ഇലിപ്പക്കുളം മങ്ങാരത്തെ ലോഗിൻ സൊല്യൂഷൻസിൽ നിന്ന് കാമറാമാൻ വിജീഷിനൊപ്പം സിജെ വാഹിദ്,....
ഉനൈസ് പിള്ളാരുകടയും ലോഗിൻ സൊല്യുഷൻസും..
ഇലിപ്പക്കുളം പ്രദേശത്ത് അക്ഷയ കേന്ദ്രം പോലൊരു സ്ഥാപനത്തിൻറെ ആവശ്യകത ഏറെയുണ്ടായിരുന്ന സമയത്താണ് അയൽവാസിയും സുഹത്തുമായ ഉനൈസ് പിള്ളാരുകട, എന്നറിയപ്പെട്ടിരുന്ന ചെറുപ്പക്കാരൻ മങ്ങാരത്തിന് തെക്കുവശത്തായി "ലോഗിൻസ് സൊല്യൂഷൻസ് "എന്ന പേരിൽ ഒരു സ്ഥാപനം വർഷങ്ങൾക്ക് മുൻപ് തുടങ്ങുന്നത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ ഏറെ കഷ്ടപ്പെട്ടാണ് ഉനൈസ് പര സഹായം കൂടാതെ ഈ കടയിൽ എത്തിയിരുന്നത്...
എപ്പോഴും നല്ല തിരക്ക് പ്രകടമായിരുന്ന മങ്ങാരത്തെ "ലോഗിൻ സൊല്യുഷൻസി"ൽ
ഒരു ഫോട്ടോ കോപ്പി എടുക്കുന്നതിന് വേണ്ടിയാണ് ഞാൻ ആദ്യമായി എത്തുന്നത്. പക്ഷേ അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് ശാരീരിക വെല്ലുവിളി നേരിടുന്ന ഉനൈസ് എന്തുമാത്രം കാര്യങ്ങളാണ് വേ ഗത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത് എന്നെനിക്ക് നേരിട്ട് ബോധ്യപ്പെടുന്നത്.
വീട്ടിൽ നിന്ന് മുചക്ര വാഹനത്തിൽ സ്ഥാപനത്തിലെത്തിയ ശേഷം,
ഷട്ടർ ഉയർത്തുന്നതിന് മാത്രമായിരുന്നു ഉനൈസ് പരസഹായം തേടിയിരുന്നതു്...
കടയിൽ കയറിക്കഴിഞ്ഞാൽ പിന്നെ വിശ്രമമില്ലാത്ത പണി തന്നെ..
ഒരു ചക്രക്കസേരയിൽ ഇരുന്ന് ഫോട്ടോകോപ്പിയെടുക്കുന്നു, സ്പൈറൽ ബൈൻഡിങ് ചെയ്യുന്നു, അതിനിടയിൽ വരുന്ന ഇലക്ട്രിസിറ്റി ബില്ലുകൾ അടച്ച് നൽകുന്നു...വിദ്യാർഥികൾക്ക് പലവിധ ഓൺ ലൈൻ സേവനങ്ങൾ ,ബസ്സ്,ട്രെയിൻ ടിക്കറ്റ് ബുക്കിങ് ,
ഫോൺ റീചാർജ് , ഇൻറർനെറ്റ് ഉപയോക്താക്കൾക്കായി കമ്പ്യൂട്ടർ സെറ്റ് ആക്കി കൊടുക്കുന്നു, ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഒരേ സമയം ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തി.
ഏറെ സന്തോഷം പകർന്ന ആ നിമിഷങ്ങളാണ്
ദൂരദർശൻ വാർത്തകൾക്കായി ഒരു റിപ്പോർട്ട് എന്ന് ചിന്ത എൻ്റെ മനസ്സിലേക്ക് രൂപപ്പെടാൻ ഇടയാക്കിയത്..
ആ വർഷം ഡിസംബർ മൂന്നാം തീയതി ഭിന്ന ശേഷി ദിനത്തിൽ ഉനൈസിനെക്കുറിച്ചുള്ള ഒരു വാർത്ത റിപ്പോർട്ട് അങ്ങനെ ഇലിപ്പക്കുളം മങ്ങാരത്തു നിന്നും ക്യാമറാമാൻ വിജേഷിനൊപ്പം തയ്യാറായി. .
അരോഗ ദൃഢഗാത്രരായ യുവാക്കൾ തൊഴിൽ ഇല്ലെന്ന് വിലപിക്കുമ്പോഴാണ് അരക്കു താഴെ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ട യുവാവ് സ്വയം തൊഴിൽ കണ്ടെത്തി മാതൃകയാകുന്ന സന്ദേശം പകർന്ന ആ വാർത്ത ദൂരദർശൻ സംപ്രേഷണം ചെയ്തത്...
ഈ തൊഴിലിനൊപ്പം ,കെട്ടിട പ്ലാനുകൾ വരച്ചും അറ്റസ്റ്റ് ചെയ്ത് നൽകിയുമൊക്കെ ആർജ്ജിച്ച അറിവുകൾ ഉനൈസ് ഒപ്പം വിനിയോഗിച്ച് കൊണ്ടിരുന്നു..
