ഒരാളോട്,
പടികൾ ചവിട്ടിക്കയറിയ
ജീവിതവിജയങ്ങളെപ്പറ്റി പറയരുത്.
ശൂന്യതയിൽ നിന്നുകൊയ്തെടുത്ത
നേട്ടങ്ങളെപ്പറ്റിയും,
കഠിനാദ്ധ്വാനമുണ്ടാക്കിയ
കരസ്ഥമാക്കലുകളേപ്പറ്റിയും
പറയരുത്.
പ്രതീക്ഷകളിലെ
സ്വപ്നജീവിതങ്ങളേപ്പറ്റിയും,
അപരൻ്റെ നേട്ടങ്ങളുടെ
ആക്കത്തൂക്കങ്ങളേപ്പറ്റിയും
പറയരുത്.
ആത്മഹത്യാമുനമ്പിലെത്തിയ
ഒരാളോട്,
നിറവേറ്റാനുള്ള ബാധ്യതയും,
ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വവും
ഓർമ്മിപ്പിക്കരുത്.
താങ്കൾ ക്യൂവിലാണെന്നും,
പിറകിൽ അനേകം പേരുണ്ടെന്നും
അയാളെ ബോധ്യപ്പെടുത്തണം.
ആൾക്കൂട്ടങ്ങളിൽ
'നീ'ഒറ്റയാണെന്നും,
അനേകമാളുകൾ ഇങ്ങനെ
ഒറ്റയാന്മാരാണെന്നും
അയാളെ അറിയിക്കണം.
'നിങ്ങൾ' ഒരേ സമയം
ത്യാഗിയും, പാപിയുമാണെന്ന് പറയുക.
'നിങ്ങളുടെ 'മരണത്തോടെ ഭൂമിയിൽ
വേദനകൾ അവസാനിക്കില്ലെന്നു
പറയുക.
ആത് മഹത്യാമുനമ്പിലെത്തിയ
ഒരാളോട്,
നീർക്കുമിളകളുടെ ജീവിതം പറയുക.
മരണം സുനിശ്ചിതമായ നിമിഷങ്ങളിൽ,
എത്ര ഉന്മാദത്തോടെയാണവ
വായുവിൽ പറക്കാൻ തുടങ്ങുന്നത്,
എത്ര ഊഷ്മളതയോടെയാണ്
ജലത്തിൽ പൊങ്ങി നീങ്ങുന്നത്.
ആത്മഹത്യാമുനമ്പിലെത്തിയ ഒരാളോട്,
ഇയ്യാം പാറ്റകളുടെ ജീവിതം ഓർമ്മിപ്പിക്കുക.
ജീവിതത്തിലെ നൈമിഷികതയിലവർക്ക് ഉൽകണ്ഠയില്ല.
ജീവിതത്തിലേയ്ക്കും മരണത്തിലേയ്ക്കും
ഒരേ ആവേശമാണവർക്ക്.
നഷ്ടമായാൽ തിരിച്ചെടുക്കാനാവാത്തതാണ്
നഷ്ടമായാൽ തിരിച്ചെടുക്കാനാവാത്തതാണ്
പ്രാണനെന്നും, ജീവിതത്തിനപ്പുറം മരണമാണെന്നും,
എന്നാൽ മരണത്തിനപ്പുറം ജീവിതമില്ലെന്നും
അയാളെ ബോധ്യപ്പെടുത്തുക.
-----------------------------------------------
-----------------------------------------------
© ramakrishnan keezhur
0 Comments