കരിയിലക്കിളി | സന്ദീപ്.എസ്സ്

kariyilakkil-sandeep-s-e-delam-online


ചില്ല് പൊട്ടി തുറക്കാനാവാത്ത ജാലകത്തിനപ്പുറത്ത് 
മഞ്ഞപൂപ്പല്‍ പടര്‍ന്നുകയറിയ ഇരുള്‍ വെളിച്ച ചിത്രത്തില്‍
ഒറ്റബട്ടന്‍ മാത്രം കുടുക്കിയ കുപ്പായവും
തുഞ്ചം ചേര്‍ത്തുകെട്ടിയ ട്രൗസറുമിട്ട് ഒരു കരിയിലക്കിളി ഇരിക്കുന്നു.

കിഴക്ക് വെള്ളപൊട്ടിയൊലിച്ചു കറവക്കാരന്‍ ചിത്തനുപിറകെ തൊഴുത്തില്‍ എത്തുമ്പോഴേക്കും അവന്‍ എവിടെനിന്നോ ചാടി ചാമ്പമരത്തിലെ കായ്കള്‍ കൊത്തി നിലത്തിട്ട് എന്റെ മുറിയിലേക്ക് തുറക്കുന്ന ജനാല നോക്കി ചിലയ്ക്കും.

പടിഞ്ഞാറ്റേയിലെ മുള്ളുവേലിയും കടന്നു അവരുടെ പറമ്പിലേക്ക് ചാഞ്ഞ പുളിച്ചിമാവില്‍ നിന്നും കൊഴിഞ്ഞു വീണ മാങ്ങകള്‍ എടുത്തിട്ട് ,
അതില്‍ ഏറ്റവും മധുരമുള്ളതിന്റെ ചുന കല്ലില്‍ ഉരച്ചു കളഞ്ഞ്, അല്പം ചാറ് ഞെക്കിത്തെറിപ്പിച്ചു എന്റെ നേര്‍ക്ക് നീട്ടും.

ഓല മെടഞ്ഞുകുത്തിയ കൂട്ടില്‍ ഒഴിഞ്ഞ കഞ്ഞിക്കലം നോക്കി ആരോടെന്നില്ലാതെ ചിലക്കും.
ചിലപ്പോള്‍ അമ്മക്കിളിയുമായി കലപിലകൂടും.
ഒടുക്കം കറുത്ത കട്ടി റബ്ബര്‍ ബാന്‍ഡ് ഇട്ട നാലഞ്ച് പുസ്തകകെട്ടുമായി കയ്യില്‍ ചളുങ്ങിയ ചോറ്റ് പാത്രവുമായി എന്റെ കൈകള്‍ കൊത്തിവലിച്ചു സ്‌കൂളിലേക്ക് പറക്കും.

സ്‌കൂളിലേക്കുള്ള ഇടവഴിയില്‍ എന്നെ റാഞ്ചാനായി വട്ടം ചുറ്റുന്ന കളറാഞ്ചിയെ കണ്ടാല്‍ നിര്‍ത്താതെ ചിലക്കും.
വഴിയിലേക്ക് ചാടി വീഴാറുള്ള ചൊറിതവളേയും മുടന്തന്‍ നായേയും കൊത്തിയോടിക്കും.
പക്ഷേ എന്റെ കാലില്‍ മുള്ളുകൊള്ളിച്ചു പേടിച്ചരണ്ടു നിന്ന തൊട്ടാവാടിയുടെ പഞ്ഞിപ്പൂക്കള്‍ കൊത്തിയെറിഞ്ഞത് തീരെ ഇഷ്ടമായില്ല.

ഒരു പള്ളിക്കൂടക്കാലവും കഴിഞ്ഞു മദ്രാസിലേക്ക് ട്രെയിന്‍ കയറാന്‍ പോകുമ്പോള്‍ ,
മാരൂര്‍തോട്ടില്‍ നിന്നും വെള്ളം ഒഴുകാന്‍ പുതുതായി പണിത കലുങ്കില്‍ ഒറ്റതിരിഞ്ഞു അവന്‍ ഇരിക്കുന്നുണ്ടായിരുന്നു.
അപ്പോഴും അവന്‍ എന്തെക്കെയോ ചിലയ്ക്കുന്നുണ്ടായിരുന്നു.
കാരണം കരിയിലക്കിളികള്‍ക്ക് ചിലക്കാതിരിക്കുവാന്‍ കഴിയില്ല.

കാലം, പടീറ്റേലെ ആയില്യം നാളുകാരി കുഞ്ഞൂട്ടിച്ചേയുടെ കണ്ണുപെടാതിരിക്കാന്‍ നട്ട മുളപോലെ പെട്ടെന്ന് വളര്‍ന്നു കിഴക്കോട്ടു ചാഞ്ഞു നിന്നു.

റോഡിലേക്ക് വളര്‍ന്ന മരക്കൊമ്പില്‍
നിന്നും കിളികാഷ്ടം ഷര്‍ട്ടില്‍ വീണപ്പോഴാണ് വീണ്ടും അവനെ ഓര്‍ത്തത്.
അപ്പോഴേക്കും എലിക്കു കുരുടാന്‍ വെച്ചിരുന്ന ചുട്ട ചീനി തിന്നു അവന്‍ ചിലക്കാതായിരുന്നു.
എന്നെ അത് ആരും അറിയിച്ചില്ല.
അല്ലേലും കരിയിലക്കിളികള്‍ മരിക്കുന്നത് ആരും ശ്രദ്ധിക്കാറില്ല.
-------------
© sandeep s

Post a Comment

1 Comments

  1. നന്നായിട്ടുണ്ട്. ഒരു നൂതനരീതി എന്ന് തോന്നി. ആശംസകൾ

    ReplyDelete