വേനലില്‍ വാടിയ വസന്തം © ഡോ. അപര്‍ണ. സി

5



 'അമ്മേ... വാ...'

'വയ്യ മോളേ....ഈ പൊരി വെയിലില്‍ ഒരടി വെക്കാന്‍ വയ്യ '

'അങ്ങനെ പറഞ്ഞാ എങ്ങനെയാ നമ്മള്‍ വല്ലതും കഴിക്കുന്നെ.... വയറു വിശക്കൂലേ... '

കാത്തു അവളുടെ അമ്മയെ പിടിച്ചു കുലുക്കി ചോദിച്ചു.

 വിട്ടുമാറാതെ ഒന്നിനു പിന്നാലെ ഒന്ന് എന്നപോലെ ഓരോ അസുഖം വന്ന് മെലിഞ്ഞു ഉണങ്ങിയ ശരീരം ഉള്ള നീലിക്കു വെയിലിന്റെ തീക്ഷണത കൂടെ ആയപ്പോള്‍ സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

  കാത്തുവും അവളുടെ അമ്മ നീലിയും പൂട്ടിയിട്ട ഒരു കടത്തിണ്ണയിലായിരുന്നു താമസം. കടയുടെ മേല്‍ക്കൂര ഏറെയും പോയതുകൊണ്ട് കത്തിജ്വലിക്കുന്ന സൂര്യനില്‍ നിന്നും രക്ഷനേടാന്‍ കഴിയുമായിരുന്നില്ല.

 നീലി കാത്തുവിനെയും കൂട്ടി വീടുകള്‍ തോറും കയറി ഇറങ്ങി പഴയ സാധങ്ങള്‍ ശേഖരിക്കാറാണ് പതിവ്. ഇതാണ് അവളുടെ വരുമാന മാര്‍ഗം.എട്ടു വയസുള്ള കാത്തു ജീവിതം കണ്ടു തുടങ്ങിയിട്ടേ ഉള്ളുവെങ്കിലും പ്രായത്തിലേറെ പക്വത കാണിക്കുമായിരുന്നു . മോളെ പഠിക്കാന്‍ വിടാന്‍ കഴിയാത്തതിനാല്‍ കടത്തിണ്ണയില്‍ ഒറ്റയ്ക്ക് ആക്കാതെ നീലിയുടെ കൂടെ വീടുകള്‍ തോറും കൂട്ടും.

ഇത്തവണ വേനല്‍ക്കാലമായപ്പോള്‍ ഇതുവരെ ഉണ്ടാകാത്ത ചൂട് നീലിയെ വളരെയേറെ അവശയാക്കി. ഏക വരുമാന മാര്‍ഗവും ഏതാണ്ട് നിലയ്ക്കാന്‍ തുടങ്ങി.കടത്തിണ്ണയുടെ അരികില്‍ കൂട്ടിയ അടുപ്പ് പുകയാതെ ആയി.

'അമ്മയുടെ ജോലി ചെയ്യാന്‍ അത്ര എളുപ്പമല്ല.. പഴയ സാധങ്ങള്‍ ശേഖരിച്ചു നന്നായി കെട്ടിമുറുക്കി തലയ്ക്കു മീതെ വെച്ച് നടക്കാന്‍ കാത്തുവിന് കഴിയില്ല. പക്ഷെ അമ്മയുടെയും എന്റെയും വിശപ്പടക്കാന്‍ കാത്തുവിന് കഴിയും...' അവള്‍ സ്വയം പറഞ്ഞു.

വെള്ളയില്‍ ചുവന്ന പുള്ളിയുള്ള ഒരു ഉടുപ്പ് കൈയില്‍ എടുത്ത് കാത്തു അതിനെ കൗതുകത്തോടെ നോക്കി. അമ്മയുടെ കൂടെ പോകുമ്പോള്‍ കാത്തുവിനെ കണ്ടിട്ട് ഒരു വീട്ടില്‍ നിന്നും കൊടുത്ത ഉടുപ്പായിരുന്നു അത്.

'അവര്‍ ഉപേക്ഷിച്ച ഉടുപ്പ് ഇത്ര ഭംഗിയാണെങ്കില്‍, ഇപ്പോഴും ഇട്ടുനടക്കുന്നത് എന്ത് രസമാവുമല്ലേ..'

കാത്തു കണ്ണെടുക്കാതെ ഉടുപ്പില്‍ നോക്കികൊണ്ട് പറഞ്ഞു.

അവള്‍ ആ ഉടുപ്പണിഞ്ഞു നീലിയ്ക് അടുത്തേക് പോയി...

