ലഘൂകരിക്കാനാവാത്ത ഖണ്ഡികയായവള്‍ © ഡോ.ഹസീനാ ബീഗം. അബുദാബി.



അവള്‍ പറക്കട്ടെ അവളുടെ തീരുമാനങ്ങളുമായ്...... അവളുടെ സന്തോഷം പൂവണിയാന്‍....
നല്ല അടക്കവും, ഒതുക്കവും ഉള്ള പെണ്‍കുട്ടിയെയാണ് നമുക്കെല്ലാം ഇഷ്ടം. അതിനര്‍ഥം അടക്കേണ്ട വരെ അടക്കാനും ,ഒതുക്കേണ്ട വരെ ഒതുക്കാനും കഴിവുള്ളവള്‍ എന്നാണ്. അല്ലാതെ ഒരാളുടെ ചിറകിനടിയില്‍ ഒതുങ്ങേണ്ടവള്‍ എന്ന് അതിനര്‍ഥമില്ല.
അതിരുകളില്ലാത്ത ആകാശത്തിലേക്ക് പറന്നുയര്‍ന്ന് ചിറകടിക്കാന്‍ അവള്‍ക്കാവണം. അതിലൂടെ നിറമുള്ള ഒരു പാട് സ്വപ്നങ്ങള്‍ നെയ്യാനും. അവളുടെ കറുത്ത ദിനങ്ങള്‍ ചുവന്നു പൂക്കാന്‍ അവസരം ഒരുങ്ങട്ടെ.
സമൂഹത്തിലെ ഓരോ ശൂന്യതയിലും തളിര്‍ വിരിഞ്ഞ് പൂവിടുവാന്‍ അവള്‍ക്കാവുന്നു. ചായങ്ങളുടെ വര്‍ണങ്ങള്‍ ഇത്രയധികമെന്ന് ലോകത്തെ വിളിച്ചറിയിച്ച അവള്‍ ആരെ ഭയക്കണം??
ഒരു രാജ്യത്തിന്റെ കരുത്തും, അഭിവൃദ്ധിയും ഇന്ന് സ്ത്രീ വിദ്യാഭ്യാസത്തില്‍ അധിഷ്ഠിതമായി കൊണ്ടിരിക്കുകയാണ്. ഓരോ സ്ത്രീയും അവരവരുടെ കരുത്തിനെ പുല്‍കി തന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ ഈ ലോകത്തിന്റെ ഗതി തന്നെ മാറും എന്നതില്‍ സംശയമില്ല.
നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെങ്കില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം നാം സമാദരിക്കപ്പെടണം.
മദര്‍ തെരേസ പറഞ്ഞ പോലെ, ഒരു സ്ത്രീയും നേതാക്കള്‍ക്കായി കാത്ത് നില്‍ക്കരുത്. ഓരോ വ്യക്തികളായി തനിയെ ജീവിക്കാന്‍ പഠിക്കണം.
സ്വപ്നങ്ങളുള്ള പെണ്‍കുട്ടികള്‍ എന്നും ദര്‍ശനമുള്ളവരായാല്‍, ആ ദര്‍ശനങ്ങളെ നടപ്പിലാക്കാന്‍ നമുക്ക് ശാക്തീകരിക്കാം. അദമ്യമായ ഇച്ഛാശക്തി, ആര്‍ദ്രത, തീക്ഷ്ണത എല്ലാം ലോകം കെട്ടിപ്പടുക്കാന്‍ അത്യാവശ്യമാണ്.
'സ്വരമുള്ള സ്ത്രീ എന്നും കരുത്തയാണ്.'- മെലിന്‍ഡ ഗേറ്റ്‌സ്. അതെ
ലോകം മുഴുവന്‍ നിശബ്ദമായിരിക്കുമ്പോള്‍ ആ ഒരു സ്ത്രീ ശബ്ദം മുഴങ്ങി കേള്‍ക്കും.
കര്‍ക്കടകക്കാറ് പടര്‍ന്ന ആകാശത്ത് നക്ഷത്രങ്ങള്‍ അണഞ്ഞ മനസ്സിലും അദൃശ്യമായ പൂക്കാലം വിരിയിക്കാന്‍ വനിതകള്‍ക്ക് മാത്രമേ സാധിക്കൂ.
എല്ലാ നിഗൂഢതകളും കണ്‍കളില്‍ ഒളിപ്പിച്ചവള്‍ ഭൂമിയെപ്പോലെ ക്ഷമിച്ച്പൂ ര്‍ത്തീകരിക്കാത്ത വാചകമാവുമ്പോഴും, മൗനത്തെ വാചാലമാക്കാന്‍ അവള്‍ക്ക് കഴിയുമെങ്കില്‍ അവളാണ് ഈ ലോകത്തിന്റെ അടിത്തറ.
\സ്ത്രീകള്‍ക്കെതിരെയുള്ള അസമത്വം ഉന്‍മൂലനം ചെയ്യാന്‍ കഴിയുമാറാകട്ടെ. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സമാദരിക്കപ്പെടട്ടെ. സ്ത്രീ എങ്ങും  തിളങ്ങിടട്ടെ.

Post a Comment

0 Comments