പിങ്ക് പോലീസും പച്ച ബ്ലൗസും ► കെ. ആര്‍. രാജേഷ്



ഇന്ന് രാവിലെ പതിവിലും ഒരുപാട് വൈകിയാണ് മോനു എന്നിലേക്ക് എത്തിയത്. കടന്നുപോയ രാത്രിയില്‍ മുക്കടയിലെ സര്‍ക്കാര്‍ വിലാസം മദ്യഷോപ്പിന് മുന്നിലെ നീണ്ട വരിയില്‍ ഏറെ നേരം ക്ഷമയോടെ കാത്തുനിന്ന് വാങ്ങിയ 'മാന്ത്രിക നിമിഷങ്ങളെ'  വൈരഭന്റെ തട്ടുകടയുടെ പിന്നാമ്പുറത്തെ പരിമിതമായ സ്ഥലത്ത് നങ്കൂരമിട്ട്, ഇരുട്ടിനെ മറയാക്കി അകത്താക്കിയ ശേഷം, മുക്കോലി പാലത്തിന്റെ കൈവരിയില്‍ ചാരിയിരുന്ന് രാത്രി വൈകുവോളം കണസാ കുണസാ പറഞ്ഞതിനാലാവം ഇന്നിത്രയും വൈകിയത്.

 തൂത്തുതുടച്ചു കുളിപ്പിച്ചിട്ട് ആഴ്ച്ചകളേറെയായെങ്കിലും അതിന്റെ പിണക്കം കാട്ടാതെ  മോനു അരികിലെത്തിയപ്പോള്‍ തന്നെ  ഞാന്‍ സജീവമായി.

'ഓവര്‍ സ്പീഡ് വേണ്ട , സൂക്ഷിച്ചേ പോകാവൂ'

'അതേയൂള്ളു മുത്തേ'

ഗേറ്റ് തുറന്ന് യാത്രയാക്കുന്നതിടയിലുള്ള പ്രിയതമയുടെ ഓര്‍മ്മപ്പെടുത്തലിന് അത്രമേല്‍ മധുരമുള്ളൊരു  മറുപടി നല്‍കി എന്നെയും കൂട്ടി മോനു പുറത്തേക്ക്.

ഞങ്ങള്‍ വടക്കേപ്പാലം കടക്കുന്നതിന് തൊട്ടുമുമ്പായി മോനുവിന്റെ മൊബൈല്‍ ശബ്ദിച്ചു. ഫോണെടുക്കുന്നതിന് മുന്നോടിയായി മോനുവില്‍ നിന്ന് പുറത്തേക്ക് ചാടിയ തെറിവാക്കില്‍ നിന്ന് മറുതലക്കല്‍ ഓന്റെ കെട്ടിയോളാണെന്ന് മനസ്സിലായി.

'തിരിച്ചു വരുമ്പോള്‍ വീട്ടിലോട്ടൊന്ന് കയറണേ. അമ്മ കുറച്ച് അമരപ്പയറെടുത്ത് വെച്ചിട്ടുണ്ട് അതുടെ വാങ്ങി വരണം'.

'ഓ ശരി'.

'അവളുടെ അമ്മേടെയൊരു അമരപ്പയര്‍'.

ഫോണ്‍ പോക്കറ്റിലിട്ട ശേഷം അമ്മായിയമ്മ ആലീസിനെയും , അമരപ്പയറിനെയും പള്ളു പറഞ്ഞ മോനു 
വടക്കേപ്പാലം കടന്ന് പ്രധാന റോഡിലെത്തിയപ്പോഴാണ് മുഖത്ത് നിറഞ്ഞ ചിരിയുമായി ബാലണ്ണന്‍ ഞങ്ങള്‍ക്ക് നേരെ കൈകാണിക്കുന്നത്. ഒറ്റമുണ്ട് മടക്കിക്കുത്തി, ഫുള്‍സ്ലീവ് കുപ്പായമണിഞ്ഞ് , തലയുടെ മധ്യമേഖലയാകെ കീഴടക്കിയ കഷണ്ടിയെ മറയ്ക്കാനെന്നോണം ഇരുവശങ്ങളിലും വളര്‍ന്നു കിടക്കുന്ന മുടിയെ കൃത്യമായി ചീകിയൊതുക്കി, ആവോളം പൗഡര്‍ മുഖത്തുപൂശി,  പതിവ് വേഷഭൂഷാദികളോടെ തന്റെ തുന്നല്‍ക്കടയിലേക്കുള്ള യാത്രയുടെ പാതിയിലാണ് ബാലണ്ണന്റെ നില്പ്പ്, 

