പ്രതിബിംബം © അമൃത അരവിന്ദ്

prathibimbam-amrutha


മരിക്കാന്‍ ആഗ്രഹിക്കാതെ മരിച്ചു ജീവിക്കുന്ന ഒരുവളെ
ഞാന്‍ ഇന്നു കണ്ടു..
തികച്ചും ആക്സ്മികമായല്ല... അവള്‍ എന്റെ പുറകെ കൂടിയിട്ട് കുറച്ചു നാളുകള്‍ ആയിരിക്കുന്നു. ശരിക്കും ഇപ്പോള്‍ എന്നെ അറിയുന്നത് അവള്‍ക്കു മാത്രമാണെന്ന് എനിക്കു തോന്നിപോയിരുന്നു.
അതിനു കാരണം വേറൊന്നുമല്ല, അവള്‍ എന്നെ കുറിച്ച് എനിക്കു പറഞ്ഞു തന്ന കാരണങ്ങള്‍ തന്നെ...
കഴിഞ്ഞ ഏഴു മാസത്തോളമായി ഞാന്‍ ഒന്നു ചിരിച്ചിട്ടത്രെ.
എത്ര നിസ്സാരമായിട്ടാണ് അവള്‍ അതെന്നോട് പറഞ്ഞത്.
അതെങ്ങനെ ശരിയാവും?
ഏഴു മാസത്തോളം ചിരിക്കാതിരിക്കാന്‍ ഒരാള്‍ക്ക് കഴിയുമോ... അതും എനിക്കു തന്നെ..
അതു കേട്ട നിമിഷത്തില്‍ തന്നെ എനിക്കു നല്ല ചിരി വന്നു. എന്നാലും ഞാനതു പുറത്തു കാണിച്ചില്ല. അങ്ങനെ എന്നെ കുറിച്ച് എല്ലാം അറിഞ്ഞെന്ന ഭാവം അവള്‍ക്കു വേണ്ട..
'ഇനിയെന്തൊക്കെയാണ് നീ അറിഞ്ഞു വച്ചിരിക്കുന്നത്? '
യാതൊരു മുഖവുരയും ഇല്ലാതെ തന്നെ ഞാന്‍ അവളോട് ചോദിച്ചു.
'നീ ഉറങ്ങിയിട്ട് എത്ര നാളായെന്നു നിനക്കറിയാമോ?'
എന്റെ ചോദ്യത്തിന് മറുചോദ്യം ചോദിച്ചത് എനിക്ക് അത്ര പിടിച്ചില്ല. എന്നാലും അവള്‍ പറഞ്ഞത് ശരിയാണോ... പക്ഷേ എനിക്കതൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലല്ലോ..
അപ്പോള്‍ ഇത്രയും നാള്‍ ഞാന്‍ ഉറങ്ങിയില്ലേ.. എന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ കൂടി വന്നു.
'ഉറങ്ങാതെ ഒരു മനുഷ്യന് ജീവിക്കാനാവുമോ?
ഇനി ഞാന്‍ ഭക്ഷണം കഴിക്കാതെ ജീവിച്ചു എന്ന് നീ പറയുമല്ലോ?' അങ്ങനെയായോ അവള്‍ എന്ന ധാരണയില്‍ തന്നെ ഞാന്‍ തിരിച്ചു ചോദിച്ചു.
അവള്‍ക്കെന്തോ ഒരു മൗനം. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആളിതാ എന്റെ അടുത്തേക്ക് വരുന്നു.
എന്റെ വയറില്‍ ഒന്നു കൈ അമര്‍ത്തി നോക്കുന്നു. ശേഷം എന്റെ കണ്ണുകളിലേക്ക് നോക്കി ദേഷ്യത്തോടെ ചോദിച്ചു.
'നിന്റെ വിശപ്പു പോലും നഷ്ടമായിരിക്കുന്നു. അതു പോലും നീ അറിയാതെ ഇരിക്കുന്നു.'
ഇതെന്തു കഷ്ടമാണ്. ഇവളിതെന്തു ഭ്രാന്താണ് പറയുന്നത്. എന്റെ അടുത്ത് വന്നിരുന്ന്, എന്റെ ശരീരത്തില്‍ തൊട്ടുകൊണ്ട് എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു ശല്യപ്പെടുത്തുന്നു. എനിക്കാകെ ദേഷ്യം വന്നു.
എന്റെ മുഖം കണ്ടിട്ടാവണം അവള്‍ എന്റെ അടുത്തു നിന്ന് കുറച്ചകലം മാറി നിന്നു കൊണ്ടു വീണ്ടും ചോദിച്ചു.
'ഇപ്പോള്‍ നിന്റെ മുഖത്തു കാണുന്ന ഈ ഭാവമില്ലേ, അകാരണമായ ഈ ദേഷ്യം. ഇതുതന്നെയാണ് ഇത്രയും നാള്‍ നീ കാണിച്ചു കൊണ്ടിരുന്നത്. ' അതും പറഞ്ഞു കൊണ്ടവള്‍ എന്റെ കാലുകള്‍ തൊട്ടു നോക്കി.
