഒരു വീട്ടില്‍ റബ്ബര്‍ ഷീറ്റ് അടിയ്ക്കുന്ന യന്ത്രം ഉള്ളതിനാല്‍ സമീപ വാസികളെല്ലാം അതുപയോഗിച്ചു പോന്നു..
ഒരു ഷീറ്റിന് ഇരുപത്തഞ്ചു പൈസ ക്രമത്തില്‍ അവരതിന് കാശും ഈടാക്കിയിരുന്നു.
വൈകിട്ട് പഠിച്ചു കഴിയുമ്പോള്‍ റബ്ബര്‍ ഷീറ്റടിക്കാന്‍ മുത്തശ്ശിയ്‌ക്കൊപ്പം പോകും.. ആ യന്ത്രം ബലമായി കറക്കാന്‍ മുത്തശ്ശിക്ക് പ്രയാസമാണ്.. അതിന് കൂടെ കൂട്ടുന്നത് എന്നെയും..
വീടിന്റെപുറകു വശത്തായിരുന്നു തൊഴുത്തും, വിറകു പുരയും..ഒരു എരുമ, രണ്ട് ആടുകള്‍ അവയുടെ ഒന്നോ രണ്ടോ കുട്ടികള്‍, ഒരു പശു ഇവയെല്ലാം അവിടെ സസുഖം വാണിരുന്നു.. മണി കെട്ടിയ ആട്ടിന്‍ കുട്ടികള്‍ ഞങ്ങള്‍ വീടിനു ചുറ്റും ഓടിക്കളിയ്ക്കുമ്പോള്‍ കൂട്ടത്തില്‍ കാണും.. അവയുമായുള്ള ആത്മ ബന്ധം ചില്ലറയല്ലായിരുന്നു.
ചെങ്കല്ലു കൊണ്ടുണ്ടാക്കിയ വിറക് പുരയില്‍ വീട്ടാ വശ്യത്തിനുള്ള തേങ്ങ,കുരുമുളക് ഉണക്കിയത്, കാപ്പിക്കുരു ഇവയൊക്കെ സൂക്ഷിച്ചിരിക്കും..
കൂടാതെ ഒരു സൈഡില്‍ ഉണങ്ങിയ വിറക്, ചൂട്ട്, ചകിരി എന്നിവയും..
അതിനകത്ത് ഞങ്ങള്‍ കുട്ടികള്‍ കടക്കാറില്ല..പകല്‍ വെളിച്ചത്തില്‍ പോലും ഇരുട്ടായിരുന്നു അവിടൊക്കെ..
അതിന്റെ ചുവരുകള്‍ ചെങ്കല്ലില്‍ പണിതതാകയാല്‍ അവിടെ നിന്ന് നല്ല ചുവന്ന മണ്ണ് കമ്പു വെച്ച് ഇളക്കിയെടുത്ത് ചിരട്ടയില്‍ നിറയ്ക്കുന്നത് ഒരു പതിവായിരുന്നു അന്നൊക്കെ.. മണ്ണില്‍ വെള്ളമൊഴിച്ചു കുഴച്ച് മണ്ണപ്പം ചുടാന്‍ ഈ ചുവന്ന മണ്ണ് ബഹുകേമം..
മുത്തശ്ശി കാണാതെ വിറകുപുരയുടെ പുറകില്‍ പോയി മൂര്‍ച്ചയുള്ള എന്തെങ്കിലും വെച്ച് ഭിത്തിയില്‍ നിന്ന് മണ്ണിളക്കും...ചിരട്ട ചേര്‍ത്ത് പിടിച്ച് താഴെ വീഴാതെ ശേഖരിച്ചു കൊണ്ടുപോയി വെള്ളത്തില്‍ കലക്കി അപ്പം ചുടും..
കണ്ടു കഴിഞ്ഞാല്‍ വടിയും കൊണ്ട് ഓടിവരും.. 'ഈശ്വരമാരെ ഇവറ്റകളു വീടും ഇളക്കി കളയുമോ...' എന്ന് ചോദിച്ച്..
വളരെയേറെ ഓമനിച്ചു വളര്‍ത്തിയ ഒരുപൂച്ച ഞങ്ങള്‍ക്കുണ്ടായിരുന്നു.. ' ചീരി ' എന്നാണ് അതിന് പേരിട്ടിരുന്നത്.. നന്നേ ചെറു തായിരുന്നപ്പോള്‍ അതിനെ എന്റെ ചിറ്റ വഴിയില്‍ നിന്നെവിടെയോ എടുത്തു കൊണ്ടു വന്നതാണ്... സാധാരണ പൂച്ചക്കളെ പോലെ ആയിരുന്നില്ല അത്.. ഒരു സാധു.. ഉറിയില്‍ വെച്ചിരിക്കുന്ന മീന്‍കൂട്ടാനോ, പാതകത്തില്‍ ഇരിക്കുന്ന വറുത്ത മീനോ ഒന്നും തന്നെ അത് കട്ടുതിന്ന് കണ്ടിട്ടില്ല..
