പകലിനേക്കാളേറെ ശാന്തമായ രാത്രിയെ എന്തുകൊണ്ടോ, ഏറെ ഇഷ്ടമായിരുന്നു എനിക്ക്. വലിയ കോലാഹലങ്ങളില്ലാത്ത, വെയിലേറ്റുവാടാത്ത ഇരുട്ടിന്റെ മൂടുപടമണിഞ്ഞ് നന്ത്യാര്‍വട്ടത്തിന്റെയും ലാങ്കിലാങ്കിയുടെയും നറുമണംപേറി പല സന്ധ്യകളിലും അവളെന്നെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. ആരെയോ പ്രതീക്ഷിച്ച് ദൂരേക്കുനോക്കി വീടിനുമീന്‍വശത്തെ പാടവരമ്പത്ത് ഞാന്‍ നില്ക്കും. ഏതെങ്കിലുമൊരു ഗന്ധര്‍വ്വന്‍ പൂത്തുലഞ്ഞമാഗന്ദംപോലെ സൗരഭ്യംപരത്താന്‍ വെമ്പിനില്ക്കുന്ന എന്നിലെ പെണ്ണുടലുതേടി വന്നിരുന്നെങ്കില്‍! ദൂരെയാകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍ മിന്നാമിന്നികളെപ്പോലെ, കറുത്തമേഘങ്ങള്‍ക്കിടയില്‍ തിളങ്ങുന്നുണ്ടായിരുന്നു. ഏതു മേഘപാളികള്‍ക്കിടയിലാണ് എന്റെ ഗന്ധര്‍വ്വന്‍ മറഞ്ഞിരിക്കുന്നത്? എന്തേ, ഇനിയുമവന്‍ വന്നതില്ല?
ദൂരേനിന്നെത്തിയ ഇളംതെന്നല്‍ അവളുടെ മേനിയില്‍ കുളിരായ് പടര്‍ന്നു. അര്‍ദ്ധനിമീലിത മിഴികളുമായി മറ്റേതോ സ്വപ്നലോകത്തേയ്ക്ക് അവള്‍ പറന്നുയര്‍ന്നു. ഏതോ ഒരു പുരുഷഗന്ധം അവളെ മൂടി. അവളിലെ പെണ്ണാഴങ്ങളിലേയ്ക്ക് അയാള്‍ ഊളിയിടുകയാണ്. പിന്നെയൊരു കിതപ്പും മരവിപ്പും.
'ഇന്നെടീ.'
ഒരു പുരുഷശബ്ദം അവളുടെ കാതുകളില്‍പതിച്ചു. ഒപ്പം എന്തോ അവളുടെ കണ്‍പോളകള്‍ക്കുപുറമേ എറിഞ്ഞതുപോലെ. നിദ്രയില്‍നിന്നെന്നവണ്ണം അവള്‍ മിഴിതുറന്നു. ഏതോ ഒരു കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ അര്‍ദ്ധനഗ്‌നയായി താന്‍ മലര്‍ന്നുകിടക്കുകയാണെന്നകാര്യം അവള്‍ തിരിച്ചറിഞ്ഞു. ഏതോ വിലകുറഞ്ഞ റമ്മിന്റെ രൂക്ഷഗന്ധം അവിടമാകെ മുടപ്പെട്ടിരുന്നു. മുഖത്തും തറയിലുമായി ചിതറിക്കിടക്കുന്ന ഏതാനും നോട്ടുകള്‍. അവള്‍ എഴുന്നേല്ക്കാന്‍ ശ്രമിച്ചു. ശരീരം വല്ലാതെ നോവുന്നുണ്ടായിരുന്നു. പുറത്തും കൈകാലുകളിലും പറ്റിപ്പിടിച്ചിരുന്ന ചെറു മണ്‍തരികളും കല്‍ച്ചീളുകളും ഓരോന്നായി നുള്ളിയെറിഞ്ഞു. അയാള്‍ മുഖത്തെറിഞ്ഞ നോട്ടുകള്‍ ഓരോന്നായെടുത്ത് അവള്‍ എണ്ണിനോക്കി. നൂറ്റിയമ്പതുരൂപ! അതില്‍ ഒരന്‍പതുരൂപാനോട്ട് നടു കീറിയിരുന്നു.
'ദുഷ്ടന്‍.'
അല്പമകലെയായി വച്ചിരുന്ന തന്റെ വാനിറ്റിബാഗ് കൈയെത്തിച്ചെടുത്തു. ഒപ്പം അതിനരികിലിരുന്ന സാരിയും.
'സമയം എത്രയായോ എന്തോ?'
