ഉറക്കമിഴുന്നേറ്റപ്പോ ദേഹമസകലം ഒരു നീറ്റല്‍. തലേന്നത്തെ അടിയും ഉപദ്രവവും എന്നത്തേതിനേക്കാളും കുറച്ചു കൂടുതല്‍ ആയിരുന്നു. എന്തിനായിരുന്നു അയാള്‍ തന്നെ ഇത്രയധികം ഉപദ്രവിച്ചതെന്നു ബേബിക്ക് മനസ്സിലായില്ല. അടുത്ത് കിടന്നിരുന്ന മകള്‍ എഴുന്നേറ്റിരുന്നു. വെള്ളം കോരനായി കൂട്ടുകാരോടൊപ്പം പോയി കാണും. ലാസാറും പോയിരുന്നു. വീട്ടില്‍ എത്ര അടിയും ബഹളവും നടന്നാലും അയാള്‍ തന്റെ പതിവ് തെറ്റിക്കാറില്ലായിരുന്നു. മൂര്‍ച്ച കൊണ്ട് തിളങ്ങുന്ന വെട്ടുകത്തിയും മുണ്ടിന് പുറകില്‍ തൂക്കി അയാള്‍ ഇറങ്ങും.
അയാളുടെ ഭാര്യ ആയതുമുതല്‍ സമാധാനം എന്തെന്നും ബേബി അറിഞ്ഞിരുന്നില്ല.തന്റെ മൂന്നു മക്കളെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അടി തടുക്കാന്‍ ലാസറിന്റെ അമ്മ ഇടയില്‍ വീഴാറുണ്ടായിരുന്നു.
മൂത്ത മകനെ പ്രസവിച്ചതിനു ശേഷം ബേബിക്ക് ഇടക്ക് ചുഴലി വരാന്‍ തുടങ്ങി. എവിടെ ആണോ നില്‍ക്കുന്നത് അവിടെ പിടഞ്ഞു വീണു ഒച്ച വെക്കും. രോഗവും തല്ലുവും പട്ടിണിയുമൊക്കെ കാരണം ബേബിടെ ശരീരം പത്തു വയസുള്ള കുട്ടിയെപ്പോലെ ആയി തീര്‍ന്നു. മുണ്ടിനും ബ്ലൗസിനും ഇടയില്‍ അവളുടെ വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളി നിന്നു.
ചെറുപ്പത്തിലേ ലാസറിന്റെ ആദ്യ രണ്ടു മക്കളും അകന്ന ബന്ധുക്കളുടെ വീട്ടില്‍ ജോലിക്കാരായി തീര്‍ന്നു. പശുക്കളെ നോക്കിയും അവര്‍ പറയുന്ന പണികളൊക്കെ ചെയ്ത് അവര്‍ അവരുടെ ജീവിതം തള്ളി നീക്കി.
മൂന്നാമത്തെ മകള്‍ ലാസറിന്റെ തനി പകര്‍പ്പായിരുന്നു. കറുത്തു മെലിഞ്ഞു എണ്ണമെഴുക്കോടുകൂടിയ ചുരുളന്‍ തലമുടിയും പുറത്തേക്ക് ഉന്തി നില്‍ക്കുന്ന പല്ലുകളും.
ഉച്ച കഴിയുമ്പോ ജോലി കഴിഞ്ഞ് കിട്ടിയ കാശിനു കള്ളും മോന്തി ലാസര്‍ തിരിച്ചെത്തും. മുണ്ടുമാത്രം മടക്കിയുടുത്ത അയാളുടെ ശരീരത്തിലെ വെള്ളപ്പാണ്ട് ഒരലങ്കാരമായി കാണപ്പെട്ടു. കൈയില്‍ കിട്ടുന്ന എലിയേയോ പെരുച്ചാഴി യേയോ ഒക്കെ ചുട്ടു തിന്നുന്നത് ലാസറിന് ഇഷ്ട വിനോദം ആയിരുന്നു. തിന്നു കഴിഞ്ഞാല്‍ ബേബിടെ അടുത്ത് ഉറങ്ങാന്‍ ചെല്ലും. ഭോഗിക്കപെടുമ്പോഴും ചുട്ട ജന്തുക്കളുടെ നാറ്റം ലാസറിന്റെ വായില്‍ തങ്ങി നിന്നു. ഒന്ന് ഛര്‍ദിക്കാനോ വായാ പൊത്താനോ കഴിയാതെ ബേബി കണ്ണുമടച്ചു കിടക്കും.
ഒരിക്കല്‍ മകളുടെ അടുത്ത് ഉറങ്ങി കിടന്നിരുന്ന ബേബി യെ ലാസര്‍ പൊതിരെ തല്ലി. രക്ഷക്ക് വേണ്ടി അവര്‍ കുറ്റകൂരിരുട്ടിലേക്ക് എങ്ങോട്ടെന്നില്ലാതെ ഓടി.അന്ന് രാത്രി ലാസര്‍
കൈത്തരിപ്പ് മകളില്‍ തീര്‍ത്തു. അവളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ചീറ്റി.
