യാത്ര, ലക്ഷ്യം എന്നിവയെക്കുറിച്ച് അവന് ബോധവാനായിരുന്നു. ഭയം കരനിഴലായി അവനു ചുറ്റും വലയം വച്ചു.
നാളിതുവരെ അരുതാത്തതൊന്നും ചെയ്തിട്ടില്ല, ആരെയും ദ്രോഹിച്ചിട്ടില്ല.
എന്തിനേറെ അധ്വാനിക്കാതെ ഒരു നുള്ള് ഭക്ഷണം പോലും കഴിക്കുവാന്‍ ശ്രമിച്ചിട്ടില്ല.
എന്റെ വിധി അല്ല ദുര്‍വിധി. അവന്റെ മനസ്സില്‍ കൊള്ളിയാന്‍ പാഞ്ഞു.
വല്യേടത്ത് അപ്പുനായരുടെ തറവാടിന് പുറകില്‍ അവന് നടത്തം അവസാനിപ്പിച്ചു. ഇരുളില്‍ ഇരതേടി എത്തിയ ജന്തുവിനെപ്പോലെ അവിടെ പതിയിരുന്നു.
തറവാട്ടില്‍ നിറഞ്ഞു നിന്ന പ്രകാശത്തിന്റെ അവസാന നാളവും കെട്ടടങ്ങി. മെല്ലെ തറവാടിന് പുറകിലായി തലയെടുപ്പോടുകൂടി പന്തലിച്ചു നിന്ന പ്ലാവിന് സമീപം ചെന്നു.
പ്ലാവ് നിറയെ മൂപ്പെത്തി കൊഴുത്ത വലിയ മുള്ളന്‍ ചക്കകള്‍.
ആ കാഴ്ച പൊങ്ങന്റെ കുഴിഞ്ഞു താണ കണ്ണുകള്‍ പ്രഭാതസൂര്യനെ പോലെ ജ്വലിക്കുവാന്‍ തുടങ്ങി. തന്റെ അരയില്‍ കരുതിയിരുന്ന തുരുമ്പ് കുടിയേറിയ കത്തി സാവധാനം വലതു കൈയില്‍ എടുത്തു. കൊഴുത്ത് മൂപ്പുവന്ന മുള്ളന്‍ചക്കയും പ്ലാവുമായുള്ള ബന്ധം മുറിച്ചു മാറ്റുവാന്‍ മുതിര്‍ന്നു.
പെട്ടെന്ന് പൊങ്ങന്റെ പിറകില്‍ കാല്പെരുമാറ്റം.
അവന് ഞെട്ടി.
മെല്ലെ തിരിഞ്ഞു നോക്കി.!
ദേ... മുന്പില് അപ്പുനായര്.
അര്‍ദ്ധ നഗ്നനായി നിന്നിരുന്ന പൊങ്ങന്റെ ശരീരം പുഴയില്‍ നിന്നും കരയിലേക്ക് തെറിച്ചു വീണ പരല്‍ മീന്‍ പോലെ വിറച്ചു. വിയര്‍പ്പ് കണങ്ങള്‍ ശരീരമാസകലം മേയുവാന്‍ തുടങ്ങി. അരയില്‍ മുറുകിയിരിക്കുന്ന പിഞ്ഞു നിറം മങ്ങിയ ഒറ്റ മുണ്ട് കഴുത്തില്‍ മുറുകിയിരുന്നെങ്കില്‍ എന്ന് അവന് ആഗ്രഹിച്ചു.
ആരാ?
വായില്‍ നിന്നും ഒലിച്ചിറങ്ങിയ മുറുക്കാന്റെ തിരുശേഷിപ്പുകള്‍ തുടച്ചു നീക്കിക്കൊണ്ട് ഘനഗാംഭീര്യ ശബ്ദത്തില്‍ അപ്പു നായരുടെ ചോദ്യം.
പൊങ്ങന്‍ ഞെട്ടി...!
ഉത്തരമില്ലാതെ അവന്റെ ശബ്ദ ശകലങ്ങള്‍ മാഞ്ഞുപോയി.
ആരാന്നാ ചോദിച്ചത്....?
വീണ്ടും അപ്പുനായരുടെ ചോദ്യം...?
മറുപടിയില്ലാതെ പൊങ്ങന്‍ വിറങ്ങലിച്ചു.
വാര്‍ദ്ധക്യത്തെ കബളിപ്പിക്കുമാറ്
ആറടി ഉയരത്തില്‍ ഉറച്ച ശരീരത്തോട് കൂടിയ അപ്പു നായരെ പൊങ്ങന്‍ ദീനതയോടെ നോക്കി. നിഗൂഢത നിറഞ്ഞ ആ കണ്ണുകള്‍ തന്നെ ഭസ്മമാക്കുമോ എന്ന് ഭയന്നു. വലത് കൈ ഉയര്‍ത്തി അപ്പുനായര് ആ മനുഷ്യജീവിയെ അരികിലേക്ക് വിളിച്ചു.
ആള് വല്യ കര്‍ക്കശ്ശകാരനും ദേഷ്യകാരനും ആണെന്ന് കേട്ടിട്ടുണ്ട്.
ഇന്ന് എന്റെ ജീവന് പോകും. അപ്പുനായര് എന്നെ കൊല്ലും. മൂന്ന് ദിവസമായി വീട്ടില്‍ അടുപ്പ് പുകഞ്ഞിട്ട്.