ഇനിയും ആരെങ്കിലും ഊഴംകാത്തു നില്പുണ്ടാകുമോ എന്തോ? ബാഗിനുള്ളില്‍വെച്ചിരുന്ന റിസ്റ്റുവാച്ച് തിരഞ്ഞെങ്കിലും കിട്ടിയില്ല.
'ഈ നാറികള്‍ക്ക് ഇതിലും ഭേദം അവന്റമ്......' അല്ലെങ്കിവേണ്ട. എന്തിനാ വെറുതെ അവരെയൊക്കെ പറയണത്? അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.
ആരുടെയും ശബ്ദമൊന്നും കേള്‍ക്കുന്നില്ല. എല്ലാവരും പോയിക്കാണും. അവള്‍ പതുക്കെ എഴുന്നേല്ക്കാന്‍ ശ്രമിച്ചു.
അവരെത്രപേരായിരുന്നു? മൂന്നോ, അതോ നാലോ? അവനാണെനിക്കു റം വായിലേയ്‌ക്കൊഴിച്ചുതന്നത്, ആ കറുത്തുതടിച്ചവന്‍.
'പൂത്യേ ആളാണ്. ശരിക്ക് കളിപ്പിച്ചോളൂട്ടാ.'
സ്ഥിരക്കാരന്‍ ദാസനാണ് അവനെപ്പറ്റി പറഞ്ഞത്. കറുത്തതാണെങ്കിലും ആറടിയോളം ഉയരവും അതിനൊത്ത ശരീരവുമുള്ള ആ ചെറുപ്പക്കാരനെ എനിക്കിഷ്ടപ്പെട്ടു. അവന്റെ കൂടെയുള്ള മറ്റു രണ്ടുപേരും ഇടയ്ക്കിടെ എന്നെത്തേടിയെത്താറുണ്ട്. ദാസനാണ് ആദ്യമായി ഇവിടേയ്ക്ക് എന്നെ കൊണ്ടുവന്നത്. റോഡിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു സിനിമാതീയറ്ററുണ്ട്. സെക്കന്റ്‌ഷോയ്ക്ക് മിക്കവാറും ആണുങ്ങള്‍മാത്രമേ വരാറുള്ളൂ. തമിഴ്‌സിനിമകളോ, കുത്തുപടങ്ങളോ മാത്രമേ അവിടെ കളിക്കാറുള്ളൂ എന്നാണ് ദാസന്‍ പറഞ്ഞത്.
'ആളെ ഞാനുണ്ടാക്കിത്തരാം. നിന്ക്ക് കാശുംകിട്ടും കെട്ട്യോനേം പിള്ളരേം പോറ്റേംചെയ്യാം. ആലോയ്ചിട്ട് പറഞ്ഞാമതി.'
ഒന്നും ആലോചിക്കാനില്ലായിരുന്നു. തെങ്ങുകയറ്റത്തിനിടയില്‍ താഴെവീണു നട്ടെല്ലുതകര്‍ന്ന്, തലമാത്രം ചലിപ്പിക്കാന്‍ കഴിയുന്ന ഭര്‍ത്താവ്, ദാസന്റെ സംസാരംകേട്ട് മുഖംതിരിച്ചുകിടന്നു. ആറും എട്ടും വയസ്സായ രണ്ടു പെണ്‍മക്കള്‍. ചേരിയിലെ ആ കുടിലല്ലാതെ സമ്പാദ്യമായി മറ്റൊന്നുമില്ലായിരുന്നു. പകല്‍, ഏതെങ്കിലും വീട്ടില്‍ അടുക്കളപ്പണിചെയ്തുകിട്ടുന്ന തുച്ഛമായ സംഖ്യ ഭര്‍ത്താവിനു മരന്നിനുപോലും തികയില്ല. മിച്ചംവരുന്ന പഴകിയ ആഹരമോ മറ്റോ കിട്ടുന്നതിനാല്‍, മക്കളുടെ വിശപ്പകറ്റാം. ഇനിയും ആവശ്യങ്ങളില്ലേ? എല്ലാറ്റിനും എന്തുചെയ്യും?
'ഉഷ എന്തു തീരുമാനിച്ചു? ഇതിപ്പൊ ആലോയ്ക്കാനൊന്നൂല്ല്യ. ഈ ചേരീത്തന്നെ വേറേം ടീമോളുണ്ട്, ഇതുപോലെ. പക്ഷേ, ഒരാളും അറിയൂല അവര് പോണതും വര്ണതും. അതാണ് ദാസന്റെ മിട്ക്ക്.'
'ഞാന്‍ വരാം.'
