അമ്മയുടെചൊല്ലുകള്‍ © ഡോ.സോനഭാസ്‌ക്കരന്‍

ammayude-chollukal


ലിറ്റില്‍ കൈറ്റ്‌സിന്റെ പ്രവര്‍ത്തകരായ കുട്ടികള്‍ കഴിഞ്ഞ നാളില്‍ ഒരു ഉച്ച നേരത്ത് സ്റ്റാഫ്‌റൂമില്‍ വന്ന് ഒരു ചോദ്യം. ടീച്ചറെ എന്തേലും ഒരെഴുത്ത് ഞങ്ങളുടെ ലിറ്റില്‍ മാഗസിനിലേക്ക് തരാമോ എന്ന് .... തൊട്ടടുത്തിരിക്കുന്ന സുധടീച്ചറുമായി മിണ്ടീം പറഞ്ഞും നില്‍ക്കുന്നതിനിടയിലാണ് കുട്ടികളുടെ ചോദ്യം . ഓ അതിനെന്താ തരാലോ...എന്ന് ഞാന്‍ ..ഉടന്‍ സുധടീച്ചറും പറയുകയുണ്ടായി. മക്കളെ എനിക്ക് എഴുതി തരാനൊന്നും ആവില്ല . പക്ഷെ ന്റെ മനസില്‍ കുറേ പഴയ ചൊല്ലുകളുണ്ട്..ന്റെ അമ്മ പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞു കേട്ടതും മറഞ്ഞുപോയതും ഉറച്ചതും ബാക്കിയായതുമായ  ചൊല്ലുകള്‍. അതെല്ലാം വേണേങ്കില്‍ ഞാന്‍ പറഞ്ഞു തരാം.. കുട്ടികള്‍ എന്നെയും ടീച്ചറെയും മാറി മാറി നോക്കി. 
പെട്ടെന്ന് എന്തോ അമ്മയുടെ ഓര്‍മകളിലൂടെ പോയത് കൊണ്ടോ എന്നറിയില്ല സുധടീച്ചര്‍ നിശബ്ദയായ പോലെ. ആ മൗനം എന്നെ ഒന്ന്  ചിന്തിപ്പിച്ചു. കുട്ടികളോട് ഓ തരാട്ടോ എന്തേലുമൊക്കെ - എന്ന വാക്കും നല്‍കി പറഞ്ഞു വിട്ടു...ബാക്കിയായ ചിന്തയിലൂടെ ഞാനൊന്ന് കൂടി നടന്നു നോക്കി. മധുസൂദനന്‍ നായരുടെ അമ്മയുടെ എഴുത്തുകള്‍ എന്ന കവിത വീണ്ടും ഓര്‍ത്ത് പോയി. സുധടീച്ചറുടെ അടുത്തേക്ക് നീങ്ങി നിന്ന് ചോദിച്ചു. അമ്മ പറയാറുള്ള ചൊല്ലുകള്‍ എന്തൊക്കെയെന്ന് ഞാനും കേള്‍ക്കട്ടെ ... ദാ പിടിച്ചോ എന്ന മട്ടില്‍ അമ്മയുടെ  പഴമൊഴി പത്തായം ടീച്ചറങ്ങ് തുറന്നു വെച്ചു. ...കേട്ട മൊഴികളേക്കാളേറെ കേള്‍ക്കാത്തതും ഇമ്പമുള്ളതുമായ ചൊല്ലുകള്‍ക്ക് അവിടെ നിന്നു തന്നെ അമ്മ മണം തികട്ടി വരുന്നുണ്ടായിരുന്നു. ആവേശത്തോടെ സുധടീച്ചര്‍ തുടര്‍ന്നു കൂടെ സമ്പാദകയായി ഞാനും...

സുധടീച്ചറുമായി പല കുറി സംസാരിക്കുന്നതിനിടെ അമ്മയെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും എന്റെ വിചാരങ്ങളില്‍ നിറഞ്ഞു തുടങ്ങി. ഓര്‍മകള്‍ക്ക് മുറിവേറ്റ തന്റെ വര്‍ത്തമാന കാല ജീവിതത്തോട് സമരം ചെയ്യുന്ന ആ അമ്മ ദാ ഇങ്ങനെ ഇവിടെ അടയാള പ്പെടട്ടെ എന്ന് ഞാന്‍ ഉറപ്പിച്ചു...