മുറിവേറ്റ പാടുകളില്‍ ഒന്നു തലോടി നോക്കി. രക്തം പുരണ്ട ചങ്ങലയിലെ കറകള്‍ തുടച്ചു നീക്കി.
അവള്‍ വീണ്ടും എന്റെ അടുത്തേക്ക് വന്നു. അവളോട് ഒന്നും ചോദിക്കാന്‍ എനിക്കു കഴിയുന്നില്ലായിരുന്നു. തൊണ്ടയിലൊരു നീറ്റല്‍ വന്നു മൂടിയിരിക്കുന്നു. ഉമിനീര്‍ ഇറക്കാന്‍ പോലും ഞാന്‍ പാടുപെട്ടു.. അതു കണ്ടെന്നോണം അവള്‍ എനിക്കൊരു ഗ്ലാസ് വെള്ളം തന്നു.
ആര്‍ത്തിയോടെ ഞാനതു വാങ്ങി കുടിച്ചു. ദാഹം തീരുന്നില്ല. 'എനിക്കിനിയും വേണം.'
പറഞ്ഞു തീരുന്നതിനു മുന്‍പ് തന്നെ അവളെന്നെ പുണര്‍ന്നിരുന്നു. ഇത്രയും ഇറുക്കത്തോടെ ഇതുവരെയൊരു ആലിംഗനം എനിക്കു കിട്ടിയിരുന്നില്ല.
അവളെന്റെ നെഞ്ചോടമര്‍ന്നു. ഇരു കണ്ണുകളിലും മാറി മാറി ചുംബിച്ചു. ശേഷം അവളെന്റെ ചുണ്ടുകള്‍ കവര്‍ന്നിരുന്നു.
എന്റെ ദാഹം മുഴുവന്‍ അവള്‍ കടമെടുത്തു കഴിഞ്ഞിരുന്നു.
എന്റെ കണ്ണുനീര്‍ അവളുടെ കവിളുകളിലൂടെ ഒലിച്ചിറങ്ങി.
ഹൃദയത്തില്‍ ഒരു നീറ്റല്‍ തോന്നി എനിക്ക്. തലയ്ക്കകത്തു വലിയൊരു ഭാരവും.
'കരയരുത് നീ..ഒറ്റക്കല്ല. നിനക്കു ഞാനില്ലേ.. എന്നും എപ്പോഴും.' എന്റെ പരു പരുത്ത മുടിയിഴകളില്‍ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു.
'തിരിച്ചു വരില്ലേ നീ.. ആ പഴയ നീയായി?'
കണ്ണുനീരിന്റെ ഇടയിലൂടെയും അവളുടെ കണ്ണിലെ ഭാവം എനിക്കു മനസ്സിലായി. യഥാര്‍ഥ്യത്തോടെ തന്നെ ഞാന്‍ തലകുലുക്കി.
വീണ്ടും അവളെന്നെ ആഴത്തില്‍ പുണര്‍ന്നു. ഇരു കൈകള്‍ കൊണ്ടും എന്റെ മുതുകില്‍ തലോടുന്നുണ്ടായിരുന്നു.
കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം അവളുടെ സാമിപ്യം ഞാന്‍ തിരിച്ചറിഞ്ഞില്ല. കണ്ണു തുറന്നു നോക്കിയപ്പോള്‍ അവളെ കാണുന്നില്ല. അവള്‍ എവിടെ പോയി...
ഞാന്‍ അവളെ നോക്കി ഓടി. കാലിലെ ചങ്ങല അതിനു തടസ്സം നിന്നു. ഞാന്‍ മറിഞ്ഞു വീണു.
ഒരു കൈ കുത്തി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അതാ അവള്‍ നിന്ന സ്ഥലത്ത് ഒരു കണ്ണാടി കിടക്കുന്നു.
അതിലെ പ്രകാശം എന്റെ കണ്ണുകളില്‍ തറയ്ക്കുന്നു.
ഒരു പാടു നാളുകള്‍ക്കു ശേഷമാണ് ഞാന്‍ വെളിച്ചം കാണുന്നതെന്നു എനിക്കു തോന്നിപ്പോയി.
ഞാന്‍ ആ കണ്ണാടി കയ്യിലെടുത്തു. എന്റെ മുഖത്തിന് നേരെ പിടിച്ചു.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതു അവളല്ലേ..
അതെ.. അവളെ ഞാന്‍ വീണ്ടും കണ്ടു. നേരത്തെ കണ്ട ഭാവമല്ല ഇപ്പോള്‍ അവള്‍ക്ക്.
അവള്‍ ചിരിക്കുന്നു. വളരെ ഭംഗിയായി തന്നെ...
എന്റെ തലച്ചോറിലേയ്ക്ക് പെട്ടെന്നൊരു വികാരം കടന്നു വന്നു... കൈകള്‍ താനെ വയറിലമര്‍ന്നു...
എനിക്കു വിശക്കാന്‍ തുടങ്ങിയിരിക്കുന്നു...

Post a Comment

0 Comments