മുഖത്ത് പൗഡര്‍ അമിതമായി ഉപയോഗിക്കുന്നത് കൊണ്ടാകും, അയല്‍പ്പക്കങ്ങളിലെ പെണ്‍കൂട്ടങ്ങള്‍ക്കിടയില്‍ ബാലണ്ണന് 'പൗഡര്‍ ഭവാനി'യെന്ന വിളിപ്പേരുള്ളത്. രാവിലെ കടയില്‍പ്പോയി വൈകുന്നേരം മടങ്ങിയെത്തുന്ന ബാലണ്ണന്‍ കൂടുതല്‍ ഇടപഴകുന്നതും വര്‍ത്തമാനം പറയുന്നതും ഈപ്പറഞ്ഞ അയല്‍വാസികളായ സ്ത്രീജനങ്ങളോടാണ്.പക്ഷേ ആ പെണ്‍ക്കൂട്ടത്തില്‍ ആരും തന്നെ ബാലണ്ണനെ 'പൗഡര്‍ഭവാനി' എന്ന് നേരിട്ട് വിളിക്കുവാന്‍ തുനിയാറില്ല.

മോനുവിന്റെ വീടിനും നാലുവീടപ്പുറമാണ് ബാലണ്ണന്റെ വീട്. നാട്ടുകാര്‍ പൊതുവേ 'ടിപ്പ്‌ടോപ്പ് ബാലന്‍' എന്ന് വിളിക്കുന്ന പ്രായം അറുപത് കഴിഞ്ഞു നില്ക്കുന്ന ബാലണ്ണന്‍ തുന്നല്‍ക്കാരനെന്നതിനൊപ്പം,നാട്ടിലെ ഏറ്റവും സീനിയര്‍ ബാച്ച്‌ലറുമാണ്.

നിന്റെ കല്യാണമൊന്നും ശരിയായില്ലേ എന്ന് നാട്ടിലെ ചെറുപ്പക്കാരോട് ആരേലും ചോദിച്ചാല്‍ അവര്‍ തമാശയായി നല്‍കുന്ന മറുപടി '
ഞങ്ങള്‍ ബാലണ്ണന് പഠിക്കുവാണ്' എന്നാകും.

നിറഞ്ഞ ചിരിയുടെ അകമ്പടിയോടെ തന്നെയാണ് മുന്നോട്ടുള്ള യാത്രയില്‍ ബാലണ്ണന്‍ ഞങ്ങളുടെ ഭാഗമായത് . ഏകദേശം ആറടിയോളം നീളവും എമ്പത് കിലോയില്‍ കൂടുതല്‍ തൂക്കവുമുള്ള ബാലണ്ണന്‍ കൂട്ടത്തില്‍ കൂടിയതോടെ എന്റെ മുന്നോട്ടുള്ള യാത്ര കുറച്ചുകൂടെ ഭാരമുള്ളതായി.

'അണ്ണന്‍ ഇന്ന് കടയില്‍ പോകാന്‍ വൈകിയോ?'

  ഔപചാരികതയുടെ നിറം കലര്‍ത്തിയ മോനുവിന്റെ ആദ്യചോദ്യം  ബാലണ്ണനിലേക്ക് .

' ഞാന്‍  ദിവസോം ഈ സമയത്താണ് കടയില്‍ പോകാറുള്ളത് '.  

'രാത്രി എത്രമണിയാകുമ്പോള്‍ കടയടക്കും'. 

'ഞാന്‍ ആറു മണിയാകുമ്പോള്‍ ഷട്ടറിടും'.

'അതെന്താ അങ്ങനെ,  എട്ടുമണിവരെയെങ്കിലും കട തുറന്നിരിക്കണ്ടേ ?'   