പിന്നീട് വർഷങ്ങൾക്കുശേഷം പി എസ് സി ടെസ്റ്റ് എഴുതി ലിസ്റ്റില് വന്ന് പി.ഡബ്ല്യു.ഡിയിൽ ഓവർസീയർ ആയി ഉനൈസ് ജോലിയിൽ പ്രവേശിച്ചു .അങ്ങനെയാണ് ആദ്യം കുറച്ച് നാൾ ആലപ്പുഴയിലും പിന്നീട് മാവേലിക്കരയിലും തുടർന്ന് കായംകുളം മുനിസിപ്പൽ ഓഫീസിൽ കെട്ടിട വിഭാഗത്തിലും ഉനൈസ് ജോലി ചെയ്തു വന്നതു് .
ജോലി കിട്ടിയതിനുശേഷമാണ് ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയെ ഉനൈസ് ജീവിത പങ്കാളിയാക്കിയത്.
സന്തോഷകരമായ ഈ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉനൈസിന്റെ ജീവിത യാത്രയുടെ അടുത്ത ഘട്ടം മറ്റൊരു വാർത്താ റിപ്പോർട്ടായി 2018 ഡിസംബർ 3ന് ദൂരദർശനിലൂടെ ഞാൻ ചെയ്തിരുന്നു...
ആളുകളോട് വളരെ മാന്യമായും ചിരിച്ചുകൊണ്ടും പെരുമാറിയിരുന്ന ഉനൈസിന്റെ ലോഗിൻ സൊല്യൂഷൻസിലേക്ക് ആബാലവൃത്തം ജനങ്ങളും വിവിധ സേവനങ്ങൾക്കായി എത്തിയിരുന്നു.
എൻട്രൻസ് വേളകളിലും തുടർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പ്രദേശത്തെ കുട്ടികളുടെ വലിയ സഹായമായിരുന്നൂ ഉനൈസും സ്ഥാപനവും...
എന്തെങ്കിലും ആവശ്യങ്ങൾക്ക് ലോഗിൻ സൊല്യൂഷൻസിൽ എത്തുമ്പോൾ തിരക്ക് കാരണം ഞാൻ തമാശയായി പറയും "ആ ടോക്കൺ നമ്പർ 16 ഒന്നു വിളിക്കണേ രാവിലെ വന്ന് പേര് എഴുതിയിട്ട് പോയതാണ്...".
ഇപ്പോൾ വിളിക്കാം ഇക്ക ,ടോക്കൺ 14 വരെ ആയിട്ടുണ്ടെന്ന് തമാശയായി മറുപടിയും ഉണ്ടാകുമായിരുന്നു.
സര്ക്കാര് ജോലി കിട്ടിയ ശേഷം, ജോലി ചെയ്യുമ്പോൾ തന്നെ സ്വകാര്യ സ്ഥാപനം നടത്തുന്നു എന്ന തരത്തിൽ പരാതികൾ ആരോ അസൂയാലുക്കൾ നൽകിയതും ഉനൈസിന് വിഷമം ഉണ്ടാക്കിയിരുന്നു. അതേ തുടർന്ന്
ഉനൈസിന്റെ മാതാവ് കടയുടെ ചുമതല ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയി...എങ്കിലും ഇടയ്ക്ക് ഉനൈസ് കടയിൽ എത്തുമായിരുന്നു..
വാക്കറിൽ ഊന്നിയും മുച്ചക്രവാഹനത്തിലും കാറോടിച്ചും ഉനൈസ് , സന്തോഷത്തോടെ പരസഹായമില്ലാതെ തന്നെ ജീവിതം മുന്നോട്ട് കൊണ്ടു പോയി.
കായംകുളത്തെ മുനിസിപ്പൽ ആഫീസിൽ ജോലിക്ക് പോകുമ്പോൾ കാറിൽ ഭാര്യയും സഹായിയായി മിക്കപ്പോഴും പോകുന്നതും പതിവ് കാഴ്ചയായിരുന്നു...
രക്തയോട്ടം നിലച്ച കാലുകളിൽ ഉണങ്ങാത്ത ചെറു മുറിവുകളും നീരും വേദനകളും ഒരിക്കലും വകവയ്ക്കാതെ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നു.
കോവിഡ് നൽകിയ പനിയും അനുബന്ധ ബുദ്ധിമുട്ടുകളും ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനു ഇടവരുത്തിയെങ്കിലും ആ കാലവും കടന്ന് പോയി..അതൊന്നും ഉനൈസിനെ തളർത്തിയിരുന്നില്ല.ഏറെ ഭാവിയുണ്ടായിരുന്ന മിടുക്കനായ ഈ യുവാവ് ജീവിതത്തിൽ അവസാനം വരെ സൗമ്യമായി പൊരുതി നിന്നു...