'അങ്ങനെ വഴിക്കു വാ. നീയ് രാത്രീലെ ലാസ്റ്റ്ബസ്സിന് വന്നാമതി. സ്ഥലം ഞാന്‍ പറയാം. അതുപോലെ, അതിരാവിലെ ഫസ്റ്റ് വണ്ടിയ്ക്ക് തിരിച്ചും പോരാം. ഒരു കുഞ്ഞും അറിയൂല്യ. പിന്നെ, ഈ ദാസന്യൊന്ന് ഗൗനിക്കണം ട്ടാ. അത്രേംമതി.'
അന്ന്, അതല്ലാതെ മറ്റൊരു വഴിയും മുന്നില്‍ തെളിഞ്ഞില്ല. പിന്നീട് പല രാത്രികളിലും പലയിടങ്ങളില്‍. വര്‍ഷം ഏഴായി ഇതു തുടങ്ങിയിട്ട്. ഇന്നിപ്പോള്‍ ഇവിടെ. ഒരു യന്ത്രംപോലെ ഇങ്ങനെ ജീവിച്ചുമടുത്തുതുടങ്ങി. അപ്പോഴാണ് അവന്റെ ഊഴമെത്തിയത്. ഈ തൊഴിലിനിറങ്ങുന്ന പെണ്ണിന്റെ മനസ്സിനെ ആരും കാണാന്‍ ശ്രമിക്കാറില്ല. അവര്‍ക്കുവേണ്ടത് മനസ്സല്ലല്ലോ. ആരും ഇതുവരെ ആ മനസ്സിലും കയറിയിരുന്നില്ല. എന്നാല്‍ അവനെ കണ്ടതുമുതല്‍ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒന്ന് വെമ്പല്‍കൊള്ളുന്നതറിഞ്ഞു.
'നീ വെള്ളടിക്ക്യോ?'
ഊഴമായപ്പോള്‍ അവന്‍ ചോദിച്ചു.
'ഇല്ല്യ.'
'എന്നാല്‍, ഇന്ന് ഇത്തിരി കഴിച്ചേ പറ്റൂ.'
അവന്റെ സംസാരത്തില്‍ സ്വയം മറക്കാന്‍ തുടങ്ങിയ അവള്‍, അവന്‍ വായിലേക്കുപകര്‍ന്ന റം കുറേശ്ശെയായി നുകര്‍ന്നു. അവളെ അവനിലേയ്ക്കടുപ്പിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു:
'ഇനി നീ ഇതുകൂടി....'
അവന്‍ പറഞ്ഞുതീരുംമുമ്പേ അവള്‍ കരണത്ത് ആഞ്ഞടിച്ചു.
'നീ എന്താടാ കരുതീത്, പരനാറി. നിന്റെ മറ്റോളോടു പോയിപ്പറയെടാ... ഞാനൊരു പെണ്ണെണ്ടാ ചെറ്റേ. നീ എന്താ കരുതീത്?'
അവള്‍ പറഞ്ഞുനിര്‍ത്തുംമുമ്പേ അവന്‍ അവളെ പൊതിരെ തല്ലി. എപ്പോഴാണ് അവന്‍ പോയതെന്നോ, ബോധം നഷ്ടപ്പെട്ടതെന്നോ അവള്‍ക്ക് ഓര്‍ത്തെടുക്കാനായില്ല.
'അല്ലെങ്കിലും തെറ്റ് എന്റെ ഭാഗത്താണ്. തേവിടിച്ചിയ്ക്ക് ആരോടും പ്രേമവും പ്രണയവുമൊന്നും തോന്നരുതല്ലോ.'
റോഡിലൂടെപോകുന്ന ചരക്കുവണ്ടികളും ടാങ്കര്‍ലോറികളും ഹോണടിച്ചു പായുന്നുണ്ടായിരുന്നു. ആ വണ്ടികളിലെ ആരെങ്കിലുമൊരാളായിരിക്കാം നാളെ ഈ മാംസത്തിനു വിലപറയുന്നത്. ബാഗീല്‍നിന്നും വട്ടക്കണ്ണാടിയെടുത്ത്, ലോറികളിലെ ലൈറ്റില്‍ മുഖം തുടച്ചുമിനുക്കി, സാരി ഞൊറിഞ്ഞുടുത്ത് യാതൊന്നും അനിഷ്ടമായി സംഭവിക്കാത്തതുപോലെ അവള്‍ റോഡിലേക്കിറങ്ങിനടന്നു. പരിസരത്തുള്ള ഏതോ ക്ഷേത്രത്തില്‍നിന്നും 'സുപ്രഭാതം' മുഴങ്ങിത്തുടങ്ങിയിരുന്നു.
© മണികണ്ഠന്‍ അണക്കത്തില്‍
0 Comments