മോനുവിന്റെ ചോദ്യം കേട്ടാല്‍ ബാലണ്ണന്റെ ടിപ്പ് ടോപ്പ് ടെയിലേഴ്‌സ്  നേരത്തേ അടക്കുന്നതാണ്  ഇപ്പോള്‍ അവനെ അലട്ടുന്ന ഏറ്റവും പ്രമാദമായ വിഷയമെന്ന് തോന്നിപ്പോകും.

'അല്ല  പണ്ടും അങ്ങനെയാണ്, കട ആറു മണിക്ക് അടക്കും, ഇരുട്ടും മുമ്പ് വീട്ടില്‍കേറും'.

'അതെന്താ രാത്രിപ്പേടിയുണ്ടോ?'

'പേടിയൊന്നുമുണ്ടായിട്ടല്ല ചെക്കാ വീട്ടില്‍ ചെന്നിട്ട്  വേണ്ടേ ചോറും കൂട്ടാനുമൊക്കെ വെക്കാന്‍'.

ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നതിനിടയില്‍ മോനുവും ബാലണ്ണനും തമ്മിലുള്ള ചോദ്യോത്തര പരിപാടി തുടര്‍ന്നുകൊണ്ടേയിരുന്നു.

 ഞാന്‍ പിറവികൊണ്ടിട്ട് മൂന്നാല് വര്‍ഷമായെങ്കിലും, അധികം പുറത്തോട്ടിറങ്ങാനും, ആളുകളെ കാണുവാനുമൊന്നും അവസരം ഉണ്ടായിട്ടില്ല. പുറത്തെങ്ങോ ജോലി ചെയ്യുന്ന മോനു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് വീടിന്റെ പിന്നാമ്പുറത്തെ ഷീറ്റടിച്ച ഷെഡ്ഡില്‍ നിന്ന് എനിക്ക് മോചനം ലഭിക്കുക. അതുകൊണ്ടുതന്നെ പുറത്തിറങ്ങുന്ന അവസരങ്ങളില്‍ നാലുപാടും നിരീക്ഷിക്കാനും, ആളുകളുടെ സംഭാഷണം ശ്രദ്ധിക്കുവാനും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.

'ആഹാ, ബെസ്റ്റ് പാര്‍ട്ടിയെയാണല്ലോ കൂട്ടിന് കിട്ടിയത്'. 

വഴിയരികില്‍ കണ്ട മോനുവിന്റെ ചങ്ങാതി കണ്ണന്റെ ചോദ്യത്തിന്റെ പൊരുളെനിക്ക് മനസ്സിലായി.

രണ്ടുദിവസം മുമ്പുള്ളൊരു രാത്രിയില്‍ പണിക്കരുടെ ചെമ്മീന്‍ ഷെഡ്ഡിന്റെ പിന്നിലിരുന്നു കള്ളടിച്ചപ്പോള്‍ ഇവരുടെ സംസാരത്തിലേക്ക് ബാലണ്ണനും കടന്നുവന്നിരുന്നു,
ബാലണ്ണന്‍ ഒമ്പതാണെന്നും, തുന്നല്‍ക്കടക്ക് സമീപമുള്ള ചിലര്‍ അമ്പത് രൂപ മുടക്കി ബാലണ്ണനെ ഉപയോഗിക്കാറുണ്ടെന്നുമുള്ള ചൂടന്‍വാര്‍ത്തയുടെ കെട്ടഴിച്ചത്  കണ്ണനായിരുന്നു.

കണ്ണനെയും കടന്ന് ഞങ്ങള്‍  മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോള്‍
ബാലണ്ണന്‍ -മോനു ചോദ്യത്തര പരിപാടി പുന:രാരംഭിച്ചു 

'ഇപ്പോള്‍ പണിയൊക്കെ എങ്ങനെ ഉണ്ടണ്ണാ?'.

'ഞാന്‍   സ്പെഷ്യലൈസ് ചെയ്തത്  പെണ്ണുങ്ങളുടെ ബ്ലൗസിലും , ചുരിദാറിലുമൊക്കെയാണ്.
പണി ഇഷ്ട്ടമ്പോലെ ഉണ്ട്,കൂടുതലും വരുന്നത് വടക്കുള്ള  മേത്തച്ചി പെണ്ണുങ്ങളുടെയാണ് '.