പൂര്‍വ്വികരുടെ സര്‍ഗ ബോധത്തില്‍ നിന്നും അറിയാതെ ബോധ - ഉപബോധ മനസിന്റെ ഭാഗമായും  പിറവികൊണ്ട അനുഭവസ്ഥലികളാണ് പഴമൊഴികള്‍. പണ്ടുള്ളവര്‍ എന്ത് പറഞ്ഞാലും അതിനും മുമ്പും പിമ്പുമായി കോര്‍ത്തു വെക്കാന്‍ അവരുടെ കയ്യി ലുണ്ടായിരുന്നു ഒരു പിടി  മൊഴി ചൊല്ലുകള്‍. ഇവിടെ ഈ അമ്മയും പറഞ്ഞവ  അമ്മയുടെ തന്നെ മകളിലൂടെ എന്റെ തൂലികയെ ഇവിടെ ചലനമുള്ളതാക്കിത്തീര്‍ക്കുകയാണ്..


സുധയും അമ്മയും തമ്മിലുള്ള വര്‍ത്തമാനങ്ങളുടെ  ഇടയിലാണ് പുട്ടിന് തേങ്ങയെന്ന പോലെ ഏറെയും പഴയ ചൊല്ലുകളുടെ പ്രവാഹമുണ്ടാകാറെന്ന് ടീച്ചര്‍ പറയുമ്പോള്‍ ആ കാലം ഇവിടെ എന്റെ എഴുത്തിനെ  ബലപ്പെടുത്തുകയാണ്

സുധ മെല്ലെ ഓര്‍മക്കയങ്ങളിലേക്ക് വഴുതി വീഴുകയായിരുന്നു ! ഓര്‍മയുടെ നൂലിഴ അങ്ങ് പത്ത് വയസുകാരിയിലേക്ക് സുധയെ കൊണ്ടെത്തിക്കുകയാണ്.
ഒരു ദിവസം.
അവിടെയെവിടെയോ വേണ്ടാതെ കിടന്ന എതോ ഒരു സാധനം സുധ കയ്യിലെടുത്തപ്പോള്‍ അവളുടെ ആങ്ങളക്കും അത് വേണമെന്നായി. ''തൊടങ്ങി രണ്ടും കൂടി. എത്ര നാളായി അതവിടെ കിടക്കണു.. ആര്‍ക്കും വേണ്ട. ഇപ്പൊ അവളതൊന്ന് എടുക്കുമ്പഴേക്ക് തുടങ്ങിയോ കുട്ടാ നീ.അമ്മ അവിടം കൊണ്ട് നിര്‍ത്താതെ ഇങ്ങനെ കൂടി പറഞ്ഞു വെച്ചു. കാട്ട് കിടക്കുമ്പോ പുളിമാങ്ങ ആച്ചി എടുത്ത തേന്‍മാങ്ങ ! വെറുതെ പറഞ്ഞ പാഴ് വാക്കല്ലത്.
വീട്ടില്‍ ഏതെങ്കിലും ഒരു സാധനം വെറുതെ കിടന്നാല്‍ ആര്‍ക്കും വേണ്ട ആരാനെങ്കിലും അതൊന്ന് എടുക്കുമ്പഴേക്ക് വലിയ കാര്യമായി. കാട്ടിലുള്ളപ്പോള്‍ പുളിച്ച മാങ്ങ പിന്നങ്ങ് മധുരമുള്ളതാകും. എല്ലാ കാര്യത്തിലും ഈ അവസ്ഥ കാണാറുണ്ട്. സാന്ദര്‍ഭികമായി പറയുന്ന മൊഴികളുടെ അര്‍ഥതലം ഒന്നിരുത്തി ആലോചിക്കുമ്പോ എത്ര വലുതാണ്. പ്രായ ഭേദമന്യേ ആരിലേക്കും ചിന്തയുടെ കിരണം ഉതിര്‍ക്കുന്ന ഇത്തരം ചൊല്ലുകള്‍ എത്ര കൃത്യമായാണ് പഴമക്കാര്‍ ആവിഷ്‌കരിച്ചത് '

