വനിതാദിന ആശംസ © അനില്‍ നീര്‍വിളാകം



കുടുംബത്തിലെ വിളക്കാണ് വീട്ടിലെ സ്ത്രീകള്‍. അവര്‍ ഒരു കുടുംബത്തില്‍ ഇല്ലെങ്കില്‍ അവിടെ അന്ധകാരം വിളയാടും എന്നുപറയുന്നത് അസത്യമല്ല. എന്തെ പുരുഷന് ഒരു വിളക്കായി നിന്നുകൂടെ. ശ്രമിക്കാം പക്ഷെ ഒരു സ്ത്രീയോളം സാധ്യമാകുകയില്ല എന്നതാണ് പരമസത്യം. ഒരു വീട് വൃത്തിയായിരിക്കുന്നതും, ആഹാരം രുചികരമായി കഴിക്കാന്‍ സാധിക്കുന്നതും, കുടുംബം ചിട്ടയോടെ പ്രവര്‍ത്തിക്കുന്നതും ഒക്കെ ഒരു പെണ്ണിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. വീട് മാത്രമല്ല അതിന് പുറത്തുള്ള ലോകവും അവര്‍ക്ക് നന്നായി കൊണ്ടുനടക്കാനാകും. ഒരു പുരുഷന്റെ വിജയത്തിന് പിന്നില്‍ ഒരു സ്ത്രി ഉണ്ടാകും എന്നാണല്ലോ. എന്നിട്ടും അവര്‍ ലിംഗ അസമത്വത്തിന്റെയും, മറ്റു നീതികേടുകള്‍ക്കും ഇരകളാകുന്നു എന്ന് പറഞ്ഞാല്‍ എന്താണതിനര്‍ത്ഥം. നമ്മുടെ സമൂഹം അവള്‍ക്ക് നീതി നിഷേധിക്കുന്നു എന്നല്ലേ.

ഒരു പെണ്ണ് സൈക്കിള്‍ ചവിട്ടുന്നത് നോക്കി ഒരു സമൂഹം അതിശയിച്ചു നിന്നു ഒരിക്കല്‍. എന്തോ അരുതാത്തത് ചെയ്യുംപോലെ. ലിംഗവിവേചനത്താല്‍ ആണിന് മാത്രം സാധ്യമായത് എന്ന് കരുത്തപ്പെട്ട കാലം. പിന്നീട് അവള്‍ ഇരുചക്ര, മുച്ചക്ര, നാല്‍ചക്ര വാഹനങ്ങള്‍ ഒക്കെ അനായാസം ഓടിക്കുന്നത് കണ്ട് ലോകം അതിശയിച്ചു നിന്നു. ഇന്നിപ്പോള്‍ ആരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയം, കല, സാഹിത്യം, സാമ്പത്തികം, ശാസ്ത്ര സാങ്കേതികം എന്നുവേണ്ട സര്‍വ്വ മേഖലകളിലും പുരുഷന് തോളോട്‌തോള്‍ ചേര്‍ന്ന്‌നിന്ന് പ്രവര്‍ത്തിക്കുന്നു. ട്രക്ക് ഓടിക്കുന്നു, ട്രെയിന്‍ ഓടിക്കുന്നു, വിമാനം പറത്തുന്നു. എന്തിന് സൈന്യത്തില്‍ ചേര്‍ന്ന് പുരുഷനോടൊപ്പംനിന്ന് ശത്രുക്കള്‍ക്കെതിരെ പോരാടുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ നിസ്തുല സേവനം കാഴ്ചവെക്കുന്നു. പുരുഷന് മാത്രം സാധ്യമായത് എന്ന് ധരിച്ചിരുന്ന കാര്യങ്ങളാണിതൊക്കെ എന്നോര്‍ക്കണം. അവളെയാണ് വിവേചനം കാട്ടി അസമത്വത്തിലേക്ക് തള്ളി അടിച്ചമര്‍ത്താന്‍ നോക്കുന്നത്. പുരോഗമനം ഒരുപാട് കൈവരിക്കാനായെങ്കിലും ഇപ്പോഴും ഏറെ കഴിവുകള്‍ ഉണ്ടായിട്ടും വിവേചനം നടക്കുന്നുണ്ട് എന്നത് നീതി നിഷേധിക്കല്‍തന്നെയാണ്. ഇവിടെയാണ് ലോക വനിതാദിനം ഒരു പ്രചോദനം ആകേണ്ടത്. വെറുതെ ഒരു ആചരണമായി നടത്തേണ്ട ഒന്നല്ല ഇത്. ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തെപ്പറ്റി കര്‍ശനമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
 
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ത്രീകള്‍ തുടങ്ങിയ പോരാട്ടം. തുല്യ വേതനത്തിനും, മെച്ചപ്പെട്ട തൊഴില്‍സാഹചര്യത്തിനും, വോട്ടുചെയ്യാനുള്ള അവകാശങ്ങള്‍ക്കുമായി ന്യൂയോര്‍ക് സിറ്റിയില്‍ തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് വനിതകളുടെ പോരാട്ടം പില്‍കാലത്ത് വനിതാദിനമായി ആചരിക്കാന്‍ കാരണമായി. അതിന് തുടര്‍ച്ചയായി ലോക വനിതാസമ്മേളനങ്ങളും നടത്തപ്പെട്ടു. പിന്നീടാണ് ഏതാണ്ട് അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഐക്യരാഷ്ട്ര സഭ, മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ നേടിയ മുന്നേറ്റത്തിന്റെ ആഘോഷമായി ഈ ദിനം മാറുകതന്നെ വേണം.  തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വനിതകളെ ഓര്‍മ്മിക്കാനുള്ള ദിനം കൂടിയാണിത് എന്നതും വിസ്മരിച്ചു കൂടാ. ആ ധീര വനിതകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു. 

ഇനിയും ഒരുപാട്  മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വനിതകള്‍ക്കാകും. ആണും പെണ്ണും ഒന്നിച്ചുനിന്ന് പ്രയത്‌നിക്കാം, അത് സ്വന്തം കുടുംബത്തിലായാലും ലോകം എന്ന കുടുംബത്തിലായാലും. അവിടെ ഒരു വിവേചനനത്തിന്റെ ആവശ്യമേ ഇല്ല. തങ്ങളുടെ കഴിവുകള്‍ അടക്കിപ്പിടിക്കാതെ, അതുപയോഗിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ ഓരോ സ്ത്രീക്കും കഴിയട്ടെ എന്നാശംസിക്കുന്നു. എല്ലാ സ്ത്രീകള്‍ക്കും വനിതാദിന ആശംസകള്‍ !



Post a Comment

0 Comments