'അതെന്താ അണ്ണാ മറ്റ് പെണ്ണുങ്ങള്‍ക്ക് അണ്ണന്റെ തയ്യല് പിടിക്കില്ലേ?'.

'ഒന്നും ഒറ്റയുമൊക്കെ വരും'.

'അണ്ണനൊരു കല്യാണം കഴിച്ചൂടെ?' 

മോനു തുന്നലില്‍ നിന്ന് മിന്നുകെട്ടിലേക്ക് ചോദ്യത്തിന്റെ ഗിയര്‍മാറ്റിയ നേരത്ത് തന്നെയാണ് പീടികപ്പടിയിലെ റോഡരികില്‍ കാത്തുനിന്ന പിങ്ക്‌പോലീസ് ഞങ്ങള്‍ക്ക് നേരെ കൈകാണിച്ചത്.

'മൂഞ്ചി'.

തലയില്‍ ഇരിക്കേണ്ട ഹെല്‍മറ്റ് എന്റെ അടിവയറ്റിലിരിക്കുന്നത് കൊണ്ടാകാം സൈഡോതുക്കി നിര്‍ത്തുന്നതിനിടയില്‍ മോനു അസ്വസ്ഥതയോടെ മൂളിയത്.

നാല്‍പ്പത് കഴിഞ്ഞൊരു പോലീസ്മാഡം എന്റെ നെറ്റിക്ക് നോക്കി  കുത്തികുറിച്ചു തുടങ്ങി,മോനുവിന്റെ മുഖത്ത് അഞ്ഞുറുരൂപ വെള്ളത്തിലായതിന്റെ വേവലാതി കാണാം.

അതേ സമയം ബാലണ്ണന്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ, അഴിഞ്ഞു തുടങ്ങിയ  മുണ്ടൊന്ന് മുറുക്കിയുടുത്ത ശേഷം, കയ്യിലെ ബാഗ് കക്ഷത്തില്‍ വെച്ച് റോഡ് മുറിച്ചുകടന്ന് മറുവശത്തേക്ക് നീങ്ങി.

ബാലണ്ണന്‍ എസ്‌കേപ്പാകുകയാണോ?

എന്റെ നെറ്റിയിലെ നമ്പരുകള്‍ കുറിച്ചെടുത്ത പോലീസ്മാഡം മോനുവിനോടായി പേരും, വീട്ടുപേരും ചോദിച്ചറിയുന്ന ഘട്ടത്തിലേക്ക് കടന്നതോടെ മോനു മൗനംവെടിഞ്ഞു.

'ഞാന്‍ പട്ടാളത്തിലാണ് മാഡം'.

'പട്ടാളക്കാരന്‍ ഹെല്‍മെറ്റ് വെക്കരുതെന്നുണ്ടോ?'.

'ഞാന്‍ ആ പുള്ളിക്കാരന് ഒരു ഹെല്പ് ചെയ്തതാണ്, നടന്നുപോകുന്ന പുള്ളിയെ കടയിലോട്ട് വിടുവാന്‍ വന്നതാണ്'.

ബാലണ്ണനെ തിരഞ്ഞ മോനുവിന്റെ കണ്ണുകള്‍ ചെന്നെത്തിയത്, റോഡിന്റെ മറുവശത്ത് പോലീസ് വാഹനത്തില്‍ ചാരിനില്‍ക്കുന്നൊരു പോലീസുകാരിയോട് മിണ്ടിയും പറഞ്ഞും നില്കുന്ന ബാലണ്ണനിലേക്കാണ്.

'ആരെ കൊണ്ടുവിടാന്‍പോയാലും ശരി ഹെല്‍മെറ്റില്ലാത്തതിന് അഞ്ഞുറു രൂപ ഫൈന്‍ അടക്കണം'.

പോലീസ് മാഡം പേപ്പറില്‍ കുത്തിക്കുറിക്കുന്നതിനിടയില്‍ തന്റെ നിലപാട് കടുപ്പിക്കുമ്പോഴാണ് മറുവശത്തു നിന്ന പോലീസുകാരിയും ബാലണ്ണനും അങ്ങോട്ടെത്തിയത്.
കടന്നുവന്ന പോലീസുകാരി, കുത്തിക്കുറിക്കുന്ന പോലീസുകാരിയോട് ചെവിയിലെന്തോ ചൊല്ലിയതോടെ അഞ്ഞുറു രൂപ പിഴയെന്നത്, ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിലൊതുങ്ങി.
ബാലണ്ണന്‍ ഇഫക്റ്റ്.