വര്‍ഷങ്ങളോളം അത് ഞങ്ങളുടെ കൂടെ ഞങ്ങളില്‍ ഒരാളായി കഴിഞ്ഞു.. ഇടയ്‌ക്കെപ്പോഴോ അതിനെ കാണാതെ പോയി... സാധാരണ അതിന്റെ പേര് വിളിച്ചാല്‍ എവിടെയാണെങ്കിലും ' മ്യാവൂ...' എന്ന ശബ്ദത്തോടെ ഓടിവരാറുണ്ടായിരുന്നു... ഞങ്ങള്‍ ഒരുപാടന്വേഷിച്ചു...
റോഡിലിറങ്ങാനും പോയി വല്ല വണ്ടിയും കയറിയിരിക്കുമോ എന്ന് മുത്തശ്ശി വ്യസനത്തോടെപറയുകയും,ഇടയ്ക്കിടെ അയല്പക്കത്തൊക്കെ പോയി ചോദിക്കുകയും ചെയ്തു കൊണ്ടിരുന്നു..പിന്നീടെപ്പോഴോ വിറക് പുരയില്‍ നിന്ന് എന്തോ ദുര്‍ഗന്ധം തോന്നി മുത്തശ്ശി പോയി നോക്കിയപ്പോള്‍ അതവിടെ ചത്തു കിടക്കുന്നത് കണ്ടു...
അതിനെ കുഴിച്ചിടുമ്പോള്‍ മുത്തശ്ശിയോടൊപ്പം ഞങ്ങളെല്ലാവരും കരഞ്ഞിരുന്നു... പത്തുവര്‍ഷത്തില്‍ ഏറെയായി വീട്ടിലെ ഒരംഗം തന്നെയായിരുന്നു അതും..
വീട്ടില്‍ വളര്‍ത്തുന്ന എല്ലാ ജീവികളെയും മനുഷ്യരേ പോലെ കണ്ടിരുന്ന മുത്തശ്ശി..
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ പശു കിടാവിനെയും, ആട്ടിന്‍ കുട്ടിയേയും വില്‍ക്കേണ്ട അവസ്ഥയില്‍ ഞങ്ങള്‍ കുട്ടികള്‍ ഉറക്കെ കരയുമ്പോള്‍, തൊഴുത്തിന് പുറകില്‍ പോയി ആരും കാണാതെ കണ്ണുന്നീര്‍ തുടയ്ക്കുന്നത് ഞാന്‍ സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട്...
ഒരുവേള അവയൊക്കെയും മുത്തശ്ശിയ്ക്ക് മക്കള്‍ തന്നെ ആയിരിക്കണം..
ഒരു ദിവസം പതിവുപോലെ കഞ്ഞിയും കുടിച്ച് ഉറങ്ങാന്‍ കിടന്ന മുത്തശ്ശി പിറ്റേന്ന് വെളുപ്പിനെ എണീറ്റില്ല..എന്നന്നേക്കുമായുള്ള ഉറക്കത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നു പാവം.. ഒരു ഞെട്ടലായിരുന്നു അത്.. തലേന്ന് രാത്രി പോലും വീഞ്ഞപ്പെട്ടിയുടെ മുകളില്‍ ഞങ്ങള്‍ കൊച്ചുമക്കളെയെല്ലാം പിടിച്ചിരുത്തി പതിവുപോലെ പുരാണത്തി ലെ 'ധ്രുവന്റെ കഥ' കഥ പറഞ്ഞു തന്ന മുത്തശ്ശി ആരോടും പറയാതെ യാത്രയായി...
എണ്ണത്തിരിയിട്ട വിളിക്കിനുമുന്‍പില്‍ കണ്ണടച്ചു പിടിച്ചുകൊണ്ട് മുത്തശ്ശി ചൊല്ലിയ നാമജപങ്ങളൊക്കെയും ഇടയ്‌ക്കൊക്കെ മന ക്കണ്ണില്‍ തെളിയുമ്പോള്‍ സങ്കടത്തോടെ ഓര്‍ക്കുന്നു.. കുട്ടികാലത്തെ ഓര്‍മ്മകളില്‍ പലതിനും മുത്തശ്ശിയുടെ ഗന്ധമായിരുന്നു..അലക്കിയ മുണ്ടിന്റെയും, കാച്ചിയ എണ്ണയുടെയും, കൈതപ്പൂവിന്റെയും.. നൊമ്പരമുണര്‍ത്തുന്ന ഗന്ധം..
© വിനീത ശേഖര്‍
0 Comments