അടുക്കളേല് നെയ്യപ്പം ചുട്ടുകൊണ്ടിരിക്കുകയായിരുന്നു സുധേടെ അമ്മ ' അച്ഛന്‍ ഓരോന്നായി രുചി നോക്കി അഭിപ്രായോം പറയുന്നു. മക്കളാണെങ്കില്‍ ഇടതടവില്ലാതെ ഓരോന്നായി എടുക്കാന്‍ ധൃതി കൂട്ടുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും കല പില നെയ്യപ്പ മെല്ലാം നിലത്ത് ! ആകെ കഷ്ടായി. അമ്മ ഒച്ചയെടുത്തു. പണ്ടാരോ പറഞ്ഞിട്ട്ണ്ടപ്പ കുഞ്ഞള നൊണ്ണ് കാണിക്കറ് ഈച്ചേനെ പുണ്ണ് കാണിക്കറ് എന്ന് വാസ്തവം!ശരിയല്ലേ !

ഒരു കൊക്ക കെട്ടി മുറ്റത്തെ പുളിമരത്തിന്മേലില്‍ നിന്ന് പുളി പറിക്കുകയായിരുന്നു സുധേടെ അമ്മ ' വീഴുന്ന പുളിയൊക്കെ സുധ പെറുക്കി കൊട്ടയിലുമാക്കുന്നു അപ്പഴാണ്.അപ്രത്തെ വീട്ടിലെ ശാന്തേട്ടി വന്നത്. എന്താന്ന് അമ്മേം മോളും പറിക്ക്ന്ന് ' അതെന്ന് ! പുളിയാ. അമ്മ കയ്യിലെ കൊക്ക അപ്പത്തന്നെ അവിടെ ഇട്ട് ശാന്തേട്ടിയെ തുറിച്ച് നോക്കി ഇങ്ങനെ പറഞ്ഞു. കൊങ്ങനം വളഞ്ഞതും എന്താരോ പണ്ട് വിറ്റിറ്റ് ഉണ്ടാരോ 'ശാന്തേട്ടി വേഗം സ്ഥലംവിട്ടു.
കൊങ്ങനം വളഞ്ഞത് പുളിയാണേ.. സുധ അമ്മയെ നോക്കി നിക്കണത് കണ്ടപ്പോ അമ്മ പഴമൊഴി വിശദമാക്കി. പണ്ട് ശാന്ത ഇത് പറിച്ച് വിറ്റിട്ടാണ് ജീവിച്ചത്. ഇപ്പോ അവളുടെ ഗമ നോക്ക്. കാലത്തിന്റെ പോക്ക്. അമ്മയുടെ പഴമൊഴി പ്പത്തായം കേട്ട് സുധ ചിരിച്ചു. പുളി നുണഞ്ഞ് കൊണ്ട് തന്നെ! സമ്പത്ത് കൂടുമ്പോള്‍ ആളുകള് വന്ന വഴി മറക്കും എന്ന വാസ്തവം ഇവിടെ ചിന്തിക്കാതിരിക്കരുതേ.
സന്ധ്യക്ക് പീടിയേന്ന് വന്ന നേരം അടുക്കളേല് നിക്കുന്ന അമ്മയോട് അച്ഛന്‍ നാട്ടിലെ ഒരു പ്രശ്‌നത്തെക്കുറിച്ച് പറേന്ന് കേട്ട് സുധ മെല്ലെ അമ്മേടെ അടുത്തേക്ക് പോയി ചാരി നിന്നു. അടുത്ത പഴഞ്ചൊല്ല് എന്താവും അമ്മ പറയാന്ന് നോക്കട്ടെ ഇത്രേം ചൊല്ലുകള്‍ ഈ അമ്മക്കിത് എവിടുന്ന ...... സുധ ആലോചിച്ച് തീരും മുമ്പ് അമ്മ വായില്‍ നിന്ന് മുത്തുകള്‍ വീണുകഴിഞ്ഞു. ഈ നാട്ട് കാര്‍ക്കിത് എന്തിന്റെ കേടാണ്. എല്ലാം അവസാനിച്ചതല്ലേ.. കൂലോത്തെ രണ്ട് കൂട്ടോരും തമ്മില്‍ ല്ലാം പറഞ്ഞ് നേരെയായി വരുമ്പഴാണ്. വീണ്ടും! പണ്ടാരങ്ങാന്‍ പറഞ്ഞത് പോലെ അങ്കുല്ലേങ്കില് ആലിന്റെ വേര് കൊളക്കല് തന്നെ. ഉം! കേട്ടുകൊണ്ടിരിക്കുന്ന അച്ഛന്‍ ഒന്നിരുത്തി മൂളി. സുധക്കാണെങ്കില്‍ മനസില്‍ അമ്മയെ ഓര്‍ത്ത് തെല്ലഭിമാനോം 'ഇന്നലെ വാസുമാഷ് മലയാളം ക്ലാസില്‍ പഴഞ്ചൊല്ലുകളെ കുറിച്ചാണ് ക്ലാസെടുത്തത്. കുട്ടികളെ ' നിങ്ങടെ അമ്മയും അച്ഛച്ഛനും മുത്തശിയുമൊക്കെ വര്‍ത്തമാനം പറയുന്നതിനിടെ ഇങ്ങനെ അനേകം ചൊല്ലുകള്‍ ചേര്‍ത്ത് പറയാറുണ്ടല്ലോ. ഞാന്‍ ചാടിയെഴുന്നേറ്റ് പറഞ്ഞു. മാഷേ എന്റെ അമ്മ കൊറേ പറയാറുണ്ട്! മാഷ് ആഹാ എന്നു കൂടി പറഞ്ഞതോടെ എനിക്കെന്തോ അമ്മയെ അപ്പത്തന്നെ കാണണമെന്നു തോന്നാതിരുന്നില്ല.