'അണ്ണന്‍ ആള് കൊള്ളാല്ലോ, പോലീസുകാരുമായിട്ട് നല്ല അടുപ്പമാണല്ലോ'.

പിങ്ക് പോലീസിന്റെ പിടിയില്‍ നിന്നൂരി, ബാലണ്ണന്റെ കട ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങവേ അഞ്ഞുറു രൂപ നഷ്ട്ടപ്പെടാത്തതിന്റെ ആവേശം മോനുവിന്റെ വാക്കുകളിലുണ്ടായിരുന്നു.

 
'അങ്ങനെയൊന്നുമില്ല, വണ്ടിയില്‍ ചാരി നിന്ന പോലീസുകാരി എന്റെ സ്ഥിരം കസ്റ്റമറാണ്. ഇന്നലെയും ഒരു പച്ചബ്ലൗസിന്റെ തുണി തുന്നാന്‍ കൊണ്ടുതന്നിട്ടുണ്ട്'.

'അപ്പോള്‍ പച്ചബ്ലൗസാണ് അഞ്ഞുറു രൂപ സേവ് ചെയ്തത്'.

ഇരുവരും പോലീസുകാരിയുടെ പച്ചബ്ലൗസില്‍ വാക്കുകള്‍ കൊണ്ട് താളംപ്പിടിക്കവേ ഞങ്ങള്‍ ബാലണ്ണന്റെ ഒറ്റമുറിക്കടയുടെ മുന്നിലെത്തിയിരുന്നു.

അതുവരെ മോനുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മാത്രം നല്കിയിരുന്ന ബാലണ്ണന്‍,
ഒന്നരക്കിലോമീറ്റര്‍ ദൂരം നടക്കാതെ കടയിലെത്തുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം നിറഞ്ഞചിരിയിലൂടെ പ്രദര്‍ശിപ്പിച്ച്   ആദ്യമായ് ഇങ്ങോട്ടൊരു ചോദ്യമെറിഞ്ഞു.

'പരിചയപ്പെടാന്‍ മറന്നു ഇയ്യാളുടെ വീട് എവിടെയാണ്?'.

'കുറച്ച് ദൂരെയാണ് അണ്ണാ'.

 അപ്രതീക്ഷിത ചോദ്യത്തിന് സമയമെടുത്താലോചിച്ച് മോനു മറുപടി നല്‍കിയതിന് പിന്നാലെ ബാലണ്ണന്റെ അടുത്ത ചോദ്യവുമെത്തിയിരുന്നു.

'ഞങ്ങളുടെ ഭാഗത്തൊക്കെ കറങ്ങിയതെന്തിനാണ്'.

'ആക്രി പെറുക്കുന്ന പരിപാടിയാണെനിക്ക്, ആക്രി അന്വേഷിച്ചെത്തിയതാണ്'.

 'വലിയൊരു ആക്രിയായ എന്നെ തന്നെ കിട്ടിയല്ലോ.ല്ലേ' 

 ചിരിച്ചുകൊണ്ട് ബാലണ്ണന്‍ കടയുടെ ഷട്ടര്‍ തുറക്കുമ്പോള്‍, മടങ്ങാനൊരുങ്ങിയ മോനു വിളിച്ചുപറഞ്ഞു.

'പോലീസുകാരിയുടെ പച്ച ബ്ലൗസ് ഇന്ന് തന്നെ തുന്നിക്കൊടുക്കാന്‍ മറക്കേണ്ട'.

നാലുവീടപ്പുറമുള്ള ബാലണ്ണന് തന്നെ മനസിലാകാഞ്ഞതോ, അതോ തന്നെ വിഡ്ഢിയാക്കിയതോ?.

അമ്മായിയമ്മയില്‍ നിന്ന് അമരപ്പയര്‍ വാങ്ങുവാന്‍ ഭാര്യ വീട് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങുമ്പോഴും മോനുവിന്റെ ചിന്തകളില്‍ ബാലണ്ണനായിരുന്നു.

Post a Comment

0 Comments