സൗമിനി © സന്തോഷ് പുന്നയ്ക്കല്‍



സൗമിനിയെ  എവിടെയൊക്കെയാണ്  കണ്ടത്..?
നഗരത്തിന്റെ   വെള്ളിവെളിച്ചത്തില്‍  വിളറിയ മുഖത്തോടുകൂടി  അവസാന ബസ്സില്‍ കയറി പറ്റാനായി വേഗത്തില്‍  നടന്നു  പോകുന്ന സൗമിനി .
വിയര്‍പ്പിന്റെയും മദ്യത്തിന്റെയും  നിരോധിത പുകയില ഉല്പന്നങ്ങളുടേയും രൂക്ഷ ഗന്ധങ്ങള്‍ക്കിടയില്‍  വീര്‍പ്പുമുട്ടി മുള്‍മുനയിലെന്നപോലെ  നെടു നിശ്വാസത്തോടെ ബസ്സില്‍ നില്‍ക്കുന്ന സൗമിനി !
ബസ്സ് കിട്ടാതെ പോകുന്ന  ചില ദിവസങ്ങളില്‍  വഴിയാത്രക്കാരുടേയും, വാഹനയാത്രക്കാരുടേയും, സ്‌കാനിംഗ് യന്ത്രത്തിലൂടെ കയറിയിറങ്ങി ഗതിയും പരഗതിയുമില്ലാതാകുമ്പോള്‍  കൂട്ടുകാരികളുടെ ഹോസ്റ്റല്‍ മുറിയിലേക്ക്  അഭയത്തിനായി  അലസമായി സീബ്രാ ലൈനുകള്‍  മുറിച്ച് കടന്നു പോകുന്ന സൗമിനി .
സൗമിനിക്ക്  ആരുമില്ലേ ...?
ഉണ്ടായിരിക്കാം..
രോഗിയായ  അമ്മ, വാര്‍ദ്ധക്യം  ചിതലരിച്ച  അച്ഛന്‍ വഴക്കാളിയായ  ഭര്‍ത്താവ്,  പറക്കമുറ്റാത്ത മക്കള്‍. എല്ലാവരുമുണ്ടാകും.
പക്ഷേ  സൗമിനി എന്നും  ഒറ്റയ്ക്കാണ്. 
അവള്‍ നടക്കുകയാണോ , ഓടുകയാണോ.?
മൊണോലിസയുടെ മുഖം പോലെ  സൗമിനിയുടെ  മുഖവും കരച്ചിലിന്റെയും  പുഞ്ചിരിയുടേയും അതിരുകള്‍  പങ്കിടുന്നു.
നഗരത്തിലെ ഏറ്റവും തിരക്കുള്ള വസ്ത്രവില്‍പ്പനശാലയില്‍ എപ്പോഴും  ചിരിച്ചുകൊണ്ട്  സൗമിനി .
വസ്ത്ര സങ്കല്പങ്ങളുടെ കൊട്ടാരത്തില്‍  ഒന്നിരിക്കാന്‍ പോലുമിടമില്ലാത്ത ചില പകലുകളില്‍  വയറ്റില്‍ നിന്നുള്ള നീറുന്ന വേദനയോടെ അടിവസ്ത്രങ്ങളിലേയ്ക്ക്  ചുവപ്പു ഡിസൈനുകള്‍ പടരുമ്പോഴും  കണ്ണുകളില്‍  പൂത്തിരി കത്തിച്ചുകൊണ്ട്  സൗമിനി തിളങ്ങി കൊണ്ടേയിരിക്കും.
 നഗരമധ്യത്തിലായിട്ടും സ്ത്രീ സുരക്ഷയെക്കുറിച്ചും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുമൊക്കെയുള്ള   നെടു നീളന്‍ വായ്ത്താരികളൊന്നും സൗമിനി അറിയാറേയില്ല. സ്ത്രീ സുരക്ഷാപദ്ധതികളെക്കുറിച്ചുള്ള ചുമരെഴുത്തുകളൊന്നും അവള്‍ വായിക്കാറില്ല. ഇന്ന് വനിതാ ദിനമാണെന്ന്  സൗമിനിക്കറിയില്ല ! സൗമിനി  ഓട്ടത്തിലാണ്.


Post a Comment

0 Comments