അമ്മക്കിതൊക്കെ എവ്ട്ന്ന് കിട്ടി എന്ന ചിന്ത വൈകിട്ട് വന്ന ഉടനെ അമ്മയോട് പങ്കു വെച്ചെപ്പം തെല്ല് ചിരിയോടെ അമ്മ മോളേ സുധേ ഇതൊക്കെ നിന്റെ മുത്തശി പറേണത് കേട്ടിട്ട ഞാനും.. വേറെ എവിട്ന്ന് കിട്ടാനാ!പോയില്ലേ പറയാനിനിയും ബാക്കിയാക്കി പാവം!അമ്മയുടെ മുഖത്ത് സങ്കടം നിറഞ്ഞു. എനിക്കും! കണ്ണ് പറച്ച് പുണ്ണിലും പുണ്ണ് പറച്ച് കണ്ണിലും വെച്ചിട്ട എന്നേം ആങ്ങളേം പാവം പോറ്റിയത്. ദാ! അമ്മ അവിടെയും ഒരു ചൊല്ല് കൊണ്ട് പൂരിപ്പിച്ചപ്പോ മുത്തശിയില്‍ നിന്നും കേട്ടറിഞ്ഞ് ഇപ്പഴും പറയും പോലെ വലുതാവുമ്പോ എനിക്കും പറയാനാവും എന്ന് ആലോചിച്ചു കൊണ്ട് അവിടുനിന്നും പോയി.
ഒരൂസം ഉസ്‌കൂള് വിട്ട് വരുന്ന സുധ കണ്ടത് അലക്ക് കല്ലിന് ചുറ്റും നിറഞ്ഞ തുണിക്കൂട്ടങ്ങള്‍ക്കിടയില്‍ അമ്മ നിന്ന് പൊരിയുന്ന കാഴ്ചയാണ്. പിന്നൊന്നും നോക്കീല നേരെ പോയി യൂണിഫോം അഴിച്ച് അമ്മയുടെ അരികെ എത്തി കുഞ്ഞു വായില്‍ പറഞ്ഞു. അമ്മേ ഏതായാലും അമ്മ അലക്കുവല്ലേ. ദാ ഇത് കൂടി പിടിച്ചോ '!
ഉടന്‍ വന്നു മറുപടി 'ഏതായാലും ഓടം മാടായിക്കാന്ന് എന്നാ പിന്ന ഒരു കെട്ട് ഒലേം ഇട്ടോ എന്ന് പറഞ്ഞ പോലായീലോ കാര്യങ്ങള്‍!
 അമ്മയുടെ നിത്യമായ ഉപദേശം എല്ലാവരും സ്വന്തം കാര്യങ്ങള്‍ ഒറ്റക്ക് തന്നെ ചെയ്ത് ശീലാവണന്നാ! മറ്റൊരാള് ചെയ്യുന്നതിന് ഏച്ച് കൂട്ടി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് അത്ര ശരിയായ ഏര്‍പ്പാടല്ല എന്ന് സുധ മനസിലാക്കി. വാസു മാഷ് പറഞ്ഞപോലെ കൈ നനയാതെ മീന്‍ പിടിക്കണ പരിപാടി ഞാനിനി നിര്‍ത്തിയെന്നവള്‍ സ്വയം ഉറപ്പിച്ചു........
  ഇങ്ങനെ സന്ദര്‍ഭങ്ങളെ ബലപ്പെടുത്താന്‍ അമ്മ പറയാറുള്ള ചൊല്ലുകള്‍ക്ക് അതിരുകളില്ലായിരുന്നു. മിണ്ട്യോന്‍ പ്ലാവില എടുക്കേണ്ടി വരും,ഓടിട്ട വീട്ടില് പുരുവന്‍ വന്ന നേരത്ത് കട്ടക്കോയി എടുത്ത് കാക്കിട്ടു, ഉടുക്കാനില്ലാഞ്ഞിട്ട് പട്ടുടുക്കല്‍, വറ്റും കൈയ്യ് കൊണ്ട് കോയീന പായ്ക്കല്ലേ, അങ്ങാടിപ്പശു ആലേല് നിക്കൂല, മൂലക്കില്ല മൗ എടുത്ത് കാക്കിട്ടു,........ ഇങ്ങനെ എത്രയെത്ര ചൊല്ലുകളാണ് അമ്മ സന്ദര്‍ഭങ്ങളെ പൂരിപ്പിക്കാനും ഉറപ്പിക്കാനുമായി പറയാറുള്ളത്.
ഇന്ന് സുധ അമ്മയോളം വളര്‍ന്നപ്പോ ആ പഴയ കാലത്തിന്റെ ഓര്‍മകളിലൂടെ ഒന്ന് യാത്ര തിരിച്ചു. ഓര്‍മയുടെ ഞരമ്പുകള്‍ക്ക് മുറിവേറ്റ അമ്മ ഇപ്പോള്‍ ചൊല്ലുകള്‍ പറയുന്നത് അപൂര്‍വ്വമല്ലേ എന്നവള്‍ ഓര്‍ത്തു. അമ്മ പറഞ്ഞ ചൊല്ലുകള്‍ തുടിക്കുന്ന ആ അമ്മക്കാലത്തെ തന്റെ മുന്നിലേക്കെത്തിച്ച നിമിഷത്തെ ഓര്‍ത്ത് ആശ്വസിച്ച സുധ ചിലത് മാത്രം ഇങ്ങനെ കോറിയിട്ടു' അമ്മയോളമെത്താനാവില്ലെങ്കിലും ഇടക്കിടെ വീട്ടിലും വിദ്യാലയത്തിലും അമ്മച്ചൊല്ലുകള്‍ക്ക് സംസാരത്തിനിടെ ജീവന്‍ നല്‍കാന്‍ സുധക്ക് സാധിക്കുന്നു...