തുടയിലും കാലിലും രക്തം ചത്തു നിലിച്ചു നിന്നു. എവിടെയോ അഭയം പ്രാപിച്ചു മടങ്ങി വന്നു മകളെ കണ്ട ബേബിക്ക് പുറത്ത് തികട്ടി വന്ന ദോഷവും സങ്കടവും ലാസാറിനെ പേടിച് ഉള്ളിലൊതുക്കി. പിന്നീട് ലാസര്‍ അടിച്ചപ്പോഴൊന്നും അവര്‍ രക്ഷപെട്ട ഓടി ഇല്ല. ഒരു മൂലക്കിരുന്നു അതെല്ലാം അവര്‍ നിശബ്ദം ഏറ്റു വാങ്ങി.
മകള്‍ യൗവ്വനത്തിലേക്ക് പ്രവേശിച്ചത് മുതല്‍ ബേബി ടെ മനസ്സില്‍ ഒരു തീക്കനാള്‍ ജ്വാലിക്കാന്‍ തുടങ്ങി. പലതരം ചിന്തകളാല്‍ അവള്‍ ആ കനല്‍ ഊതി കത്തിച്ചു കൊണ്ടിരുന്നു. ലാസാറിനെപ്പോലൊരാള്‍ മകള്‍ക്ക് ഭര്‍ത്താവായി വന്നാല്‍ നന്നായി ഒന്ന് സ്‌നേഹിക്കപ്പെടാണോ കാമിക്കപെടാനോ കഴിയാതെ പോകും. ചിന്ത ഭാരം കൂടുമ്പോ ശരീരത്തിലെ ഉണങ്ങിയതും ഉണകത്തതുമായ മുറിപ്പാടുകളുമായി അവള്‍ കുളക്കരയില്‍ പോകും. വെയിലേറ്റ് വാടിയ പൂവ് പോലെ അവളുടെ പ്രതിബിംബം ഓള പരപ്പില്‍ തെന്നി കളിച്ചു
മകള്‍ തീപ്പെട്ടി കമ്പനി യില്‍ ജോലിക്ക് പോയി തുടങ്ങി. കിട്ടിയ വരുമാനം കൂട്ടി വെച്ച് അവള്‍ തങ്കം കൊണ്ടുള്ള ഒരു കുഞ്ഞു കമ്മല്‍ വാങ്ങി. ചെവിയുടെ ഓട്ട അടയാതിരിക്കാന്‍ കാരമുള്ളു തിരുകിയടുത് ആ കമ്മല്‍ ഇരുട്ടില്‍ തിളങ്ങുന്ന മിന്നാമിന്ങ് പോലെ പ്രകാശിച്ചു. വിവാഹലോചനല്‍ വന്നു തുടങ്ങി. സ്‌നേഹിക്കപ്പെടുന്ന ഒരുവള്‍ ആകാന്‍ മകള്‍ക്ക് ഭാഗ്യമുണ്ടാകേണ്ണെന്നും ചേമ്പിന്‍ തണ്ടില്‍ വീണ വെള്ളത്തുള്ളി പോലെ നിര്‍മല മനസ്സ് ഉള്ള ഓര്‍വ്വന്‍ വരാനും ബേബി പ്രാര്‍ത്ഥിച്ചു.
മകളുടെ വിവാഹം ഉറച്ചു. വരനു മുടന്തുണ്ടായിരുന്നു. മുണ്ടിനടിയില്‍ ചാപിള്ളയെ പോലെ അവന്റെ ഒരു കാല്‍ തൂങ്ങി കിടന്നു. ബേബി മരുമകനെ ഒന്ന് മണത്തു നോക്കി. ഇല്ല ചുട്ട ജീവികളുടെ മണമില്ല. ദയയുടെ കണം വല്ലതും ഒളിഞ്ഞിരിപ്പുണ്ടൊന്നും കണ്ണിലേക്ക് ഉറ്റു നോക്കി.. വിവാഹതലേന്ന് ബേബിക്ക് വീണ്ടും ചുഴലി വന്നു. മകള്‍ യാത്ര പറഞ്ഞിറങ്ങിയപ്പോഴും വയ്യായ്കയൊക്കെ മറന്നു അവള്‍ അനുഗ്രഹിച്ചയച്ചു
ലാസര്‍ നു വീടും ഒരു പേരുച്ചാഴിയെ കിട്ടി. അന്ന് രാത്രി ബേബി ലാസറിന്റെ പിടിയില്‍ നിന്നും കുതറി ഓടി. മകളില്ലാത്ത വീട്ടില്‍ ബേബിക്ക് ശൂന്യത അനുഭവപ്പെട്ടു. ഒരു ദിവസം മകളെ കാണാന്‍ എന്ന് പറഞ്ഞു വിണ്ടുകീറിയ പാതങ്ങളില്‍ ചെരുപ്പിടാതെ അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി... കുറച്ചു നാള്‍ കഴിഞ്ഞു റെയില്‍വേ സ്റ്റേഷനില്‍ ഒരു അജ്ഞാത മൃതദേഹം കിടക്കുന്നുന്നൊരു പത്ര വാര്‍ത്ത വന്നു. അത് ബേബി ആണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
1 Comments
👍kollam
ReplyDelete