'അമ്മേ... ഞാന്‍ എവിടുന്നെങ്കിലും നമുക്കുള്ള ആഹാരം കിട്ടുമോ നോക്കട്ടെ'

'മോള്‍ തനിച്ചോ.... അത് വേണ്ട'

ഒറ്റയ്ക്കു കടത്തിണ്ണയില്‍ 

പോലും വിട്ട് പോകാത്ത മകള്‍ ആഹാരത്തിനു യാചിച്ചു തനിച്ചുപോകുന്നു എന്നുപറഞ്ഞപ്പോള്‍ നീലിയുടെ കണ്ണ് നിറഞ്ഞു.

കാത്തു അതൊന്നും വക വെക്കാതെ തനിച്ചു തന്നെ പോയി.

നടന്നുകൊണ്ടിരുന്നപ്പോള്‍ റോഡരികില്‍ വലിയൊരു വീടാണ് കാത്തു ആദ്യം കണ്ടത്. ഉമ്മറത്തു ഒരു സ്ത്രീ നില്‍പ്പുണ്ടായിരുന്നു. വീടിനെ ലക്ഷ്യമാക്കി കാത്തു വേഗതയില്‍ നടന്നു. ചെരുപ്പുകള്‍ ധരിക്കാത്ത കാലുകള്‍. ചെമ്പന്‍ മുടി, പിറകിലായി ഒരു നീല റിബണ്‍ കൊണ്ട് കെട്ടിയിരിക്കുന്നു. ആ സ്ത്രീ കാത്തുവിനെ അടിമുടി വീക്ഷിക്കുന്നുണ്ടായിരുന്നു.

 'കുട്ടികളെ പോലും വിശ്വസിക്കാന്‍ കഴിയാത്ത കാലമാണ് '

ആ സ്ത്രീ സ്വയം പിറുപിറുത്തു കൊണ്ടു അകത്തേക്കു കയറി കതകടച്ചു.

കാത്തു നോക്കിനില്‍ക്കേ കതകുകള്‍ അവള്‍ക്കു നേര്‍ അടഞ്ഞപ്പോള്‍ കണ്ണില്‍ പൊടുന്നനെ അശ്രുബിന്ദുക്കള്‍ തങ്ങി വെള്ളാരം കല്ലുപോല്‍ തിളങ്ങി.

ഉടുപ്പിന്റെ നാടയില്‍ കൈ ഉരുമ്മി മുഖം അല്പം താഴ്ത്തി അവള്‍ തിരികെ നടന്നു.

അവിടെങ്ങും ഇനി വീടുകള്‍ ഉണ്ടായിരുന്നില്ല

അഞ്ചു മിനുട്ട് ദൂരം നടന്നാല്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു.

'ആ ഹോട്ടലിലെ മാമന്‍ എന്റെ അമ്മയ്ക്കും എനിക്കും എന്തെങ്കിലും തരാതിരിക്കില്ല '

അവളുടെ മനസ്സില്‍ നിറയെ ഹോട്ടലില്‍ നിന്ന് പൊതിഞ്ഞു കിട്ടുന്ന ഭക്ഷണവുമായി തിരികെ അമ്മയ്ക്കരില്‍ പോകുന്ന ചിത്രമായിരുന്നു .

കാലുകള്‍ ടാറിട്ട റോഡില്‍ പതിയുമ്പോള്‍ പൊള്ളുന്നുണ്ടായിരുന്നു. പുറത്ത് ഒരു നീര്‍ച്ചാല്‍ ഒഴുകുന്നുണ്ടായിരുന്നു.വെയിലിനെ തടുക്കാന്‍ ഒരു ഷാളോ കുടയോ ഇല്ല. മുഖം വെട്ടി തിളയ്ക്കുകയായിരുന്നു.

ഹോട്ടലിന് മുന്നില്‍ എത്തിയപ്പോള്‍ ഒരുപാട് ആളുകള്‍ ഉണ്ട്.ജോലിക്കാരെല്ലാം വന്നിരിക്കുന്നവര്‍ക്ക് അവര്‍ പറഞ്ഞ ഭക്ഷണം എത്തിക്കാനുള്ള ഓട്ടപ്പാച്ചി ലിലാണ്. ഭക്ഷണം കൊണ്ടുവരുന്നവര്‍ മേശ വൃത്തിയാക്കുന്നവര്‍ ഇതിനിടയിലൂടെ അവള്‍ നടന്നു നീങ്ങി.

ഒരു ജോലിക്കാരന്‍ അവളെ തന്നെ നോക്കുന്നത് അവള്‍ ശ്രദ്ധിച്ചു.