![]() | |
ഉനൈസ് ബന്ധു സുഹൃദ് വലയത്തില്‍ |
സിവിൽ ഡിപ്ലോമ കരസ്ഥമാക്കി നല്ല രീതിയിൽ പ്രൈവറ്റ് വർക്കുകൾ ചെയ്ത് വരുമ്പോഴായിരുന്നു പത്തടി ഉയരത്തിൽ നിന്ന് താഴെ വീണു നട്ടെല്ലിന് ക്ഷതമേറ്റ് ചെറു പ്രായത്തിൽ ഉനൈസിൻ്റെ ജീവിതം തകിടം മറിഞ്ഞത്..
മൂന്ന് വർഷങ്ങൾ വിവിധ ചികിത്സകൾക്ക് വിധേയനായെങ്കിലും സാധാരണ നിലയിലേക്ക് എത്താനായിരുന്നില്ല.കട്ടിലിൽ കിടന്നു പോകുമായിരുന്ന ഉനൈസ്
പക്ഷേ മനക്കരുത്ത് കൊണ്ട് ജീവിതം ഒരു പരിധി വരെ തിരിച്ചു പിടിക്കുകയായിരുന്നു...
..2022 നവംബർ ഇരുപത്തിമൂന്നാം തീയതി ഞെട്ടലോടെയാണ് ആ വാർത്ത കേൾക്കേണ്ടി വന്നത്.. ഉനൈസ് മരണപ്പെട്ടു ..ബാത്റൂമിൽ വച്ച് നെഞ്ചുവേദനയെ തുടർന്ന് ഉമ്മയെ വിളിക്കുകയും ഉമ്മ ചെന്നപ്പോൾ "ഞാൻ മരിച്ചുപോകും ഉമ്മ" എന്നൊരു ഉൾവിളി പോലെ പറഞ്ഞിട്ട് അകാലത്തിൽ ഉനൈസ് പോയി...
![]() |
ചില വേർപാടുകളുടെ മുറിവ് ഉണങ്ങാൻ കാലമേറെയെടുക്കും...
അകാലത്തിൽ വിട പറഞ്ഞ നാടിൻറെ ആ പ്രിയ മകന് നാട് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴിയാണ് നൽകിയത്..മിടുക്കനായ ഒരു യുവാവിൻ്റെ വിവിധ ജീവിത ഘട്ടങ്ങൾക്കൊപ്പം വേർപാടിൻ്റെ
വാർത്തയും ദൂരദർശൻ
നു് വേണ്ടി റിപ്പോർട്ട് ചെയ്യേണ്ടി വന്നത് എൻ്റെ ദൃശ്യമാധ്യമ ചരിത്രത്തിൽ നീറുന്ന ഒരോർമ്മ കൂടിയായി ...
"വാഹിദ് ഇക്ക ചെയ്ത ഉനൈസിൻ്റെ സ്റ്റോറി അവൻ്റെ ജീവിതം മുഴുവൻ അടയാളപ്പെടുത്തുന്നതാണല്ലോ "
എന്ന് സുഹൃത്ത് ഹുസ്സൈൻ കട്ടയിൽ ഉനൈസ് മരണപ്പെട്ട ദിവസമെന്നോട് സൂചിപ്പിച്ചതുമോർക്കുന്നൂ....എന്നിലെ ഒരു നിയോഗം പോലെ എല്ലാം സംഭവിച്ചതാകാമെന്ന് തോന്നുന്നു...
തൻ്റെ ഫെയ്സ്ബുക്ക് പേജിൽ ഉനൈസ്
പിള്ളാരുകട, കുറിച്ചിട്ടിരിക്കുന്നതിങ്ങനെ..
"കാലുകൾ എനിയ്ക്ക് ക്ഷമ തന്നു...
കൈകൾ എനിക്ക് ഗൗരവം തന്നു....
ജീവിതം പിന്നെയും പിന്നെയും എന്നെ ഉണർത്തുന്നു...............
ആ അനുഭവ പാഠം,
അതൊരു ജീവിത സന്ദേശം കൂടിയാണ്...
"ഉനൈസ് പിള്ളാരുകട" യിലെ പിള്ളാരുകടയുടെ പേരിനു പിന്നിലൊരു കഥയുണ്ട്...അതൊരു അപൂർവ്വ സാഹോദര്യത്തിൻ്റെ കഥ കൂടിയാണ്....അത് അടുത്ത അദ്ധ്യായത്തിലാകാം..
നാട്ടു സഞ്ചാരവും എഴുത്തും തുടരും...
സി.ജെ വാഹിദ് ചെങ്ങാപ്പള്ളി
9447596441
![]() |
ലേഖകനും കാമറാമാന്‍ വിജേഷും |
3 Comments
വളരെ മികച്ച അനുഭവക്കുറിപ്പ്.
ReplyDeleteഉനൈസിൻ്റെ പരലോക ജീവിതം സന്തോഷത്തിലും സമാധാനത്തിലുമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ReplyDelete😔😭😭🤲🤲🤲🤲
ReplyDelete