ഈ നശിച്ച മഴകാരണം എന്റെ മക്കള്‍ക്ക് ഒരു വറ്റുപോലും ജോലി ചെയ്തു വാങ്ങി കൊടുക്കുവാന്‍
പങ്ങില്ലാത്തവനായി. ഒടുവില്‍ വിശന്നു പിടയുന്ന മക്കളുടെ ജീവന് നിലനിര്‍ത്താന്‍ ജീവിതത്തില്‍ ആദ്യമായി കളവ് നടത്താന്‍ ശ്രമിച്ച ഞാന്‍ ഇപ്പോള്‍..?
പേടിയും വിഷമവും കൊണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞു.
വിറങ്ങലിക്കുന്ന പതിഞ്ഞ ശബ്ദത്തില്‍ പൊങ്ങന്‍ പറഞ്ഞുതുടങ്ങി.
തമ്പ്രാന് പൊറുക്കണം.... അടിയന്റെ
ഗതികേടുകൊണ്ട് ചെയ്യാന്‍ ശ്രമിച്ചതാ.
മൂന്ന് ദിവസമായി എന്റെ കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ട്. അവരുടെ കണ്ണുനീരിന് മുന്നില്‍ നിസ്സഹയകനായി നിക്കുവാന് കഴിയാതെയാണ് മോഷണം എന്ന പാപം ചെയ്യാന്‍ മുതിര്‍ന്നത്. ദിവസങ്ങളായി തോരാതെ പെയ്യുന്ന ഈ നശിച്ച മഴ കാരണം പുറം പണി കിട്ടിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ബാക്കി ഇരുന്ന റേഷന്‍ ഒരു തരി പോലും ഇല്ലാതെ എല്ലാം കഴിഞ്ഞു. പൊങ്ങന്‍ വിങ്ങിപ്പൊട്ടി.
ശങ്കരാ..!
പൊങ്ങന്റെ വിശദീകരണത്തെ
സ്തംഭിപ്പിച്ചുകൊണ്ട് ഗാംഭീര്യമുള്ള പരുക്കന്‍ ശബ്ദത്തില്‍ അപ്പുനായരുടെ വിളി.
തമ്പ്രാന് വിളിച്ചോ...!
എളിമയോടെ പാഞ്ഞെത്തിയ ശങ്കരന്റെ ചോദ്യം.
മ്മ്മ്.... എന്ന് ഇരുത്തി മൂളി പൊങ്ങനു നേരേ വിരല്‍ ചൂണ്ടി അപ്പുനായര് പറഞ്ഞു.
ഇവനെ കോലായിലേക്ക് കൂട്ടികൊണ്ട് വാ...?
അപ്പുനായരുടെ ഈ വാക്കുകള്‍ പൊങ്ങനെ ദഹിപ്പിച്ചു. അവന്റെ കണ്ണുകളില്‍ ഇരുട്ട് പരന്നു. ഹൃദയത്തിന്റെ തുടിപ്പ് ക്രമാതീതമായി.
അപ്പുനായര് എന്നെ കൊല്ലും. നാട് ഒട്ടുക്ക് താന്‍ കള്ളനാണെന്ന വാര്‍ത്ത പരക്കും. ഭാര്യയും പറക്ക മുറ്റാത്ത രണ്ട് കുരുന്നുകളും വിശന്ന് അപമാന ഭാരത്താല്‍ നെഞ്ചുപൊട്ടി മരിക്കും. പൊങ്ങന്‍ ഉരുകിയൊലിച്ചു.
ശങ്കരന്റെ കൈപിടിയില്‍ കോലായില്‍ എത്തിയ മൃതപ്രായനായ പൊങ്ങന്‍ നിലത്ത് കുമ്പിട്ടിരുന്നു.
അവന്റെ മുന്നില്‍ അപ്പുനായര് പ്രത്യക്ഷപ്പെട്ടു.
ശങ്കരനോട് അനുശാസിച്ചു.
ഇവനു പത്തായത്തില് നിന്ന് ഒരു പറ അരി കൊടുക്കണം. ആവശ്യത്തിന് ഉണക്കമുളകും തേങ്ങയും.
ശങ്കരാ... നാളെ മുതല്‍ ഇവനോട് ഇവിടെ പുറം പണിക്ക് വരാന്‍ പറയൂ. ഇത്രയും പറഞ്ഞ് അപ്പു നായര്‍ തിരിഞ്ഞു നടന്നു.
കര്‍ക്കശക്കാരനും മുന്‍കോപക്കാരനുമായ അപ്പുനായര് എന്ന പരുക്കനായ മനുഷ്യന്റെ നന്മയുടെ മുഖം കണ്ട പൊങ്ങന്‍ തനിക്ക് ചുറ്റും നടക്കുന്നത് ഒരു കിനാവ് പോലെ നോക്കിനിന്നു.
കോലായില്‍ നിന്നും അരിയും മുളകും തേങ്ങയും ചണച്ചാക്കില്‍ നിറച്ച് പടിയിറങ്ങുബോള്‍. തറവാടിനുള്ളില്‍ നിന്ന് അപ്പുനായരുടെ ഘനഗാംഭീര്യ ശബ്ദമുണര്‍ന്നു.
ശങ്കരാ....!
അവനോട് പോകുമ്പോള്‍ ആവശ്യമുള്ള മുള്ളന്‍ചക്ക കൂടി അടക്കുവാന്‍ പറഞ്ഞോളൂ.
©Ajayadas Chandavila


12 Comments
നന്നായിട്ടുണ്ട്
ReplyDelete🧡🧡🧡🧡🧡
ReplyDelete🥰❣️
Deleteമനസ്സിൽ തങ്ങി നിന്ന കഥ
ReplyDelete🥰❣️🥰
Delete👍
ReplyDelete🥰🥰
Delete👍
ReplyDeleteSuper.. Touching... 🌹
ReplyDelete🥰
Delete🥰❣️
ReplyDeleteനല്ല സുഖമുള്ള കഥ
ReplyDelete