'കഴിക്കാന്‍ വന്നതാണോ '

'അല്ല '

'പിന്നെ '

'എനിക്ക് ഇവിടെ ഇരുന്ന് കഴിക്കണ്ട. എന്റെ അമ്മയ്ക്കും എനിക്കും കുറച്ചു ഭക്ഷണം പൊതിഞ്ഞു തന്നാല്‍ ഞാന്‍ കൊണ്ടുപോയിക്കോളാം '

'എവിടാണ് വീട് '

'കുറച്ചു അപ്പുറം ഒരു കടത്തിണ്ണയിലാണ്. അമ്മയ്ക്ക് വയ്യ '

'ആ ഇരിക്കുന്ന ആളെ കണ്ടോ. മോള്‍ പോയി അയാളോട് ചോദിക്കു'

കയറി വരുമ്പോള്‍ മുന്നില്‍ തന്നെ ഒരു ഭാഗത്തായി ഉള്ള കൂറ്റന്‍ മേശയും അതിനു പിന്നില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്ന് കഴിച്ചു പോകുന്നആളുകളോട് പണം വാങ്ങിക്കുന്ന ആളെ കാത്തു കണ്ടിരുന്നില്ല.അവള്‍ വേഗം അദ്ദേഹത്തിനടുത്തെത്തി.

'മാമ എന്റെ കൈയില്‍ പണമൊന്നുമില്ല. എന്റെ അമ്മയ്ക്ക് വയ്യ. കുറച്ചു ഭക്ഷണം പൊതിഞ്ഞു തരുമോ'

അദ്ദേഹം കാത്തുവിന്റെ മുഖത്തേക്ക് ഒരുനിമിഷം നോക്കി നിന്നു.

അഞ്ചാം തരത്തില്‍ പഠിക്കുന്ന അയാളുടെ മകളെ ആണപ്പോള്‍ മനസിലൂടെ കടന്നുപോയത്.

 പെട്ടന്ന് ജീവനക്കാരനെ വിളിച്ചു കാത്തുവിനുള്ള ഭക്ഷണം പൊതിയിലാക്കി എത്തിക്കാന്‍ പറഞ്ഞു.

പൊതിയുമായി കാത്തു പോകാനൊരുങ്ങുമ്പോള്‍ ഭരണിക്കുപ്പിയില്‍ കയ്യിട്ടു കുറച്ചു നാരങ്ങ മിഠായി കൂടെ അവള്‍ക്കു കൊടുത്തു.

 ആ ഓറഞ്ച് നിറമുള്ള നാരങ്ങ മിഠായി കൈക്കുള്ളില്‍ ഒതുക്കി ഹോട്ടല്‍ ഉടമയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ നടന്നു നീങ്ങി.

മിഠായി വായിലിട്ടു നുണഞ്ഞുകൊണ്ട് ഒരു കൈയില്‍ ഭക്ഷണപൊതിയുമായി വളരെ സന്തോഷത്തോടെ ആണ് കാത്തു തിരികെ നടന്നത്.

കടത്തിണ്ണയില്‍ എത്താനായപ്പോള്‍ ദൂരെ നിന്ന് കാത്തുവിന് കാണാമായിരുന്നു ഒരു വശം ചരിഞ്ഞു കിടക്കുന്ന നീലിയെ.

'പാവം ഉറങ്ങിപ്പോയിക്കാണും '

കാത്തു സ്വയം പറഞ്ഞു .

ഓടിച്ചെന്ന് പൊതി നിലത്തു വെച്ച് വിടര്‍ന്ന മുഖവുമായി നീലിയെ തട്ടിവിളിച്ചപ്പോള്‍ കാത്തുവിന് ഒരു പ്രതികരണവും തിരികെ കിട്ടിയില്ല.

വീണ്ടും വീണ്ടും തട്ടുകയും ഉറക്കെ അമ്മേ എന്ന് വിളിക്കുകയും ചെയ്തിട്ടും നീലി അനങ്ങിയില്ല.


'അമ്മ പറയാറുണ്ട് ഒന്ന് പോയിക്കിട്ടിയ മതിയായിരുന്നെന്ന് 

എവിടേക് എന്ന് ചോദിക്കുമ്പോള്‍ വേദനയും വിശപ്പും ദാഹവും ഒന്നും അറിയേണ്ടാത്ത ഇടത്തേക്കെന്ന്.

അമ്മ അവിടേക്കണോ പോയത്.'

ഒരു കൈയില്‍ ഇറുക്കിപിടിച്ച നാരങ്ങാമിഠായി നിലത്തേക്ക് വീഴുമ്പോള്‍ കണ്ണില്‍ നിന്നും അശ്രു പൊഴിയുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്ക് മുന്നെ അവളില്‍ വിടര്‍ന്ന പുഞ്ചിരി തൊട്ടടുത്ത നിമിഷം കണ്ണീര്‍ മഴയായി. അതിനി വേനലിനു പോലും വറ്റിച്ചു കളയാന്‍ പറ്റുന്നതല്ല...



                   


Post a Comment

5 Comments
Post a Comment
To Top