മാതൃഭാഷാ ദിനാചരണം നടത്തി

കോട്ടയം: 'തെരുക്കൂട്ടം - തുടരുന്ന ഭാഷാ സമരങ്ങള്‍' എന്ന പേരില്‍ ഫെബ്രുവരി 21 ന് വൈകുന്നേരം 5 മണിക്ക് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ മലയാള ഐക്യവേദിയുടെയും വിദ്യാര്‍ത്ഥി മലയാളവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ മാതൃഭാഷാ ദിനാചരണം നടത്തി. വിദ്യാര്‍ത്ഥിവേദി പ്രവര്‍ത്തക അഭിമന്യ, പി. പവിത്രന്റെ 'എല്ലാ കേരളീയരും വായിച്ചറിയാന്‍' എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിച്ചുകൊണ്ട് പരിപാടി ആരംഭിച്ചു. പ്രശസ്ത എഴുത്തുകാരന്‍ അയ്മനം ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രശസ്ത കഥാകൃത്ത് പ്രിന്‍സ് അയ്മനം മുഖ്യപ്രഭാഷണം നടത്തി.'

 മാതൃഭാഷയ്ക്ക് വേണ്ടി നിരവധിയായ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പലതും കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നില്ലെന്ന് പ്രിന്‍സ് അയ്മനം അഭിപ്രായപ്പെട്ടു. മലയാള ഐക്യവേദി പ്രസിദ്ധീകരണം 'മാതൃഭാഷ'യുടെ പുതിയ ലക്കം പ്രകാശനം ചെയ്തു.

കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശശിധരന്‍ മുഞ്ഞിനാട്ട്, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ലൈബ്രേറിയന്‍ സരിത ആര്‍., പ്രാദേശിക ചരിത്രകാരന്‍ പള്ളിക്കോണം രാജീവ്, നഗരസഭാ കൗണ്‍സിലര്‍ സാബു മാത്യു, മലയാള ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ ടോം മാത്യു, സംസ്ഥാന സെക്രട്ടറി തല സമിതി അംഗം സന്തോഷ് പി എസ്, വിദ്യാര്‍ത്ഥി വേദി സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ പി. ജയിംസ്, കണ്‍വീനര്‍ മിഷല്‍ മരിയ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ഭാഷാവകാശ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പി.എം. യേശുദാസ്, സാബു എം രാമനും നേതൃത്വം നല്കിയ ചിത്രമെഴുത്ത് നടത്തി. 

എം.ജി. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കവിതകള്‍ അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ എല്ലാ മേഖലകളിലേയ്ക്കും ഭാഷാ രാഷ്ട്രീയം എത്തിക്കുന്നതിന്റെ ഭാഗമായി തുടര്‍ന്നും താലൂക്കുകള്‍ കേന്ദ്രീകരിച്ച് തെരുവില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് മലയാള ഐക്യവേദി പ്രവര്‍ത്തകര്‍ അറിയിച്ചു.



Post a Comment

0 Comments