അമ്മച്ചൊല്ലുകള്‍ വെറും പാഴ്‌ചൊല്ലുകളല്ലെന്ന്  തന്നെപ്പോലെ തന്റെ മക്കള്‍ ചിന്തിക്കുമോ എന്ന ആശങ്കയും പേറി സുധ തിരക്കുകളിലേക്ക് ചേക്കേറി.

ശരിയല്ലേ സുധയുടെ അമ്മയെപ്പോലെ എത്രയെത്ര മനുഷ്യരാണ് പഴമയുടെ കലവറകള്‍ക്ക് കാവല്‍ക്കാരായി നമുക്ക് ചുറ്റിലുമുള്ളത്. കേവലം വാക്കുകള്‍ക്കൊപ്പം പാഴ് വാക്കുകളായി അവര്‍ക്കൊപ്പം ഇത്തരം മൊഴികളും അസ്തമിക്കുന്നതിലെ തീരാനഷ്ടം നമുക്കാണെന്ന യാഥാര്‍ഥ്യം നാമറിയാതെ പോകരുത്. പഴമൊഴികള്‍ യുക്തിഭദ്രമല്ല എന്ന വാദങ്ങള്‍ തിരുത്തപ്പെടേണ്ടതല്ലേ. മൊഴിയറിവുകള്‍ വലിയ പാഠങ്ങളാണ്. പാഠഭേദങ്ങളാണ്. പഴമൊഴിപ്പത്തായങ്ങള്‍ തുറക്കപ്പെടേണ്ടതുണ്ട്. വരും കാലത്തിലേക്കായി വിതറാന്‍ അതില്‍ ചിലത് നിറച്ചു വെച്ചിട്ടുണ്ട്.



Post a Comment

0 Comments