ഉത്സവമേളം | കവിത | വിഷ്ണു പകല്‍ക്കുറി

kavitha-vishnu-pakalkkuri-uthsavamelam


അന്ന്
ചിലമ്പിച്ച മഴയത്ത്
ഉത്സവം
കൊടിയേറുമ്പോള്‍
കോളാമ്പിയിലൂടെ മുഴങ്ങിയത്
ജീവിതത്തിന്റെ നേരെഴുത്തുകളായിരുന്നു.

സംഘര്‍ഷഭരിതമാം
ഉത്സവപ്പറമ്പായിരുന്ന- വന്റെമനസ്സ്
അപ്പോള്‍ മാത്രം
അവനൊരു
ഗാനഗന്ധര്‍വ്വനും
നെറ്റിപ്പട്ടമില്ലാത്ത
ഒറ്റക്കൊമ്പനുമായിരുന്നു.

വളപ്പൊട്ടുകള്‍
വാരിവിതറിയൊരാകാശം
നിറയെ സ്വപ്നങ്ങളായിരുന്നു,
വര്‍ണ്ണരാജികള്‍ വിടര്‍ത്തി
കാഴ്ചയൊരുക്കി കൊഴിഞ്ഞുപോയ
വെറും പാഴ് സ്വപ്നങ്ങള്‍

ഗാനമേളക്കൊടുവില്‍
കരഘോഷങ്ങളുയര്‍ന്നപ്പോള്‍
ചെവിയില്‍ 
തേനീച്ചകളുടെ ആരവമായിരുന്നു

ഉത്സവപറമ്പിരുളില്‍ 
മുങ്ങി ഒടുവില്‍
വൈദ്യുതിവന്നപ്പോഴാണ്

ഇരുമ്പഴികള്‍ക്കിടയിലൂടൊരുപാത്രം
നിരങ്ങിവന്നതും
അമ്പലച്ചോറിന്റെഗന്ധം
മനസ്സിലേക്കുതികട്ടിവന്നതും.

മനസ്സിലെമേളംനിലച്ചതും
കൊടിയിറങ്ങിയതുപോലെശാന്തമായതും

ഇടക്കെപ്പോഴോ കാല്‍ത്തളകള്‍
മുഴങ്ങവെ മനസ്സ്
പിന്നെയും
ഒരുത്സവപ്പറമ്പായി.
---------------------------------------
© vishnu pakalkkuri

Post a Comment

0 Comments